ബർലിൻ, ഓ ബർലിൻ

ജോൺസ് മാത്യു

  യൂറോപ്യൻ സന്ദർശനം സ്വന്തമായി നടത്തുന്നതിന് ആ നാട്ടിലുള്ള സൗഹൃദങ്ങൾ വളരെയേറെ സഹായകരമാണ്. അതുകൊണ്ടാണ് സുഹൃത്ത് തോമസിൻ്റെ ക്ഷണം സ്വീകരിച്ച് 2007 ൽ വിണ്ടും ബർലിൻ സന്ദർശിച്ചത്. തോമസിൻ്റെ സഹപ്രവർത്തകൻ ഹൈനറിൻ്റെ Potsdamer Strasse നു സമീപത്തുള്ള അപ്പാർട്മെൻ്റിലെ മൂന്നാം നിലയിലായിരുന്നു താമസം ഒരുക്കിയിരുന്നത്.
വിശാലമായ വീഥികളും, നടപ്പാതകളും, റോഡരുകിലെ വൃക്ഷങ്ങളും ഉദ്യാനങ്ങളുമെല്ലാം ബർലിൻ നഗരത്തെ സഞ്ചാര സുഗമമാക്കുന്നുണ്ടു്. അധികാരം പിടിച്ചടക്കിയ ശേഷം ദേശീയ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം നിഷ്ക്കരുണം തകർത്താണ് ഹിറ്റ്ലറുടെ ഭരണകാലത്ത് ലോകരാജ്യങ്ങളുടെ തലസ്ഥാനമാക്കി രൂപപ്പെടുത്തുന്നതിനായി 1933 ൽ ബർലിൻ നഗരത്തെ പുനർരൂപീകരിച്ചത്. ജർമ്മനി എന്ന പദത്തിൽ ദേശീയത നിറച്ചു ജർമ്മാനിയ എന്ന് നാമകരണം നടത്തിയതും ഹിറ്റ്ലർ ഭരണകാലത്താണ്.
പടിഞ്ഞാറൻ യൂറോപ്പിലെ ചിലവു കുറഞ്ഞ ജീവിതം നയിക്കുവാൻ അനുയോജ്യമായ നഗരമാണ് ബർളിൻ. ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ച നിരവധി മ്യൂസിയങ്ങൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഉദ്യാനങ്ങൾ തുടങ്ങി രാത്രിയെ പകലാക്കുന്ന നിശാ ജീവിതത്തിന് പാകപ്പെടുത്തിയ വിവിധ തരത്തിലുള്ള അനേകം ക്ലബ്ബുകളും സന്ദർശകരെ ബർളിൻ നഗരം ആകർഷിക്കുന്നു.

Image : ജോൺസ് മാത്യു


  ചരിത്ര പ്രാധാന്യമുള്ള Potsdamer Strasse ൻ്റെ സ്വഭാവം രാത്രിയാകുമ്പോൾ പാടെ മാറിയിരിക്കുമെന്ന് സംഭാഷണത്തിനിടയിൽ തോമസ് സൂചിപ്പിച്ചത് അനുഭവിക്കുവാൻ എനിക്ക് ആകാംക്ഷയേറി.
പത്തൊൻപതാം നൂറ്റാണ്ടിൽ തിരക്കേറിയ വ്യവസായ നഗരമായി വികസിപ്പിച്ചെടുത്ത Potsdamer Platz ലാണ് 1924 ൽ യൂറോപ്പിലെ ആദ്യത്തെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് സ്ഥാപിതമായത്. ശീതസമരകാലത്ത് കിഴക്കൻ ജർമ്മനിക്കും പടിഞ്ഞാറൻ ജർമ്മനിക്കുമിടയിൽ 1961 ൽ നിർമ്മിച്ച പടുകൂറ്റൻ മതിൽ 1989 ൽ ജനാധിപത്യവാദികൾ തകർത്തതുമെന്ന ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച നഗരമാണിത്. ഇവിടത്തെ നിശാജീവിതം ഏഷ്യക്കാരനായ എന്നെ അമ്പരപ്പിക്കുന്ന അനുഭവമാകുമെന്ന് തോമസ് പറഞ്ഞത് കാണുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
വൈകുന്നേരം ഏഴ് മണിയോടെ സുഹൃത്ത് ഹൈനർ നിർദ്ദേശിച്ച ബാറിലേക്ക് തോമസിനോടൊപ്പം നിശാ ജീവിത യാഥാർത്ഥ്യം അനുഭവിച്ചറിയുവാനായി നടന്നു നീങ്ങി.വഴിയിൽ ആകർഷണീയമായ പ്രകാശ വിതാനത്തിൽ സാങ്കേതിക മികവോടു കൂടി അലങ്കരിച്ച സെക്സ് ഷോപ് എന്നെഴുതിയ കടയുടെ ചലനാന്മകമായ പരസ്യം ആധുനിക പ്രതിഷ്ഠാപന കലയുടെ നേർകാഴ്ചയായിരുന്നു. സെക്സ് ഷോപ്പിലെ വിൽപന വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയുവാനുള്ള ആകാംഷയാൽ ഞാൻ തോമസിനോടൊപ്പം അതിനകത്ത് കയറി. ലൈംഗികാസ്വാദന വസ്തുക്കളും കാമോദ്ദീപക ഉത്തേജന ഉപകരണങ്ങളുടേയും വലിയൊരു ശേഖരം ഷെൽഫുകളിൽ ചിട്ടയോടു കൂടി അടുക്കി വെച്ചിരുന്നു. തുകൽ ചാട്ടവാർ, കയ്യാമം, മുഖം മൂടികൾ, പല വലുപ്പത്തിലുമുള്ള റബ്ബർ, സിലിക്കൺ എന്നിവയിൽ തീർത്ത ലിംഗങ്ങൾ, മൃദുലമായ തുണി, റബ്ബർ, സിലിക്കൺ എന്നിവ കൊണ്ടു് നിർമ്മിച്ച മനുഷ്യ സദൃശമായ പാവകൾ ,വിവിധ ഡിസൈനിലുള്ള അടിവസ്ത്രങ്ങൾ തുടങ്ങിയവും അപരിചിതമായ കാമോദ്ദീപക വസ്തുക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും വലിയൊരു ശേഖരം തന്നെ ആ കടയിലുണ്ടായിരുന്നു.

Image : ജോൺസ് മാത്യു


  ഇരു കൈകളിലും കാലിലും മുഴുവനായും പച്ചകുത്തിയ കടയിലെ ജീവനക്കാരൻ്റെ പുരികത്തിലും ചുണ്ടിന് മുകളിലായും സ്റ്റീൽ വളയങ്ങളും മൊട്ടുകളും കൊണ്ടു അലങ്കരിച്ചത് മാറി വരുന്ന നാഗരിക പരിഷ്ക്കാര മാതൃക ആകാമെന്ന് ഞാൻ ഊഹിച്ചു.
കടയിൽ നിന്നും പുറത്ത് കടന്ന് ഹൈനർ നിർദ്ദേശിച്ച ബാർ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ ഇന്ത്യയിൽ സെക്സ് ഷോപ്പുകൾ ഉണ്ടോ എന്ന് തോമസ് ചോദിച്ചു. ഇന്ത്യയിൽ നിയമപരമായി സെക്സ് ഷോപ് അനുവദനീയമല്ല എന്ന മറുപടി കേട്ട് തോമസ് അൽഭുതപ്പെട്ടു. കാമ ചോദനകളെ ഉദ്ദീപിപ്പിക്കുവാനുതകുന്ന രീതികൾ വിവരിക്കുന്ന കാമസൂത്രമെന്ന വിഖ്യാത വൈജ്ഞാനിയ നിരീക്ഷണങ്ങൾ പൗരാണിക ഇന്ത്യ ലോകത്തിന് നൽകിയ അനേകം സംഭാവനകളിലൊന്നായിട്ടു പോലും ലൈംഗിക വിദ്യാഭ്യാസം അതിൻ്റെ ശൈശവാവസ്ഥയിലാണെന്ന എൻ്റെ മറുപടി കേട്ട് തോമസ് ചിരിച്ചു. ഞങ്ങൾ നടന്നു പോകുന്ന വഴിയിൽ ഉടനീളം രാത്രിയെ ആസ്വദിക്കുവാനുതകുന്ന രീതിയിൽ ആധുനിക സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് കലാപരമായി സജ്ജീകരിച്ച നിശാ ക്ലബ്ബുകളും LGBT ബാറുകളും വിവസ്ത്ര നൃത്തശാലകളും റെസ്റ്റൊറൻ്റുകളും പ്രവർത്തന സജ്ജമായിരുന്നു.
2002 ലാണ് വ്യഭിചാരം ഒരു തൊഴിൽ നിയമമായി ജർമ്മനിയിൽ നിലവിൽ വന്നത്. അതിൻ്റെ പ്രതിഫലനങ്ങൾ വഴിയരുകിലെ പുരുഷ/ സ്ത്രീ ദ്വിലിംഗ ശരീരങ്ങളിൽ വശ്യമായി പടർന്നിരുന്നു. ഹൈനർ Schoneberg ലെ ബാറിൽ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഹൈനറിനോടൊപ്പം ഉണ്ടായിരുന്ന എഴുപതിലേറെ പ്രായമുള്ള ഡീട്രിഹ് സ്വയം പരിചയപ്പെടുത്തി. ഇന്ത്യയുമായി നീണ്ട കാലത്തെ വ്യാപാരാനുഭവമുള്ള ഡീടിഹിന് സംസാരിക്കുവാൻ കുറേയേറെ ഉണ്ടായിരുന്നു. നൂറ്റൻപതിലധികം തരത്തിലുള്ള ബീയർ ജർമ്മനിയിൽ നിർമ്മിക്കുന്നുണ്ട്. ഇവിടെ എവിടെയുമുള്ള ബാറിൽ ഒരു ഗ്ലാസ് ബിയർ ഓർഡർ നൽകാം. ഞാനൊരു ഗ്ലാസ് ബിറ്റർ ബിയറിനും തോമസ് Pilsner ബിയറിനും ഹൈനറും ഡീട്രിഹും ഡാർക് ബിയറിനും ഓർഡർ നൽകി. ആസ്വാദ്യകരമായ ബാറിൻ്റെ ഉൾവശത്തെ വശ്യതയാർന്ന പ്രകാശ വിതാനങ്ങളും ശ്രവണ സുഖമുള്ള സംഗീതവും ബാറിലെ അന്തേവാസികളിൽ ചിലരെ നൃത്തം ചെയ്യുവാൻ പ്രേരിപ്പിച്ചു. ഉല്ലാസകരമായ അന്തരീക്ഷത്തിൽ വ്യത്യസ്ത തരം ബിയർ ഗ്ലാസുകൾ മേശമേൽ നിരന്നതെല്ലാം പതിയെ കാലിയായിക്കൊണ്ടിരുന്നതിനിടയിലാണ് നർത്തകരിൽ ഭൂരിഭാഗവും സ്വവർഗ അനുരാഗികൾ ആണെന്ന വസ്തുത ഞാൻ ശ്രദ്ധിച്ചത്. നൃത്ത താളത്തിനനുസരിച്ച് പുരുഷൻന്മാർ ആലിംഗനം ചെയ്തും സ്ത്രീകൾ പരസ്പരം കൈകോർത്തും സ്വതന്ത്രമായി ആസ്വദിക്കുന്നതിന് പുറകിൽ വളരെയേറെ സ്വവർഗ്ഗ പ്രണയികളുടെ നീണ്ട കാലത്തെ യാതനാ പൂർണ്ണമായ ജീവിത ചരിത്രമുണ്ടെന്ന് ഡീട്രിഹ് ഓർമപ്പെടുത്തി. ഡീട്രിഹ് ഹൈനറിനെ നൃത്തം ചെയ്യുവാൻ ക്ഷണിച്ചു. രണ്ടു പേരും ആലിംഗനബദ്ധരായി സംഗീത താളത്തിനൊത്ത് നൃത്തം ചെയ്ത് കൊണ്ടു് നർത്തകർക്കിടയിൽ ലയിച്ചു ചേർന്നു. അർദ്ധരാത്രിയോടു കൂടി ബാർ നർത്തകരാൽ നിറഞ്ഞു. അൽപ നേരത്തെ നൃത്തത്തിന് ശേഷം ഡീട്രിഹും ഹൈനറും മേശക്കരികിലെത്തി. ഇന്ത്യൻ സമൂഹത്തിലെ സ്വവർഗ്ഗാനുരാഗികളോടുള്ള പ്രാകൃത സമീപനത്തെക്കുറിച്ചും യുവാക്കളിൽ നിന്നും വിവാഹിതരായ പുരുഷൻമാരിൽ നിന്നും ഇന്ത്യൻ സന്ദർശനവേളകളിൽ നേരിട്ട ലൈംഗിക പ്രലോഭനങ്ങളെക്കുറിച്ചും ഡീട്രിഹ് തമാശയോടു കൂടി സംഭാഷണമദ്ധ്യേ സൂചിപ്പിച്ചു.
നൂറ് വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും സ്വവർഗ്ഗ സ്നേഹികളോട് സമാനമായ സമീപനമായിരുന്നു. പാൻ്റിന് പുറകിലെ കീശയിൽ പുറത്തേക്ക് കാണുന്ന വിധം തൂവാല തൂക്കിയിടുന്നതും ഇടത് കാതിൽ കമ്മൽ അണിയുന്നതുമൊക്കെയായിരുന്നു സ്വവർഗ്ഗാനുരാഗികൾ പരസ്പരം തിരിച്ചറിയുന്നതിനായുള്ള മുൻകാല അടയാളങ്ങൾ . സ്വവർഗ്ഗാനുരാഗികളോടുള്ള ഒരു സമൂഹത്തിൻ്റെ സങ്കുചിത സമീപനത്തോടുള്ള കൗശലപരമായ അതിജീവന തന്ത്രങ്ങളായിരുന്നു ഇതെല്ലാം. അതിനിടയിൽ ഹൈനറുടെ മറ്റൊരു സ്ത്രീ സുഹൃത്ത് ലിൻഡയും അവരുടെ സ്നേഹിത സിൽവിയയുമൊത്ത് ഞങ്ങൾക്കരികിലെത്തി. മേശമേൽ വീണ്ടും ബിയർ ഗ്ലാസുകൾ നിരന്നു. ജർമ്മനും ഇംഗ്ലീഷും കലർന്ന സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പൊടുന്നനെ ഡീട്രിഹ് വിതുമ്പിയതിൻ്റെ കാരണം ഞാൻ ചോദിച്ചു. കുറച്ചു നേരത്തെ ധ്യാനാത്മകമായ മനനത്തിനു ശേഷം ഡീട്രിഹ് സംഭാഷണം തുടർന്നു. "കുട്ടിക്കാലത്ത് സ്വന്തം ജേഷ്ഠനാണ് എന്നെ നിർബന്ധപൂർവ്വം ലൈംഗികമായി ഉപയോഗിക്കുകയും അതിനെക്കുറിച്ച് മാതാപിതാക്കളോട് സൂചിപ്പിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അതിൻ്റെ ആഘാതം വർഷങ്ങളോളം എൻ്റെ മാനസിക നിലയെ തകർത്തിരുന്നു. എന്നാൽ പിന്നീട് പരിചയപ്പെട്ട സ്വവർഗ്ഗ സ്നേഹികളായ നല്ല സുഹൃത്തുക്കളുടേയും ജനിതക ശാസ്ത്ര വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സ്വവർഗ്ഗ സ്നേഹികളുടെ അവകാശങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയ്യേണ്ടി വന്നവരും അതിനു വേണ്ടി രൂപം കൊണ്ട സംഘടനകളും യാഥാസ്ഥിതിക സാമൂഹ്യ ബോധത്തെ മാറ്റിയെടുത്തതുമെല്ലാം എനിക്ക് ആത്മബലം നൽകി" എന്ന ഡീട്രിഹിൻ്റെ ക്രൂരമായ ബാല്യകാലാനുഭവം കേട്ട് എല്ലാവരും സഹതപിച്ചു. തതുല്ല്യമായ അനുഭവം എൻ്റെ സുഹൃത്തിനുണ്ടായിരുന്നതും എൻ്റെ സ്കൂൾ പഠനകാലത്ത് ലൈംഗിക പീഠനം മുതിർന്ന ആൺകുട്ടികളായ വിദ്യാർത്ഥികളുടെ ക്രൂര വിനോദമായിരുന്നതും സൂചിപ്പിച്ച് ഞാൻ ഡീട്രിഹിനെ സ്വാന്തനപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് സ്വന്തം അമ്മാമനായിരുന്നു ലൈംഗികമായി ഉപയോഗിച്ചതെന്ന് ഹൈനർ സൂചിപ്പിച്ചു. ലൈംഗിക പീഡകരാണ് പിന്നീട് കടുത്ത സദാചാര വാദികളും സാംസ്കാരിക കോമാളികളുമായി മാറിയതെന്ന് ലിൻഡ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ടു് എല്ലാവരും ഗ്ലാസുകൾ ഉയർത്തി 'പ്രോസ്റ്റ് ' പറഞ്ഞു. ജർമ്മൻ ഭാഷയിൽ പ്രോസ്റ്റ് എന്ന പദത്തിന് ചിയേഴ്സ് എന്നാണ് അർത്ഥം.

***

Recent Post