നമ്പൂതിരിയെ കണ്ട നാൾ

50 വർഷം കാത്തിരുന്ന് സംഭവിച്ച ഒരു കൂടിക്കാഴ്ച്ചയെക്കുറിച്ച് ജോൺസ് മാത്യു എഴുതുന്നു. തന്റെ കലാജീവിതത്തിൽ മുന്നേ നടന്നവരും മോഹിപ്പിച്ചവരുമായവരുടെ കൂട്ടത്തിൽ നമ്പൂതിരി മുന്നേ തന്നെയുണ്ടെന്നും ജോൺസ് പറയുന്നു. ദശാബ്ദങ്ങളായി വരയും എഴുത്തു മായി ഗ്രീസിൽ കഴിയുന്ന ജോൺസന്റെ സംവേദനശീലങ്ങളിലും കാഴ്ചപ്പാടുകളിലും ആഗോളമായൊരു സൗന്ദര്യശാസ്ത്രാനുഭവത്തിന്റെ ഉറപ്പുകളുണ്ട്. നമ്പൂതിരിയെ വാക്കുകളിൽ വരയുന്നതിലും അദ്ദേഹത്തിന് ഈ വിശേഷാൽ അനുഭവ പരിസരം കൂട്ടായുണ്ട് '

ജോൺസ് മാത്യു

  2022 ഡിസംബറിലാണ് കലാകാരൻ നമ്പൂതിരിയെ സന്ദർശിക്കുന്നതിന് സുഹൃത്ത് ജേക്കബ് അവസരം ഒരുക്കിയത്. പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളെ പാടെ അവഗണിച്ചു കൊണ്ട് മാർബിൾ, കരിങ്കൽ എന്നീ മാധ്യമങ്ങൾ ഉപയോഗിച്ച് ശിൽപങ്ങൾ ചെയ്യുവാനുള്ള നിഷ്ക്കളങ്കമായ ആകാംഷ നിറഞ്ഞ സംഭാഷണങ്ങളിൽ മുഴുകിയ നമ്പൂതിരി എന്നെ അതിശയിപ്പിച്ചു. വരാന്തയിലെ ജനാല പാളിയിൽ കടലാസിൽ വരച്ച് ഒട്ടിച്ചു വെച്ച കൊച്ചു ചിത്രങ്ങളിലെ കുട്ടിത്തം കൗതുകമായിരുന്നു.


  1970 കളുടെ അവസാന പാദത്തിൽ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ് മാതൃഭൂമി ആഴ്ചപതിൽ അച്ചടിച്ചു വന്നിരുന്ന കഥകൾ വിഷ്വലൈസ് ചെയ്യുന്നതിനു് ഉതകുന്ന രേഖാചിത്രങ്ങൾ ഞാൻ ശ്രദ്ധിക്കുന്നത്. മെലിഞ്ഞതും ഒഴുക്കൻ ശൈലിയിലുമുള്ള വരകൾ കൊണ്ട് Space ഉം കഥാപരിസരത്തിനു് അനുയോജ്യമായ സാമൂഹ്യ ഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ടുള്ള നമ്പൂതിരിയുടെ മനുഷ്യ രൂപങ്ങളും, കർക്കശമായ രേഖകൾ കൊണ്ടും വ്യത്യസ്ഥ ശൈലികൾ പരീക്ഷിച്ചു കൊണ്ടുമുള്ള എ എസിൻ്റെ ചിത്രങ്ങളും എന്നെ ആകർഷിച്ചിരുന്നു. വിവിധ സന്ദർഭങ്ങളിൽ രണ്ടു പേരെയും അടുത്തു വെച്ച് കണ്ടിട്ടുണ്ടായിരുന്നു. അവരുടെ രേഖാചിത്രീകരണ ശൈലികളിലെ ഔന്നത്യവും ബഹുമാനവും ബോധ്യപ്പെട്ടതുമാണ്. എന്നാൽ, വരയുടെ അടിസ്ഥാന ധാരണ പോലും എനിക്ക് ഇല്ലാതിരുന്നതിനാൽ അവരുമായി കുറച്ചു സമയം ചെലവഴിക്കുന്നതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.


  അത്തരമൊന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ സംഭവിച്ചത്.
ജീവിതകാലം മുഴുവൻ കലാസൃഷ്ടികളിൽ സർഗ്ഗാത്മകമായി ഇടപെടുകയും കലയുടെ കാഴ്ചാ ശീലങ്ങളെ സമകാലിക സാമൂഹിക രാഷ്ട്രീയ സംവേദനങ്ങൾക്കുള്ള മാധ്യമമാക്കി പുതുക്കി പണിയുവാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാർ. അത്തരമൊരു അനുഭവ ശ്രേണിയിലേക്ക് നമ്പൂതിരിയെയും ചേർത്തു വെക്കുന്നു ഞാൻ.

***

Recent Post