പൗലോസിന്റെ സുവിശേഷം

പൗലോസിന് ലോട്ടറി അടിച്ചെന്ന് അറിഞ്ഞതു മുതലാണ് പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയും നീണ്ട കാലമായി ബന്ധം പുലർത്താതിരുന്ന മക്കളും അപരിചിതരായി മാറിയ സഹോദരങ്ങളും സ്നേഹോപഹാരങ്ങളുമായി ദിവസേന പ്രത്യക്ഷപ്പെട്ടത്. "പണം കണ്ടാൽ പിണവും ചിരിക്കും" എന്ന എവിടെയോ വായിച്ചറിഞ്ഞ പഴഞ്ചൊല്ല് പറഞ്ഞ് പൗലോസ് ചിരിച്ചു.
Greek letters- 23

ജോൺസ് മാത്യു
Greek letters-23
  ഏജിയൻ കടലിൽ ചിതറികിടക്കുന്ന ഗ്രീക് ദ്വീപുകളിൽ മൗലികത ചോർന്നു പോകാത്ത നിരവധി ഗ്രാമങ്ങളുണ്ട് വെള്ളയും നീല നിറവും കൊണ്ട് ചായം പൂശിയ ഗ്രാമങ്ങളിലെ വീടുകൾ തോളോടുതോൾ ചേർന്ന് നിർമ്മിച്ചവയാണ്. ദുർഘടവും വളഞ്ഞു പുളഞ്ഞുമുള്ള നടപ്പാതകൾക്ക് മുകളിലെ മേൽ തട്ടുകളും ഇരുവശത്തുമുള്ള വീടുകളും ഗ്രീക് ഗ്രാമങ്ങളിലെ നിർമ്മിതികളുടെ പ്രത്യേകതയാണ്. നടപ്പാതകളിൽ ചാര നിറമുള്ളതും വ്യത്യസ്ത ആകൃതിയിലുമുള്ള പരന്ന പ്രാദേശിക കല്ലുകൾ പാകിയതിനിടയിൽ വെള്ള നിറം പൂശി മോടി കൂട്ടിയിട്ടുണ്ട്. പരമ്പരാഗതമായി വെള്ളയും നീലയും നിറങ്ങൾ പൂശിയ ഗ്രാമങ്ങളിലെ വീടുകൾക്കിടയിൽ അത്യാധുനിക രൂപഘടനയിലുള്ള വീടുകൾ നിർമ്മിക്കുന്നതിന് നിയമപരമായി നിയന്ത്രണങ്ങൾ ഉണ്ട്.
 നിശബ്ദത നിറഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ താമസിച്ച് സർഗ്ഗാത്മക പ്രവർത്തികളിൽ ഏർപ്പെടുന്ന തദ്ദേശവാസികളും വിദേശികളുമായ കുറേയേറെ കലാകാരൻമാരും കലാകാരികളും വിവിധ ഗ്രാമങ്ങളിൽ താമസിക്കുന്നുണ്ട്. ഗ്രാമ സന്ദർശനത്തിന് മാത്രമായി വേനൽ കാലത്ത് ധാരാളം വിദേശ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. പൗരാണിക കാലത്ത് പ്രാദേശിക കല്ലുകളാൽ അതിർവരമ്പുകൾ കൊണ്ട് വേർതിരിച്ച കൃഷിയിടങ്ങളും വഴിയോരത്തെ ചെമ്മരിയാട്ടിൻ കൂട്ടവും കോവർകഴുതയും ഉറഞ്ഞു പോയ മറ്റൊരു കാലത്തിലേക്ക് സന്ദർശകരെ പൊടുന്നനെ കൊണ്ടുപോകും.
 ഴിവ് ദിവസങ്ങളിൽ തിനൊസ് ദ്വീപിലെ വ്യത്യസ്ത ഗ്രാമസന്ദർശനം പതിവാക്കിയ ഒരു ദിവസം കുമാരോസ് (Koumaros) ഗ്രാമം സന്ദർശിച്ചത് അവിടെയുള്ള ആളില്ലാ കടയെക്കുറിച്ച് സുഹൃത്ത് യാനിസ് സൂചിപ്പിച്ചപ്പോഴാണ്. എക്സോംബർഗ് ( Exomvourgo ) എന്നറിയപ്പെടുന്ന കുന്നിനു പുറകിലായി സ്ഥിതിചെയ്യുന്ന കുമാരോസ് ഗ്രാമത്തിൽ വളരെ കുറച്ചു ജനങ്ങളെ ഉളളൂ. പൗരാണിക കാലത്തു വെനീഷ്യൻ ഭരണാധികാരികളുടെ കേന്ദ്രമായിരുന്നു ഇവിടം. 1100 ബി സി യിൽ വലിയ കല്ലുകൾ കൊണ്ട് കുന്നിൻ മുകളിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കോട്ടമതിലിന്റെ ചില ഭാഗങ്ങളും ഇവിടെ നിന്നു കാണാം.
 സമുദ്രനിരപ്പിൽ നിന്ന് അറുനൂറ് അടിയിലധികം ഉയരമുള്ള കുമാരോസ് ഗ്രാമത്തിൽ, ആളില്ലാക്കടയും ഒരു പള്ളിയും രണ്ട് കാപ്പിക്കടകളും തോളോടു ചേർന്നു നിർമ്മിച്ച വീടുകളുമാണ് പ്രധാന ആകർഷണം. ഗ്രാമസഭയുടെ മേൽനോട്ടത്തിൽ സ്വയം സേവന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ആളില്ലാക്കടയിൽ ചായ, കാപ്പി, ബിയർ, വിവിധ തരത്തിലുള്ള മദ്യങ്ങൾ, വൈൻ, ബിസ്ക്കറ്റ്, ഐസ്ക്രീം എന്നിവയുമുണ്ട്. ഉപയോഗിച്ച വസ്തുക്കളുടെ വില നിക്ഷേപിക്കുവാനായി മരം കൊണ്ടു് നിർമ്മിച്ച ഒരു പെട്ടി മേശപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു അലമാര നിറയെ പുസ്തകങ്ങളും പരമ്പരാഗത വിനോദത്തിനായി മരം കൊണ്ടു് നിർമ്മിച്ച മേശപന്തുകളിയും വിശ്രമിക്കുവാൻ ഇരിപ്പിടങ്ങളും സജ്ജീകരിച്ച കൊച്ചു കടയിൽ സന്ദർശകരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് വലിയൊരു പുസ്തകവും പരമ്പരാഗത ഗ്രീക്ക് കളിയായ തവ്‌ലി (Tavli) യും ഒരുക്കിയിട്ടുണ്ട്.
 വീടുകൾക്കിടയിലൂടെയുള്ള ഇടുങ്ങിയതും സങ്കീർണവുമായ വഴിയിലൂടെ നടക്കുമ്പോൾ പരിചയക്കാരായ ഫ്രഞ്ച് പൗരയും യുവാവായ ഗ്രീക്ക് പങ്കാളിയും അവർ പുതുതായി വാങ്ങിയ വീടിന്റെ നിലത്തു ചിത്രം വരക്കുന്നത് കണ്ടു. നടത്തത്തിനിടയിൽ പാതയോരത്തുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ നിന്നും 'കലിമേര' എന്ന ഗ്രീക്ക് പ്രഭാതവന്ദനം കേട്ട് നോക്കിയപ്പോൾ ഒരു മദ്ധ്യവയസ്കനെയാണ് കണ്ടത്. മറുപടി അഭിവാദനം നൽകിയപ്പോൾ അദ്ദേഹം യാനിസുമായി ചെറിയൊരു സൗഹൃദ സംഭാഷണം നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. അപരിചിതരായ സന്ദർശകരെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പരമ്പരാഗത ഗ്രീക് മര്യാദയുടെ ഊഷ്മളത പ്രകടമാക്കുന്ന രീതിയാണ്. വീടിന് പുറത്തുള്ള വരാന്തയിലെ വലിയ മൺ ചട്ടിയിൽ നിന്നു വീടിന് മുകളിലേക്ക് പടർന്നു കയറിയ ചുകപ്പ് നിറമുള്ള കലാസ് പൂക്കൾ അന്തരീക്ഷത്തിന് റോസ് നിറം പകർന്നു. വലിയ മൺചട്ടിക്കരികിൽ രണ്ടു് പൂച്ച കുട്ടികൾ കെട്ടി പിടിച്ചു കിടന്നിരുന്നു.
 വരാന്തയിലെ മേശക്കരികിലുള്ള കസേരയിൽ ഞങ്ങളോട് ഇരിക്കുവാൻ പറഞ്ഞു കൊണ്ട് മദ്ധ്യവയസ്ക്കൻ വീടിനകത്തേക്ക് പോയി.


  ചെറിയ മൂന്ന് ഗ്ലാസുകളും ഒരു കുപ്പി വെള്ളവും ഗ്രീക് മൗലിക മദ്യമായ ഊസോയും ചെറിയൊരു പാത്രത്തിൽ ഐസ് ക്യൂബുകളുമായി അയാൾ തിരിച്ചു വന്നു സ്വയം പരിചയപ്പെടുത്തി. മൂന്ന് ഗ്ലാസുകളിലായി ഊസോ പകർന്ന് അതിൽ അല്പം വെള്ളം ഒഴിച്ചതിന് ശേഷം ഐസ് ക്യൂബുകൾ നിക്ഷേപിച്ച് ഗ്ലാസുകൾ ഞങ്ങൾക്ക് നൽകി കൊണ്ട് 'യാസു' (ചിയേഴ്സ്) പറഞ്ഞു. എന്നിട്ട് അയാൾ സ്വയം പരിചയപ്പെടുത്തി പേര് പൗലോസ്. ഉയരം കുറഞ്ഞ് തടിയുള്ള ശരീരവും കഷണ്ടി തലയും വട്ടത്തിലുള്ള മുഖവും ചെറിയ കണ്ണുകളും ചുണ്ടിലൊരു അർദ്ധമന്ദഹാസവുമുള്ള പൗലോസിന് ഒരു പൗരാണിക ഗ്രീക് ചിന്തകൻ്റെ സാമ്യമുണ്ടായിരുന്നു. ഗ്രാമീണ ജീവിതവും നിശബ്ദതയും സംഗീതവും പ്രധാനപ്പെട്ട ജീവിത സ്പന്ദനമായി കരുതുന്ന പൗലോസ് ഏകനായി കഴിയുന്നത് ആസ്വദിക്കുവാൻ കുമാരോസ് ഗ്രാമത്തിൽ എത്തപ്പെട്ട ചരിത്രം രസകരമാണ്.
 ആതൻസിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലൊരിക്കലും ലോട്ടൊ (ലോട്ടറി) എടുക്കുന്ന ശീലീമില്ലാതിരുന്ന പൗലോസ് പ്രായമായ ഒരു ലോട്ടൊ വിൽപനക്കാരനോട് സഹതാപം തോന്നിയതു കൊണ്ടു് മാത്രമാണ് ഒന്ന് എടുത്തത്. എന്നാൽ അപ്രതീക്ഷിതമായി പൗലോസിന് ലോട്ടൊ ലഭിച്ചെന്ന് അറിഞ്ഞതു മുതലാണ് പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയും നീണ്ട കാലമായി ബന്ധം പുലർത്താതിരുന്ന മക്കളും അപരിചിതരായി മാറിയ സഹോദരങ്ങളും സ്നേഹോപഹാരങ്ങളുമായി ദിവസേന പ്രത്യക്ഷപ്പെട്ടത്. "പണം കണ്ടാൽ പിണവും ചിരിക്കും" എന്ന എവിടെയോ വായിച്ചറിഞ്ഞ പഴഞ്ചൊല്ല് പറഞ്ഞ് പൗലോസ് ചിരിച്ചു.
 സ്നേഹോപഹാര ഘോഷയാത്ര നടത്തിയ എല്ലാവർക്കും വേണ്ടത് പണമായിരുന്നു. അത്യാവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നിരത്തി അവരെല്ലാം സ്നേഹപ്രകടനങ്ങളിൽ മത്സരിച്ചു. അവരുടെ എല്ലാവരുടേയും ആഗ്രഹങ്ങൾ നിവർത്തിക്കുവാൻ വേണ്ട പണം കൈപറ്റിയ ശേഷം പിന്നീട് അവർ എല്ലാവരും തന്നെ പൗലോസിനെ മറന്നു. എങ്കിലും സംഗീത സ്പന്ദന ലഹരിയുമായി ജീവിച്ച പൗലോസിന് ലഭിച്ച ഭീമമായ തുകയെക്കുറിച്ചു കൂടുതലായി ആകുലനായത് കച്ചവട തൽപരനായ സഹോദരനാണ്. ഒരു ക്രിസ്തുമസ് ദിവസമാണ് അപ്രത്യക്ഷരായ ഭാര്യയും മക്കളും സഹോദരങ്ങളും വീണ്ടും പൗലോസിനെ സന്ദർശിച്ചത്. പാരിതോഷികങ്ങളും അവർ കൊണ്ടുവന്ന വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾക്കും സ്നേഹസല്ലാപ പ്രകടനങ്ങൾക്കും ശേഷം സഹോദരനാണ് അയാളുടെ പദ്ധതി പൗലോസുമായി പങ്കിട്ടത്. സഹോദരൻ തുടങ്ങുവാനിരിക്കുന്ന നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന വ്യാപാരത്തിൽ പൗലോസിനേയും ഉൾചേർക്കുവാനുള്ള അയാളുടെ ആഗ്രഹം മറ്റുള്ളവരുടെ സ്നേഹനിർബന്ധങ്ങളിൽ വിശ്വസിച്ച് പൗലോസ് സമ്മതിച്ചു. വ്യാപാരം തുടങ്ങുവാനുള്ള തുകയുടെ പകുതി പങ്ക് പൗലോസ് സഹോദരന് നൽകി. മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും നിർമ്മാണ സാമഗ്രികളുടെ വ്യാപരത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാൽ സഹോദരനുമായി നേരിട്ട് സംസാരിക്കുവാൻ പൗലോസ് തീരുമാനിച്ചു. ഭീമമായ കടബാധ്യതയുള്ളതിനാൽ വ്യാപാരം തുടങ്ങുവാൻ കഴിയാത്ത അവസ്ഥയിലാണെന്നും പൗലോസ് നൽകിയ പണം മുഴുവനായും കടം വീട്ടുവാൻ ചെലവായെന്നും സഹോദരൻ പറഞ്ഞത് കേട്ട് പൗലോസ് തളർന്നു.
 കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്കൂൾ സഹപാഠിയുടെ സഹായത്താൽ തിനോസ് ദ്വീപിലെ കുമാരോസ് ഗ്രാമത്തിലേക്ക് ചേക്കേറിയ പൗലോസ് ഗ്രാമീണ ജീവിതവും നിശബ്ദതയും സംഗീതവും ആസ്വദിച്ച് കഴിയുന്നത് കേട്ട് യാനിസ് അത്ഭുതത്തോടു കൂടി നോക്കി. "പണം കണ്ടാൽ പിണവും കൂടെവരും" എന്നാകണം പുതിയ പഴഞ്ചൊല്ല് എന്ന് തമാശയോടെ യാനിസ് പറഞ്ഞു. പൗലോസിനോട് യാത്ര പറയുമ്പോൾ നേരം ഉച്ചയായിരുന്നു.

***

Recent Post