അനുരാഗത്തിന്റെ ദിനങ്ങൾ

നിർബന്ധപൂർവ്വമായ ചോദ്യങ്ങൾക്ക് സോഫിയ നൽകിയ മറുപടി പ്രണയത്തെക്കുറിച്ചുള്ള എൻ്റെ മുൻ ധാരണകളെയെല്ലാം മാറ്റുവാൻ പോന്നതായിരുന്നു. യോർഗൊസിൻ്റെ പ്രണയം എന്നെ ശ്വാസം മുട്ടിക്കുന്നു എന്നാണ് നിരന്തരമായുള്ള എൻ്റെ ചോദ്യങ്ങൾക്ക് മറുപടിയായി സോഫിയ പറഞ്ഞത് .
Greek letters-22

ജോൺസ് മാത്യു
Greek letters-22
  ആതൻസിലെ അക്രൊപൊളിസിന് അരികിലുള്ള പൗരാണിക ആംഫിതിയറ്ററുകളിൽ ഒന്നാണ് ഓഡിയോൺ. ഗ്രീക്കുകാർ ഇതിന് ഇറോഡിയോൺ എന്നും പറയാറുണ്ട്. വിവിധ സാംസ്ക്കാരിക മേഖലകളിൽ കഴിവുകൾ പ്രകടിപ്പിച്ചവർക്ക് മാത്രമാണ് ഈ മനോഹരമായ തിയറ്ററിൽ അവസരം ലഭിക്കുക.
 പൗരാണിക നിർമ്മിതിയുടെ പ്രൗഡി പ്രകടമാക്കുന്ന പ്രാദേശിക കല്ലുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേജിന് പുറകിലെ കമാനങ്ങളോട് കൂടിയ വലിയ ചുമരും മാർബിളിൽ നിർമ്മിച്ച ഇരിപ്പിടവും കൃത്യതയാർന്ന ശബ്ദ വിന്യാസവും ഓഡിയോൺ തിയേറ്ററിന്റെ പ്രത്യേകതകളാണ്. ഓഡിയോൺ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഓഡിയൊ എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ഉൽഭവം. ഓഡിയോൺ ആംഫിതിയറ്ററിൽ വെച്ച് നാടകങ്ങൾ, സംഗീത കച്ചേരികൾ, ബാലെ തുടങ്ങി അനേകം സാംസ്കാരിക പരിപാടികൾ കാണുന്നതിന് എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്.



 പ്രഗൽഭനായിരുന്ന ഗ്രീക്ക് ക്ലാസിക്കൽ സംഗീതജ്ഞൻ മാനോസ് ഹഡ്ജിദാക്കിസിൻ്റ സംഗീതങ്ങളുടെ ഗാനസന്ധ്യ കേൾക്കുന്നതിനുള്ള സൗജന്യ പാസ് സുഹൃത്ത് സ്റ്റെല്ല എനിക്ക് നൽകി. ഒരു പാസിൽ രണ്ട് പേർക്കാണ് പ്രവേശനം എന്നതിനാൽ എന്നോടൊപ്പം സ്റ്റെല്ലയുടെ സുഹൃത്ത് സോഫിയയും ഉണ്ടായിരുന്നു. ആകർഷണീയമായ ആകാരവും സൗന്ദര്യവുമുള്ള സോഫിയയോടൊപ്പം ഗാനസന്ധ്യ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവരുടെ മൊബൈൽ ശബ്ദിച്ചു. അവരുടെ കാമുകൻ സമീപത്തുള്ള പാതയിലെ തവേർണയിൽ ഉണ്ടെന്നും എനിക്ക് താൽപര്യമുണ്ടെങ്കിൽ അവരോടൊപ്പം പങ്കുചേരാമെന്നും ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സോഫിയ പറഞ്ഞു.
 പ്ലാക്കയിലെ തവേർണയുടെ പുറത്തെ പാതയോരത്ത് നിരത്തിയ കസേരയിലിരുന്ന് ബിയർ കുടിക്കുന്ന യോർഗൊസിനെ സോഫിയ എനിക്ക് പരിചയപ്പെടുത്തി. ആതൻസിലെ ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലിയെടുക്കുന്ന മുപ്പത് വയസ്സോടടുത്ത യോർഗൊസ് സൈപ്രസിലാണ് ജനിച്ചത്.
  ഇംഗ്ലണ്ടിൻ്റെ കോളനിയായിരുന്ന സൈപ്രസിൽ വിവിധ പഠനങ്ങൾക്കായി അനേകം ഇന്ത്യൻ വിദ്യാർത്ഥികൾ എത്താറുണ്ടെന്ന് യോർഗോസ് പറഞ്ഞു. സംഭാഷണങ്ങൾക്കിടയിൽ രണ്ടു പേരും ആലിംഗനം ചെയ്ത് അവരുടെ പ്രണയസല്ലാപം തുടരുകയും ചെയ്തു. അടുത്ത ആഴ്ച യോർഗൊസും സോഫിയയും ഒരുമിച്ച് ഫ്രാൻസും ഇറ്റലിയും സന്ദർശിക്കുന്നതിൻ്റെ സന്തോഷം പങ്കുവെച്ചാണ് തവേർണയിൽ നിന്നു അർദ്ധരാത്രിയോടു കൂടി ഞങ്ങൾ പിരിഞ്ഞത്.
 രണ്ട് മാസങ്ങൾക്ക് ശേഷം തിനോസ് ദ്വീപിൽ വേനൽക്കാലം ചെലവഴിക്കുവാൻ സുഹൃത്ത് സ്റ്റെല്ല എത്തിയപ്പോൾ സോഫിയെക്കുറിച്ചും യോർഗൊസിനെക്കുറിച്ചും ഞാൻ അന്വേഷിച്ചു. അവർ രണ്ടു പേരും അടുത്ത ദിവസങ്ങളിൽ തിനോസ് ദ്വീപിൽ വരുന്ന കാര്യവും ഇന്ത്യൻ ഭക്ഷണം കഴിക്കുവാനുള്ള അവരുടെ ആഗ്രഹവും സ്റ്റെല്ല സൂചിപ്പിച്ചപ്പോൾ അടുത്ത ആഴ്ച രാത്രി ഭക്ഷണത്തിന് മൂന്ന് പേരേയും ഞാൻ ക്ഷണിച്ചു.
 രാത്രി ഭക്ഷണത്തിന് സ്റ്റെല്ല ഒരു കുപ്പി ചുകപ്പ് വൈനും യോർഗൊസും സോഫിയയും വ്യത്യസ്ത ഗ്രീക് മധുര പലഹാരങ്ങൾ നിറച്ച ഒരു പെട്ടിയുമായാണ് എത്തിയത്. അതിഥികൾ വൈൻ, മധുര പലഹാരങ്ങൾ, ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും കൊണ്ടുവരുന്നത് ഇവിടെ പതിവാണ്. ഞാൻ ഉണ്ടാക്കിയ ചപ്പാത്തിയും എരിവു കുറച്ചു പാകം ചെയ്ത ഉത്തരേന്ത്യൻ പരിപ്പുകറിയും വഴുതന റോസ്റ്റും തക്കാളി ചട്ട്ണിയും അവർക്ക് വളരെ ഇഷ്ടമായി. സൈപ്രസ് ദ്വീപിലെ ജീവിത രീതികളെക്കുറിച്ചും ബ്രിട്ടീഷ് കൊളൊണിയൽ വാഴ്ചക്കാലത്ത് അധിനിവേശ ഭരണകർത്താക്കൾ നടത്തിയ നരഹത്യകളും യോർഗൊസിൻ്റെ സംഭാഷണ വിഷയങ്ങളായിരുന്നു. സോഫിയക്ക് ഫുക്കൊയുടെയും ദീറീദയുടെയും ലേഖനങ്ങളോടായിരുന്നു താൽപര്യം. മനോരോഗ ചികിൽസകയായി ആതൻസിൽ സേവനം ചെയ്യുന്ന സ്റ്റെല്ല ചികിൽസ തേടി എത്തുന്നവരിലുള്ള ആത്മവിശ്വാസമില്ലായ്മയെക്കുറിച്ചായിരുന്നു സംസാരിച്ചത്.
 ഊഷ്മളമായ അത്താഴ വിരുന്ന് കഴിഞ്ഞ് യാത്ര പറയുമ്പോൾ അടുത്ത ആഴ്ചയിൽ യോർഗൊസും സോഫിയയും നടത്താനിരിക്കുന്ന ഉല്ലാസ കപ്പൽ യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. ഗ്രീസിലെ പെത്ര തുറമുഖത്തു നിന്നും ഇറ്റലിയിലേക്ക് പോകുന്ന ആഡംബര ഉല്ലാസ കപ്പലിലെ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് രണ്ടുപേരും ആവേശത്തോടു കൂടിയാണ് വിവരിച്ചത്. അവർ മൂന്ന് പേരും ഇന്ത്യൻ വിഭവങ്ങൾ ഒരുക്കിയതിന് നന്ദി പറഞ്ഞ് ശുഭരാത്രി ആശംസിച്ച് യാത്ര പറഞ്ഞു.
 കുറേ നാളുകൾക്ക് ശേഷം തിനോസ് ടൌണിലുള്ള സൂപ്പർമാർക്കറ്റിൽ വെച്ച് ഞാൻ സ്റ്റെല്ലയെ വീണ്ടും കണ്ടു. ബില്ലിലെ തെറ്റായ വിലയെക്കുറിച്ച് കൗണ്ടറിലുള്ള ജീവനക്കാരിയുമായി സ്റ്റെല്ല തർക്കിക്കുകയായിരുന്നു. ജീവനക്കാരി തെറ്റിന് ക്ഷമാപണം നടത്തിയ ശേഷം അധികമായി ഈടാക്കിയ പണം തിരികെ നൽകി.
 പുറത്ത് കടന്നപ്പോൾ രാക്കി കുടിക്കുവാൻ ടൗണിൻ്റെ തെക്കുഭാഗത്തുള്ള 'ല സട്രാഡ' കഫേനിയൊയിലേക്ക് സ്റ്റെല്ല എന്നെ ക്ഷണിച്ചു. കടലിന് സമീപത്തുള്ള 'ല സട്രാഡ' എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്. അവിടെ ഇരുന്ന് ആതൻസിൽ നിന്നും മറ്റു ദ്വീപുകളിൽ നിന്നും തിനോസ് ദ്വീപിൽ വന്നു പോകുന്ന വലിയ കപ്പലുകളും ഇരിപ്പിടത്തിന് മുൻവശത്തായി കടലിളക്കത്തിനനുസരിച്ച് ചാഞ്ചാടുന്ന കെട്ടിയിട്ട കൊച്ചു മൽസ്യബന്ധന ബോട്ടുകളും ആസ്വദിച്ച് രാക്കി നുണയുന്നത് അവാച്യമായൊരു അനുഭൂതിയാണ്.


  'ല സട്രാഡ' യിലെ ചെറുപ്പക്കാരിയായ ജീവനക്കാരി വന്നപ്പോൾ എനിക്കറിയാവുന്ന ഗ്രീക്ക് ഭാഷയിൽ "ഏന കരഫാക്കി രാക്കി മെ മെസെദസ് കെ ദിയൊ പോത്തിരാക്കി" എന്ന് ഞാൻ ഓർഡർ നൽകിയത് കേട്ട് സ്റ്റെല്ല അഭിനന്ദിച്ചു. ഞാൻ ഹൃദിസ്ഥമാക്കിയ വരികൾ ഇത് മാത്രമാണ് എന്ന മറുപടി കേട്ട് അവർ ചിരിച്ചു.
 ഗ്രീക് മൗലിക മദ്യമായ രാക്കി മുന്തിരിയിൽ നിന്നും വൈൻ നിർമ്മിച്ചതിന് ശേഷം ബാക്കി വരുന്ന അസംസ്കൃത വസ്തുവിൽ നിന്നും വാറ്റിയെടുത്താണ് ഉണ്ടാക്കുന്നത്. രാഖിയോടൊത്ത് വിവിധ തരം ലഘുഭക്ഷണങ്ങൾ നിറഞ്ഞ ഒരു കൊച്ചു പ്ലേറ്റും എത്തി. ചീസ്, സലാമി, വിനാഗിരിയിലിട്ട ഒലീവ്, കഷണങ്ങളായി മുറിച്ച നീരാളി, നേർത്തതായി മുറിച്ച കക്കിരി, തക്കാളി എന്നിവയും പ്ലേറ്റിൽ ഉണ്ടായിരുന്നു. രാക്കി കഴിക്കുവാൻ മാത്രമായി പ്രത്യേകം തയ്യാറാക്കിയ കൊച്ചു ഗ്ലാസുകൾ ഉണ്ട്. ഗ്ലാസുകളിൽ രാക്കി പകർന്ന് സ്റ്റെല്ലക്ക് നൽകിക്കൊണ്ട് ഞാൻ 'ഗ്യായാ....സു' എന്ന് ഗ്രീക്കിൽ അഭിവാദനം ചെയ്തു. സംഭാഷണത്തിനിടയിൽ യോർഗൊസിൻ്റെയും സോഫിയയുടെയും ഉല്ലാസ യാത്രയെക്കുറിച്ച് ആരാഞ്ഞപ്പോൾ സ്റ്റെല്ല ഒന്നു നെടുവീർപ്പിട്ടുകൊണ്ട് ഒരു സിഗരറ്റ് കത്തിച്ചു. കുറച്ചു നേരം എന്തോ ആലോചിച്ചതിന് ശേഷം അവർ കടലിലേക്ക് നോക്കിയിരുന്നു. അവർ എന്തുകൊണ്ടാണ് നിശബ്ദയായത് എന്നറിയാതെ ഞാൻ അക്ഷമനായപ്പോൾ വീണ്ടും ഗ്ലാസിൽ രാക്കി നിറച്ചു. സ്റ്റെല്ല സംസാരിച്ചു തുടങ്ങി "എന്താണ് അവർക്കിടയിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. കപ്പൽ യാത്ര തുടങ്ങിയതിന് ശേഷം സോഫിയ എന്നെ ഫോൺ ചെയ്തിരുന്നു. അവൾ യാത്ര പൂർത്തിയാക്കാതെ ആതൻസിലേക്ക് തിരിച്ചു വരികയാണെന്ന് പറഞ്ഞതിൻ്റെ കാരണം എനിക്ക് മനസ്സിലായില്ല. മനോരോഗ ചികിൽസാ സേവനത്തിൽ നീണ്ട കാലത്തെ പരിചയമുള്ള എനിക്ക് . നിർബന്ധപൂർവ്വമായ ചോദ്യങ്ങൾക്ക് സോഫിയ നൽകിയ മറുപടി പ്രണയത്തെക്കുറിച്ചുള്ള എൻ്റെ മുൻ ധാരണകളെയെല്ലാം മാറ്റുവാൻ പോന്നതായിരുന്നു. യോർഗൊസിൻ്റെ പ്രണയം എന്നെ ശ്വാസം മുട്ടിക്കുന്നു എന്നാണ് നിരന്തരമായുള്ള എൻ്റെ ചോദ്യങ്ങൾക്ക് മറുപടിയായി സോഫിയ പറഞ്ഞത് ". ഇത് പറഞ്ഞ് കൊണ്ട് സ്റ്റെല്ല രാക്കിയുടെ ഗ്ലാസിനോടൊപ്പം ഒരു കഷണം ചീസ് എടുത്തു. എൻ്റെ യൗവ്വനകാലത്തെ മാതൃകാ പ്രണയങ്ങൾ എല്ലാം ശ്വാസം മുട്ടിക്കുന്ന പ്രണയങ്ങളായിരുന്നു എന്ന് സ്റ്റെല്ല ആത്മഗതം ചെയ്തു.

***

Recent Post