വിലയില്ലാത്ത വീടുകൾ

ബാങ്കിൽ നിന്നും വന്നു കൊണ്ടിരുന്ന ജപ്തി നോട്ടീസുകൾക്കും അറ്റകുറ്റപണികൾ വേണ്ടി വന്ന വീടിനും ഇടയിലെ യാനിസിൻ്റെ ജീവിതം ദുസ്സഹമായപ്പോൾ സ്വിസ് സുഹൃത്തുകളുമായി അയാൾ വീണ്ടുമൊരു വിലപേശൽ നടത്തുവാൻ നിർബന്ധിതനായി.
Greek letters-26

ജോൺസ് മാത്യു

  1990 കളുടെ അവസാനപകുതിയിലാണ് ഗ്രീസിലെ ചില ദ്വീപുകളിലേക്കുള്ള കുടിയേറ്റം കൂടുതലായും നടന്നത്. സമ്പന്നരായ തദ്ദേശീയരും മറ്റ് യൂറോപ്യൻ നാടുകളിൽ നിന്നുള്ളവരും ഉൾപ്പെട്ട കുടിയേറ്റത്തിൻ്റെ പ്രതിഫലനമായി ദ്വീപുകളിൽ നിരവധി പേർ വീട് നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുണ്ടായി. ഗ്രീസിൻ്റെ അയൽ നാടായ അൽബേനിയയിൽ നിന്നാണ് കൂടുതൽ തൊഴിലാളികളും എത്തിച്ചേർന്നത്.
 ഇക്കാലത്തിന് മുൻപേ തന്നെ സുഹൃത്ത് യാനിസ് തിനോസ് ദ്വീപിൽ വിൽപനക്കായി ഒരു വീട് നിർമിച്ചിരുന്നു. ബാങ്ക് ലോൺ സംഘടിപ്പിച്ചാണ് വീട് പൂർത്തിയാക്കിയത്.
 എന്നാൽ 2009 ശേഷം ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും തിനോസ് ദ്വീപിൽ ഉയർന്ന പുത്തൻ എടുപ്പുകളുടെ ബാഹുല്യം കൊണ്ട് യാനിസിന് വീട് വിൽക്കുവാൻ കഴിഞ്ഞില്ല. വീടിനു മുൻപിലുള്ള പാതയുടെ വീതി കൂട്ടുവാനുള്ള ശ്രമം അക്കാലത്ത് നടന്നപ്പോൾ വിൽപന സാധ്യത കൂടുമെന്ന് യാനിസ് കരുതി. പക്ഷേ വർഷങ്ങൾ നീണ്ടു പോയിട്ടും വിൽപന നടന്നില്ല.
 തിനോസ് ടൗണിലെ കടൽക്കരക്കടുത്തുള്ള സെബാർക്കൊ തവേർണയിൽ വെച്ചാണ് സുഹൃത്ത് അൻ്റോയ്നെറ്റാണ് യാനിസിനെ എനിക്ക് പരിചയപ്പെടുത്തിയത്. ഗ്രീക് ഭാഷാ പഠനത്തിന് ശ്രമിച്ചുകൊണ്ടിരുന്ന എനിക്ക് രണ്ടു പേരും പ്രോത്സാഹനം നൽകിയതിനെ തുടർന്ന് പരിമിതമായ ഗ്രീക് ഭാഷയിൽ തവേർണയിൽ ജോലിയെടുത്തിരുന്ന ദിമിത്രിയോട് ഞാൻ ഒരു ഗ്ലാസ് ഊസോ ഓർഡർ നൽകി. ഗ്രീക് പദങ്ങളുടെ ഉച്ചാരണത്തിൽ സ്വല്പം മാറ്റം വന്നാൽ അർത്ഥം വളരെയേറെ മാറുമെന്ന അറിവില്ലാത്തതിനാൽ എനിക്ക് വന്ന പിഴവ് പിന്നീട് പലപ്പോഴും ചിരിക്ക് വക നൽകി. ചിത്രരചനയിൽ താൽപര്യമുളള യാനിസ് ഒരു ദിവസം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ചിത്രകലാ ശിക്ഷണം ലഭിക്കാത്ത യാനിസ് വ്യത്യസ്ഥ മാധ്യമങ്ങളിൽ വരച്ചു വെച്ച ചിത്രങ്ങൾ അവിശ്വസനീയമായിരുന്നു. ഗ്രീക് ചിത്രകലയെക്കുറിച്ച് യാനിസുമായി സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് വിൽപനക്ക് വെച്ച വീട് നിർമ്മാണത്തിൽ പങ്കാളിയായിരുന്ന കോസ്റ്റാസ് വാതിലിൽ മുട്ടിയത്. കുറച്ച് തക്കാളി, വഴുതിന, ചുക്കിനി എന്നീ പച്ചക്കറികൾ അയാളുടെ കൃഷിയിടത്തിൽ നിന്നു ലഭിച്ചവയാണെന്നു പറഞ്ഞാണ് കോസ്റ്റാസ് യാനിസിന് നൽകിയത്. അവർ തമ്മിലുള്ള സൗഹൃദ സംഭാഷണം കഴിഞ്ഞ് കോസ്റ്റാസ് പോയതിന് ശേഷം അൽബേനിയൻ വംശജനായ കോസ്റ്റാസ് നേരിട്ട ദുരനുഭവം യാനിസ് പങ്കുവെച്ചു. നിർമ്മാണ മേഖലകളിലും മറ്റു വിവിധ തൊഴിൽ മേഖലകളിലും കഠിനമായ ജോലികൾ ചെയ്ത് ജന്മനാട്ടിലേക്ക് തിരിച്ചു പോകുന്ന വഴി അതിർത്തിയിൽ വെച്ച് അൽബേനിയൻ മാഫിയകൾ പണം പിടിച്ചെടുക്കുന്നത് പതിവാണ്. കോസ്റ്റാസിൻ്റെ ഒരു വർഷത്തെ സമ്പാദ്യത്തിൻ്റെ നല്ലൊരു വിഹിതം ഇങ്ങിനെ നഷ്ടപ്പെട്ട വിവരമായിരുന്നു അയാൾ യാനിസിനോട് പറഞ്ഞത്.


  കുറച്ച് മാസങ്ങൾക്ക് ശേഷം കടൽക്കരയിൽ വെച്ച് യാനിസിനെ കണ്ടപ്പോൾ അയാൾ മാനസികമായി വളരെയേറെ തളർന്നിരുന്നു. ബാങ്ക് ലോണിൻ്റെ ഉയർന്ന പലിശയും വീട് വിൽപന നടക്കാത്തതും യാനിസിനെ കഠിനമായി അലട്ടിയിരുന്നു. സാമ്പത്തിക സഹായത്തിന് സഹോദരിയെയും സുഹൃത്തുക്കളെയും സമീപിച്ചെങ്കിലും അവർ നൽകിയില്ല. യാനിസിൻ്റെ വിഷമാവസ്ഥ പങ്കു വെക്കുന്നതിലൂടെ അയാളുടെ മനപ്രയാസം കുറക്കുവാൻ കഴിയട്ടെ എന്ന ആഗ്രഹത്താൽ കടൽക്കരക്ക് സമീപത്തുള്ള ല സ്ട്രാഡ കഫേയിലേക്ക് ഞാൻ ക്ഷണിച്ചു. രണ്ടു് ഗ്രീക് കാപ്പികൾക്ക് ഓർഡർ നൽകി. ആതൻസിൽ ഒറ്റമുറി ഫ്ലാറ്റ് ഉണ്ടെന്നും അത് വിൽപന നടത്തിയാൽ എല്ലാ വിധത്തിലുമുള്ള സാമ്പത്തിക ബാധ്യതകൾക്കും താൽക്കാലിക ശമനം ലഭിക്കുമെന്നും സംഭാഷണത്തിന് ഒടുവിൽ യാനിസിന് തീരുമാനിച്ചു. കാപ്പി കുടി കഴിഞ്ഞ് യാത്ര പറയുന്ന നേരത്ത് സ്വിറ്റ്സർലണ്ടിൽ നിന്നുള്ള യാനിസിൻ്റെ സുഹൃത്തുക്കളെ പാതയോരത്ത് വെച്ച് കണ്ടു. യാനിസ് അവരുമായി സംസാരിക്കുന്ന നേരത്ത് ഞാൻ ആഗ്യോ ഫോക്കാസ് കടൽക്കരയിലേക്ക് നടന്നു.
 അടുത്ത വേനലവധിക്ക് യാനിസിനെ കണ്ടത് മലമുകളിലുള്ള മൊണാസ്തിരിക്ക് സമീപത്തുള്ള അർണാദോസ് തവേർണയിൽ വെച്ചായിരുന്നു. എന്നോടൊപ്പമുള്ള തനാസിസിനേയും മേഴ്സിനിയേയും യാനിസിന് പരിചയപ്പെടുത്തി. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ യാനിസിൻ്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഞാൻ അന്വേഷിച്ചു.
 സംതൃപ്തിയും നിരാശയും ഇഴചേർന്ന യാനിസിൻ്റെ അനുഭവം കേട്ടപ്പോൾ വിദേശ സുഹൃത്തുക്കളുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്നത് രണ്ട് തവണ ആലോചിച്ച് വേണമെന്ന തിരിച്ചറിവാണ് എനിക്ക് ഉണ്ടായത്. യാനിസിൻ്റ സാമ്പത്തിക വിഷമാവസ്ഥ കേട്ടറിഞ്ഞ സ്വിസ്സ് സുഹൃത്തുകൾ ആതൻസിലെ പംഗ്രാത്തിയിലെ അയാളുടെ ഒറ്റമുറി ഫ്ലാറ്റ് കണ്ടതിന് ശേഷം അത് വാങ്ങുവാൻ തയ്യാറായി. യാനിസിനെ സഹായിക്കുവാനാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്ന കാര്യം സംഭാഷണത്തിനിടയിൽ അവർ സൂചിപ്പിച്ചപ്പോൾ സൗഹൃദത്തിലെ ഊഷ്മളമായ നിമിഷങ്ങളായിരുന്നു അയാൾ അനുഭവിച്ചത്.
 എന്നാൽ ഫ്ലാറ്റിന് യാനിസ് ആഗ്രഹിച്ച വിലയുടെ പകുതി മാത്രമാണ് സ്വിസ് സുഹൃത്തുകൾ കണ്ടത്. റിയൽ എസ്റ്റേറ്റ് വെബ് സൈറ്റുകളിൽ പോലും പംഗ്രാത്തിയിലെ ഒറ്റമുറി ഫ്ലാറ്റിന് യാനിസ് ആഗ്രഹിച്ചതിനെക്കാൾ വിലയുള്ളപ്പോൾ സുഹൃത്തുകൾ എന്ന് കരുതിയവർ സഹായിക്കുകയാണെന്ന ഭാവത്തിൽ ഇടപെട്ടത് യാനിസിനെ വല്ലാതെ വിഷമിപ്പിച്ചു.
 ബാങ്കിൽ നിന്നും വന്നു കൊണ്ടിരുന്ന ജപ്തി നോട്ടീസുകൾക്കും അറ്റകുറ്റപണികൾ വേണ്ടി വന്ന വീടിനും ഇടയിലെ യാനിസിൻ്റെ ജീവിതം ദുസ്സഹമായപ്പോൾ സ്വിസ് സുഹൃത്തുകളുമായി അയാൾ വീണ്ടുമൊരു വിലപേശൽ നടത്തുവാൻ നിർബന്ധിതനായി. സാമ്പത്തിക പരാധീനതകൾ സൃഷ്ടിച്ച നിസ്സഹായതയുടെ ഒടുവിൽ വിമുഖതയോടെ സ്വിസ് സുഹൃത്തുകൾ നിർദ്ദേശിച്ച വിലക്ക് ഫ്ലാറ്റ് വിൽപന നടത്തുവാൻ യാനിസ് നിർബന്ധിതനായി.
 ഗ്രീസിൽ വസ്തു വാങ്ങുവാനും വിൽപന നടത്തുവാനും എൻജിനീയർ, നോട്ടറി, വക്കീൽ എന്നിവരുടെ സേവനം ആവശ്യമാണ്. വക്കീൽ സുഹൃത്ത് യോർഗൊസ് ആതൻസിലെ പംഗ്രാത്തിയിലെ ഫ്ലാറ്റിൻ്റെ വില കേട്ട് ആശ്ചര്യപ്പെട്ടു. മറ്റു പോംവഴികൾ ഇല്ലാതിരുന്നതിനാലാണ് വിൽക്കേണ്ടി വന്നതെന്ന് യാനിസ് വിഷമത്തോടു കൂടി പറഞ്ഞു.
 ഫ്ലാറ്റ് വിൽപനയുടെ രേഖകൾ കൈമാറിയ ശേഷം സ്വിസ് സുഹൃത്തുകൾ കാപ്പി കുടിക്കുവാൻ ക്ഷണിച്ചു. വില കുറച്ചു ഫ്ലാറ്റ് വിൽക്കേണ്ടി വന്നതിലുള്ള വിഷമം യാനിസ് പങ്കുവെച്ചപ്പോൾ സ്വിസ് സുഹൃത്തുകളുടെ പ്രതികരണം കേട്ട് യാനിസ് അമ്പരന്നു. "കച്ചവടവും സൗഹൃദവും രണ്ടാണെന്ന" അവരുടെ പ്രസ്താവന കേട്ടപ്പോൾ സൗഹൃദത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ ഗ്രീക് സൗഹൃദങ്ങളിൽ നിന്നും വളരെയേറെ വ്യത്യസ്ഥമാണെന്ന തിരിച്ചറിവാണ് യാനിസിന് നൽകിയത്.

***

Recent Post