ആതൻസിലേക്കുള്ള ആദ്യ യാത്ര

ആതൻസ് നഗരത്തിൽ നിന്നും ദൂരെയുള്ള വെനിസ്വേലസ് വിമാനത്താവളത്തിനരികിലുള്ള നീല കടലിന് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുമ്പോൾ കണ്ട വെളുത്ത യോട്ടുകൾ മാസങ്ങൾക്ക് മുൻപ് ഞാൻ കണ്ട ഒരു സ്വപ്നത്തെ ഓർമപ്പെടുത്തി.
Greek letters-29

ജോൺസ് മാത്യു

  1995 ഡിസംബറിലാണ് ഗ്രീക് പൗരനായ ഇയോണിനെ വളരെ യാദൃശ്ചികമായി എറണാകുളത്ത് വെച്ച് പരിചയപ്പെട്ടത്. മദ്ധ്യവയസ്ക്കനായ അദ്ദേഹത്തിൻ്റെ ചുമലിൽ തൂക്കിയിരുന്ന വലിയൊരു ബാഗിൻ്റെ ഭാരം കാരണം ഒരു വശത്തേക്ക് ചരിഞ്ഞാണ് അയാൾ നടന്നിരുന്നത്. എനിക്ക് എതിരെ നടന്നു വന്ന അദ്ദേഹത്തിനോട് കാൽനട പാതയിലെ പടുകുഴി ശ്രദ്ധയിൽ പെടുത്തിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞ് അയാൾ നടന്നു നീങ്ങി. പിന്നീട് ഞാൻ യാത്ര ചെയ്ത അതേ ബസിൽ ജോസ് ജംഗ്ഷനിൽ എന്നോടൊപ്പം അയാൾ ഇറങ്ങിയപ്പോൾ സൗഹൃദ സംഭാഷണങ്ങൾ നടത്തി കാപ്പി കുടിക്കുവാൻ ക്ഷണിച്ചു.
 എൻ്റെ മുൻപിൽ ഇരിക്കുന്ന ആൾ ഗ്രീക് പൗരനാണെന്ന് വിശ്വസിക്കുവാൻ സമയമെടുത്തെങ്കിലും അദ്ദേഹത്തിൻ്റെ ഊഷ്മളമായ പെരുമാറ്റം എന്നെ ആകർഷിച്ചു. സംഭാഷണത്തിനിടയിൽ അദ്ദേഹം നിർമിക്കുവാൻ ഉദ്ദേശിക്കുന്ന ഹൃസ്വ വീഡിയോവിനെക്കുറിച്ചും അതിനായി ഒരു സഹായിയെ കണ്ടെത്തുവാൻ സഹായിക്കാമോ എന്നും എന്നോട് ചോദിച്ചത് ജോലി അന്വേഷിച്ചു മടുത്ത എന്നിൽ താൽപര്യമുണർത്തി.
 കേരളത്തിലെ യാത്രക്കിടയിൽ വർക്കലയിൽ വെച്ചു ബലിതർപ്പണ ആചാരം കണ്ടതിൻ്റെ തിരിച്ചറിവിലാണ് വ്യത്യസ്ഥ മത വിശ്വാസങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പഠനവും നിരീക്ഷണങ്ങളും കോർത്തിണക്കിയ ഒരു വീഡിയൊ നിർമ്മിക്കുവാൻ ഇന്ത്യയിലും, ശ്രീലങ്കയിലും, തായ്ലൻ്റിലുമായി സഞ്ചരിക്കുവാൻ അദ്ദേഹം തീരുമാനിച്ചത്. പിന്നീട് ഇയോണിൻ്റെ വീഡിയൊ കാമറയുമായി കേരളത്തിലും, തമിഴ്നാട്ടിലും, കർണാടകയിലും, ബോംബെയിലും യാത്ര ചെയ്ത് ഡോക്യുമെൻ്ററിയുടെ പ്രവർത്തനത്തിൽ ഞാൻ പങ്കാളിയായി. ആ യാത്രകളും ആചാരാനുഷ്ഠാന പഠനങ്ങളും പിന്നീട് എൻ്റെ കലാപ്രവർത്തനങ്ങളിൽ വളരെയേറെ സഹായകരമായി വർത്തിച്ചിട്ടുണ്ട്.
 തിരുവനന്തപുരത്ത് വെച്ചായിരുന്നു വീഡിയൊ എഡിറ്റിങ്ങ് നടത്തിയത്. അത് കഴിഞ്ഞ് തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ ഒരു ആഴ്ച താമസിച്ചതിന് ശേഷം ബാംഗ്ലൂർ വഴി ഇയോൺ ആതൻസിലേക്ക് തിരിച്ചു പോകുമ്പോൾ ഡോക്യുമെൻ്ററിയുടെ സക്രിപ്റ്റ് മാറ്റി എഴുതുന്നതിനും ഗ്രീസിലെ ചില ആചാരാനുഷ്ഠാനങ്ങൾ ഷൂട്ട് ചെയ്യുന്നതിനും എന്നെ ഗ്രീസിലേക്ക് ക്ഷണിച്ചു കൊണ്ട് കീശയിൽ കുറച്ചു ഡോളർ നിക്ഷേപിച്ചു. അദ്ദേഹം തിരിച്ചു പോയതിന് ശേഷം ഗ്രീസ് സന്ദർശിക്കുവാനുള്ള ഔദ്യോഗിക ക്ഷണവും വിമാന ടിക്കറ്റിനുള്ള പണവും അയച്ചു തന്നപ്പോഴാണ് പരിചിതമല്ലാത്ത ഭാഷ സംസാരിക്കുന്ന ദൂരദേശത്തേക്ക് പോകുന്നതിനെക്കുറിച്ചു് ഞാൻ ആലോചിച്ചത്.


  ചിത്രകലാ വിദ്യാഭ്യാസ പഠനകാലത്താണ് ഗ്രീക് ക്ലാസിക്കൽ നിർമ്മിതികൾ, ശിൽപങ്ങൾ, ഐക്കണൊഗ്രഫി, മൊസൈക് കല, പൗരാണിക വീരകഥകൾ ആലേഖനം ചെയ്ത നിത്യോപയോഗ വസ്തുക്കൾ എന്നിവയെക്കുറിച്ച് കൂടുതലായി അറിഞ്ഞത്. യാത്ര പോകുന്നതിന് മുൻപായി വീണ്ടും ഗ്രീക്പുരാണം വായിച്ചു.
 ഇന്ത്യക്ക് പുറത്തേക്ക് ആദ്യമായി നടത്തുന്ന വിമാനയാത്ര ആയിരുന്നതിനാൽ അൽപം വേവലാതി ഉണ്ടായിരുന്നു. കോഴിക്കോട്ടെ ഒരു ട്രാവൽ ഏജൻസി വഴി സന്ദർശക വിസ ലഭിക്കുന്നതിന് വേണ്ട അപേക്ഷയോടൊപ്പം മറ്റ് എല്ലാ രേഖകളും ഡൽഹിയിലെ ഗ്രീക് കോൺസുലെറ്റിൽ നൽകി. പക്ഷേ ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിച്ചത്. 1996 മെയ് മാസത്തിൽ കോഴിക്കോട് നിന്നും കുവൈത്ത് വഴി ആതൻസിൽ എത്തി. ആതൻസ് നഗരത്തിൽ നിന്നും ദൂരെയുള്ള വെനിസ്വേലസ് വിമാന ത്താവളത്തിനരികിലുള്ള നീല കടലിന് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുമ്പോൾ കണ്ട വെളുത്ത യോട്ടുകൾ മാസങ്ങൾക്ക് മുൻപ് ഞാൻ കണ്ട ഒരു സ്വപ്നത്തെ ഓർമപ്പെടുത്തി.
 വിമാനത്താവളത്തിന് പുറത്ത് ഇയോണും സുഹൃത്ത് യാനിസും ഉണ്ടായിരുന്നു. യാനിസിനെ പരിചയപ്പെടുത്തി. മറ്റൊരു സുഹൃത്ത് മരിയാനയുടെ കൊളൊണാക്കിയിലെ ഫ്ലാറ്റിലായിരുന്നു എൻ്റെ താമസം ഏർപ്പെടുത്തിയിരുന്നത്. യാത്രാക്ഷീണം അകറ്റിയ ശേഷം മെയ് മാസത്തിലെ കുളിർ കാറ്റിനെ പ്രതിരോധിക്കുവാനുള്ള ജാക്കറ്റും ധരിച്ച് ആതൻസ് നഗരം കാണുവാൻ ഞാൻ ഇയോണിനോടൊത്ത് പുറത്തിറങ്ങി. സ്ത്രീ പുരുഷന്മാരുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും പൗരാണിക സ്വതന്ത്ര ചിന്തകളുടെ പ്രതിഫലനം കാണാം. പാതയോരത്തെ കാപ്പി കടകളിലും തവേർണകളിലും ചുവപ്പ് രാശി കൂടുതലുള്ള ഗ്രീക്കുകാർ കാപ്പി കുടിയോടൊപ്പം സിഗരറ്റ് വലിച്ചു കൊണ്ട് രാഷ്ട്രീയ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. പരിചിതമല്ലാത്ത ഗ്രീക് ഭാഷയുടെ ശബ്ദം അവിശ്വസനീയമാം വിധം എനിക്ക് ആശ്വാസകരമായി അനുഭവപ്പെട്ടു.
 ക്രിസ്തുവർഷത്തിന് മുൻപേ തന്നെ നിലവിലുണ്ടായിരുന്ന ബാബിലോണിയ, മെസൊപൊട്ടോമിയ, അസിരിസ്, സുമേരിയൻ, പേർഷ്യൻ, ഈജിപ്ഷ്യൻ എന്നീ പൗരണിക സംസ്ക്കാരങ്ങളിൽ നിന്നും സ്വാംശീകരിച്ചതും ഗ്രീക് രാഷ്ടീയ കലാസാംസ്ക്കാരിക മേഖലകളിൽ നിന്നും ഉരുത്തിരിഞ്ഞതും ജനാധിപത്യ ചിന്തകളുടെ ഉറവിടവുമായിരുന്ന ആതൻസ് നഗരത്തിന് ഇപ്പോഴും ചരിത്രാതീതമായൊരു പരിവേഷമുണ്ടു്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഴമയുടെ പ്രൗഡി ത്രസിക്കുന്ന അക്രൊപൊളിസ്, ഹെറോഡിയോൺ ആംഫിതിയറ്റർ, പ്ലാക്ക, അഗോര, അതിനാസ്, മൊണാസ്തിരി, സിൻ്റഗ്മ, അക്കാദമിയ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു.
 ആതൻസിൽ കുറച്ചു നാൾ താമസിച്ചതിന് ശേഷം ഒരു ദിവസം രാവിലെ ഏഴര മണിക്കുള്ള യാത്രാ കപ്പലിൽ പിറെയോസ് തുറമുഖത്തു നിന്നും ഇയോണിൻ്റെ വാസസ്ഥലമായ തിനോസ് ദ്വീപിലേക്ക് യാത്രയായി. ഇത്രയും വലുപ്പമുള്ള യാത്രാ കപ്പലിൽ ആദ്യമായാണ് ഞാൻ കയറുന്നത്. ശീതീകരിച്ച ഉൾവശമുള്ള കപ്പലിനകത്ത് കാപ്പി, ചായ, മദ്യം, ലഘു പാനീയങ്ങൾ,ലഘുഭക്ഷണങ്ങൾ, കുട്ടികൾക്ക് കളിക്കുവാനുള്ള ഇടം, കൗതുക വസ്തുക്കൾ വിൽക്കുന്ന കട എന്നിവ ഉണ്ട്. യാത്രക്കാർക്ക് പുറമെ ബസ്, ട്രക്കുകൾ, കാർ, ബൈക്ക് എന്നീ വാഹനങ്ങളും വീട്ടുമൃഗങ്ങളും കപ്പലിൽ ഉണ്ടാകും. ചുമരിൽ സ്ഥാപിച്ച വലിയ ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ എല്ലാം തന്നെ ഗ്രീക് ഭാഷയിൽ ഉള്ളവയായിരുന്നു. അർദ്ധനഗ്ന സ്ത്രീകൾ ഇടക്കിടെ ടി വി യിലെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നിലെ അനാവശ്യ സദാചാര ഭാണ്ഡങ്ങളെ ഓർമപ്പെടുത്തി.
 പിറെയൊസ് തുറമുഖത്ത് നിന്നും സിറോസ് ദ്വീപ് വഴിയുള്ള കടലിലെ കപ്പൽ യാത്ര അവാച്യമായൊരു അനുഭൂതിയായിരുന്നു. ഏജിയൻ കടലിൻ്റെ ഇന്ദ്രനീല നിറമാസ്വദിച്ചു കൊണ്ട് അഞ്ചു മണിക്കുർ നീണ്ട യാത്രക്കൊടുവിൽ ഉച്ചയോടു കൂടി ഞങ്ങൾ തിനോസ് ദ്വീപിൽ എത്തിച്ചേർന്നു. ഇയോൺ തിനോസ് ദ്വീപിൻ്റെ തുറമുഖത്തിനരികിലെ പാതയോരത്ത് പാർക്ക് ചെയ്ത കാർ എടുക്കുവാൻ പോയി. മുറി വാടകക്ക് നൽകുന്നവരും ഹോട്ടൽ ഏജൻ്റുകളും തുറമുഖത്ത് കൂട്ടം കൂടി നിൽപുണ്ടായിരുന്നു. അവർക്ക് അകലെയായി ഒരു ഓപ്പൺ മാർക്കറ്റും ഉണ്ടു്. ബാഗുകളും കാമറയുമായി ഞാൻ റോഡരികിൽ കാത്തു നിൽക്കുമ്പോൾ ഇയോൺ കാറുമായി വന്നു ചേർന്നു. കാറിനെക്കുറിച്ചുള്ള എൻ്റെ ധാരണകളെല്ലാം അതോടു കൂടി മാറ്റേണ്ടി വന്നു. നാൽപത് വർഷത്തിലേറെ പഴക്കമുള്ള വലിയൊരു വെള്ള വോൾവൊ കാറിൻ്റെ മുൻവശത്തും പുറകുവശത്തുമുള്ള ഗ്ലാസുകൾ വെള്ള സിമൻറും പശയും ചേർത്താണ് ഒട്ടിച്ചു വെച്ചിരുന്നത് എങ്കിലും കുന്നിൻ പുറത്തേക്കുള്ള യാത്രയും വീടിൻ്റെ വരാന്തയിൽ നിന്നുള്ള കടൽക്കാഴ്ചയും മറ്റൊരു ഗ്രഹത്തിൽ എത്തിച്ചേർന്ന അനുഭവം എനിക്ക് നൽകി.

***

Recent Post