ബിനാലെ @ ഷാർജ

ലോകോത്തര കലാകാരന്മാർ ഒത്തുകൂടുന്ന ഷാർജ ബിനാലെയിൽ ഇന്ത്യക്കാരായ റീന സൈനി കല്ലാട്ട്, ലാവണ്യ മണി, മിത്തു സെൻ, സ്മിത ഷർമ്മ, വിവൻ സുന്ദരം എന്നിവരുടെ പേരുകൾ കാണുകയുണ്ടായി.

സോമൻ. പി

  ദുബൈ ഖിസൈസിലെ താമസ സ്ഥലത്ത് നിന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ എന്ന സ്ഥലം ഗൂഗ്ൾ മാപ്പിൻ്റെ സഹായത്തോടെ കാറിലെ വിഡിയോയിൽ സെറ്റ് ചെയ്ത് ഞാൻ കുടുംബത്തോടൊപ്പം ഷാർജ ബിനാലെ സന്ദർശിക്കാൻ പുറപ്പെട്ടു. മരുമകനാണ് സാരഥി. 30-40 മിനുറ്റ് യാത്ര ചെയ്ത് ആർട്ട് ഫൗണ്ടേഷൻ പരിസരത്ത് ഞങ്ങൾ എത്തിച്ചേർന്നു. ചെറിയ ബദാംമരങ്ങൾ വളർന്നു നിൽക്കുന്ന ഫൗണ്ടേഷൻ കോമ്പൗണ്ടിൽ ബിനാലെ സ്ഥലമന്വേഷിച്ച് നടക്കാൻ തുടങ്ങുമ്പോൾ താളവാദ്യങ്ങളുടെ നേർത്ത ശബ്ദം കേട്ട് തുടങ്ങി. ആളുകൾ കെട്ടിടങ്ങൾക്കിടയിലൂടെയുളള ഇടവഴിയിലൂടെ ശബ്ദം ലക്ഷ്യം വെച്ചു പോകുന്നതും കാണാൻ കഴിഞ്ഞു. പിന്നെ ഞങ്ങളും അവരെ പിന്തുടർന്ന് ഒരു ഓപ്പൺ തീയറ്റർ പോലത്തെ സ്ഥലത്തെത്തിച്ചേർന്നു. അവിടെ യു.എ.ഇ യിലെ പമ്പരാഗത ശൈലിയിലുള്ള അറബി നൃത്തം അരങ്ങേറുകയാണ്.


  ശുഭ്രവസ്ത്രധാരികളായ അറബികൾ ചെറു ചൂരൽ വടികൾ കയ്യിലേന്തി രണ്ട് വരികളിൽ നിരന്ന് നിന്ന് പാടുന്ന പാട്ടിൻ്റെയും വാദ്യങ്ങളുടെയും താളത്തിനൊപ്പം ശാന്തമായി നൃത്തം ചെയ്യുകയാണ്. അൽ യോല(Al Yowlah) എന്നറിയപ്പെടുന്ന ഈ നൃത്തരൂപം ഇവിടുത്തെ ആഘോഷവേളകളിലെ പ്രധാന ഇനമാണെത്രെ. അവിടെ തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ മറ്റു കാണികളോടൊപ്പം കലാപരിപാടികൾ വളരെ അടുത്തിരുന്ന് കാണാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു. തുടർന്ന് ഒരു പുരുഷനും ഒരു സ്ത്രീയും പങ്കെടുത്ത മറ്റൊരു ചെറുകലാപരിപാടിയും അവിടെ നടന്നു. അതിന് ശേഷം ബിനാലെയുടെ ആകർഷകങ്ങളായ കലാരൂപങ്ങൾ ഒരുക്കിയ മറ്റു സ്ഥലങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ പുറപ്പെട്ടു.


  ഇക്കഴിഞ്ഞ ഫെബ്രുവരി 7 നാണ് വിഖ്യാത കലാമേളയായ ഷാർജ ബിനാലെയുടെ പതിനഞ്ചാമത് പതിപ്പിന് തുടക്കമായത്. Thinking history in the Present അതാണ് ഇപ്രാവശ്യത്തെ ഷാർജ ബിനാലെയുടെ തീം. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കലാകാരന്മാരുടെ 300ൽപ്പരം വിവിധങ്ങളായ കലാരൂപങ്ങൾ മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്.. ഷാർജ പട്ടണത്തിൻ്റെ നടുവിലായി അത്യാധുനിക കെട്ടിട സമുച്ചയങ്ങളാൽ ചുറ്റപ്പെട്ടു് മനോഹരങ്ങളായി സംരക്ഷിക്കപ്പെടുന്ന ഷാർജ ആർട്ട് ഫൗണ്ടേഷൻ അടക്കമുള്ള പുരാതന കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമുള്ള സ്ഥലങ്ങളിലാണ് ബിനാലെയിലെ പ്രധാന കലാരൂപങ്ങളുടെ കാഴ്ച ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ അൽ ദഹിദ്, അൽ ഹമരിയ, കൽബ, കോർഫക്കാൻ തുടങ്ങി 18 ഓളം സ്ഥലങ്ങളും ഇപ്രാവശ്യത്തെ ബിനാലെയുടെ വേദിയായിട്ടുണ്ട്.


  ലോകോത്തര കലാകാരന്മാർ ഒത്തുകൂടുന്ന ഷാർജ ബിനാലെയിൽ ഇന്ത്യക്കാരായ റീന സൈനി കല്ലാട്ട്, ലാവണ്യ മണി, മിത്തു സെൻ, സ്മിത ഷർമ്മ, വിവൻ സുന്ദരം എന്നിവരുടെ പേരുകൾ കാണുകയുണ്ടായി. ദില്ലിയിലെ സഫ്ദർ ഹാഷ്മി ട്രസ്റ്റിൻ്റെ പ്രവർത്തകനായ വിവൻ സുന്ദരവും റീന സൈനി കല്ലാട്ടിൻ്റെ ഭർത്താവ് ജീതിഷ്കല്ലാട്ടും കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കെടുത്തവരാണ്.


  1993 ൽ തുടക്കമിട്ട ഷാർജ ബിനാലെയുടെ സാരഥിയായി ഷൈക്ക ഹൂർ അൽ ഖാസിമി 2003 ൽ ചാർജെടുത്തതിന് ശേഷമാണ് ഷാർജ ബിനാലെ ലോകത്തിലെ പ്രസിദ്ധ ബിനാലെകളുടെ ഗണത്തിലെത്തിച്ചേർന്നത്. ഇവരുടെ നേതൃത്വത്തിൽ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ഷാർജ ബിനാലെയെ സമകാലീന കലാകാരന്മാർക്കും ക്യൂറേറ്റർമാർക്കും സാംസ്ക്കാരിക നിർമ്മാതാക്കൾക്കുമുള്ള അന്തരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പ്ലാറ്റ്ഫോമായി മാറ്റി. അന്തർദേശീയ ബിനാലെ അസോസിഷേൽ പ്രസിഡണ്ടായ അൽ ഖാസിമി ഷാർജ ആർട്ട് ഫൗണ്ടേഷൻ ഡയരക്ടർ കൂടിയാണ്. അറബ്‌ ലോകത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ഷാർജ അതിൻ്റെ ചരിത്രം, പാരമ്പര്യം, സംസ്കൃതി, കല തുടങ്ങിയവ പരിരക്ഷിക്കുന്നതിൽ മുൻപന്തിയിലുള്ള എമിരേറ്റാണ്. ഷാർജ ഭരണാധികാരിയായ ഷെയ്ക്ക് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഈ കാര്യങ്ങൾക്കുള്ള പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയങ്ങളാണ്.


  സംസ്കാരം, പൈതൃകം എന്നിവ വിവിധ കലാ രൂപങ്ങളായി ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതിഷ്ഠാപനങ്ങൾ(Installations), ശില്പങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ, വിഡിയോകൾ, സംവാദങ്ങൾ, കലാപ്രകടനങ്ങൾ .... എല്ലാമടങ്ങിയ ഷാർജ ബിനാലെ ജൂൺ 11 വരെ നീണ്ടു നിൽക്കും.

***

Recent Post