എന്തിനാണീ ഉത്സവങ്ങൾ ?

നമ്മുടേതുപോലെ, ജനാധിപത്യംതന്നെ അപകടത്തിലായ ഒരു കാലത്ത് സാംസ്‌കാരികോത്സവങ്ങള്‍ക്ക് ചില സാമൂഹിക ഉത്തരവാദിത്വങ്ങളുമുണ്ടെന്ന് തിരിയേണ്ടതുണ്ട്. സാമൂഹിക ജാഗ്രതയില്ലാത്ത സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍കൊണ്ട് സമൂഹത്തിന് എന്ത് ഗുണമാണുണ്ടാവുക? ലിറ്ററേച്ചർ ഫെസ്റ്റിവലുകളെക്കുറിച്ച് ...

ഒ.കെ ജോണി

  വന്‍നഗരങ്ങളിലെ ബുദ്ധിജീവിസദസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ചലച്ചിത്രോത്സവങ്ങളും സാഹിത്യോത്സവങ്ങളും കേരളത്തിലെ വിദൂരഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കുകൂടി പ്രാപ്യമായിത്തുടങ്ങിയെന്നതിന്റെ സൂചനയാണ് വയനാട്ടില്‍ ഇക്കഴിഞ്ഞ മാസം നടന്ന സാഹിത്യോത്സവത്തിലെ എഴുത്തുകാരുടെയും വായനക്കാരുടെയും സജീവപങ്കാളിത്തം. അധികാരഹരിയില്‍ ആന്ധ്യം ബാധിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും നെറികേടുകള്‍ തുറന്നുകാട്ടുന്ന വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകളിലൂടെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനും കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസാണ് തന്റെ ജന്മനാടായ വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിച്ചത്.
 എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിനുകീഴില്‍ മാദ്ധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുമ്പോള്‍ സ്വതന്ത്രമായ ആശയസംവാദത്തിനായി തുറന്നുകിട്ടിയ ഇടങ്ങളെന്ന നിലയിലാണ് ഈ സാഹിത്യോത്സവങ്ങളെ കാണേണ്ടത്.


  അതേസമയം, അന്താരാഷ്ട്ര ചലച്ചിത്രോത്സങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഗൗരവം ക്രമേണ നഷ്ടപ്പെടുന്നുവെന്നതും കാണാതിരിക്കേണ്ടതില്ല. മികച്ച അന്യഭാഷാ സിനിമകള്‍ കാണാനും നല്ല സിനിമയുടെ സംസ്‌കാരം വളര്‍ത്താനുമായി തുടങ്ങിയ ചലച്ചിത്രമേളകളിലേക്ക് ഇപ്പോള്‍ ഇരച്ചെത്തുന്നത് സിനിമയുടെ ഗ്ലാമറിലും പണത്തിലും അഭിരമിക്കുന്ന ഒരു പുതിയ തലമുറയാണോ എന്ന് സംശയിക്കണം. തിയേറ്ററുകളില്‍ വരാനിരിക്കുന്ന സൂപ്പര്‍താരത്തിന്റെ മലയാളസിനിമക്ക് പ്രവേശനംകിട്ടിയില്ലെന്ന പരാതിയുമായി ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധിക്കാനിറങ്ങിയ ആള്‍ക്കൂട്ടത്തിന്റെ സിനിമാബോധത്തെക്കുറിച്ച് സഹതപിക്കുവാനേ കഴിയൂ.
 ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതിനിടെയാണ് ഒരു സിനിമയിലെ കഥാപാത്രത്തിന്റെ കാവി അടിവസ്ത്രത്തെച്ചൊല്ലി വര്‍ഗ്ഗീയവാദികള്‍ വിവാദമുണ്ടാക്കിയത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെയായിരുന്നില്ലേ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രതിഷേധമുയരേണ്ടിയിരുന്നത്? നമ്പകല് നേരത്ത് മയക്കത്തെച്ചൊല്ലിയായിരുന്നു പക്ഷെ, ആള്‍ക്കൂൂട്ടപ്രതിഷേധം.
 പ്രശസ്ത നാടകകലാകാരന്‍ സഫ്ദര്‍ ഹാഷ്മി തെരുവില്‍ വധിക്കപ്പെട്ടപ്പോള്‍ ചലച്ചിത്രലോകത്തിന്റെ പ്രതിഷേധമറിയിക്കാനായി ശബാനാ ആസ്മി ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദി തിരഞ്ഞെടുത്തപ്പോള്‍ ചലച്ചിത്രോത്സവത്തെ ഒരു ജനാധിപത്യവേദിയാക്കുകയായിരുന്നു. ആ സാമൂഹികമായ ഉള്ളടക്കമാണ് സാഹിത്യ-ചലച്ചിത്രോത്സവങ്ങള്‍ക്ക് വാസ്തവത്തില്‍ ഉണ്ടാവേണ്ടത്. കേരളത്തിലെ ചലച്ചിത്രോത്സവം വിനോദസിനിമാസ്വാകരുടെയും സ്‌നോബുകളുടെയും കാര്‍ണിവലായി അധ:പതിച്ചിരിക്കുന്നു.
 നമ്മുടേതുപോലെ, ജനാധിപത്യംതന്നെ അപകടത്തിലായ ഒരു കാലത്ത് സാംസ്‌കാരികോത്സവങ്ങള്‍ക്ക് ചില സാമൂഹിക ഉത്തരവാദിത്വങ്ങളുമുണ്ടെന്ന് തിരിയേണ്ടതുണ്ട്. സാമൂഹിക ജാഗ്രതയില്ലാത്ത സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍കൊണ്ട് സമൂഹത്തിന് എന്ത് ഗുണമാണുണ്ടാവുക?

***

Recent Post