കാതറീനയുടെ പ്രണയമെഴുത്ത്

വസ്ത്രങ്ങൾ വെച്ചിരുന്ന അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന ചിത്രപണികളോട് കൂടിയ ചെറിയൊരു പെട്ടി പൗലോസ് തുറന്നു നോക്കി. പെട്ടിയിൽ നിറപ്പകിട്ടാർന്ന റിബൺ കൊണ്ട് ഒരു കെട്ട് കത്തുകൾ കെട്ടിവെച്ചിട്ടുണ്ടായിരുന്നു.
Greek letters-24

ജോൺസ് മാത്യു

  ഏകാകികളായി ജീവിക്കുന്ന നിരവധി പേർ ഗ്രീസിലുണ്ടു്. വിവിധ കാരണങ്ങളാൽ ഏകാകികളായവരും ഏകാന്തത ആസ്വദിച്ചു ജീവിക്കുന്ന സ്ത്രീ പുരുഷൻമാരെയും ആതൻസിലും മറ്റിടങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്.
 സുഹൃത്ത് പൗലോസിൻ്റെ സ്കൂൾ സഹപാഠിയായിരുന്ന സ്റ്റെഫിയുടെ എൺപത്തിമൂന്ന് വയസിലേറെ പ്രായമുള്ള അമ്മ ഏകയായാണ് ആതൻസിലെ വൂളാഗ്മെനിസ് എന്നറിയപ്പെടുന്ന പാതയോരത്തെ ഫ്ലാറ്റിൽ താമസം. ആകസ്മികമായാണ് ഞാൻ പൗലോസിനെ പരിചയപ്പെടുന്നത്. നാട്ടിൽ നിന്നും ഈജിപ്ഷ്യൻ എയർവേസ് വഴി ആതൻസിലേക്ക് വന്ന യാത്രയിൽ നഷ്ടപ്പെട്ട ബാഗ് വീണ്ടെടുക്കുന്നതിൻ്റെ വഴികൾ ആരായുവാനാണ് പൗലോസിൻ്റെ ട്രാവൽ ഏജൻസിയിൽ ചെന്നത്. എന്നാൽ, "നഷ്ടപ്പെട്ട വസ്തുക്കൾ അന്വേഷിച്ചു പോകുന്നത് അനാവശ്യമാണെന്ന" മഹദ് വചനം വളരെയേറെ മര്യാദയോടെയും നിർവികാരവുമായാണ് പൗലോസ് പറഞ്ഞത്.
 ഗ്രീസിൻ്റെ സാമ്പത്തിക തകർച്ചയുടെ കാലത്താണ് ആതൻസിൽ കംപ്യൂട്ടർ പ്രോഗ്രാമായി ജോലി ചെയ്തിരുന്ന സ്റ്റെഫിക്ക് തെസലോണിക്കി നഗരത്തിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് അനേകം സുഹൃത്തുക്കൾക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം പകുതിയായി കുറക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചില സുഹൃത്തുക്കൾ രണ്ട് തരം ജോലികൾ ചെയ്താണ് ജീവിതം നയിച്ചിരുന്നത്.
 ആതൻസിൽ നിന്നും ദൂരെയുള്ള തെസലോണിക്കിയിലേക്ക് ലഭിച്ച ട്രാൻസ്ഫർ നിരാകരിക്കുവാനോ പ്രായമായ അമ്മയെ വിട്ടു പിരിയുവാനോ ഏക മകളായ സ്റ്റെഫിക്ക് നിർവ്വാഹമില്ലായിരുന്നു. മറ്റൊരു നഗരത്തിലേക്കും താമസം മാറ്റുവാൻ തയ്യാറല്ലാത്ത അമ്മയുടെ ദൃഡനിശ്ചയത്തിൽ അയവുവരുത്തുവാൻ പൗലോസിനെയാണ് സ്റ്റെഫി ചുമതലപ്പെടുത്തിയത്.
 ഏകയായി താമസിക്കുന്ന കാതറീനക്ക് കാഴചശക്തിയും ശ്രവണ ശേഷിയും വളരെ കുറവായിരന്നു. കലശലായ മറവിരോഗവും. പരസഹായമില്ലാതെയുള്ള ജീവിതം അപകടകരമാണെന്ന് തിരിച്ചറിഞ്ഞ സ്റ്റെഫി ഒരു ദിവസം പൗലോസുമായി അമ്മയുടെ ഫ്ലാറ്റിൽ എത്തി. പൗലോസ് നടത്തിയ സംഭാഷണത്തിനൊടുവിൽ രണ്ട് പേർക്കും കാതറീനയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു. നീണ്ട കാലമായി താമസിക്കുന്ന ഫ്ലാറ്റിലെ എല്ലാ ഇടവും സുപരിചിതമായതിനാൽ പുതിയ ഇടത്തിലേക്ക് മാറുന്നത് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന കാതറിനയുടെ അഭിപ്രായം ശരിയാണെന്ന് പൗലോസ് അംഗീകരിച്ചു.. മറ്റ് വഴിളൊന്നുമില്ലാതെ കാതറീനക്ക് വേണ്ട ഭക്ഷണവിഭവങ്ങളും അവശ്യ മരുന്നുകളും നൽകുവാൻ സ്റ്റെഫി ഒരു സ്ത്രീയെ ചുമതലപ്പെടുത്തി. കാതറീനക്ക് വേണ്ടതായ സിഗരറ്റ്, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ മറ്റു അത്യാവശ്യ വസ്തുക്കൾ എന്നിവ ദിവസവും വൈകുന്നേരം അവരുടെ ഫ്ലാറ്റിൽ എത്തിക്കുന്നതിനും ഒരു മണിക്കൂർ നേരം അവരോടൊത്ത് സമയം ചെലവഴിക്കുന്നതിനും പൗലോസ് തയ്യാറായപ്പോഴാണ് സ്റ്റെഫി തെസലോണിക്കിയിലേക്ക് യാത്രയായത്.
 ഒരു വൈകുന്നേരം പൗലോസ് എന്നെയും കൂടെ കൂട്ടി. വെളുത്ത മുടി പുറകിൽ കെട്ടി വെച്ച് ചാരനിറമുള്ള ഷർട്ടും മുട്ടിന് തഴെ വരെ ഇറക്കമുള്ള കറുപ്പിൽ റോസും വെള്ളയും നിറത്തിൽ കൊച്ചു വൃത്തങ്ങൾ പ്രിൻ്റ് ചെയ്ത പാവാടയും ധരിച്ച് വലതു കയ്യിൽ കത്തിയെരിയുന്ന സിഗരറ്റുമായി സോഫയിൽ ഇളകാതെ ഇരിക്കുന്ന കാതറീനയുടെ കണ്ണുകൾ അന്തരീക്ഷത്തിൽ എന്തോ തിരയുന്നതു പോലെ തോന്നി. ഒറ്റമുറി ഫ്ലാറ്റിൽ എല്ലാം ചിട്ടയോടു കൂടി അടുക്കി വെച്ചിട്ടുണ്ട്. കാതറീനയുടെ സന്തത സഹചാരികളായ സിഗരറ്റ് പാക്കറ്റും ലൈറ്ററും സോഫക്കരികിലെ ഗ്ലാസ് ടേബിളിൽ ഉണ്ടു്.


  പൗലോസിൻ്റെ ശബ്ദം കേട്ടപ്പോൾ കാതറീന കൊച്ചു കുട്ടിയെ പോലെ പുഞ്ചിരിച്ചു. എൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കിലും "സുഖമാണോ" എന്ന് മാത്രം ചോദിച്ച ശേഷം കാതറീന നിശബ്ദയായി സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു. പൗലോസ് പഴങ്ങൾ ഫ്രിഡ്ജിൽ വെച്ചതിന് ശേഷം നിലം വൃത്തിയാക്കി, പാത്രങ്ങൾ കഴുകിയ ശേഷം മൂന്ന് പേർക്കും കാപ്പിയുമായി എത്തി. ഒരു ദിവസം നാൽപ്പത് സിഗരറ്റ് വലിക്കുന്ന കാതറീനയുടെ ഭീതി സിഗരറ്റ് കൈവശം ഇല്ലാത്ത അവസ്ഥയാണെന്ന് മൂന്നു തവണ അവർ സൂചിപ്പിച്ചു. അതു കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം അഞ്ച് പാക്ക് സിഗരറ്റാണ് പൗലോസ് കാതറീനക്ക് നൽകുന്നത്. ചിന്താമഗ്നയായി കാപ്പി കുടിച്ചു കൊണ്ടിരുന്ന കാതറീന അപ്രതീക്ഷിതമായി പൗലോസ് താമസിക്കുന്ന ഫ്ലാറ്റിന് മുകളിൽ താമസിക്കുന്നവരെക്കുറിച്ച് പറഞ്ഞത് കേട്ട് ഞങ്ങൾ സ്തബ്ധരായി. വർഷങ്ങളായി ഫ്ലാറ്റിൻ്റെ പരിസരത്തു മാത്രമായി ജീവിച്ചു പരിചയിച്ച കാതറീനക്ക് പൗലോസ് താമസിക്കുന്ന ഫ്ലാറ്റിനു മുകളിലുള്ള സുഹൃത്തുക്കളെക്കുറിച്ച് ഇത്രയും കൃത്യതയാർന്ന വിവരണം നൽകുവാൻ കഴിഞ്ഞത് എങ്ങിനെയാണ് എന്നത് പൗലോസിനും എനിക്കും ഒരു പ്രഹേളികയായി മാറി. കാതറീന നിശബ്ദയായി കാപ്പി കുടി തുടർന്നു.
 കാതറീനയുടെ അരികിലെ കസേരയിൽ ഇരുന്നപ്പോൾ അവർ പൗലോസിനെ ആദ്യമായി കാണുന്നതുപോലെ പുഞ്ചിരിച്ചു. മങ്ങിയ കണ്ണുകൾ ഇറുക്കിക്കൊണ്ട് എന്നെ നോക്കി "പൗലോസിൻ്റെ സഹോദരൻ്റെ പേര് എന്താണ് ?" എന്ന് ചോദിച്ചത് കേട്ടപ്പോൾ ഇത് അവരുടെ മറവിരോഗ ലക്ഷണമാണെന്ന് പൗലോസ് എനിക്ക് സൂചന നൽകി.
 നിശബ്ദമായി കുറച്ചു നേരം കടന്നു പോയി. എങ്ങിനെയാണ് തന്റെ ഫ്ലാറ്റിന് മുകളിൽ താമസിക്കുന്ന സുഹൃത്തുക്കളെ കുറിച്ച് കാതറീനക്ക് പറയുവാൻ കഴിഞ്ഞത് എന്ന് പൗലോസ് ചോദിച്ചതിന് അവർ നൽകിയ മറുപടി രസകരമായിരുന്നു. "ഞാൻ അവരെ ആരേയും കണ്ടിട്ടില്ല പക്ഷേ പൗലോസ് സംസാരിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ഞാൻ അവരെ കണ്ടു" എന്ന കാതറീനയുടെ മറുപടി കേട്ട് ഞങ്ങൾ വീണ്ടും സ്തബ്ധരായി. എന്ത് മറുപടി പറയണമെന്നറിയാതെ പൗലോസ് കാതറീനയെ നോക്കിക്കൊണ്ടു് കസേരയിൽ ഇരുന്നു.
 ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കാതറീനക്ക് ചുറ്റിലും വലയം ചെയ്ത സിഗരറ്റിൻ്റെ നേർത്ത പുകവലയം അവർക്ക് ഒരു യോഗിനിയുടെ പരിവേഷം നൽകി. രണ്ടു വർഷങ്ങൾക്ക് ശേഷം കാതറീന ആശുപത്രിയിൽ മരിച്ചതിന് ശേഷം സ്റ്റെഫി ഫ്ലാറ്റ് വിൽക്കുവാൻ തീരുമാനിച്ചു. വിൽപനക്ക് മുൻപായി ഫ്ലാറ്റിലെ ജംഗമ വസ്തുക്കൾ നീക്കം ചെയ്യുവാനും അത്യാവശ്യ വസ്തുക്കൾ പെട്ടികളിലാക്കി സൂക്ഷിക്കുവാനും പൗലോസിനോടൊപ്പം ഞാനും ചെന്നു.
 അത്യാശ്യ വീട്ടുപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും പെട്ടികളിലാക്കി അതിലടങ്ങിയ വസ്തുക്കളുടെ ലഘു വിവരങ്ങളും പെട്ടിയുടെ മുകളിൽ പൗലോസ് എഴുതി. വസ്ത്രങ്ങൾ വെച്ചിരുന്ന അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന ചിത്രപണികളോട് കൂടിയ ചെറിയൊരു പെട്ടി പൗലോസ് തുറന്നു നോക്കി. കൊച്ചു പെട്ടിയിൽ നിറപ്പകിട്ടാർന്ന റിബൺ കൊണ്ട് ഒരു കെട്ട് കത്തുകൾ കെട്ടിവെച്ചിട്ടുണ്ടായിരുന്നു.
 കത്തുകൾ ആവശ്യമുള്ളവയാണോ എന്നറിയുന്നതിന് സ്റ്റെഫിയുമായി ഫോണിൽ സംവദിക്കുമ്പോൾ പൗലോസ് ഇടക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. കാതറീനയുടെ സ്കൂൾ സഹപാഠിയുടെ പ്രേമലേഖനങ്ങളാണ് ആ കൊച്ചു പെട്ടിയിലെന്ന് ഫോൺ സംഭാഷണത്തിന് ശേഷം പൗലോസ് പറഞ്ഞപ്പോൾ , ജീവിതത്തിൽ അനുഭവിച്ച മൃദുല വികാരങ്ങളുടെ തെളിവുകൾ സൂക്ഷിക്കുന്ന ശീലം സാർവത്രികമാണ് എന്നാണ് എനിക്ക് മനസ്സിലായത്.

***

Recent Post