" ബ്യാരി " വന്ന വഴി

ഒരു കടൽപ്പുറത്ത് യാത്ര അവസാനിപ്പിച്ച് കാറ്റ് കൊണ്ടിരുന്നപ്പോൾ, പൂഴിമണലിൽ B Y A R I എന്നെഴുതിക്കൊണ്ട് അൽത്താഫിനോട് ഞാൻ പറഞ്ഞു, "ഞാൻ നിങ്ങൾക്ക്‌ വേണ്ടി ഒരു സിനിമ ചെയ്യുന്നു. ബ്യാരി' എന്നാണതിന്റെ പേര്" ദേശീയ പുരസ്കാരം നേടിയ സിനിമ ഉണ്ടായ കഥ പറഞ്ഞ് സംവിധായകൻ....

സുവീരൻ

  മലയാളം സംസാരിക്കാനറിയാത്ത അൽത്താഫ് ഹുസൈൻ 'ആയുസ്സിന്റെ പുസ്തകം' എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ ഒരു ദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. അയാൾക്കൊരു സിനിമ ചെയ്യണം. കർണാടകത്തിൽ നിന്നാണ് അൽത്താഫ് വരുന്നത്. അയാൾ പക്ഷേ മലയാളത്തിൽ സംസാരിക്കുന്നു. എന്നാൽ കന്നടക്കാർ സംസാരിക്കുന്ന തരം മലയാളമല്ല അയാളുടെ മലയാളം. മറ്റെല്ലാ അന്യഭാഷക്കാരും സംസാരിക്കുന്നതിനേക്കാളെല്ലാം ഇമ്പമുള്ള ഒരു രീതി. " ഞാൻ ബ്യാരി ആണ് " അയാൾ പറഞ്ഞു. " എന്റെ മാതൃഭാഷയുടെ പേരും ബ്യാരി എന്നാണ്. ഞങ്ങളുടെ പൂർവ്വികർ മലയാളികൾ തന്നെയാണ്. അവർ പണ്ട് കച്ചവടത്തിനായി കർണാടകത്തിലേക്ക് കുടിയേറി. ബ്യാരി എന്നത് 'വ്യാപാരി' ലോപിച്ചുണ്ടായ പേരാണ് " അൽത്താഫിന്റെ ഭാഷയിൽ ആദ്യമായി ഉണ്ടാകാൻ പോകുന്ന സിനിമയ്ക്ക് അപ്പോൾ തന്നെ എന്റെ മനസ്സിൽ ഒരു പേര് വീണു - 'ബ്യാരി'


  അയാളൊരു സ്ക്രിപ്റ്റ് കൊണ്ടുവന്നിരുന്നു. വായിച്ചുനോക്കിയപ്പോൾ സങ്കടമായി. എനിക്കത് ഒരു തരത്തിലും ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല. നിർഭാഗ്യവാശാൽ അതിന്റെ 'സ്ക്രിപ്റ്റ് റൈറ്ററും' കൂടെ വന്നിട്ടുണ്ടായിരുന്നു. ഇത് പോലുള്ളത് ചെയ്യാൻ എന്നെക്കാൾ നല്ല ആളുകൾ വേറെയാണെന്ന് ഞാനവർക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ ഞങ്ങളന്ന് നിരാശരായി പിരിഞ്ഞു പോയി.
  അന്ന് രാത്രി അൽത്താഫിന്റെ ഒരു ഫോൺകാൾ വരികയാണ് "ഞാനൊരു സിനിമ ചെയ്യുന്നെങ്കിൽ അത്‌ സംവിധാനം ചെയ്യുന്നത് താങ്കൾ തന്നെയായിരിക്കും. താങ്കളുടെ കയ്യിൽ അതിനു പറ്റിയ ഒരു സ്ക്രിപ്റ്റ് ഉണ്ടാവുമോ?" ഞാൻ പറഞ്ഞു . "എന്റെ പക്കലുള്ള സ്ക്രിപ്റ്റ്കളോ ഞാൻ വിചാരിക്കുന്ന കാര്യങ്ങളോ ഒന്നും ബ്യാരി ഭാഷയിൽ ചെയ്യാവുന്ന ഒന്നല്ല." ഞാൻ മലയാളത്തിൽ എഴുതിയത് ബ്യാരി ഭാഷയിലേക്ക് പരിഭാഷ ചെയ്താൽ മതിയാകുകയില്ലേ, എന്നായി അൽത്താഫ്. അയാൾ എന്നോട് കാണിക്കുന്ന താൽപ്പര്യത്തിൽ, സത്യത്തിൽ ഞാൻ വല്ലാതെ ആകൃഷ്ടനായി. ഒരു ഭാഷ, അത്‌ സംസാരിക്കുന്ന സമൂഹത്തിന്റെ തന്നെ ജീവിതം പറയേണ്ടതുണ്ടെന്ന കലയുടെ അടിസ്ഥാന സംഗതികളെല്ലാം എനിക്കദ്ദേഹത്തോട് സുദീർഘമായി സംസാരിക്കേണ്ടി വന്നു.
  'എങ്കിൽ, ഞങ്ങളുടെ സ്ഥലങ്ങളും, എന്റെ സമുദായവും ഒക്കെ നിങ്ങളൊന്ന് സന്ദേർശിച്ചു നോക്കൂ, വെറും ഒരു പ്ലഷർ ട്രിപ്, എന്റെ ഒരഥിതിയായി.. സിനിമ ചെയ്യുന്ന കാര്യമൊക്കെ തല്ക്കാലം നമുക്ക് പിന്നെ സംസാരിക്കാം', എന്നായി അൽത്താഫ്. എനിക്ക് വളരെ താല്പര്യമുള്ള കാര്യം, അതും അയാളുടെ ചെലവിൽ. തീർച്ചയായും എനിക്ക് സമ്മതമായിരുന്നു. തുടർന്ന് അൽത്താഫ് എന്നെ അയാളുടെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. പല ദിവസങ്ങൾ കടന്നുപോയ ആ ട്രിപ് പക്ഷേ, എനിക്കൊട്ടും 'പ്ലഷർ' ഉണ്ടാക്കിയില്ല, പകരം എന്റെ ഉള്ളിൽ അത്‌ അളവില്ലാത്ത മുറിവുകളാണുണ്ടാക്കിയത് .
  ദൈവം നിയോഗിക്കുന്ന ജീവിതം യാതനാനിർഭരമായിരിക്കണമെന്ന് സ്വയം വിശ്വസിച്ച് വശായിപ്പോയ സ്ത്രീജന്മങ്ങൾ.. അവരുടെ അമ്പരന്ന മുഖങ്ങളിൽ, കണ്ണാടി പോലത്തെ കണ്ണുകളിൽ എനിക്കെന്റെ ആദ്യത്തെ സിനിമ കാണാൻ കഴിഞ്ഞു.
 ഒടുവിൽ, മുക്കുവരുടെ ഒരു കടൽപ്പുറത്ത് യാത്ര അവസാനിപ്പിച്ച് കാറ്റ് കൊണ്ടിരുന്നപ്പോൾ, പൂഴിമണലിൽ B Y A R I എന്നെഴുതിക്കൊണ്ട് അൽത്താഫിനോട് ഞാൻ പറഞ്ഞു, "ഞാൻ നിങ്ങൾക്ക്‌ വേണ്ടി ഒരു സിനിമ ചെയ്യുന്നു. 'ബ്യാരി' എന്നാണതിന്റെ പേര്"


  പൂഴിയിൽ ഞാനെഴുതിയത് കണ്ട് അൽത്താഫ് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് കൊണ്ട് പറഞ്ഞു. " അത് തെറ്റാണ്, B E A R Y എന്നാണെഴുതേണ്ടത്." ബ്യാരി'ക്ക്‌ ലിപി ഇല്ല, അവർ സാധാരണ അത്‌ കന്നടയിലാണ് എഴുതുക. ലിപിയില്ലാത്ത ഒരു ഭാഷ മറ്റു ഭാഷയിൽ എഴുതുമ്പോൾ എങ്ങിനെയായാലെന്താ? ശബ്ദത്തെ ധ്വനിപ്പിച്ചാൽ മാത്രം മതിയാകുമല്ലോ.. അതുകൊണ്ട് ബ്യാരി എന്ന ശബ്ദത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത് Byari എന്ന് തന്നെയാണെന്ന് ഞങ്ങളൊടുവിൽ തെരഞ്ഞെടുത്തു. എന്നിട്ട് സിനിമയുടെ പേര് അങ്ങിനെ തന്നെയിടാൻ തീരുമാനിച്ചു.

***

Recent Post