ഖാന്റെ 'ബഡാബാഗി'ൽ നെല്ലും പഴങ്ങളും

മ്യൂസിയം ക്യൂറേറ്ററെന്ന സ്വപ്നത്തിൽ നിന്ന് ഘനി ഖാൻ നടന്നെത്തിയത് ആയിരത്തി മുന്നൂറ് നെൽ വിത്തിനങ്ങളുടെയും 135 മാമ്പഴങ്ങളുടെയും കൃഷിയിലേക്കും വിതരണത്തിലേക്കും...

ജെയ്ക് തോമസ്

  കേരളത്തിന്റെ രക്ത ശാലയും ജീരകശാലയും നവരയും ശ്രീരംഗപട്ടണത്തും കിട്ടും. അരിയായല്ല വിത്തായി, കേരളം മറന്നു തുടങ്ങിയ ഈ സുഗന്ധം, അരോമാറ്റിക് വിത്തിനം സംരക്ഷിക്കാനായി ഒരാളിവിടെ വിത്ത് മ്യൂസിയം curate ചെയ്യുന്നു. ആവശ്യക്കാർക്ക് 150 ഗ്രാം വരെ ഗനി ഖാന്റെ ശേഖരത്തിൽ നിന്ന് സൗജന്യമായി ലഭിക്കും. പുനരുത്പ്പാദനത്തിലുടെ ഈ ജനതിക സമ്പത്തിന്നെ സംരക്ഷിക്കാൻ ഗനി ഖാൻ കൈകൂപ്പി പറയുന്നു.

ഇമേജ്. ഒ.കെ ജോണി

കേരളം മുതൽ പഞ്ചാബ് വരെയെന്നാണ് ഖാൻ പറയുക. ഇതൊരു ജനിതികയാത്രയുടെ റൂട്ട് മാപ്പാണ്. അത്രയും വൈവിധ്യമുള്ള നെൽവിത്തിനങ്ങൾ കൃഷിയിറക്കിയിരുന്ന സംസ്ഥാനങ്ങളിലൂടെയാണ് ഈ മാപ്പ് ഖാൻ വരച്ചത്. അങ്ങിനെയാണ് 1300 ഇനങ്ങൾ ഖാൻ ശേഖരിച്ചത്. പിന്നെ അതിനെയെല്ലാം ശ്രീരംഗപട്ടണത്തിനടുത്ത് 16 ഏക്കറിൽ കൃഷി ചെയ്ത് വിളവെടുത്ത് വിത്ത് ബാങ്കിലാക്കി. ജൈവ പരീക്ഷണത്തിന്റെ അപൂർവമായൊരു മാതൃക.
ലോകത്തിൽ തന്നെ അപൂർവമായതോ അപ്രത്യക്ഷമായതോ ആയ 135 ഇനം മാമ്പഴങ്ങളുടെയും മാവുകളുടെയും തോട്ടവും വിളവെടുപ്പും ഖാന്റെ മേൽക്കയ്യിൽ മുടങ്ങാതെ നടക്കുന്നു.
25 ഗ്രാം മുതൽ ഒരു കിലോ വരെ തൂങ്ങുന്ന മാങ്ങ. മുസാംബിയുടെയും വാഴപ്പഴത്തിന്റെയും രൂപ മാതൃകയുള്ളവർ .

ഇമേജ്. ഒ.കെ ജോണി

ബാംഗ്ലൂർ ശ്രീരംഗപട്ടണം റോഡിൽ ഉറക്കച്ചടവ് മാറാത്തൊരു ഗ്രാമമാണ് കിരുഗാവ് ലു. ഇവിടെയാണ് ഖാന്റെ വിത്ത് സാമ്രാജ്യം, ബഡാബാഗ്.
മൈസൂരിനും മദിരാശിക്കുമിടയിലെ ടിപ്പു സുൽത്താന്റെ സാമ്രാജ്യ കോറിഡോറിലെ പ്രധാന ഇടത്താവളമായിരുന്നു ശ്രീരംഗപട്ടണം. പടയോട്ടം നടത്തിയ ദേശങ്ങളിൽ നിന്നെല്ലാം സംഭരിച്ച മാമ്പഴങ്ങൾക്കായി ടിപ്പു കിരു ഗാവലു വിൽ മാന്തോപ്പ് ഒരുക്കി, അഞ്ച് കിലോമീറ്റർ നീളത്തിൽ പട്ടാളക്കാരെ കാവലാക്കി. പിന്നെ വിത്തുകൾ നൽകി കർഷകരെ മാമ്പഴ കൃഷിയിലേക്ക് വഴി തിരിച്ചു. ഈ പരമ്പരാഗത വഴികളിൽ തിരികെ നടന്ന് ,1993 ലാണ് ഗനി ഖാൻ പാടത്തേക്കിറങ്ങുന്നത്.
മൈസൂരിൽ ബിരുദ പഠനത്തിനിടെ അഛൻ സ്ട്രോക് വന്ന കിടപ്പിലായപ്പോൾ.

ആർക്കിയോളജിയും മ്യൂസിയോളജിയുമായിരുന്നു ഇഷ്ട വിഷയങ്ങൾ. ബിരുദത്തിനപ്പുറം പഠനം മുടങ്ങിയപ്പോൾ , ഖാൻ സ്വന്തം കൃഷിയിടവും വീടും ചേർത്തൊരു മ്യൂസിയമാക്കി. പാരമ്പര്യ അറിവുകളുടെയും വിത്തിനങ്ങളുടെയും മ്യൂസിയം. സുഗന്ധയിനങ്ങളും വിവിധങ്ങളായ ഭൂപ്രകൃതിക്ക് അനുയോജ്യമായതുമായവ. മ്യൂസിയോളജിയിലെയും ആർക്കിയോളജിയിലെയും അക്കാദമിക് പഠനം ,ഈ കർഷകനെ പാരമ്പര്യ അറിവുകളുടെ ആധുനികമായ പ്രയോഗത്തിന് സജ്ജമാക്കുന്നു.
പിൻ തലമുറകളിൽ നിന്നും കണ്ടെടുത്ത വിജ്ഞാനത്തിന്റെ വിത്തുകളിവിടെ സുരക്ഷിതമായിരിക്കുന്നു. ഇനിയുള്ളവർക്ക് വിതയ്ക്കാനും വിളവെടുക്കാനുമായി.

***

Recent Post