സമ്മർ ഇൻ ഗ്രീസ്

കടലിൽ നീന്തി കുളിച്ചും കടൽക്കരയിൽ വെയിലേറ്റ് കിടന്നും, പുസ്തകം വായിച്ചും വേനൽക്കാലത്ത് സൗഹൃദം പങ്കിടുന്നത് ഇവിടെ പതിവാണ്.ഗ്രീസിലെ വേനൽക്കാലം മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദൈർഘ്യമേറിയതായതിനാൽ ഇവിടെയുള്ള വിദേശ സുഹൃത്തുക്കളിൽ പലർക്കും സമ്മർ വസതികളുണ്ട്.
Greek letters-25

ജോൺസ് മാത്യു

  2015 ൽ വേനൽക്കാലം ചെലവഴിക്കുവാൻ സുഹൃത്ത് ലിയൊണിദാസ് ആതൻസിൽ നിന്നും തിനോസ് ദ്വീപിൽ എത്തിചേർന്നു. തിനോസ് ടൗണിന് അരികിലുള്ള കടൽക്കരക്കടുത്ത് താമസിക്കുന്ന സുഹൃത്ത് അലക്സാണ്ട്രയുടെ വീട്ടിലാണ് ലിയൊണിദാസ് വേനൽക്കാലം ചെലവഴിക്കാറുള്ളത്.
 മുടങ്ങാത്ത വായനാശീലമുള്ള ലിയോണിദാസ് രണ്ട് പുസ്തകങ്ങൾ എനിക്ക് നൽകി. പൗരാണിക ഗ്രീക് മൊസൈക് കലയെക്കുറിച്ചും ഡെൽഫിയെക്കുറിച്ചുമുള്ള പുസ്തകങ്ങൾ. തിനോസ് ദ്വീപിലെ വേനൽക്കാലത്താണ് സൗഹൃദങ്ങൾ വീണ്ടും പൂത്തുലയുന്നത്. ഗ്രീസിലെ വേനൽക്കാലം മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദൈർഘ്യമേറിയതായതിനാൽ ഇവിടെയുള്ള വിദേശ സുഹൃത്തുക്കളിൽ പലർക്കും വേനൽക്കാല വസതികളുണ്ട്.
 കടലിൽ നീന്തി കുളിച്ചും കടൽക്കരയിൽ വെയിലേറ്റ് കിടന്നും, പുസ്തകം വായിച്ചും സുഹൃത്തുക്കൾ വേനൽ കാലത്ത് സൗഹൃദം പങ്കിടുന്നത് ഇവിടെയുള്ള പതിവാണ്. പലപ്പോഴായും പരസ്പരം പരിചയമുള്ള ഗ്രീക്കു കുടുംബങ്ങൾ കടലിൽ നീന്തിയ ശേഷം കടൽക്കരയിൽ ഭക്ഷണം കഴിച്ചു സൗഹൃദം പങ്കിടുന്നതും പതിവാണ്. ചിലപ്പോൾ ഗ്രീക് ഭക്ഷണ വിഭവങ്ങൾ പാകം ചെയ്യുന്നതിനെക്കുറിച്ചോ അടുത്ത കാലത്തായി രുചിച്ച ഭക്ഷണത്തെക്കുറിച്ചൊ ഉള്ള സംഭാഷണങ്ങൾ കടലിൽ നീന്തി തുടിക്കുന്നതിനിടയിലെ ഇടവേളകളിൽ വെച്ച് കേൾക്കാം.
 ഒരു ദിവസം തിനോസ് ദ്വീപിൻ്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ക്യോന്യ കടൽക്കരയിൽ നീന്തുവാൻ ഞാൻ പോയി. പൗരാണിക ഗ്രീസിലെ പ്രധാനപ്പെട്ട അപ്പൊളൊൺ (അപ്പൊളൊ) ദേവൻ ജനിച്ച ദിലോസ് ദ്വീപ് സന്ദർശിക്കുന്നതിന് മുൻപായി തീർത്ഥാടകർ തിനോസ് ദ്വീപിലെ ക്യോന്യ കടൽക്കരക്ക് സമീപത്തുള്ള പൊസിഡൊൺ കടൽ ദേവൻ്റെ അമ്പലം സന്ദർശിച്ചു ശുദ്ധി വരുത്തേണ്ടതുണ്ട്. ഇപ്പോൾ ഇവിടം വിദേശ സന്ദർശകർ വേനൽക്കാലം ചെലവിടുന്ന വസതികളും ഹോട്ടലുകളും കൊണ്ടു് നിറഞ്ഞതാണ്. ക്യോന്യയിലെ കടലിൽ നീന്തി തുടിക്കുമ്പോൾ അരികിൽ വെച്ച് ഭക്ഷണ വിഭവങ്ങളെക്കുറിച്ചും അവ പാചകം ചെയ്യുന്ന രീതികളെക്കുറിച്ചും വിശദമായുള്ള സംഭാഷണം കേൾക്കുവാൻ ഇടയായി. ലിയൊണിദാസിൻ്റെ സുഹൃത്ത് അലക്സാണ്ട്രയും മറ്റൊരു സ്ത്രീ സുഹൃത്തും തിരകൾ കുറഞ്ഞ കടലിൽ പാചകത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട് നിൽക്കുന്നതാണു് കണ്ടത്. കുറേ ദൂരെയായി നീന്തുന്ന ലിയൊണിദാസ് എനിക്കരികിലെത്തി. അലക്സാണ്ട്രയെയും അവരുടെ സ്ത്രീ സുഹൃത്ത് മിഹ്ഷയെയും പരിചയപ്പെടുത്തി. തുർക്കിയിൽ നിന്നുള്ള അലക്സാണ്ട്രയുടെ സുഹൃത്ത് മിഹ്ഷ തുർക്കി വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ വിദഗ്ദ്ധയാണെന്നും അന്നു വൈകുന്നേരം ഒരുക്കുവാൻ ഉദ്ദേശിക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുവാൻ എന്നെയും ക്ഷണിച്ചു.
 കടൽക്കരയിലുള്ള വീടിൻ്റെ വിശാലമായ വരാന്തയിലാണ് അത്താഴവിരുന്ന് ഒരുക്കിയിരുന്നത്. വിരുന്നിൽ നീന, മരിയ, യാനിസ്, ദിമിത്രി, മേഴ്സിനി തുടങ്ങിയ സുഹൃത്തുക്കളും പരിചിതരല്ലാത്ത അതിഥികളും ഉണ്ടായിരുന്നു. ദ്വീപ് നിവാസികളായ ഡയാനയും സോഫിയയും എനിക്കരികിലാണ് ഇരുന്നത്. ഓപ്പറ കണ്ടക്ടറായ ഡയാന ഓസ്ട്രിയ സ്വദേശിനിയും സോഫിയ ഇംഗ്ലണ്ട്കാരിയുമാണ്. സാമൂഹികമായും സാംസ്ക്കാരികമായും ആർജ്ജിച്ച ജീവിത വീക്ഷണങ്ങളുടെ പ്രതിഫലനമെന്നവണ്ണം ഇവിടെയുള്ള അത്താഴ വിരുന്നുകളിൽ വിവിധ തുറകളിൽ ജോലി ചെയ്യുന്നവരുടെ സാന്നിദ്ധ്യം കണ്ടിട്ടുണ്ട്. കറുത്ത മുടിയുള്ള മുറിക്കയ്യൻ കറുത്ത കുപ്പായമിട്ട് ഉയരം കുറഞ്ഞ മിഹ്ഷ മേശമേൽ നിരത്തിയ പ്രത്യേകം തയ്യാറാക്കിയ തുർക്കി വിഭവങ്ങൾ കണ്ടു അതിഥികൾ അതിശയിച്ചു.
 വളരെയേറെ നേരത്തെ അദ്ധ്വാനം വേണ്ട ഭക്ഷണ വിഭവങ്ങൾ പാചകം ചെയ്ത മിഹ്ഷയെ എല്ലാവരും അഭിനന്ദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു. കടൽ കാഴ്ചയുള്ള പുറത്തെ വരാന്തയിലായിരുന്നു അതിഥികൾ ഭക്ഷണം കഴിക്കുവാൻ ഇരുന്നത്. കാഴ്ചയിലും രുചിയിലും വ്യത്യസ്ഥമായ തുർക്കി ഭക്ഷണവിഭവങ്ങൾ ആസ്വാദ്യകരമായിരുന്നു. ഭക്ഷണത്തോടൊപ്പം വൈറ്റ് വൈനും റെഡ് വൈനും ഉണ്ടായിരുന്നു. സുഹൃത്ത് യാനിസിന് എതിർവശത്താണ് ഞാൻ ഭക്ഷണം കഴിക്കുവാൻ ഇരുന്നത്.


  യാനിസിൻ്റെ മാതാപിതാക്കളുടെ ജൻന്മദേശമായിരുന്ന കോൺസ്റ്റാൻ്റിനേപ്പിൾസ് തുർക്കികൾ പിടിച്ചടക്കിയ ശേഷം പൊട്ടി പുറപ്പെട്ട കലാപത്തിൻ്റെ തലേ ദിവസം ചെറിയൊരു വഞ്ചിയിൽ കൊച്ചു മക്കളുമായി അവർ ഗ്രീസിലേക്ക് യാത്ര ചെയ്തതിനെക്കുറിച്ച് യാനിസ് വിവരിക്കുന്ന നേരം പുറകിലെ ജനാലക്കരികിൽ സ്ഥാപിച്ച മെഴുകുതിരി നാളം കാറ്റിൽ ഉലഞ്ഞ് യാനിസിൻ്റെ ഷർട്ടിന് പുറകിൽ പടർന്നു കയറിയത് അയാൾ അറിഞ്ഞില്ല. സംഭാഷണത്തിനിടയിൽ യാനിസിന് പുറകിൽ പ്രത്യക്ഷപ്പെട്ട ദിവ്യവെളിച്ചം കണ്ട് ഒരു വേള ഞാൻ അമ്പരന്നെങ്കിലും ഉടനെ എഴുന്നേറ്റ് ചെന്ന് ഷർട്ടിന് പുറകിൽ പടർന്നു കയറിയ തീ അണച്ചതിനാൽ യാനിസിനെ അപകടത്തിൽ നിന്നും രക്ഷിക്കുവാൻ കഴിഞ്ഞു. അതിഥികളിലെ ഒരു സ്ത്രീ പുറത്ത് പോയി യാനിസിന് കറ്റാർവാഴയുടെ ഇലയിൽ നിന്നും ശേഖരിച്ച കൊഴുപ്പ് തീ പൊള്ളലേറ്റ ഭാഗത്ത് പുരട്ടി. തക്ക സമയത്ത് ഇടപെട്ടതു കൊണ്ട് വലിയൊരു അപകടത്തിൽ നിന്നും രക്ഷിച്ചതിന് യാനിസ് എന്നോട് നന്ദി പറഞ്ഞു. കത്തിയ ഷർട്ടിന് പകരമായി അലക്സാണ്ട്ര യാനിസിന് മറ്റൊരു ഷർട്ട് നൽകി. ഭക്ഷണം കഴിക്കുന്നതിനിടയിൽ പൊള്ളലേറ്റ ഭാഗത്തെ അസഹ്യമായ വേദന കൊണ്ട് യാനിസ് ഇടക്കിടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിനിടയിൽ മിഹ്ഷ അതിഥികളെ പരിചയപ്പെടുവാൻ അരികിൽ വന്നു. രുചികരമായി പാകം ചെയ്ത തുർക്കി വിഭവങ്ങൾ ഉണ്ടാക്കുന്നതിൻ്റെ പാചക രീതിയെക്കുറിച്ച് അവർ അതിഥികൾക്ക് വിവരിച്ചു നൽകിയ ശേഷം ഞങ്ങൾക്കരികിലെത്തി. പാചക പ്രശംസകൾ കേട്ട് അവരുടെ മുഖം തുടുത്തിരുന്നു. ജനപ്രിയ തുർക്കി വിഭവങ്ങങ്ങളായ കെബാബ്, ബീഫ് കോഫ്തെ, ഹംസി, സാലഡ്, ബക്ളവ തുടങ്ങി നിരവധി വ്യത്യസ്ഥ ഭക്ഷണവിഭവങ്ങൾ മേശമേൽ ദൃശ്യവിരുന്നൊരുക്കി.
  ഭക്ഷണ വിഭവത്തെക്കുറിച്ചുള്ള സോഫിയയുടെ സംശയങ്ങൾക്ക് മിഹ്ഷ വിശദമായ മറുപടി നൽകിയ ശേഷം സൗഹൃദ സംഭാഷണത്തിനായി യാനിസിൻ്റെ അരികിലെത്തി. തീ പൊള്ളലേറ്റതിൻ്റെ വേദന സഹിക്കുന്നത് യാനിസിൻ്റെ മുഖത്ത് പ്രകടമായിരുന്നു. സംഭാഷണത്തിനിടയിൽ രണ്ട് തവണ യാനിസ് അസഹനീയമായ വേദനയെക്കുറിച്ച് മിഹ്ഷയോട് പരാതി പറഞ്ഞപ്പോൾ അവർ പ്രതികരിച്ചത് കേട്ട് അതിഥികൾ അമ്പരന്നു. മിഹ്ഷയുടെ "പരാതി പറയരുത്" എന്ന കർശനമായ വാക്കുകൾ കേട്ട് യാനിസ് നിർന്നിമേഷനായി അവരെ നോക്കി.

***

Recent Post