മുതലമടയുടെ മധുരം

കൃഷിവകുപ്പുൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ഞാൻ മുതലമടയിലെത്തുന്നത്. മാങ്കോസിറ്റിയാകാത്ത മുതലമട. പാലക്കാടൻ രാശി പറന്ന വെളിമ്പറമ്പുകൾ ഏറെയും. കരിങ്കണ്ണിനെ കാത്തു കിടക്കുന്ന ഒറ്റപ്പെട്ട തോട്ടങ്ങളും.

ആശ കാമ്പുറത്ത്

  സൂര്യൻ വന്നതേയുള്ളൂ.
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പുറത്തു വന്നപ്പോഴാണ്, ഗോപിയേട്ടൻ. നിറഞ്ഞ ചിരിയോടെ പറഞ്ഞു,
" നേരത്തെ എഴുന്നേൽക്കുന്ന ആളാണ് എന്നറിയാം.അതാണ് ധൈര്യത്തിൽ വന്നത്. എട്ടു മണിക്ക് രജിസ്ട്രാർ ആപ്പിസിൽ എത്തണം. അതിനു മുൻപ് കാണണം, കാര്യം പറയണം എന്ന് തോന്നി. എട്ടു ഏക്കർ കൂടി നിലം വാങ്ങാൻ പോകുന്നു."
കുളിച്ചു കുറി ചാർത്തി അമ്പലത്തിൽ പോകുന്ന മാതിരി വേഷത്തിൽ ആണ് ഗോപിയേട്ടൻ.


  90കളുടെ ആദ്യപാദം ആണ്. യൂറോപ്യൻ യൂണിയൻ ഒരു പ്രൊജക്റ്റ്‌ കേരളത്തിൽ കൊണ്ടുവരുന്നു. അതിലേക്കു കൃഷിവകുപ്പുൽനിന്ന് ഡെപ്യൂറ്റേഷനിലാണ് ഞാൻ മുതലമടയിലെത്തുന്നത്. മാങ്കോസിറ്റിയാകാത്ത മുതലമട. പാലക്കാടൻ രാശി പറന്ന വെളിമ്പറമ്പുകൾ ഏറെയും. കരിങ്കണ്ണിനെ കാത്തു കിടക്കുന്ന ഒറ്റപ്പെട്ട തോട്ടങ്ങളും.


  മൂന്ന് കൊല്ലം കൊണ്ട് കായ്ക്കുന്ന ഒട്ടു മാവിൻ തൈകൾ നൽകി കർഷകരെ രക്ഷപ്പെടുത്തലാണ് പദ്ധതി.
കേട്ടപാടെ ഗോപിയേട്ടൻ മുണ്ടും മാടി കുത്തിയിറങ്ങി. ഉത്സാഹ കമ്മിറ്റിയിൽ അടുപ്പക്കാരായ ചിലരെയും കൂട്ടി.
ആഴ്ചയിൽ ഒരു ദിവസം കൃഷിയിടങ്ങളിൽ സന്ദർശനം എന്റെ സ്ഥിരം പരിപാടി. കൃഷി പരിശീലനങ്ങൾ, ബാങ്കിൽ നിന്നുള്ള സഹായം ലഭ്യമാക്കൽ തുടങ്ങിയവ പുറമെയും .
അച്ഛന്റെ കാലത്തു തെക്കു നിന്നും കുടിയേറിയതാണ് ഗോപിയേട്ടന്റെ കുടുംബം. വീട്ടിൽ തമിഴ് പേശും. തെക്കൻ ചുവയുള്ള മലയാളം പറയും. ഗോപിയേട്ടന്റെ വീട് കിടക്കാനുള്ള ചുറ്റുവട്ടം മാത്രം.ഭാര്യയും രണ്ടു കുട്ടികളും അമ്മയും അനിയനും അടക്കം അവിടെ തന്നെ. പാചകമെല്ലാം വീടിന് പുറത്ത്.
സൈക്കിൾ ആയിരുന്നു വാഹനം .
മാവുകൾ രണ്ടുവട്ടം പൂക്കുകയും കായ്ക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ ഗോപിയേട്ടൻ ബൈക്കിലേക്ക് കുടിയേറി. അന്നും ഗോപിയേട്ടൻ എന്റെ വീട്ടിലെത്തി. സന്തോഷത്തിൽ പറഞ്ഞു,
"കാണിക്കണം എന്ന് തോന്നി."
പിന്നെ , ചുറ്റുമുള്ള ഭൂമി സ്വന്തമാക്കാൻ തുടങ്ങി.കണ്ടു പറഞ്ഞു രജിസ്റ്റർ ചെയ്യാൻ പോകുന്നത് ഒക്കെ പതുക്കെ ഒരു ശീലം ആയി.!!
മാവുകളിൽ നിന്നും വ്യാപകമായി പച്ചക്കറി കൃഷിയിലേക്കും വിത്തുലപ്ദാനത്തിലേക്കും ഗോപിയേട്ടൻ കൂടു മാറി.
ഇന്നിപ്പോൾ TLG എന്ന ടാഗിൽ വിപണിയിൽ പച്ചക്കറി വിപണനം.


  ഒപ്പം, ബൈക്കിൽ നിന്ന് കാറിലേക്കും കുടിലിൽ നിന്ന് രണ്ടു നില വീട്ടിലേക്കുമെത്തി ഗോപിയേട്ടനും കുടുംബവും.
ഇതിനിടെ, ഞാൻ മുതലമട വിട്ടു. ജോലി മാറിയിട്ടും വളർച്ചയുടെ ഓരോ പടവ് കയറുമ്പോഴും എന്നെ കാണാൻ വന്നു.
ഞാൻ ചെല്ലുമ്പോൾ തൊട്ടിലിൽ കിടന്നിരുന്ന മകൻ കൃഷി പഠിക്കാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നപ്പോഴും വന്നു പതിവ് പോലെ, അതി രാവിലെ!
എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി രണ്ടാമത്തെ മകനും ഗോപിയേട്ടനൊപ്പം പാടത്തും പറമ്പിലും. 50 ഏക്കറിലെ കൃഷി പരിപാലനം. മാമ്പഴ കയറ്റുമതിക്കുള്ള തിരക്കുകൾ.
ഒടുവിൽ ഗോപിയേട്ടൻ എത്തിയത് ആഡംബര കാറിലായിരുന്നു.മകന്റെയൊപ്പം, അവന്റെ കല്യാണം ക്ഷണിക്കാൻ...

***

Recent Post