കുടിയിറക്ക്: പഠിക്കാത്ത പാഠങ്ങൾ

മനോജ് മാതിരപ്പള്ളി

കുടിയിറക്ക്: പഠിക്കാത്ത പാഠങ്ങൾ
ഇടുക്കി ജില്ലയിലെ കർഷകകുടിയേറ്റം ശക്തമാകുന്ന കാലത്ത് ഹൈറേഞ്ചിലെ ഏറ്റവും വലിയ പട്ടണമായിരുന്നു അയ്യപ്പൻകോവിൽ . പെരിയാറിൻ്റെ തീരത്തുള്ള ഇവിടെ രണ്ടു മൈലോളം നീളത്തിൽ ഇരുവശത്തും നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്നു. കൂടാതെ ആനപിടുത്തകേന്ദ്രവും പൊലീസ് സ്റ്റേഷനും പൊലീസ് ക്യാമ്പും വനംവകുപ്പ് ഓഫീസും ബസ് സ്‌റ്റാൻഡും ആരാധനാലയങ്ങളും നാടകസമിതികളുമായി സജീവമായ മലയോരപട്ടണം. .
അയ്യപ്പന്‍കോവില്‍ ടൗണായിരുന്ന പ്രദേശം വേനല്‍ക്കാലത്ത്
1950 കളിൽ ഇവിടംവരെ മാത്രമേ വാഹനഗതാഗതം ഉണ്ടായിരുന്നുള്ളൂ. പിന്നെയങ്ങോട്ട് കാഞ്ചിയാർ,കട്ടപ്പന,ഇരട്ടയാർ, കാമാക്ഷി,തങ്കമണി, തോപ്രാംകുടി എന്നിവിടങ്ങളിലേക്ക് കാട്ടുവഴിയിലൂടെയായിരുന്നു കർഷകർ നടന്നുപോയിരുന്നത്. ആഴ്ചയിലൊരിക്കൽ അയ്യപ്പൻകോവിലിലെത്തി അവശ്യവസ്തുക്കൾ വാങ്ങി മടങ്ങുകയായിരുന്നു പതിവ്.എന്നാൽ , അയ്യപ്പൻകോവിലിൽ നിന്നും 20 കിലോമീറ്ററോളം അകലെയുള്ള ഇടുക്കിയിൽ അണക്കെട്ട് നിർമിക്കാൻ സർക്കാർ തീരുമാനിച്ചതോടെ അയ്യപ്പൻകോവിൽ പട്ടണവും പരിസരത്തെ ചെറുഗ്രാമങ്ങളും കുടിയൊഴിപ്പിക്കേണ്ട സ്ഥിതിയായി. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നപ്പോൾ അയ്യപ്പൻകോവിൽ മുങ്ങിപോകുമായിരുന്നു. കുടിയിറക്കാനുളള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായി. എങ്കിലും,കുടിയൊഴിപ്പിക്കലുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. കോൺഗ്രസ് പിന്തുണയോടെ പ്രജാസോഷ്യലിസ്റ്റ് പാർട്ടി രൂപികരിച്ച സർക്കാറിൻ്റെ മുഖ്യമന്ത്രി പട്ടം താണുപിള്ളയും ആഭ്യന്തരമന്ത്രി പി ടി ചാക്കോയുമായിരുന്നു.
എല്ലാവര്‍ഷവും വെള്ളത്തിനടിയിലാകുന്ന അയ്യപ്പന്‍കോവില്‍ ക്ഷേത്രം.
“ സമരങ്ങളൊന്നും വ്യക്തിപരമല്ല. സമൂഹത്തിൻ്റെ ആശങ്കകളോട് സമരസപ്പെടുന്നതാണ് സമരം. വ്യക്തിപരമായ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുമല്ല സമരം.അമരാവതിയിൽ ജീവത്യാഗത്തിനിറങ്ങിയ എ കെ ജിയുടെ സമരപാഠമാണ് കമ്യൂണിസ്റ്റ്പാഠം.” അയ്യപ്പൻകോവിലിൽ ഉണ്ടായിരുന്ന സർക്കാർ സ്ഥാപനങ്ങൾ മാറ്റി. കർഷകർക്ക് ഒഴിഞ്ഞുപോകാൻ സാവകാശം നല്കി. എന്നാൽ ചോര നീരാക്കിയ മണ്ണിൽ നിന്നും ഇറങ്ങാൻ കർഷകർ തയ്യാറായിരുന്നില്ല.തുടർന്ന് 1961 മെയ് രണ്ടിന് അയ്യപ്പൻകോവിലിൽ സായുധപൊലീസിറങ്ങി.ബലം പ്രയോഗിച്ച് ഒഴിപ്പിക്കൽ തുടങ്ങി. സ്ത്രീകളും കുട്ടികളും അലമുറയിട്ടു. പൊലീസ് നടപടികൾ പൂർത്തിയായപ്പോഴേക്കും ആയിരക്കണക്കിന് കർഷകർ കിടപ്പാടമില്ലാത്തവരായി.നിരവധി പേർക്ക് പരുക്കേറ്റു.അങ്ങനെ അയ്യപ്പൻകോവിൽ ആളൊഴിഞ്ഞ ചുടലപ്പറമ്പായി .
1950-കളില്‍ കുടിയേറ്റകാലത്ത് നിര്‍മ്മിക്കപ്പെട്ട അയ്യപ്പന്‍കോവിൽപ്പാലം .
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിപക്ഷം പേരെയും കുമളിക്കടുത്തുള്ള അമരാവതിയിൽ പുനരധിവസിപ്പിക്കാനാായിരുന്നു തീരുമാനം. എന്നാൽ , അതിനുവേണ്ട പദ്ധതികൾ കാര്യക്ഷമമായി തയ്യാറാക്കിയിരുന്നില്ല. വാഹനങ്ങളിൽ കുത്തിനിറച്ചെത്തിച്ച കർഷകരെ കാട്ടിലെ അനാഥാവസ്ഥയിലേക്ക് തളളിയിടുകയാ യിരുന്നു.കാട്ടുകമ്പുകളും പുല്ലും ഉപയോഗിച്ചു തട്ടിക്കൂട്ടിയ കുടിലുകളിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ തിങ്ങിനിറഞ്ഞു. ഇതിനിടെ, കാലവർഷം കൂടിയെത്തിയതോടെ ജനജീവിതം നരകമായി. പകർച്ച വ്യാധികൾ പടർന്നു. പ്രതിഷേധങ്ങളെല്ലാം വെള്ളത്തിലായി. സർക്കാർ കണ്ണടച്ചു.
അമരാവതിയില്‍ നിരാഹാരം നടത്തുന്ന എ.കെ.ജി.
ഡൽഹിയിൽ പാർലമെൻ്റ് സമ്മേളനത്തിലായിരുന്ന എ കെ ജി വിമാനം പിടിച്ചെത്തി. ജൂൺ ആറു മുതൽ അദ്ദേഹം അമരാവതിയിൽ അനിശ്ചിതകാലനിരാഹാരസമരം തുടങ്ങി. സമരവീര്യം കേരളമാകെ ചർച്ചയായി .സമരത്തിനുളള മാധ്യമപിന്തുണയും ദിനേനെ കൂടി വന്നു. വിവിധകക്ഷിനേതാക്കൾ അമരാവതിയിലെത്തി. അനുനയത്തിനൊന്നും എ കെ ജി വഴങ്ങിയില്ല.സമരം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും എ കെ ജിയുടെ ആരോഗ്യനില വഷളായി. എം പി യുടെ സമരം ദേശീയതലത്തിലും ചർച്ചയായി. നിയമസഭ ഇളകിമറിഞ്ഞു. എ കെ ജി യെ അറസ്റ്റ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും അദ്ദേഹം സമരം തുടർന്നു . അപകടകരമായ നിലയിലേക്ക് അദ്ദേഹത്തിൻ്റെ ആരോഗ്യനില മാറി. പി ടി ചാക്കോയും സഹമന്ത്രിമാരും എ കെ ജിയെ ആശുപത്രിയിൽ സന്ദർശിച്ചു .ചർച്ചകൾ പല തലത്തിൽ നടന്നു. അവസാനം, ഭൂമിയും സാമ്പത്തികവും റേഷനുമടങ്ങിയ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർനിർബന്ധിതമായി. 12 ദിവസത്തിന് ശേഷം എ കെ ജി സമരം അവസാനിപ്പിച്ചു.

Recent Post