കനലിൽ ചുട്ട ആത്മാക്കൾ

കനലാട്ടം ആചരിക്കുന്ന ദിവസം കന്യകമാർ ഗ്രാമത്തിലെ കിണറിൽ നിന്നും "നിശബ്ദ ജലം" കുടിച്ചതിന് ശേഷം കിണറിൽ നിന്നെടുത്ത ഒരു കുടം വെള്ളം വീടിന് പുറത്ത് വെക്കുന്നു. സൽഗുണമുള്ള വരനെ ലഭിക്കുവാൻ കന്യകമാർ കുടത്തിലെ വെള്ളത്തിൽ ഒരു ഭാഗ്യ വസ്തു/ വശീകരണ വസ്തു നിക്ഷേപിക്കുന്നു. പിന്നീട് ആ കുടത്തിലെ വെള്ളം കൊണ്ട് നിലാവെളിച്ചത്തിൽ കുളിക്കുന്നു.
Greek letters-31

ജോൺസ് മാത്യു

  2021 ൽ ലോകരാജ്യങ്ങളിൽ കോവിഡ് വൈറസ് മരണഗീതവുമായി ജൈത്രയാത്ര നടത്തിയിരുന്ന കാലത്താണ് ഗ്രീക് സുഹൃത്ത് യാനിസ് തിനോസ് ദ്വീപിൽ നിന്നും ലെസ്ബൊസ് ദ്വീപിലേക്ക് താമസം മാറുവാൻ തീരുമാനിച്ചത്. ഞാനുമായി നീണ്ട കാലത്തെ സൗഹൃദം പുലർത്തുന്ന യാനിസ് താമസം മാറുന്നതിന് എന്നോട് സഹായം അഭ്യർത്ഥിച്ചത് നവംമ്പറിലെ ശിശിരകാലത്താണു്.
 ദേശീയവും അന്തർദേശീയവുമായ യാത്രകൾ കോവിഡ് നിയന്ത്രണങ്ങളാൽ കർശനമായിരുന്ന സമയമായിരുന്നതിനാൽ ഷെങ്കൺ വിസക്ക് പുറമെ ഗ്രീക് കോൺസുലേറ്റിൽ നിന്നും പ്രത്യേകമായി ലഭിച്ച യാത്രാനുമതി, വാക്സിനേഷൻ സെർട്ടിഫിക്കറ്റ്, പി സി ആർ, പി എൽ എ ഫ് (പാസഞ്ചേഴ്സ് ലൊക്കേഷൻ സർട്ടിഫിക്കറ്റ് ) എന്നീ രേഖകളുമായി ഡൽഹിയിൽ നിന്നും ബഹ്റിൻ വഴി നവംബറിൽ ഉച്ചയോടു കൂടി ഞാൻ ആതൻസിൽ ഇറങ്ങി. ആതൻസിൽ എനിക്കു വേണ്ടി യാനിസ് ഇക്കോണമി ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഏഴ് മുപ്പതിന് റാഫിന തുറമുഖത്തു നിന്നും മിക്കൊണൊസ് ദ്വീപിലേക്ക് പോകുന്ന കപ്പലിൽ തിനോസ് ദ്വീപിലേക്ക് യാത്രയായി. ശൈത്യകാലമായിരുന്നതിനാൽ കപ്പലിൽ തിരക്കുണ്ടായിരുന്നില്ല.
 ദ്വീപു നിവാസികളും വ്യാപാരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെയും കൂടാതെ കുറച്ചു ജിപ്സികളും കപ്പലിൽ ഉണ്ടായിരുന്നു. അനേകം വർഷങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയ ജിപ്സികളെ എളുപ്പത്തിൽ തിരിച്ചറിയാം. ഗോത്ര സ്വഭാവമുള്ള ദേശ്യഭാഷയിൽ ഉച്ചത്തിലുള്ള സംഭാഷണവും വ്യത്യസ്ഥമായ വസ്ത്രധാരണവും നിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത പെരുമാറ്റ രീതികളുള്ള കുട്ടികളും മറ്റും ജിപ്സികളെ ഗ്രീക് യാത്രക്കാരിൽ നിന്നും വ്യത്യസ്ഥരാക്കുന്നു.
 പുറത്തെ തണുപ്പിനെ അനുഭവിക്കുവാൻ ഞാൻ കപ്പലിൻ്റെ പുറകുവശത്തെ തുറസ്സായ ഇടത്തിലേക്ക് ചെന്നു. ഏജിയൻ ചക്രവാളത്തിലെ ശൈത്യകാല സൂര്യോദയത്തിന് രക്തവർണ്ണമായിരുന്നു. തുറസ്സായ ഇടത്തിലെ കസേരകളിലും ബഞ്ചുകളിലും കുറച്ച് യാത്രക്കാർ ജാക്കറ്റു ധരിച്ച് സൂര്യോദയം ആസ്വദിച്ചു കൊണ്ടു സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. ഞാനും ഒരു സിഗരറ്റ് എടുത്തു. കൈവശമുള്ള ലൈറ്റർ കത്താത്തതിനാൽ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന മദ്ധ്യവയസക്കനോട് മുറി ഗ്രീക്കിൽ ലൈറ്റർ ചോദിച്ചു വാങ്ങി. സിഗരറ്റ് കത്തിച്ച് നന്ദി പറഞ്ഞ് ലൈറ്റർ തിരിച്ച് നൽകിയപ്പോൾ ഏത് ദ്വീപിലേക്കാണ് ഞാൻ പോകുന്നതെന്നും എവിടെ നിന്നാണ് വരുന്നതെന്നും ചോദിച്ചു കൊണ്ട് അദ്ദേഹം സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു.
 മദ്ധ്യവയസ്കനായ സ്റ്റാവ്റൊസ് പത്തു വർഷം ഓസ്ട്രേലിയയിൽ കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്തതിന് ശേഷം ജന്മസ്ഥലമായ ആന്ത്രോസ് ദ്വീപിലെ കൊച്ചു ഗ്രാമത്തിൽ തവേർണ നടത്തുകയാണ്. സ്റ്റാവ്റൊസിൻ്റെ ഓസ്ട്രേലിയൻ ഇംഗ്ലീഷ് ഉച്ചാരണം ഡെക്കിലെ കാറ്റിൻ്റെ ശബ്ദത്തിനിടയിൽ മനസ്സിലാക്കിയെടുക്കുവാൻ എനിക്ക് വളരെയേറെ പരിശ്രമിക്കേണ്ടി വന്നു.
  രണ്ടാം ലോക യുദ്ധം തകർത്ത ജർമ്മനിയിലെ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിന് ഗ്രീസിൽ നിന്നും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും തൊഴിലഭയാർത്ഥികളുടെ സംഘത്തോടൊപ്പം കഠിനമായ ജീവിത സാഹചര്യങ്ങൾ അതിജീവിച്ചാണ് മാതാപിതാക്കൾ ആ കാലം തരണം ചെയ്തതെന്ന് സംഭാഷണത്തിനിടയിൽ സ്റ്റാവ്റൊസ് സൂചിപ്പിച്ചു. കപ്പൽ ആന്ത്രോസ് ദ്വീപിൽ എത്തി. സ്റ്റാവ്റൊസ് യാത്ര പറഞ്ഞ് പിരിയുമ്പോൾ എപ്പോഴെങ്കിലും ആന്ത്രോസിൽ വരുമ്പോൾ അദ്ദേഹത്തിൻ്റെ തവെർണ സന്ദർശിക്കണമെന്നു ഓർമ്മിപ്പിച്ചു. സിഗരറ്റ് വലിക്കുന്ന ശീലം അപരിചിതനായ സ്റ്റാവ്റൊസിൻ്റെ ജീവിതാനുഭവങ്ങൾ തിരിച്ചറിയുവാൻ എനിക്ക് ഇട നൽകി.
 ഉച്ചയോടു കൂടി കപ്പൽ തിനോസ് ദ്വീപിലെ തുറമുഖത്ത് എത്തിയപ്പോൾ യാനിസ് കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞു ആവശ്യമുള്ള വീട്ടു സാധനങ്ങൾ പെട്ടികളിലാക്കി ട്രാൻസ്പോർട്ട് കമ്പനിയെ ഏൽപിച്ചു. അത്യാവശ്യം വീട്ടുപകരണങ്ങളും തണുപ്പിനെ പ്രതിരോധിക്കുന്നതിനു വേണ്ടതായ വസ്ത്രങ്ങളും മറ്റും കാറിൽ നിറച്ചു തിനോസ് ദ്വീപിൽ നിന്നു ഉച്ചക്ക് പുറപ്പെടുന്ന കപ്പലിൽ സമീപത്തെ സിറോസ് ദ്വീപിൽ എത്തിച്ചേർന്നു. സിറോസ് ദ്വീപിൽ നിന്നും രാത്രി എട്ടു മണിക്ക് പുറപ്പെടുന്ന കപ്പലിൻ്റെ അടിത്തട്ടിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ ലെസ്ബൊസ് ദ്വീപിലേക്ക് യാത്രയായി. കപ്പലിൽ യാനിസ് മുൻകൂട്ടി കാബിൻ ബുക്ക് ചെയ്തിരുന്നതിനാൽ രാത്രി യാത്ര സുഗമമായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിക്ക് ലെസ്ബോസ് ദ്വീപിലെ മിത്തിലിനി തുറമുഖത്ത് എത്തിച്ചേർന്നപ്പോൾ നവംബർ മാസത്തെ കഠിനമായ തണുപ്പിനോടൊപ്പം മഴയും ഉണ്ടായിരുന്നു.
 തുറമുഖത്തിന് സമീപത്തുള്ള മിത്തിലിനി ടൗൺ ആകർഷണീയമാണ്. ഗ്രീക് ചരിത്രത്തിൽ പ്രാധാന്യമുള്ള ലെസ്ബൊസ് ദ്വീപ് തുർക്കിയോടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. യാനിസിൻ്റെ വീട്ടു സാധനങ്ങൾ പുതിയ വീട്ടിൽ സജ്ജീകരിച്ചതിന് ശേഷം ഞാൻ നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപായി ഒരു വർഷത്തിലേറെ കാലം ഗ്രീസിൽ താമസിക്കുവാൻ അനുവദിക്കുന്ന വിസ ലഭിക്കുന്നതിനുള്ള അപേക്ഷയും അതിനു വേണ്ടതായ അവശ്യ രേഖകളും നൽകി.
 പിന്നീട് 2022 ഏപ്രിൽ മാസം മിത്തിലിനിയിൽ തിരിച്ചെത്തിയപ്പോൾ വസന്തകാലമായിരുന്നു. വിവിധ വർണ്ണങ്ങൾ വാരി വിതറിയതുപോലെ പല ആകൃതികളിലുമുള്ള പൂക്കൾ വിമാന താവളത്തിന് പുറത്തെ കടലോരത്ത് കാറ്റിലാടിക്കൊണ്ടിരുന്നു. മത്തിലിനിയിലെ താമസസ്ഥലത്തിന് സമീപമുള്ള ഉദ്യാനത്തിൽ ആചരിക്കുന്ന കനലാട്ടത്തെക്കുറിച്ച് യാനിസ് സൂചിപ്പിച്ചപ്പോൾ അത് കാണുവാൻ എനിക്ക് താൽപര്യമായി. പ്രാചീന കാലത്ത് വിവിധ പ്രദേശങ്ങളിൽ നടന്നിരുന്ന ഒരു ആചാരമാണ് കനലാട്ടം. നാഗരികതയും ശാസ്ത്ര സാങ്കേതിക വിദ്യയും വളരെയേറെ മനുഷ്യജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പ്രാചീന കാലത്തെ ആചാരങ്ങൾ പല രാജ്യങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. യാനിസിൻ്റെ സുഹൃത്ത് സ്ട്രാറ്റിസാണ് കനലാട്ടത്തിൻ്റെ പ്രാചീന അർത്ഥം വിവരിച്ചു തന്നത്.
 ക്ളിഡൊണാസ് എന്ന പേരിൽ ജൂൺ ഇരുപത്തിനാലിന് ഗ്രീസിലെ വ്യത്യസ്ഥ ഭാഗങ്ങളിൽ ആചരിക്കുന്ന കനലാട്ടത്തിൻ്റെ വേരുകൾ പ്രാചീന വിശ്വാസങ്ങളുമായി ഇഴചേർന്ന് കിടക്കുന്നതാണ്. ക്ലിദി എന്ന ഗ്രീക് പദത്തിന് താക്കോൽ എന്നാണ് അർത്ഥം. ബൈബിളിലെ പുണ്യാളൻ ജോണിൻ്റെ പേരിലുള്ള പെരുന്നാൾ, ഭാവികാല പ്രവചനം, ഭാഗ്യലക്ഷണം എന്നീ വിശ്വാസങ്ങളുമായി ഇടകലർന്നാണ് കനലാട്ടം ആചരിക്കുന്നത്.


  കനലാട്ടം ആചരിക്കുന്ന ദിവസം കന്യകമാർ ഗ്രാമത്തിലെ കിണറിൽ നിന്നും "നിശബ്ദ ജലം" കുടിച്ചതിന് ശേഷം കിണറിൽ നിന്നെടുത്ത ഒരു കുടം വെള്ളം വീടിന് പുറത്ത് വെക്കുന്നു. ഭാവിയിൽ സൽഗുണമുള്ള വരനെ ലഭിക്കുവാൻ കന്യകമാർ കുടത്തിലെ വെള്ളത്തിൽ ഒരു ഭാഗ്യ വസ്തു/ വശീകരണ വസ്തു നിക്ഷേപിക്കുന്നു. പിന്നീട് ആ കുടത്തിലെ വെള്ളം കൊണ്ട് നിലാവെളിച്ചത്തിൽ കുളിക്കുന്നു. ഇതെല്ലാം തന്നെ നിശബ്ദമായി നടത്തുന്ന സമ്പ്രദായമായതിനാൽ "നിശബ്ദ ജലം" എന്ന് പറയപ്പെടുന്നു. അന്ന് രാത്രി കന്യകമാർ ഭാവി വരനെ സ്വപ്നം കാണുന്നു. പിറ്റേ ദിവസം ഒരു ഗായകൻ കന്യകമാർ കുടത്തിൽ നിക്ഷേപിച്ച ഭാഗ്യ വസ്തു/ വശീകരണ വസ്തുക്കൾ എന്നിവ വിശകലനം നടത്തി കന്യകമാരുടെ ഭാവി പ്രവചനം നടത്തുന്നു.
 അന്ന് രാത്രി തുറസ്സായ സ്ഥലങ്ങളിൽ തീകുണ്ഡങ്ങൾ നിർമ്മിച്ച് സമീപവാസികൾ അതിനു മുകളിലൂടെ മൂന്ന് തവണ ചാടി ആത്മശുദ്ധീകരണം ചെയ്യുന്നു. ശേഷം ദുഷ്ടശക്തികളെ ഒഴിവാക്കുന്നതിന്‌ ഉണങ്ങിയ പുല്ല് കൊണ്ടു് നിർമ്മിച്ച ഒരു മനുഷ്യരൂപം തീകുണ്ഡത്തിൽ എറിഞ്ഞതിന് ശേഷം സംഗീതത്തിൻ്റെ അകമ്പടിയോടെ നൃത്തവും സമൃദ്ധമായ ഭക്ഷണവും എല്ലാവർക്കും നൽകുന്നതോടുകൂടി കനലാട്ട ആചാരം പൂർത്തിയാകുന്നു.


  ഞങ്ങൾ ഉദ്യാനത്തിൽ എത്തിയപ്പോൾ മാതാപിതാക്കളും കുട്ടികളും യുവതീയുവാക്കളും കനലാട്ടം കാണുന്നതിനും അതിൽ പങ്കെടുക്കുന്നതിനും അവിടെ ഒത്തുകൂടിയിട്ടുണ്ട്. അതോടനുബന്ധിച്ച് ഒരു ഗായകൻ ഗിറ്റാറിൻ്റെ അകമ്പടിയോടുകൂടി ഗ്രീക് ഗാനം ആലപിച്ചു. ഗായകൻ്റെ സമീപം അയാളുടെ വളർത്തുനായ അനുസരണയോടെ ഇരിക്കുന്നത് കണ്ടു. ചില കുട്ടികൾ ഒറ്റക്കും മറ്റു ചില കുട്ടികൾ മാതാപിതാക്കളുടെ സഹായത്തോടു കൂടിയും ഒരു നിരയിൽ അല്പം അകലത്തിൽ മൂന്ന് സ്ഥലങ്ങളിലായി കൂട്ടിയ കൊച്ചു തീ കുണ്ഡങ്ങൾക്ക് മുകളിലൂടെ ചാടുന്നത് അവിടെ കൂടിയിരുന്നവർ ആസ്വദിക്കുന്നുണ്ടായിരുന്നു.
 മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ പരിസരവാസികൾ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും പൊതുവായ സാമൂഹിക പ്രശ്നങ്ങൾ പങ്കുവെക്കുന്നതിനുമാണ് ഈ അവസരങ്ങൾ ഉപയോഗിക്കുന്നത് എന്ന് സ്ട്രാറ്റിസ് അഭിപ്രായപ്പെട്ടു.

***

Recent Post