ഒലീവ് മരങ്ങളോട് പറഞ്ഞത്

പോർട്ടൊ കടൽക്കരയിലേക്ക് പോകുന്ന വഴിയിൽ നിന്നും ഇടതു വശത്തേക്കുള്ള ചെറിയൊരു പാത അവസാനിക്കുന്ന വിശാലമായ പറമ്പിലാണ് അനഗ്രറ്റിൻ്റെ വീട്. മൂന്ന് തട്ടുകളായുള്ള പറമ്പിൽ പ്രായമായ ഒലീവ് മരങ്ങൾ, അത്തി, മുന്തിരി, നാരകം തുടങ്ങി കുറേയേറെ മരങ്ങളും വായവട്ടം കുറവുള്ള ഒരു കിണറും ഉണ്ട്.
Greek letters-30

ജോൺസ് മാത്യു

  1996 ൽ ഗ്രീസിലെ തിനോസ് ദ്വീപിൽ താമസിക്കുന്ന കാലത്ത് ഡോക്യുമെൻ്ററിയുടെ നിർമ്മാണത്തിന് ചില ദൃശ്യങ്ങൾ പകർത്തുവാൻ തുറമുഖത്തും ടൗണിലും ഇടുങ്ങിയ നടവഴികളിലൂടെയും നടന്ന് ഫോട്ടോഗ്രാഫുകൾ എടുക്കുന്നത് പതിവായിരുന്നു.
 തുറമുഖത്തു നിന്നും ടൗണിലേക്ക് പോകുന്ന വഴിയിലുള്ള നിരവധി റെസ്റ്റൊറൻ്റുകൾക്കിടയിലെ ഒരു തവെർണയാണ് സെബാർക്കൊ. തവെർണയുടെ നടത്തിപ്പുകാരി ഇസബെല്ലയെ എനിക്ക് പരിചയമണ്ടു്. ടൗണിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് വരുമ്പോഴെല്ലാം സെബർക്കൊയിൽ ചെന്ന് ഗ്രീക് തനത് നാടൻ മ്യദ്യമായ ഊസോ ഒരു ഗ്ലാസ് കഴിക്കുന്ന ശീലം എനിക്ക് പതിവാണ്. ഊസോയും രുചിച്ചു കൊണ്ട് കടൽ കാഴചയുള്ള സെബാർക്കൊയിൽ വേനൽക്കാലത്ത് വെറുതെ ഇരിക്കുകയോ സുഹൃത്തുക്കളോടൊത്ത് സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയോ ചെയ്ത് സമയം ചെലവഴിക്കുന്നവരെ ഇവിടെ എപ്പോഴും കാണാം.
 ഒരു ദിവസം സെബക്കൊയിലെ പരസ്യ പലകയിൽ അഡോണിസിൻ്റെ വീട് വിൽപനയുടെ പോസ്റ്റർ പതിച്ചതിന് ശേഷമാണ് സുഹൃത്ത് യാനിസ് ഒരു ഗ്ലാസ് ഊസൊ കഴിക്കുവാൻ എന്നെ ക്ഷണിച്ചത്. യാനിസിനോടൊപ്പം സ്വിറ്റ്സർലൻ്റിലെ സൂറിക്കിൽ നിന്നുള്ള അനഗ്രറ്റും ഉണ്ടായിരുന്നു. യാനിസ് അനഗ്രറ്റിനെ എനിക്ക് പരിചയപ്പെടുത്തി. ആറ് അടിയിലേറെ ഉയരവും അറുപത് വയസിലേറെ പ്രായവുമുള്ള അനഗ്രറ്റിന് പളുങ്കുമണിയുടെ നിറമുള്ള കൺണിയും ബോബ് ചെയ്ത സ്വണ്ണ തലമുടിയിൽ നരയുമുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതവും സ്ത്രീകളുടെ സൗന്ദര്യവും വസ്ത്രധാരണത്തിലെ വർണ്ണ വൈവിധ്യങ്ങളുമെല്ലാം അനഗ്രറ്റിൻ്റെ സംഭാഷണ വിഷയങ്ങളായി. അനഗ്രറ്റിൻ്റെ ശാന്തത നിറഞ്ഞ പെരുമാറ്റവും വളരെയേറെ ശ്രദ്ധിച്ച് വാക്കുകൾ ഉപയോഗിച്ചു കൊണ്ടുള്ള സംഭാഷണ ശൈലിയും എനിക്കിഷ്ടമായി.
 തിനോസ് ദ്വീപിലെ ടൗണിൻ്റെ തിരക്കിൽ നിന്നും ദൂരെ മാറി വിശാലമായ ഒരു പറമ്പിൽ പ്രാദേശിക ശൈലിയിൽ പണിത കൊച്ചു വീട്ടിൽ അവർ ഏകയായാണ് താമസിക്കുന്നത്. വിവാഹ മോചനത്തിനു് ശേഷം മറ്റൊരു കൂട്ടുകാരിയുമായി ഗ്രീസ് സന്ദർശനത്തിന് എത്തിയ അനഗ്രറ്റിനെ ദ്വീപിലെ സ്വഛന്ദമായ ജീവിതാനുഭവം വിട്ടു പിരിയുവാൻ കഴിയാത്ത വിധം ആകർഷിച്ചപ്പോഴാണ് ഇവിടെ സ്ഥിരതാമസം തുടങ്ങിത്. അവരുടെ മുതിർന്ന മൂന്ന് മക്കളും സ്വിറ്റ്സർലൻ്റിൽ ജീവിക്കുന്നു. സ്വിറ്റ്സർലൻ്റിൽ നിന്നുള്ള കുറേ പേർക്ക് തിനോസ് ദ്വീപിൽ വേനൽക്കാല വസതികളുണ്ട്. തവെർണയിൽ വെച്ച് യാനിസിനോടും അനഗ്രറ്റിനോടും യാത്ര പറഞ്ഞപ്പോൾ അടുത്ത ഞായറാഴ്ച അവരുടെ വീട്ടിൽ ഒരുക്കുന്ന ഉച്ച ഭക്ഷണത്തിനു് എന്നെയും ക്ഷണിച്ചു.
 ഞായറാഴ്ച യാനിസിൻ്റെ കാറിൽ അനഗ്രറ്റിൻ്റെ വീട്ടിലേക്ക് പോയി. പോർട്ടൊ കടൽക്കരയിലേക്ക് പോകുന്ന വഴിയിൽ നിന്നും ഇടതു വശത്തേക്കുള്ള ചെറിയൊരു പാത അവസാനിക്കുന്ന വിശാലമായ പറമ്പിലാണ് അനഗ്രറ്റിൻ്റെ വീട്. മൂന്ന് തട്ടുകളായുള്ള പറമ്പിൽ പ്രായമായ ഒലീവ് മരങ്ങൾ, അത്തി, മുന്തിരി, നാരകം തുടങ്ങി കുറേയേറെ മരങ്ങളും വായവട്ടം കുറവുള്ള ഒരു കിണറും ഉണ്ട്.


  മുൻകാലത്ത് താഴെയുള്ള നിലയിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും മുകൾ ഭാഗത്ത് പ്രാവുകൾക്ക് ചേക്കേറുന്നതിനും വേണ്ടിയുള്ള നിലവറ പുതുക്കി പണിതാണ് വീട് നിർമ്മിച്ചത്. വീടിനു പുറത്തെ സിമൻ്റ് ബെഞ്ചിൽ മൂന്ന് പൂച്ചകൾ അകലം പാലിച്ച് കണ്ണടച്ച് ഇരിപ്പുണ്ട്. വീടിൻ്റെ വാതിലിന് പുറത്ത് കോളിങ്ങ് ബെൽ ഉണ്ടായിരുന്നില്ല.
 അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുകയായിരുന്ന അനഗ്രറ്റ് ഞങ്ങളുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അവരുടെ കാലുരുമ്മിക്കൊണ്ട് ഒരു കൊച്ചു പൂച്ച കുട്ടി വീടിന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ അവർ അതിനെ പേർ വിളിച്ചു കൊണ്ട് കയ്യിലെടുത്തു. എന്നെയും യാനിസിനേയും അകത്തേക്ക് ക്ഷണിച്ചു. പൊതുവിൽ പ്രായമായവരും അല്പം ചില യുവതീയുവാക്കളും ഒഴികെ ഞായറാഴ്ച പള്ളിയിൽ പോകുന്ന ശീലം യൂറോപ്പിലും ഗ്രീസിലും പതിവില്ല. അനഗ്രറ്റിന് പള്ളിയിൽ പോകുന്ന ശീലമില്ലെന്നും ചില സൗഹൃദങ്ങളും പ്രകൃതിയുമാണ് അവരുടെ കാണപ്പെട്ട ദൈവ സങ്കൽപം എന്നു പറഞ്ഞു കൊണ്ട് കൈയ്യിൽ ഒതുങ്ങിയിരുന്ന പൂച്ച കുട്ടിയെ നിലത്ത് വെച്ച് അവർ അടുക്കളയിലേക്ക് പോയി.
 ഏകയായി ജീവിക്കുന്നവരുടെ സൗകര്യങ്ങൾ ശ്രദ്ധിച്ച് തയ്യാറാക്കിയ വീടിൻ്റെ ഉൾവശത്ത് ഒരു മൂലയിൽ ഭക്ഷണമേശയും അതോട് ചേർന്ന് മൂന്ന് കസേരകളും അതിനു പുറകിൽ ഒരാൾക്ക് വിശ്രമിക്കുവാൻ മാത്രം വലിപ്പമുള്ള കട്ടിലിൻ്റെ വലതു വശത്ത് മുകൾ വശത്തേക്ക് കയറുവാനുള്ള ഗോവണിയും അതിനടുത്തായി ടി വി യും പാട്ട് പെട്ടിയും അതിനു പുറകിൽ ഒരു കൊച്ചു ലൈബ്രറിയും ഉണ്ടു്. ലൈബ്രറിക്ക് സമീപത്തെ ജനാലയിൽ ഒരു വെളുത്ത പൂച്ചയുടെ ശിൽപം വെച്ചിട്ടുണ്ട്.
 ഭക്ഷണമേശക്ക് സമീപമുള്ള ചുമരിലെ ഷെൽഫിൽ വ്യത്യസ്ത തരം വൈനും മറ്റു ചില മദ്യവും വെച്ചിട്ടുള്ളതിന് മുകളിലെ മച്ചിൽ നിന്ന് പൾപ്പ് കൊണ്ട് നിർമ്മിച്ച മൂന്ന് മാലാഖകൾ തൂങ്ങി കിടന്നിരുന്നു. ആർഭാട ജീവിതത്തിൻ്റെ സൂചനകൾ തീരെ ഇല്ലാത്ത ജീവിത ശൈലി വീടിനകത്തെ എല്ലാ വസ്തുക്കളിലും പ്രകടമായിരുന്നു.
 ചെറുതാക്കി മുറിച്ച കോഴി കഷണങ്ങൾ ചേർത്ത പാസ്തയും, സാലഡ്, ലൂയിസ, ചീസ് എന്നിവയും ചുകപ്പ് വൈനും മേശമേൽ നിരന്നു. ഔഷധ ചേരുവകൾ ചേർത്ത് ഉണക്കിയെടുത്ത ഇറച്ചി നേർമ്മയായി അരിഞ്ഞതാണ് ലൂയിസ.
 വർഷങ്ങൾക്ക് മുൻപ് മകളോടൊത്ത് ഡൽഹിയും രാജസ്ഥാനും സന്ദർശിച്ചതും സ്ത്രീ പുരുഷന്മാരുടെ ആകാര ഭംഗിയും, പൗരാണിക നിർമ്മിതികളുടെ അവർണ്ണനീയമായ പ്രൗഡിയും കണ്ട് ആസ്വദിച്ചതും വൈധ്യമാർന്ന ഭക്ഷണവിഭവങ്ങളുടെ അസഹനീയമായ എരിവിനെക്കുറിച്ചും തമാശ കലർത്തിയാണ് അനഗ്രറ്റ് പറഞ്ഞത്. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തെ പരിഗണിക്കാത്ത ശബ്ദമലിനീകരണവും പൊതു ഇടങ്ങളിലെ മലമൂത്ര വിസർജ്ജനങ്ങളുടെ ദുർഗ്ഗന്ധവും വിടാതെ പിൻതുടർന്ന യാചകരും കാരണം ഇന്ത്യാ സന്ദർശന ദിനങ്ങൾ അവർക്ക് പരിമിതപ്പെടുത്തേണ്ടി വന്നു.
 അനഗ്രറ്റിൻ്റെ എരിവ് കുറഞ്ഞ ഭക്ഷണം സ്വാദിഷ്ഠമായിരുന്നു. ഭക്ഷണത്തിന് ശേഷം അവർ വലിയ ഒരു ഗ്ലാസ് മഗ്ഗിൽ ഗ്രീൻ ടീ കൊണ്ടുവന്നു. ഗ്രീൻ ടീ കുടിച്ചു കഴിഞ്ഞ് പിരിയുമ്പോൾ മടിച്ചു കൊണ്ട് അനഗ്രറ്റ് അവരുടെ ഒരു ആഗ്രഹം പങ്കുവെച്ചു. അടുത്ത തവണ നാട്ടിൽ നിന്നു വരുമ്പോൾ അവരുടെ അളവിലുള്ള വസ്ത്രം തയ്ച്ചു കൊണ്ടു വരാമോ എന്ന് മടിച്ചു കൊണ്ടാണ് ചോദിച്ചത്. തീർച്ചയായും കൊണ്ടു വരാം എന്ന് ഞാൻ ഉറപ്പു നൽകി യാത്ര പറഞ്ഞു. അടുത്ത തവണ നാട്ടിൽ നിന്നു തിനോസിൽ വന്നപ്പോൾ അവർക്കു വേണ്ടി തയ്പിച്ച രണ്ടു വസ്ത്രങ്ങൾ ഞാൻ നൽകി. വസ്ത്രത്തിൻ്റെ വില നൽകിയെങ്കിലും ഞാൻ അത് വാങ്ങിയില്ല. ആ കാലത്ത് തുടങ്ങിയ സൗഹൃദം പിന്നീട് 2016 ൽ അവർ സൂറിക്കിലേക്ക് തിരിച്ചു പോകുന്നതുവരെ തുടർന്നു.
 അനഗ്രറ്റിൻ്റെ വീട്ടിൽ യാനിസിനോടൊപ്പം ഞാനും പതിവു സന്ദർശകനായി. വൈകുന്നേരങ്ങളിൽ വീടിനു പുറത്തെ വരാന്തയിൽ പന്തലിച്ച കടലാസു പൂക്കളുടെ കീഴിലുള്ള മേശക്ക് ചുറ്റിലും ഞങ്ങൾ ഗ്രീൻ ടീ നുകർന്നും ഗ്രീക് ജീവിതാനുഭവങ്ങളും യാന്ത്രികമായ സൂറിക്ക് ജീവിത രീതികളെക്കുറിച്ചും അനഗ്രറ്റ് പങ്കുവെച്ചു. വിശാലമായ പറമ്പിലെ പ്രായമായ ഒലീവ് മരങ്ങളും ശാന്തത നിറഞ്ഞ അന്തരീക്ഷവും അനഗ്രറ്റിറ്റിന് ഒരു തപസ്വിനിയുടെ പരിവേഷം നൽകി.
 തായ്‌ലാന്റിലെ പുക്കറ്റിൽ 2004 ൽ ഉണ്ടായ സുനാമിയിൽ നിന്ന് അനഗ്രറ്റും മകളും കുടുംബവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ട അനുഭവം വിവരിച്ചത് ഭൗതീകാതീതമായ സംഭവമായിരുന്നു. അനഗ്രറ്റിനോടൊപ്പം തായ് ലൻഡ് സന്ദർശിക്കുക എന്നത് മകളുടെയും ഭർത്താവിൻ്റേയും ആഗ്രഹമായിരുന്നു. കുറച്ചു ദിവസം ബാങ്ങ്കോക്കിൽ താമസിച്ചതിന് ശേഷം ക്രസ്തുമസ് ദിനം ചെലവിടുന്നതിന് പുക്കറ്റിലെ കടൽക്കരയിലുള്ള ഹോട്ടലിൽ മുറി ബുക്ക് ചെയ്തു.
 ഡിസംബർ ഇരുപത്തി അഞ്ചിന് ഉച്ചയോടു കൂടി പുക്കറ്റിലെ ഹോട്ടലിൽ അവർ എത്തിചേർന്നു. കടൽ കാഴ്ചയുള്ള പുക്കറ്റിലെ ഹോട്ടൽ മുറി മകളുടെ ഭർത്താവിനെ അകാരണമായി അസ്വസ്ഥനാക്കി. കടൽ കാഴ്ച ഇഷ്ടപ്പെടുന്ന അനഗ്രറ്റും മകളും മകളുടെ ഭർത്താവിൻ്റെ നിർബന്ധത്തിന് വഴങ്ങി കടൽക്കരയിൽ നിന്നും ദൂരെയുള്ള മറ്റൊരു ഹോട്ടൽ മുറിയിലേക്ക് താമസം മാറി. ഡിസംബർ 26 ന് രാവിലെ ഉണ്ടായ സുനാമിയിൽ അവർ മുൻപ് താമസിക്കുവാൻ ബുക്ക് ചെയ്ത ഹോട്ടൽ പരിപൂർണ്ണമായും തകർന്നത് കണ്ട് അനഗ്രറ്റും മകളും ഭർത്താവും സ്തബ്ധരായി.
 കടൽ കാഴ്ചയുള്ള ഹോട്ടൽ മുറി മാറുവാൻ നിർബന്ധിച്ചതിൻ്റെ കാരണം വിശദീകരിക്കുവാനാകാതെ മകളുടെ ഭർത്താവ് സുനാമി തകർത്ത മനുഷ്യ ശരീരങ്ങൾ കടൽ വെള്ളത്തിൽ ഒഴുകി പോകുന്നത് കണ്ട് പകച്ചു നിന്നത് അനഗ്രറ്റ് വിശദീകരിച്ചത് ഒരു പ്രഹേളികയായി മനസിൽ തങ്ങി നിന്നു.

***

Recent Post