ഒരു മാർക്സിസ്റ്റ് മരണത്തെക്കുറിച്ച്

വ്യക്തിനിഷ്ഠമല്ലാത്തൊരു സമ്പന്നജീവിതക്രമം, ഏതു മരണത്തിന്റെയും നഷ്ടത്തെ റദ്ദ് ചെയ്യാൻ പോന്നതാണെന്നതിൽ സംശയമേതുമേ ഉണ്ടാവേണ്ടതില്ല. അന്തരിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ ടി.ജി ജേക്കബിനെക്കുറിച്ചുള്ള ഓർമ.

ജേക്കബ് തോമസ്

  മാർകസിസ്റ്റ് ബൗദ്ധികലോകത്തിന് നഷ്ടമെന്ന പൊതു വിടത്തിൽ നിന്ന് ടി.ജി ജേക്കബിന്റെ മരണ വാർത്ത രണ്ടായി വഴി പിരിയുന്നുണ്ട്.
 മരണം വിടുതലും തുടർച്ചയുമെന്ന ദ്വന്ദമാനത്തിന്റെ ഭൗതികവാദ വ്യാഖ്യാനവുമാകാമിത്. അങ്ങനെയൊരർത്ഥത്തിൽ ജേക്കബിന് തുടർച്ചകൾ ഉണ്ടായേ മതിയാവു. കുടുംബ സങ്കൽപങ്ങളുടെ നിത്യനിദാന വ്യായാമമെന്ന പരിപ്രേഷ്യത്തിലുമല്ലായത്. ചരിത്രത്തിന്റെ മുന്നേറ്റത്തിൽ ജേക്കബ് അടയാളപ്പെടുത്തി പോയ ചിന്താമണ്ഡലത്തിന്റെ തുടർച്ചയാവാമത്. ആ മട്ടിൽ ജേക്കബ് താരതമേന്യെ സമ്പൂർണമായൊരു ജീവിതം ശേഷിപ്പിച്ചിട്ടുമുണ്ട്.
 മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ പത്രാധിപസ്ഥാനത്തിനപ്പുറത്തേക്കും വികസിച്ച അക്കാദമിക വ്യായാമമാണത്. വിമർശന, വ്യാഖ്യാന കണിശതയോടെ ജേക്കബ് എഴുതി തീർത്ത പുസ്തകങ്ങളുമാണവ.
 ജേക്കബിന്റെ വിടുതലിന്റെ തുടർച്ച ആവശ്യപ്പെടുന്ന ഇടമാണിവിടം. മാർക്സിസ്റ്റ് ചിന്താ, പ്രവർത്തനപ്രകിയയിൽ ഇടർച്ചകളില്ലാത്തതിനാൽ തന്നെ അത് സംഭവിക്കാതെയും വയ്യ. ഇത്തരമൊരു അക്കാദമികമികവിനാവശ്യമായ ബൗദ്ധിക, വിചാര മണ്ഡലമൊരുക്കുന്നതിൽ തന്റെ രാഷ്ട്രീയ പ്രവർത്തന വർഷങ്ങളിലുണ്ടായ മറ്റാരെക്കാളും കരുതലും കരുത്തും ഒരുക്കിയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. വ്യക്തിനിഷ്ഠമല്ലാത്തൊരു സമ്പന്നജീവിതക്രമം, ഏതു മരണത്തിന്റെയും നഷ്ടത്തെ റദ്ദ് ചെയ്യാൻ പോന്നതാണെന്നതിൽ സംശയമേതുമേ ഉണ്ടാവേണ്ടതില്ല.


  മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘടനാ ചട്ടക്കൂടിൽ നിന്നൊക്കെ ഒരു ഘട്ടത്തിൽ ജേക്കബ് മോചിതനാവുന്നുണ്ട്. ഏറെക്കുറെ സമാനമായ വർഷങ്ങളിൽ സംഘടന അതിന്റെ പ്രത്യയശാസ്ത്ര ദശാസന്ധിയിൽ പിരിച്ചു വിടപ്പെടുന്നുമുണ്ട്. ആ അർത്ഥത്തിൽ ജേക്കബിന്റെ ധൈഷണിക, ചിന്താ വികസന മാതൃകയിലേക്ക് സംഘടന തന്നെയും എത്തിപ്പെടുന്നുമുണ്ട്. ദേശീയതയുടെയും കൊളോണിയൽ അപഗ്രഥന ,ചിന്താ പദ്ധതിയുടെയുമൊക്കെ പ്രസക്തമായ ചില നിരീക്ഷണങ്ങൾ ഈ വർഷങ്ങളിൽ പുസ്തക രൂപത്തിൽ തന്നെ ജേക്കബ് മുന്നോട്ട് വെക്കുന്നുമുണ്ട്.
  പ്രബലമായ ചരിത്ര നിരീക്ഷണങ്ങളുടെയും അപഗ്രഥനങ്ങളുടെയും രാഷ്ട്രീയ പ്രവർത്തന പദ്ധതി നടപ്പാക്കേണ്ട ഉത്തരവാദിത്തം അക്കാദമിക്കുകൾക്കോ ബുദ്ധിജീവികൾക്കോ ഏതുമേയില്ല. ജേക്കബിന്റെ കൊളോണിയൽ പഠന, നിരീക്ഷണങ്ങളുടെ സമഗ്രതയോ പോരായ്‌മകളോ രാഷ്ട്രീയ പ്രവർത്തനപദ്ധതികളായി പരുവപ്പെടുത്താൻ ആവതുള്ള പ്രസ്ഥാനങ്ങളില്ലാതെ പോയ കാലാവസ്ഥയിൽ അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിക്കുന്ന ഒരു ശൂന്യതയുണ്ട്. അതൊരു വ്യക്തിയുടെ ആയുസിനെക്കുറിച്ചുള്ള മ്ളാനതകളല്ല. അതിനപ്പുറം, മാർകസിസ്റ്റ് സൈദ്ധാന്തിക വ്യാഖ്യാനങ്ങളുടെയും അതിന്റെ രാഷ്ടീയ പ്രയോഗങ്ങളുടെയും ഇന്ത്യൻ പോരായ്മകളിലേക്ക് നീളുന്നതാണ്. ഈ പോരായ്മയിൽ പൂരിപ്പിക്കപ്പെടുന്നതാണ് ജേക്കബിന്റെ ജീവിത വർഷങ്ങൾ.

***

Recent Post