ഉറങ്ങുന്ന സുന്ദരികളും സുന്ദരന്മാരും

കല്ലറകൾക്ക് മുകളിലും അരികിലുമായി കൊച്ചു പാത്രങ്ങളിൽ പൂക്കളും അതിന് സമീപത്തായി കത്തിച്ചു വെച്ച മെഴുകുതിരികളും കണ്ടു. നിശബ്ദത നിറഞ്ഞ ശ്മശാനത്തിനകത്ത് കറുത്ത വസ്ത്രധാരികളായ സ്ത്രീകളും പുരുഷൻമാരും കല്ലറകൾക്ക് സമീപത്തായി ധ്യാനനിരതരായി നിൽക്കുന്നുണ്ടായിരുന്നു.
Greek letters -23

ജോൺസ് മാത്യു
Greek letters-23
  ആതൻസിൽ നിന്നു തിനോസ് ദ്വീപിലേക്ക് നടത്തിയ കപ്പൽ യാത്രയിലാണ് ലിയൊണിദാസിനെ പരിചയപ്പെട്ടത്. പിറെയൊസ് തുറമുഖത്തു നിന്നും രാവിലെ തിനോസ് ദ്വീപിലേക്ക് പോകുന്ന കപ്പലിൻ്റെ ഡെക്കിൽ ഞാൻ സിഗരറ്റ് വലിച്ചുകൊണ്ടു് ഇന്ദ്രനീല നിറമുള്ള ഏജിയൻ കടൽ ആസ്വദിച്ചു നിൽക്കുമ്പോഴാണ് ലിയൊണിദാസ് കപ്പലിനോടൊത്ത് നീന്തി തുടിക്കുന്ന ഡോൾഫിനുകളെ ചൂണ്ടിക്കാണിച്ചത്. കപ്പലുകളോടൊത്ത് നീന്തൽ മൽസരം നടത്തിയിരുന്ന ഡോൾഫിനുകളെ വളരെ വിരളമായാണ് ഇപ്പോൾ കാണുന്നതെന്ന് പറഞ്ഞു കൊണ്ട് ലിയൊണിദാസ് സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു. യാത്രയുടെ ലക്ഷ്യം നേർച്ച നൽകുവാനാണോ എന്ന ലിയൊണിദാസിൻ്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ഗ്രീക്കുകാരും മറ്റുള്ള മത വിഭാഗത്തിൽ വിശ്വസിക്കുന്നവരും ഉദ്ദിഷ്ട കാര്യം സാധിക്കുന്നതിനായി തിനോസ് ദ്വീപിലെ പ്രധാന പള്ളിയിലെ മാതാവിന് നേർച്ച നേരുന്നതും ആഗ്രഹിച്ചത് നടപ്പിലായാൽ നന്ദി സൂചകമായി പള്ളിയിലേക്ക് മുട്ടു കാലിൽ നടന്നു കയറുന്നതും പതിവുള്ള ആചാരമാണ്.
  യാത്രാ ലക്ഷ്യം നേർച്ചയല്ലെന്ന് കേട്ടപ്പോൾ ലിയൊണിദാസിന് ആശ്വാസമായി. ഗ്രീക് ക്ലാസിക്കൽ കാലത്ത് പരിമിതമായ സാങ്കേതിക ഉപകരണങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന ആകാര ഭംഗിയിൽ നിർമ്മിച്ച മാർബിൾ ശിൽപങ്ങളോടുള്ള എൻ്റെ താൽപര്യം കേട്ട് ലിയോണിദാസ് ഫിദിയാസ്, മിറൊൺ, പോളിക്ലിക്സ് എന്നീ ക്ലാസിക്കൽ ശിൽപികളെക്കുറിച്ച് പറഞ്ഞു. ആതൻസിലുള്ള അവരുടെ ശിൽപങ്ങൾ സന്ദർശിക്കണമെന്നും സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു.
  അഞ്ചു മണിക്കൂർ നീണ്ട കപ്പൽ യാത്രയിൽ ലിയൊണിദാസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനൊടുവിൽ തിനോസ് ദ്വീപിൽ നിർമ്മിച്ച ആധുനിക മാർബിൾ മ്യൂസിയം ഒരു ദിവസം ഒരുമിച്ച് സന്ദർശിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
  കുറച്ചു നാളുകൾക്ക് ശേഷം കടൽനിരപ്പിൽ നിന്നും മുന്നൂറ് അടിയോളം ഉയരമുള്ളതും തിനോസ് ദ്വീപിൻ്റെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതുമായ പിർഗൊസ് ഗ്രാമത്തിൽ ലിയൊണിദാസിനോടൊത്ത് ബസിൽ എത്തിചേർന്നു. ഗ്രാമത്തിന് സമീപത്തുള്ള മാർബിൾ ക്വാറിയിൽ നിന്നും വെളുത്ത മാർബിൾ യൂറോപ്പിൽ ആകമാനം കയറ്റുമതി നടത്തിയിരുന്നു. ഇവിടെ നിന്നും ഗ്രീസിൻ്റെ മറ്റ് സ്ഥലങ്ങളിലേക്കും ഇറ്റലിയിലേക്കും മാർബിൾ കല്ലുകൾ കടൽ മാർഗ്ഗം കൊണ്ടു പോയതായി ചരിത്ര രേഖകളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിച്ച പിർഗൊസ് ഗ്രാമത്തിലെ മാർബിൾ മ്യൂസിയത്തിൽ ഭീമാകാരമായ വെള്ളമാർബിൾ കല്ലുകൾ ലളിതമായ ഉപകരണങ്ങൾ കൊണ്ട് കടൽക്കരയിലേക്ക് ഇറക്കിക്കൊണ്ടു പോകുന്ന പരമ്പരാഗതമായ രീതിയും ക്വാറിയിൽ നിന്നും മാർബിൾ മുറിച്ചെടുക്കുന്ന വിദ്യയും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. ശിൽപ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ക്ലാസിക്കൽ ശൈലിയിൽ മനുഷ്യമുഖം മാർബിളിൽ നിർമ്മിക്കുന്നതിന് വേണ്ടതായ അവശ്യ ഉപകരണങ്ങളും പ്രദർശന വസ്തുക്കളാണ്. തിനോസ് ദ്വീപു നിവാസിയായിരുന്ന മാർബിൾ ശിൽപി ഗ്യാനൂളിസ് ഹാലെപ്പ (Giannoulis Halepas) യുടെ മ്യൂസിയമാക്കി മാറ്റിയ വസതിയും അതിന് പുറത്ത് സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വിഖ്യാതമായ "ഉറങ്ങുന്ന സുന്ദരി" എന്ന ശിൽപത്തിൻ്റെ മാതൃകയും ആരേയും ആകർഷിക്കുന്നതാണ്. ഒരു സമ്പൂർണ്ണതാവാദിയായിരുന്ന ഹാലെപ്പയുടെ ജീവിതം സൗന്ദര്യ സങ്കൽപങ്ങൾക്കും ഭ്രാന്തിനും ഇടയിലായിരുന്നു.
  കുറച്ചു ദിവസത്തെ തിനോസ് ദ്വീപിലെ താമസത്തിന് ശേഷം ലിയൊണിദാസ് ആതൻസിലേക്ക് തിരിച്ചു പോകുമ്പോൾ ആധുനിക ഗ്രീസിലെ പ്രമുഖരെയും, രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ, ആർക്കിടെക്റ്റുകൾ എന്നിവരെ അടക്കിയ ശവക്കല്ലറകളിലെ മാർബിൾ ശിൽപങ്ങൾ കാണുവാൻ എന്നെ ക്ഷണിച്ചു. ആതൻസിൽ വരുമ്പോൾ തീർച്ചയായും ഞാൻ വിളിക്കാമെന്ന് വാക്കു നൽകി.
  നാട്ടിലേക്കുള്ള മടക്കയാത്രക്ക് മൂന്ന് ദിവസം മുൻപായി ഞാൻ ആതൻസിൽ എത്തി. ശ്മശാനത്തിലേക്ക് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. സെവ്സ് (Zeus) ദേവാലയത്തിനും പനതിനിആക്കൊ സ്റ്റേഡിയത്തിനും പുറകിലുള്ള ലോഗ്ഗിനു പാതയിലാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.
  1837 ൽ പണി കഴിച്ച വിശാലമായ ശ്മശാനത്തിൽ കൊച്ചു വീടുകൾ കണക്കെ ഉയർന്നു നിൽക്കുന്ന ശവക്കല്ലറകൾ വെളുത്ത മാർബിൾ കൊണ്ട് നിയോ ക്ലാസിക്കൽ ശൈലിയിൽ പണിതവയാണ്. തിനോസ് ദ്വീപിലെ മാർബിൾ ശിൽപ വിദഗ്ധർ നിർമ്മിച്ച ശ്മശാനം ഒരു തുറന്ന ശിൽപ മ്യൂസിയത്തിന് സമാനമായ രീതിയിലാണ് പണി കഴിച്ചിട്ടുള്ളത്.


  ഭാവനാ സമ്പുഷ്ടവും പരമ്പരാഗത മാർബിൾ ശിൽപ ചാതുര്യവും ചേർത്തുകൊണ്ടു് നിർമ്മിച്ച മാർബിൾ കല്ലറകളിലെ കരവിരുത് ആരേയും അതിശയിപ്പിക്കുന്നതാണ്. ശ്മശാനം വളരെ വൃത്തിയോടു കൂടി പരിപാലിക്കുന്നതിൻ്റെ അടയാളങ്ങൾ എവിടെയും കാണാം. തുറസ്സായ ചത്വരങ്ങളും പൈൻ, സൈപ്രസ് മരങ്ങളും റൊമാൻ്റിക്, നിയൊക്ലാസ്സിക്കൽ ശൈലികളിൽ നിർമ്മിച്ച യാഥാതഥ മാർബിൾ ശിൽപങ്ങൾ നിറഞ്ഞ ശ്മശാനം ഒരു ഉദ്യാനം കണക്കെ മനോഹരമാണ്.
  കുടുംബ കല്ലറകളും ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധിച്ചു മരിച്ച വീരന്മാരുടെയും, പ്രമുഖ ശിൽപി ഹാലപ്പയുടെ ക്ലാസിക്കൽ ശൈലിയിൽ നിർമ്മിച്ച "ഉറങ്ങുന്ന സുന്ദരിയും" മറ്റനേകം മാർബിൾ ശിൽപങ്ങളും ഉള്ള ശ്മശാനത്തിൽ രണ്ട് പള്ളികൾ ഉണ്ട്. കല്ലറകൾക്ക് മുകളിലും അരികിലുമായി കൊച്ചു പാത്രങ്ങളിൽ പൂക്കളും അതിന് സമീപത്തായി കത്തിച്ചു വെച്ച മെഴുകുതിരികളും കണ്ടു. നിശബ്ദത നിറഞ്ഞ ശ്മശാനത്തിനകത്ത് കറുത്ത വസ്ത്രധാരികളായ സ്ത്രീകളും പുരുഷൻമാരും കല്ലറകൾക്ക് സമീപത്തായി ധ്യാനനിരതരായി നിൽക്കുന്നുണ്ടായിരുന്നു. ഗ്രീസിൽ വിധവകളായ സ്ത്രീകൾ പൊതുവെ പരമ്പരാഗതമായി കറുത്ത വസ്ത്രമാണ് ധരിക്കുന്നത്. "ഉറങ്ങുന്ന സുന്ദരി" എന്നു പേരിട്ട മാർബിൾ ശിൽപം ജീവനുള്ള സുന്ദരിയായ യുവതി മയങ്ങുകയാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുക. ക്ഷയരോഗ ബാധിതയായി മരിച്ച പതിനെട്ടുകാരിയായ യുവതിയുടെ ഓർമ്മക്കു വേണ്ടിയാണ് ശിൽപി ഹാലപ്പ ഈ മനോഹരമായ ശിൽപം നിർമ്മിച്ചത്.
  നിശബ്ദമായ ശവക്കല്ലറകൾക്കിടയിലൂടെയുള്ള മാർബിൾ വഴിയിലൂടെ ശിൽപ ചാതുര്യം ആസ്വദിച്ച് നടക്കുമ്പോൾ ഒരു ചെറിയ കല്ലറയുടെ മുൻപിലായി കറുത്ത വസ്ത്രം ധരിച്ച ഒരു മദ്ധ്യവയസ്കൻ ഇടക്കിടെ വിതുമ്പുകയും പിറുപിറുക്കുകയും ചെയ്യുന്നത് കണ്ടു. അയാളെ ശല്ല്യപ്പെടുത്താതെ ഞങ്ങൾ നിശബ്ദരായി നടന്നകലുമ്പോൾ ലിയൊണിദാസ് ചിരിച്ചതിൻ്റെ കാരണം ഞാൻ ചോദിച്ചു.
  മദ്ധ്യവയസ്ക്കൻ്റെ പ്രാർത്ഥനയുടെ വരികളുടെ അർത്ഥം കേട്ടാൽ ആരും ചിരിച്ചു പോകും എന്ന് മറുപടി നൽകിക്കൊണ്ട് ലിയൊണിദാസ് അയാളുടെ പ്രാർത്ഥന മുഴുവനായി കേൾക്കുവാൻ തിരിച്ചു നടന്നു. കുറച്ചു കഴിഞ്ഞ് ലിയൊണിദാസ് മദ്ധ്യവയസ്ക്കൻ്റ പ്രാർത്ഥനയുടെ വരികൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു തന്നു.
  "പ്രിയേ... - നീ ജീവിച്ചിരുന്നപ്പോൾ ഞാൻ വളരെയേറെ മോശമായി പെരുമാറിയിട്ടുണ്ട്..... ദയവായി എന്നോടു് പൊറുക്കുക.
  ഇപ്പോൾ.... ഏകനായി ജീവിക്കുമ്പോഴാണ് നിൻ്റെ അസാന്നിദ്ധ്യം എന്നെ തളർത്തുന്നത്.
  എൻ്റെ കാമുകിയുമായുള്ള രഹസ്യ ബന്ധം നീ കണ്ടു പിടിച്ചപ്പോഴും
  നിൻ്റെ കാമുകനുമൊത്തുള്ള രഹസ്യ ബന്ധം ഞാൻ കണ്ടു പിടിച്ചപ്പോഴും നമ്മൾ വഴക്കിട്ടത് അനാവശ്യമായിരുന്നു.
  പ്രിയേ....... എന്നോട് പൊറുക്കേണമേ........
  പല അവസരങ്ങളിലും നിൻ്റെ സ്വാതന്ത്ര്യത്തെ ഞാൻ നിഷേധിച്ചതും എൻ്റെ ഇംഗിതത്തിന് നീ വഴങ്ങാത്തതുമെല്ലാം ബാലിശമായിരുന്നു.
  പ്രിയേ....... എന്നോട് പൊറുക്കേണമേ.........."
  അപരിചിതനായ മദ്ധ്യവയസ്ക്കൻ്റെ പ്രാർത്ഥനയുടെ സംഗ്രഹം പൊതുവെ മനുഷ്യബന്ധങ്ങളിലെ യാഥാർത്ഥ്യമാണെന്ന് ലിയൊണിദാസ് പറഞ്ഞത് ശരിയാണെന്ന് ഞാനും സമ്മതിച്ചു.

***

Recent Post