കൈത്തറിക്ക് കാവലിരിക്കുന്ന ആൾ

ക്രാഫ്റ്റിൽ പാരമ്പര്യവും കാഴ്ചപ്പാടിൽ ആധുനികവുമായി വാസുദേവൻ മാത്രമായിങ്ങനെ 40 വർഷമായി തുടരുകയാണ്. കൈത്തറിയുടെ ബ്രാൻഡ് അംബാസിഡറായി...

ജേക്കബ് തോമസ്

  ഒരാൾ കോഴിക്കോട്ട് നാൽപത് വർഷവായി കൈത്തറിക്കായി മാത്രം ജീവിയ്ക്കുന്നു.
 അയാൾ തൊഴിൽപരമായി അതായിരുന്നില്ല. ജീവിതത്തിന്റെ ഊടും പാവുമിടാൻ അഛൻ നടത്തിയതും പരാജയപ്പെട്ടതുമായ കച്ചവട സംരംഭം സന്ദർഭവശാൽ ഏറ്റെടുത്ത വർഷം തുടങ്ങയതാണീ നൂൽ പ്രണയം. പിന്നെ അയാൾ തറികളിട്ടു. കലാകാരന്മാരെ കണ്ടെത്തി. തറികളുടെ പ്രണയ നൂലുകളിൽ ഊയലാടി വിദേശങ്ങളിലേക്ക് സഞ്ചരിച്ചു.5000ത്തിലധികം വിദേശ കൈത്തറി കലാകാരമാരെ വിവിധ രാജ്യങ്ങളിലായി പരിശീലി പ്പിച്ചെടുത്തു.
 ബേപ്പൂർ നടുവട്ടത്തിനടുത്ത് ഡെെയിങ്ങിലും നെയ്തിലുമായി ഒരു ശിൽപശാല നടക്കുകയാണ്. നാൽപതാമത്തെ എഡീഷനാണിത്. ഇത്തവണ പങ്കെടുക്കുന്നത് 19 വിദേശികൾ.
 ശിൽപ്പശാലയുടെ നടത്തിപ്പുകാരനും പരിശീലകനും വാസുദേവൻ. തസറ എന്ന സ്ഥാപനപ്പേരിനെ ചേർത്തു വെച്ചാൽ വാസുദേവൻ വേണ്ടപ്പെട്ടവർക്ക് പ്രിയങ്കരനാകും.


  ആഗോളമായും കൈത്തറിയുടെ ആസ്ഥാനം ഒരു കാലം മലബാറും കോഴിക്കോടുമായിരുന്നു. തറികളുടെ സംഗീതം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന ജനപഥങ്ങളും ഗ്രാമങ്ങളും. തറികൾ പണവും കലാ പ്രവർത്തനവുമായിരുന്ന കാലം. ബാസൽ മിഷൻ ദത്തെടുത്ത നഗരം കോഴിക്കോട്. മാനാഞ്ചിറ താരാട്ടു പാടിയ കോം ട്രസ്റ്റ് നെയ്ത് ശാല. അപ്പുറം മാറി തിരുവണ്ണൂർ കോട്ടൺ മിൽ,പയനിയർ ഹോസിയറി. ആഗോളബ്രാൻഡുകൾ കോഴിക്കോട് നിന്ന് കപ്പൽ കയറി കൊണ്ടിരുന്നു. പിന്നെയാണ് പവർ ലൂമുകളുടെ വരവ് .ആദ്യം മെല്ലെയും പിന്നെ പിടി കിട്ടാത്ത വേഗതയിലും കൈത്തറി ഗ്രാമങ്ങൾ അനാഥമായി. കലാകാരന്മാർ ജീവിതം രണ്ടറ്റം തുന്നിക്കെട്ടാൻ ബസിലും കടകളിലും പണിക്ക് പോയി തുടങ്ങി. അന്യ സംസ്ഥാന ബ്രാൻഡുകൾ മാർക്കറ്റ് പിടിച്ചു
 ക്രാഫ്റ്റിൽ പാരമ്പര്യവും കാഴ്ചപ്പാടിൽ ആധുനികവുമായി വാസുദേവൻ മാത്രമായിങ്ങനെ 40 വർഷമായി തുടരുകയാണ്. കൈത്തറിയുടെ ബ്രാൻഡ് അംബാസിഡറായി.
 നെയ്ത്തിൽ ഒരാനന്ദമുണ്ടോ? ആരോ ചോദിച്ചപ്പോഴാണ് കച്ചവടവും ആനന്ദവും പരസ്പര പൂരകങ്ങളാണെന്ന് വാസുദേവൻ തിരിച്ചറിഞ്ഞത്.
 70 കളിൽ ക്രേപ് കോട്ടൺ ആഗോള ഹരമായപ്പോൾ, വടക്കേ മലബാറിൽ തറികളുടെ ഒരു തരംഗമുണ്ടായി. വാസുദേവനും ആ വേലിയേറ്റത്തിൽ പെട്ടു. വേലിയിറക്കം പെട്ടെന്നായിരുന്നു.യന്ത്രത്തറികളും അന്യദേശങ്ങളിലെ കൂലിക്കുറവും കൈത്തറിയുടെ വയറ്റത്തടിച്ചപ്പോൾ പെട്ടു പോയി.ബേപ്പൂരിലെ ആളും ആരവവുമാഴിഞ്ഞ നെയ്ത്ശാലയിൽ ഒരാൾ ഒറ്റയായി. പക്ഷെ നൂലും കോട്ടണും ചായങ്ങളുമായി ഒരു വർണ ലോകമങ്ങനെ ചുറ്റിലും ഇളകിയാടുന്നുണ്ടായിരുന്നു.
 അതേവേരെ തറിയിൽ കൈ വെക്കാത്തവൻ മനസിലോടിയ വർണ സ്കെച്ചുകളുമായി അടയിരുന്നു തുടങ്ങി. അരയും മുക്കാലും മീറ്റർ നെയ്തെടുക്കാൻ ആറും ഏഴും മാസങ്ങൾ. അത്ഭുതകരമായ അനുഭവ പരിസരം. Tapestry കളുടെ മായാപ്രപഞ്ചത്തിലേക്ക് കുടിയേറി.
  'Spider weavers' ന്റെ കച്ചവട ടാഗ് തന്നെ അഴിച്ചു വെച്ചു. കവിത മണക്കുന്ന 'തസര'യിലേക്ക് പേരു മാറ്റം നടത്തി. ചെന്നൈയിലെ മാക്സ്‌ മുള്ളർ ഭവനിലെ അലങ്കാരങ്ങൾ സ്വന്തമായി. ഫ്രഞ്ച് എം ബസിയുടെ സാംസ്കാരിക വിഭാഗത്തിന്റെ പ്രദർശനാനുമതി. ജർമൻ എംബസിയുടെയും അംഗീകാരം. വീടും പരിസരവും നിരന്തരമായി വർക്ക് ഷാപ്പുകൾക്ക് വേദിയായി.


  വിദേശത്ത് നിന്നുള്ള നെയ്തുകാർ,ചോള മണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാർ. ക്രിയേറ്റിവിറ്റിയുടെ കൊടുക്കൽ വാങ്ങലുകൾ. ഇന്നിപ്പോൾ പൂർണമായും അക്കാദമികമാണ്. പവർ ലൂമുകളുടെ അതിവേഗത്തെ മാറ്റി വെച്ചു. കൈത്തറിയുടെ ആവേഗങ്ങളിൽ ചായക്കൂട്ടകളുടെയും നൂലിഴകളുടെയും പാരസ്പര്യങ്ങൾ തീർക്കാൻ തപസ്സിരിക്കുന്നു. ഒപ്പത്തിനൊപ്പവും ശേഷവും സഞ്ചരിക്കാൻ ആവതുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.


  നെയ്ത് അന്നം തരുന്ന തൊഴിലാവാം. അപരിമേയമായ കലാപ്രവർത്തനമാകാം. വാസുദേവൻ രണ്ടാമത്തേതാണ്. 'തസര' ഇന്ന് tapestry കളുടെ ഒരു ആഗോള ബ്രാന്റാണ്. വാസുദേവനും തസരക്കൊപ്പം വായിക്കപ്പെടുന്നു. ചിലന്തിയാണ് നെയ്ത്തിന്റെ mascot . ചിലന്തിവലയുടെ എഞ്ചിനീയറിംഗിന് മുകളിലേക്ക് വർണ നൂലുകളും സങ്കൽപ്പങ്ങളും ചേർത്ത് വെച്ച് വാസുദേവൻ ആനന്ദിക്കുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും പ്രൊഫഷണൽസുമാണ് ''സൂത്ര" എന്ന ശീർഷകത്തിൽ സഘടിപ്പിച്ചിട്ടുളള ഒരു മാസം നീളുന്ന അന്താരാഷ്ട്ര നെയ്ത്ശിൽപശാലയിൽ പങ്കെടുക്കുന്നത്.


  വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന നിറങ്ങൾ, ഡിസൈനിങ്ങ് എന്നിവയിലെ യാന്ത്രികമായ ആവർത്തന സ്വഭാവത്തെ പാടെ ഒഴിവാക്കി ശിൽപശാലയിൽ അതുല്ല്യമായ കലാസൃഷ്ടികളാണ് നിർമ്മിക്കപ്പെടുന്നത്.
 നെയ്ത്, പ്രിൻ്റിംഗ്, ഡൈയിങ്ങ് എന്നീ വിദ്യയുടെ വിവിധ ഘട്ടങ്ങൾ പഠിച്ചും പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചും നെയ്ത് ചാരുതയെ പുനർ സൃഷ്ടിക്കുകയാണിവിടെ.
 വാസുദേവനൊപ്പം ഇക്കണ്ട കാലമത്രയുമുണ്ടായിരുന്ന സഹോദരി ശാന്ത ഇന്നില്ല. മൂവർ സംഘത്തിൽ വാസുദേവനൊപ്പം ഇനിയുള്ളത് ഇളയ സഹോദരൻ ബാലകൃഷ്ണൻ മാത്രവും.

***

Recent Post