യാത്രയുടെ അവസാനം

ഷെങ്കൺ വിസയുടെ കാലാവധി കഴിയുവാൻ രണ്ട് ആഴ്ച ബാക്കിയുള്ളപ്പോൾ ലണ്ടനിലെ ഇൻഷുറൻസ് ഏജൻസിയിൽ നിന്നും ഒരു മറുപടി ലഭിച്ചു. കമ്പനിയുടെ ഓഫീസ് ലണ്ടനിൽ നിന്നും പാരീസിലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്.
Greek letters-28

ജോൺസ് മാത്യു


 ഏജിയൻ കടലിലെ സൈക്ലാഡിക് ദ്വീപ്സമൂഹത്തിൽ പെടുന്ന തിനോസ് വളരെ ചെറുതും ജനസംഖ്യ കുറഞ്ഞതുമാണ്. പൗരാണിക കാലത്ത് തിനോസ് ദ്വീപ് ഒഫൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി ജലസ്രോതസുകളുളള ദ്വീപിൽ മാരക വിഷ സർപ്പങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഒഫൂസ എന്ന പേര് ലഭിച്ചത്.
 വെളുത്ത മാർബിളിന് പേരു കേട്ട ക്വാറിയും അസാമാന്യമായ സർഗ്ഗ ശേഷിയുള്ള മാർബിൾ ശിൽപികളും നിരവധിയുള്ള ഈ ദ്വീപിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടി സ്ഥാപിച്ച മാർബിൾ മ്യൂസിയവും മാർബിൾ ശിൽപ വിദ്യാലയവും ഉണ്ട്. ടൗണിലെ പ്രധാന പള്ളി പെരുനാൾ ഗ്രീസിൽ മുഴുവനും പ്രസിദ്ധമാണ്. വിദേശികൾക്കും ആതൻസിൽ താമസിക്കുന്ന ഗ്രീക്ക് പൗരന്മാർക്കും ഇവിടെ വേനൽക്കാല വസതികൾ ഉണ്ട്. വ്യത്യസ്ഥതകൾ നിറഞ്ഞ ഗ്രാമങ്ങളും മനോഹരമായ കടൽക്കരകളും തവേർണകളുമുള്ള ഇവിടെ ദൈർഘ്യമേറിയ വേനൽക്കാലം ചെലവിടുവാൻ അനേകം സഞ്ചാരികൾ എത്തിചേരാറുണ്ട്.
  സുഹൃത്ത് ഇയോണിൻ്റെ മൂന്നു നിലയുള്ള വീടിൻ്റെ താഴെ നിലയിലായിരുന്നു എൻ്റെ താമസം. കുന്നിൻ ചരിവിലുള്ള വീടിൻ്റെ മുകളിലെ നിലയിലേക്കാണ് റോഡിൽ നിന്നും പ്രവേശിക്കുന്നത്. പാതയോരത്തുള്ള ഇടവഴിയിൽ നിന്നും ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാം. വീടിന് പുറത്തെ വരാന്തയിൽ ഇരുന്നാൽ ഇന്ദ്രനീല നിറമുള്ള ഏജിയൻ കടലിലെ ദിലോസ്, പാറോസ്, ആന്തി പാറോസ്, സിഫ്നോസ് എന്നീ ദ്വീപുകൾ കാണാം.

Sketch : ജോൺസ് മാത്യു



 വേനൽക്കാല രാത്രികളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ആകാശഗംഗ ആദ്യമായി കണ്ടത് ഇവിടെ വെച്ചാണ്. ചിത്രകാരനായ ഇയോണിൻ്റെ സ്റ്റുഡിയൊ ഉപയോഗിക്കുവാൻ അദ്ദേഹം എന്നെ അനുവദിച്ചപ്പോൾ ഒഴിവു സമയങ്ങളിൽ ചിത്രകലയിൽ മുഴുകിയും കൂട്ടുകാരോടൊത്ത് കടലിൽ നീന്തി തുടിച്ചും നാടൻ തവേർണകളിൽ ഭക്ഷണം കഴിച്ചും ഗ്രാമ സന്ദർശനങ്ങൾ നടത്തിയും ദിവസങ്ങൾ ആസ്വാദ്യകരമായിരുന്നു. ഓരോ ഗ്രാമത്തിലുമുള്ള പ്രധാന പള്ളി പെരുന്നാളുകളും പനഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. പനഗിരി ദിവസം ദ്വീപ് സംഗീതവും അതിൽ പങ്കെടുക്കുന്നവർക്കെല്ലാം ലഘുഭക്ഷണങ്ങളും ഗ്രീക് നാടൻ വാറ്റായ രാക്കിയും ലഭിക്കും.
 ആ വർഷം മുംബൈയിൽ നിന്നും ഈജിപ്ഷ്യൻ എയർവേസിലായിരുന്നു ഞാൻ ആതൻസിൽ എത്തിയത്. എന്നാൽ ഏറെ കാത്തു നിന്നിട്ടും ആതൻസിലെ വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ എൻ്റെ ബാഗ് മാത്രം എത്തിയില്ല.


  വസ്ത്രങ്ങൾ, ചിത്രകലാ സാമഗ്രികൾ, ഗ്രീക് സുഹൃത്തുക്ക് വേണ്ടി വാങ്ങിയ വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. ലോസ്റ്റ് ഏൻ്റ് ഫൗണ്ട് ലഗ്ഗേജ് സെക്ഷനിൽ പരാതി നൽകിയപ്പോൾ ലഭിച്ച ഫോൺ നമ്പറുകളിൽ പലപ്പോഴായും വിളിച്ചെങ്കിലും ബാഗിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും തന്നെ ലഭിച്ചില്ല. വിദേശ യാത്രയോടൊപ്പം എടുക്കേണ്ട ഇൻഷുറൻസ് പോളസിയും എയർലൈനിൻ്റെ വകയുള്ള ഇൻഷുറൻസ് പദ്ധതിയും എനിക്ക് ഉണ്ടായിരുന്നതിനാൽ ഭയക്കേണ്ടതില്ലെന്ന് ട്രാവൽ ഏജൻസി നടത്തിയിരുന്ന ഗ്രീക് സുഹൃത്ത് സമാധാനിപ്പിച്ചു. യാത്രാ ഇൻഷുറൻസ് കമ്പനിയുടെ ലണ്ടനിലെ ഓഫീസിലേക്ക് നഷ്ടപ്പെട്ട ബാഗിലെ വസ്തുക്കളുടെ പൂർണ്ണ വിവരങ്ങളും യാത്രാ രേഖകളുടെ പകർപ്പുകളോടൊപ്പം അയച്ചെങ്കിലും ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല.
 പിന്നീട് ഹൈ 8 വീഡിയൊ കാമറയുടെ കാസറ്റ് വാങ്ങുന്നതിനായി ആതൻസിൽ പോയപ്പോൾ ഗ്രീക് സുഹൃത്തിൻ്റെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ചു പോയ അവരുടെ ഭർത്താവിൻ്റെയും മറ്റു ഗ്രീക് സുഹൃത്തുക്കളും നൽകിയ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടാണ് ആ ദിവസങ്ങളിൽ ഞാൻ കഴിഞ്ഞിരുന്നത്. സുഹൃത്തുക്കളുടെ പാകമല്ലാത്ത വസ്ത്രവും ധരിച്ച് ഈജിപ്ഷ്യൻ വിമാന കമ്പനിയുടെ ഓഫീസ് അന്വേഷിച്ച് പോകുമ്പോൾ ഗ്രീക് പോലീസ് വഴിയിൽ തടഞ്ഞു നിർത്തി.
 എൻ്റെ യാത്രയുടെ ഉദ്ദേശം വിവരിച്ചതിന് ശേഷം അവർ പാസ്പോർട്ട് ആവശ്യപ്പെട്ടു. അതിന് ശേഷം താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു. ഗ്രീക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുള്ള സുഹൃത്തിൻ്റെ സഹോദരിയുടെ വീട്ടിലാണ് എൻ്റെ താമസം എന്നറിഞ്ഞപ്പോൾ എന്നെ പോകുവാൻ അനുവദിച്ചു. നഷ്ടപ്പെട്ട ബാഗ് ലഭിക്കുമെന്നും അല്ലാത്തപക്ഷം അതിലടങ്ങിയ വസ്തുക്കൾക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും ആതൻസിലെ വൂളാഗ്മെനിസ് പാതയോരത്തുള്ള ഈജിപ്ഷ്യൻ എയർവേസ് ഓഫീസിലെ പ്രധാന ജീവനക്കാരൻ ഉറപ്പ് നൽകിയതിന് ശേഷം ഞാൻ തിനോസ് ദ്വീപിലേക്ക് തിരിച്ചു വന്നു. ഡോക്യുമെൻ്ററിയുടെ തിരക്കഥയിൽ തിരുത്തലുകൾ നടത്തിയും അതിന് വേണ്ടതായ ദൃശ്യങ്ങൾ തിരഞ്ഞെടുത്തു കൊണ്ടും ദിവസങ്ങൾ കടന്നു പോയി.
 എനിക്ക് ലഭിച്ചിരുന്ന ഷെങ്കൺ വിസയുടെ കാലാവധി കഴിയുവാൻ രണ്ടു് ആഴ്ച ബാക്കിയുള്ളപ്പോൾ ലണ്ടനിലെ ഇൻഷുറൻസ് ഏജൻസിയിൽ നിന്നും ഒരു മറുപടി ലഭിച്ചു. കമ്പനിയുടെ ഓഫീസ് ലണ്ടനിൽ നിന്നും പാരീസിലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്തിൻ്റെ നിർദ്ദേശ പ്രകാരം ലണ്ടനിലേക്ക് അയച്ച ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ പാരീസിലെ ഓഫിസിലേക്ക് അയച്ചു.
 നാട്ടിലേക്ക് യാത്ര പോകുന്നതിന് കുറച്ചു ദിവസം മുൻപായി പാതയോരത്ത് നിന്നും എൻ്റെ താമസ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഇടവഴിയിലെ നിലത്ത് പാകിയ പരന്ന കല്ലുകൾ ഇളകിയത് ഉറപ്പിക്കുവാൻ ഞാൻ ഇയോണിനോടൊപ്പം കൂടി. പരന്നതും ഭാരമേറിയതുമായ പ്രാദേശിക കല്ലുകൾ ഇളക്കിയെടുത്തതിന് ശേഷം സിമൻറും പൂഴിയും ചേർത്ത മിശ്രിതം പാകിയതിൽ പരന്ന കല്ലുകൾ ഉറപ്പിച്ചു നിർത്തുമ്പോൾ അയൽവാസിയായ ജർമ്മൻ വംശജൻ അയാളുടെ കോവർകഴുതയുമായി സമീപത്തുകൂടി കടന്നു പോയി. ഉച്ചയോടു കൂടി ഇടവഴിയിലെ കല്ലുകൾ എല്ലാം അതാത് സ്ഥാനങ്ങളിൽ ഉറപ്പിച്ച ശേഷം കൈകഴുകുമ്പോൾ ജർമ്മൻ വംശജനായ അയൽവാസി വീണ്ടും അയാളുടെ കോവർ കഴുതയുമായി ഇടവഴിയിലെ ഉറക്കാത്ത കല്ലുകൾ ചവിട്ടി കടന്നു പോയി. ഉറക്കാത്ത കല്ലുകൾ ഇളകി മാറിയത് അയൽവാസിയോട് സൂചിപ്പിച്ചപ്പോൾ അയാൾ അവ ഉറപ്പിക്കാമെന്ന് ഏറ്റെങ്കിലും അത് ചെയ്തില്ല. ആ കാലങ്ങളിലാണ് സാങ്കേതിക മികവോടെ റിസൊലൂഷൻ കൂടിയ ഡിജിറ്റൽ കാമറകൾ വിപണിയിൽ വന്നത്. മുൻപ് ഷൂട്ട് ചെയ്തു വെച്ച വീഡിയോകൾ എല്ലാം തന്നെ ഡിജിറ്റൽ കാമറ വാങ്ങിയ ശേഷം ഷൂട്ട് ചെയ്യാം എന്ന് ഇയോൺ സൂചിപ്പിച്ചപ്പോൾ ആതൻസിലേക്കുള്ള എൻ്റെ യാത്ര അസാനിച്ചതായി തോന്നി.
 എന്നാൽ വിസയുടെ കാലാവധി കഴിയുന്ന ദിവസം ഞാൻ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ എയർപോർട്ടിൽ വെച്ച് ''ഒരു മകനെ പോലെ എപ്പോഴും നിനക്ക് ഇവിടെ വരാം'' എന്ന് ഇയോൺ പറഞ്ഞ വാചകം എനിക്ക് ആശ്വാസമേകി. നാട്ടിൽ തിരിച്ചെത്തിയ ശേഷം നഷ്ടപ്പെട്ട യാത്രാ ബാഗിനു് ലഭിക്കേണ്ട ഇൻഷുറൻസ് നേടിയെടുക്കുന്ന കടലാസു പണികൾക്കൊടുവിൽ അത് ലഭിച്ചു.

***

Recent Post