സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി
ഇവിടെനിന്നും സ്വര്‍ഗ്ഗാരോഹണ പര്‍വ്വതത്തിലേക്ക് 25 കിലോമീറ്റര്‍ കൂടിയുണ്ട്. വസുധാര കഴിഞ്ഞ് കുറച്ചുദൂരം കൂടി കഴിയുമ്പോഴേയ്ക്കും സഹദേവനും, തുടര്‍ന്ന് സഹസ്രധാരയില്‍ എത്തുമ്പോള്‍ നകുലനും വീണുപോകുന്നു.കയ്യകലെ ഹിമാലയം-11
മനോജ് മാതിരപ്പള്ളി

മാനാ ഗ്രാമത്തിലും പരിസരത്തെ മഞ്ഞുപര്‍വ്വതത്തിന്റെ ചെരിവുകളിലും താഴ്‌വാരങ്ങളിലുമെല്ലാം പുരാണേതിഹാസങ്ങളുടെ കാമ്പും കഥയും തുടിച്ചുനില്‍ക്കുന്നു. പരമശിവന്റെയും മഹാവിഷ്ണുവിന്റെയും പ്രിയങ്കരമായ ഇടം, വേദവ്യാസന്റെ ആശ്രമം, യക്ഷരാജാവായ മണിഭദ്രന്റെ വാസസ്ഥാനം... ഇതെല്ലാം ഇവിടെ ആയിരുന്നുവെന്നാണ് വിശ്വാസം. ഇതിനെല്ലാം പുറമെ, രാജ്യം ഉപേക്ഷിച്ച് സ്വര്‍ഗ്ഗാരോഹണപര്‍വ്വതത്തിലേക്ക് പാണ്ഡവര്‍ നടത്തുന്ന മഹാപ്രസ്ഥാനയാത്രയുടെ അവസാനഘട്ടം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. ഇനിയങ്ങോട്ടുള്ള ദുര്‍ഘടമായ പാതയില്‍ ദ്രൗപദിയും സഹദേവനും നകുലനും അര്‍ജ്ജുനനും ഭീമനുമെല്ലാം ഓരോരുത്തരായി വീണുപോകുന്നു.

സരസ്വതീനദിക്ക് കുറുകെയുള്ള ഭീംപുല്‍ എന്ന കൂറ്റന്‍ ശിലാപാളിക്ക് മുകളിലൂടെ മറുകരയെത്തി. മഹാപ്രസ്ഥാന യാത്രയ്ക്കിടെ ദ്രൗപദിക്ക് പുഴ കടക്കാനായി ഭീമന്‍ ഇട്ടുകൊടുത്ത പാലമാണത്രെ ഈ ശിലാപാളി. പുഴയുടെ മറുകരയില്‍ വലിയൊരു കമാനത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് കാണാം. അതിനപ്പുറം ദ്രൗപദിയുടെയും പാണ്ഡവരുടെയും കൂറ്റന്‍ പ്രതിമകളും ഒരുങ്ങുന്നുണ്ട്. മഹാപ്രസ്ഥാന പാതയെ കൂടുതല്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ്.
നെറുകെയില്‍ മഞ്ഞുറഞ്ഞ പര്‍വ്വതനിരകളാണ് നടപ്പാതയുടെ ഇരുവശവും. മലമുടികളില്‍നിന്നും അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പാറക്കല്ലുകളാല്‍ താഴ്‌വരയുടെ ആഴം കുറഞ്ഞിരിക്കുന്നു. വഴിയുടെ ഇരുപുറവും അരണ്ട പച്ചനിറത്തിലുള്ള ചെറുസസ്യങ്ങളാണ്. തെല്ലകലെ, നടപ്പാതയ്ക്ക് സമാന്തരമായി അളകനന്ദ ഒഴുകുന്നത് കാണാം. പുഴയുടെ ഉത്ഭസ്ഥാനത്തോട് അടുത്തുവരുന്നതിനാല്‍ നീരൊഴുക്ക് ശക്തമല്ല. മലയോരങ്ങളില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റിന്റെ ശബ്ദം മുഴങ്ങികേള്‍ക്കാം.
മലയിടുക്കിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന നടപ്പാത ഏറെ ദൂരത്തേക്ക് കാണാം. രണ്ടുമൂന്ന് പേര്‍ വീതം ഉള്‍പ്പെട്ട ഏതാനും സംഘങ്ങള്‍ അകലെയായി മുന്നില്‍ പോകുന്നുണ്ട്. രണ്ടോ മൂന്നോ പേരെ പിന്നിലും കാണാം. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ മാനാഗ്രാമത്തില്‍ എത്തുന്നുണ്ടെങ്കിലും മഹാപ്രസ്ഥാന പാതയിലൂടെ നടക്കാനിറങ്ങുന്നവര്‍ അപൂര്‍വ്വമാണ്. താടിയും മുടിയും നീട്ടിവളര്‍ത്തി, കാഷായവസ്ത്രം ധരിച്ച ഏതാനും സന്യാസിമാര്‍ എതിരെ വന്നു. ഒന്നിനോടും പ്രത്യേക മമതയില്ലാതെ ഹിമവാന്റെ താഴ്‌വരകളിലൂടെ ചുറ്റിസഞ്ചരിക്കുന്നവര്‍.

രണ്ടുമൂന്ന് കിലോമീറ്ററുകള്‍ നടന്നപ്പോഴേയ്ക്കും അകലെയായി വലിയൊരു ജലപാതം കണ്ടു. വസുധാര വെള്ളച്ചാട്ടം ആയിരിക്കണം. അങ്ങനെയെങ്കില്‍, മഹാപ്രസ്ഥാനയാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദ്രൗപദി വീണുപോയത് ഈ ഭാഗത്തെവിടെയോ ആണ്. പാപമൊന്നും ചെയ്യാത്ത ദ്രൗപദി എന്തുകൊണ്ടാണ് കുഴഞ്ഞുവീണതെന്ന് ഭീമന്‍ യുധിഷ്ഠിരനോട് ചോദിക്കുന്നുണ്ട്. തുല്യരായ അഞ്ചു ഭാര്‍ത്താക്കന്മാര്‍ ഉണ്ടായിട്ടും അര്‍ജ്ജുനനോട് കൂടുതല്‍ മമത കാണിച്ചതാണ് അതിന് കാരണമെന്ന് യുധിഷ്ഠിരന്‍ മറുപടി നല്‍കുന്നു.
നാലഞ്ചു കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴേയ്ക്കും നൂറടിയോളം ഉയരമുള്ള വസുധാര വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലെത്തി. രേണുകൂട പര്‍വ്വതത്തില്‍നിന്നും ഒഴുകിവരുന്ന ലക്ഷ്മീനദി വസുധാര ജലപാതമായി കുതിച്ചുചാടുകയാണ്. ഈ ജലം ശരീരത്തില്‍ വീണാല്‍ മോക്ഷദായകമാണെന്നാണ് വിശ്വാസം. ശക്തമായ കാറ്റടിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ നല്ലൊരു ഭാഗവും നേര്‍ത്ത മഞ്ഞുകണങ്ങളായി വായുവില്‍ അലിഞ്ഞുചേരുന്നു. അഷ്ടവസുക്കള്‍ തപസ് ചെയ്തിരുന്നത് ഈ താഴ്‌വരയില്‍ ആയിരുന്നുവത്രെ.

ഇവിടെനിന്നും സ്വര്‍ഗ്ഗാരോഹണ പര്‍വ്വതത്തിലേക്ക് 25 കിലോമീറ്റര്‍ കൂടിയുണ്ട്. വസുധാര കഴിഞ്ഞ് കുറച്ചുദൂരം കൂടി കഴിയുമ്പോഴേയ്ക്കും സഹദേവനും, തുടര്‍ന്ന് സഹസ്രധാരയില്‍ എത്തുമ്പോള്‍ നകുലനും വീണുപോകുന്നു. മണിക്കൂറുകള്‍ക്കു ശേഷമെത്തുന്ന ചക്രതീര്‍ത്ഥം അര്‍ജ്ജുനന്റെയും, സ്വര്‍ഗ്ഗാരോഹിണിയുടെ അടിവാരത്തുള്ള സതോപാന്ത് തടാകതീരം ഭീമന്റെയും പതനഭൂമിയാണ്. അതിനുശേഷം യുധിഷ്ഠിരനും ഒപ്പമുണ്ടായിരുന്ന നായയും സ്വര്‍ഗ്ഗാരോഹണപര്‍വ്വതത്തിലേക്ക് കയറി ലക്ഷ്യം പൂര്‍ത്തിയാക്കുന്നു.
മൂന്നുദിവസം നടന്നാല്‍ മാത്രമെ സ്വര്‍ഗ്ഗാരോഹിണിയില്‍ പോയിവരാന്‍ കഴിയുകയുള്ളൂ. അത്രയും സാവകാശം ഇല്ലാതിരുന്നതിനാല്‍ വസുധാരയില്‍നിന്നും മടങ്ങി. ഈ രാത്രി ബദരീനാഥില്‍ തങ്ങി, നാളെ പുലര്‍ച്ചെ ഹരിദ്വാറിലേക്ക് തിരിക്കണം.
***
Previous Post ഉറങ്ങുന്ന സുന്ദരികളും സുന്ദരന്മാരും
Next Post പൗലോസിന്റെ സുവിശേഷം