സ്വപ്നത്തിലെ സ്വർഗം

സ്പിറോസ് ഈ സ്ഥലം വാങ്ങിയതും പഴയ കെട്ടിടം പുതുക്കി പണിത് വീടാക്കി മാറ്റിയതും ഒരു സ്വപനത്തെ തുടർന്നാണ് എന്ന് പറഞ്ഞതിൻ്റെ പൊരുളറിയുവാൻ എനിക്ക് ആകാംക്ഷയേറി.ഒരു ദിവസം സ്വപ്നത്തിൽ സ്പിറോസ് ഒരു അശരീരി കേട്ടതിനെ തുടർന്നാണ് ഈ സ്ഥലം വാങ്ങിയത് എന്ന വിചിത്രമായ അനുഭവം ബോർഹസ് കഥയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
Greek letters-27

ജോൺസ് മാത്യു

  ഗ്രീസിൽ താമസ യോഗ്യമായ ഇരുനൂറിലേറെ ദ്വീപുകൾ ഉണ്ട്. ഓരോ ദ്വീപിനുംഅതിൻ്റേതായ മൗലിക സ്വഭാവവും സംഗീത പാരമ്പര്യവും ഭക്ഷണവിഭവങ്ങളും ഉണ്ട്. ദ്വീപുകളിലേക്ക് കപ്പൽ ഗതാഗതം വഴി യാത്രാ സൗകര്യവും വ്യാപാര ബന്ധങ്ങളും നിലവിലുണ്ട്. പുറമെ ചില ദ്വീപുകളിൽ വിമാനത്താവളവും അത്യാഹിത ആവശ്യങ്ങൾക്കായി ഹെലിപാഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 തിനോസ് ദ്വീപിലെ മലമുകളിലുള്ള ഗ്രാമത്തിൽ താമസിക്കുന്ന സ്പിറോസിൻ്റെ വീടിൻ്റെ വരാന്തയിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചയെക്കുറിച്ച് മറ്റു ഗ്രീക് സൗഹൃദങ്ങളിൽ നിന്നും കേട്ടതു മുതൽ അവിടെ സന്ദർശിക്കുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സുഹൃത്ത് ദിമിത്രിയോടൊത്ത് മലമുകളിലുള്ള ത്രിയന്താരോസ് ഗ്രാമത്തിലെ ജലസ്രോതസിൽ നിന്നും കുടിവെള്ളം ശേഖരിച്ച് തിരിച്ചു വരുമ്പോൾ വഴിയിൽ വെച്ച് സ്പിറോസിനെ കണ്ടു. ദിമിത്രിയുടെ സുഹൃത്തായ സ്പിറോസ് ഞങ്ങളെ കാപ്പി കുടിക്കുവാൻ വീട്ടിലേക്ക് ക്ഷണിച്ചു. കയ്പും കടുപ്പവും കൂടുതലുള്ള ഗ്രീക് കാപ്പി കുടിച്ചത് അതിശയകരമായ കടൽ കാഴ്ചയുള്ള വരാന്തയിൽ വെച്ചാണ്. ഇവിടെ ഇരുന്നാൽ അപ്പൊളൊൺ (അപ്പൊളൊ ദേവൻ്റെ ഗ്രീക് ഉച്ചാരണം അപ്പൊളൊൺ എന്നാണ് ) ദേവൻ ജനിച്ച ദിലോസ് ദ്വീപ്, റിനിയ, പാറോസ്, ആന്തി പാറോസ്, നക്സോസ്, സിഫ്നൊസ്, ഇയോസ്, സിറോസ് എന്നീ ദ്വീപുകൾ കാണാം.


  പൂർണ്ണചന്ദ്രനിലാവിൻ്റെ മന്ത്രിക സൗന്ദര്യം ആസ്വദിക്കുവാൻ ഈ വരാന്തയിൽ എത്തണമെന്ന് പലപ്പോഴും ഞാൻ സുഹൃത്തുക്കൾ വഴി കേട്ടിട്ടുണ്ടു്. ഇത്രയും ഭംഗിയുള്ള ഈ സ്ഥലം എങ്ങിനെ ലഭിച്ചു എന്ന് സ്പിറോസിനോട് ദിമിത്രി ചോദിച്ചതിന് നൽകിയ മറുപടി അവിശ്വനീയമായിരുന്നു.
 സ്പിറോസ് ഈ സ്ഥലം വാങ്ങിയതും ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പുതുക്കി പണിത് വീടാക്കി മാറ്റിയതും ഒരു സ്വപനത്തെ തുടർന്നാണ് എന്ന് പറഞ്ഞതിൻ്റെ പൊരുളറിയുവാൻ എനിക്ക് ആകാംക്ഷയേറി.ഒരു ദിവസം സ്വപ്നത്തിൽ സ്പിറോസ് ഒരു അശരീരി കേട്ടതിനെ തുടർന്നാണ് ഈ സ്ഥലം വാങ്ങിയത് എന്ന വിചിത്രമായ അനുഭവം ബോർഹസ് കഥയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
 യാത്രികനായ സ്പിറോസ് ഏത് ദ്വീപിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കാതെ ഒരു ദിവസം രാവിലെ പിറെയോസ് തുറമുഖത്തു നിന്നും പാറോസ് ദ്വീപിലേക്കുള്ള കപ്പലിൽ മിക്കണോസ് ദ്വീപിലേക്ക് ടിക്കറ്റെടുത്തു. യാത്രാ കപ്പൽ പൊതുവെ മൂന്നോ അതിലധികമോ ദ്വീപുകൾ വഴിയാണ് യാത്ര നടത്തുക. പിറെയോസ് തുറമുഖത്തു നിന്നും യാത്ര പുറപ്പെടുന്ന കപ്പൽ ആദ്യം എത്തുന്നത് സിറോസ് ദ്വീപിലാണ്.
 കപ്പലിൽ വെച്ച് മിക്കണൊസ് ദ്വീപിലേക്ക് യാത്ര പോകുന്ന മറ്റു ഗ്രീക് സഞ്ചാരികളുമായി നടത്തിയ സംഭാഷണം സ്പിറോസിൻ്റെ ലക്ഷ്യസ്ഥാനം മാറ്റുന്നതിന് പ്രേരണ നൽകി. യുവതീയുവാക്കളായ യൂറോപ്യൻ സഞ്ചാരികളുടെ പറുദീസയെന്ന് അറിയപ്പെടുന്ന മിക്കണൊസ് ദ്വീപിൽ ഭൂഗർഭ ജലസ്ത്രോതസ് കുറവാണ് എന്ന കാരണത്താൽ ഏജിയൻ കടലിലെ സൈക്ലാഡിക് ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ സീറോസ് ദ്വീപിൽ ഇറങ്ങുവാൻ സ്പിറോസ് തീരുമാനിച്ചു.
 എന്നാൽ സീറോസ് ദ്വീപിലെ യാത്രക്കിടയിൽ ശാരീരിക അസുഖം ബാധിച്ച് സ്പിറോസ് കിടപ്പിലായി. ആരോഗ്യം വീണ്ടെടുത്ത അയാൾ അയൽ ദ്വീപായ തിനോസിലേക്ക് കപ്പൽ കയറി. കപ്പൽ തിനോസ് ദ്വീപിലെ തുറമുഖത്ത് അടുത്തപ്പോഴാണ് ദൂരെ വിചിത്രമായ ആകൃതിയിലുള്ള ഒരു കുന്ന് സ്പിറോസിനെ ആകർഷിച്ചത്.
 തിനോസ് ദ്വീപിലെ പ്രധാന പള്ളിയിലേക്കുള്ള പാതക്കരുകിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. അടുത്ത ദിവസം സമീപത്തുള്ള റിയൽ എസ്റ്റേറ്റ് ഏജൻ്റിനോടൊത്ത് മലമുകളിലുള്ള ഗ്രാമങ്ങളിൽ വിൽപനക്ക് വെച്ചിട്ടുള്ള മൂന്ന് വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ പഴയതും അറ്റകുറ്റപണികൾ കൂടുതൽ വേണ്ടതുമായ വീടുകളാണ് ഏജൻ്റ് സ്പീറോസിന് കാണിച്ചു കൊടുത്തത്. പിറ്റേന്ന് സ്പിറോസ് ജാദോസ്, മെസ്സി, സ്റ്റെനി, ഫാലത്താദോസ്, അഗാപി, അർണാദോസ്, ദിയൊഹൊറിയ, ത്രിയന്താരോസ് എന്നീ ഗ്രാമങ്ങളിലേക്ക് ബസ് യാത്ര നടത്തി എങ്കിലും വിൽപനക്ക് വെച്ച വീടുകൾ ഒന്നും തന്നെ സ്പിറോസിന് ഇഷ്ടപ്പെട്ടില്ല. ടൗണിലേക്ക് പോകുന്ന അവസാനത്തെ ബസിൽ കയറുവാനായി സമീപത്തുള്ള കവലയിലേക്ക് നടക്കുമ്പോൾ നേരം ഏഴുമണിയോട് അടുത്തിരുന്നു. ത്രിയന്താരോസ് ഗ്രാമത്തിന് പുറത്തെ പാതയോരത്തിന് അരികിൽ കോഴികൾ ചെമ്മരിയാടുകൾ എന്നിവയെ സൂക്ഷിച്ചിരുന്ന പഴയൊരു കെട്ടിടത്തിൻ്റെ പറമ്പിൽ നിന്നുള്ള കടൽ കാഴ്ച സ്പിറോസിനെ സ്തബ്ധനാക്കി. ദൂരെ ഏജിയൻ കടലിൽ മൂന്ന് നാലു ദ്വീപുകൾക്ക് പുറകിലെ ചക്രവാളത്തിൽ നിന്നും ഉയർന്നു പൊങ്ങുന്ന പൂർണ്ണചന്ദ്രനിലാവ് കടലിൽ വിതറിയ അനേകം സ്വർണ്ണ പരൽ മീനുകൾ കണക്കെ പിടയുന്ന മാന്ത്രികമായ കാഴ്ച കണ്ട് സ്പിറോസിൻ്റെ മനസ്സിൽ ഒരു ആഗ്രഹം മുളപൊട്ടി. ഈ പഴയ കെട്ടിടമെങ്കിലും ലഭിച്ചാൽ താൻ സന്തുഷ്ടനാകും എന്ന് തിനോസ് ദ്വീപിലെ പ്രധാന പള്ളിയിലെ രൂപമായ പനഗ്വിയ (Mother Mary) യോട് സ്പിറോസ് തൻ്റെ ആഗ്രഹം മനസിൽ പറഞ്ഞു.
 തിനോസ് ദ്വീപിൽ രണ്ടു ദിവസം താമസിച്ചെങ്കിലും മനസിനിണങ്ങിയ സ്ഥലമോ വീടോ ലഭിക്കാത്തതിനാൽ സ്പിറോസ് ആതൻസിലേക്ക് തിരിച്ചു പോകുമ്പോൾ കടൽകാഴ്ചയുള്ള സ്ഥലം വിൽപനക്കുണ്ടെങ്കിൽ അറിയിക്കുവാനായി ഹോംസ്റ്റേയുടെ ഉടമ യാക്കൂമിസിന് ഫോൺ നമ്പർ നൽകി.
 ആതൻസിലെ താമസത്തിനിടയിൽ കണ്ട സ്വപ്നത്തിൽ ഏതോ ഒരു ദ്വീപിലേക്ക് കപ്പലിൽ യാത്ര ചെയ്തിരുന്ന സ്പിറോസിൻ്റെ ബാഗ് എവിടെയൊ മറന്നു വെച്ചിട്ടുണ്ടെന്നും ബാഗിനു മുകളിൽ പേർ എഴുതിയിട്ടുള്ളതിനാൽ അത് നഷ്ടപ്പെടില്ലെന്നുമായിരുന്നു അശരീരിയുടെ സാരം. പിറ്റേ ദിവസം സ്പിറോസിന് ഇഷ്ടപ്പെടുന്ന ഒരു സ്ഥലം വിൽപനക്കുണ്ടെന്ന് തിനോസ് ദ്വീപിലെ ഹോംസ്റ്റേ ഉടമ യാക്കൂമിസ് ഫോൺ വിളിച്ചറിയിക്കുന്നു. പാതി മനസോടുകൂടി സ്പിറോസ് വീണ്ടും തിനോസ് ദ്വീപിൽ എത്തിച്ചേർന്നു.
 യാക്കൂമിസിൻ്റെ വാനിൽ സ്പിറോസ് വീണ്ടും മലമുകളിലുള്ള ഗ്രാമത്തിലേക്ക് യാത്രയായി. മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞുള്ള വഴി ദുർഘടമാണെങ്കിലും ഓരോ വളവിൽ നിന്നുമുള്ള കടൽ കാഴ്ച അതിശയിപ്പിക്കുന്നതാണ്. തിരകൾ കുറവുള്ളതും അവിശ്വസനീയമായ ഇന്ദ്രനീല നിറമുള്ള ഏജിയൻ കടലിൻ്റെ തീരക്കടൽ മരതകപച്ച നിറമാണ്.


  യാത്രക്കൊടുവിൽ പാതയോരത്ത് വാൻ ഒതുക്കി നിർത്തിയ ശേഷം ത്രിയന്താരോസ് ഗ്രാമത്തിന് പുറത്തേക്കുള്ള പാതയിലൂടെ രണ്ടു പേരും നടന്നു. യാക്കൂമിസ് കാണിച്ചു കൊടുത്ത സ്ഥലം കണ്ട് സ്പിറോസ് സ്തബ്ധനായി. എന്തു പറയണമെന്നറിയാതെ അവിശ്വസനീയമായി അയാൾ യാക്കൂമിസിനെ നോക്കി. യാക്കൂമിസ് സ്പിറോസിന് കാണിച്ചു കൊടുത്തത് കഴിഞ്ഞ തവണ ഗ്രാമ സന്ദർശനങ്ങൾ കഴിഞ്ഞ് ടൗണിലേക്കുള്ള അവസാന ബസ് കയറുവാൻ നടന്നു പോകുമ്പോൾ കണ്ട് ആഗ്രഹിച്ച കോഴികൾ, ചെമ്മരിയാടുകൾ എന്നിവയെ സൂക്ഷിക്കുന്ന അതേ സ്ഥലമായിരുന്നു. സ്പിറോസിൻ്റെ സ്വപ്ന സാഫല്യം എനിക്ക് അപൂർവ്വമായൊരു അനുഭവമായിരുന്നു.

***

Recent Post