പാതിരി പറഞ്ഞ പച്ചക്കള്ളം

കാമറൂണിൽ നിന്നു തുടങ്ങുന്ന യാത്ര ഹങ്കറി, പാരീസ് വഴിയാണെന്ന വിശദ വിവരവും ആതെൻസിൽ നിന്നും തിനോസ് ദ്വീപിൽ കപ്പലിൽ വന്നിറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും മറ്റൊരു മെയിൽ പാതിരി സൂചിപ്പിച്ചിരുന്നു.
Greek letters-21

ജോൺസ് മാത്യു
Greek letters-20
  ഒരു ഉച്ചനേരത്ത് തിനോസ് ദ്വീപിലെ ആഗ്യോ ഫോക്കാസ് കടലിൽ നീന്തിയ ശേഷം വസ്ത്രം മാറുമ്പോൾ കൊച്ചു തിരകൾ നോക്കിക്കൊണ്ടു് നിശബ്ദമായി ഇരിക്കുന്ന കറുപ്പും തവിട്ടു നിറവും ഇടകലർന്ന ഒരു പൂച്ചക്കുട്ടിയെ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. കടൽക്കരയിൽ വെയിൽ കൊണ്ടിരുന്നവരുടെയും കൗതുകമായി പൂച്ചക്കുട്ടി മാറി.
  അല്പം അകലെയായിരുന്ന യാനിസ് പൂച്ചക്കുട്ടിക്ക് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെള്ളമൊഴിച്ച് നൽകി. യാനിസിൻ്റെ ഭാര്യ കുറച്ചു റൊട്ടി കഷണങ്ങൾ പൂച്ചക്കുട്ടിക്ക് നൽകി. നിസ്സാരമായ ജീവിയോടുള്ള മൃദുലത കണ്ടപ്പോൾ അവർക്കരികിൽ ചെന്ന് അവരുടെ നല്ല പ്രവർത്തിയെ ഞാൻ അഭിനന്ദിച്ചു. പൂച്ചക്കുട്ടിക്ക് നൽകുവാൻ ഭക്ഷണ വസ്തുക്കൾ എൻ്റെ കൈവശമില്ലെന്നും വൈകുന്നേരം സുഹൃത്തിനോടൊപ്പം വരാമെന്നും പറഞ്ഞത് കേട്ടപ്പോൾ അവർക്ക് സന്തോഷമായി.
  കുമാരോസ് ഗ്രാമത്തിൽ താമസിക്കുന്ന യാനിസിന്റെയും ഭാര്യ എല്ലേനിയുടെയും വീട്ടിൽ ആറ് പൂച്ചകൾ ഉണ്ട്. കുറച്ചു നേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ഞങ്ങൾ പിരിഞ്ഞു.
  ഏകാകിയായി കടൽ നോക്കിയിരിക്കുന്ന പൂച്ചക്കുട്ടിയെ ക്കുറിച്ച് സുഹൃത്ത് കോസ്റ്റാസിനോട് പറഞ്ഞപ്പോൾ അയാൾ ഭക്ഷണം വാങ്ങി എന്നോടൊത്ത് ബൈക്കിൽ സന്ധ്യക്ക് കടൽക്കരയിൽ വന്നു. ഭക്ഷണം റോഡരുകിലെ കാറ്റാടി മരത്തിനരികെ വെച്ച് കോസ്റ്റാസ് ഗ്രീക് ശൈലിയിൽ പൂച്ചക്കട്ടിയെ വിളിച്ചു.


  നൊടിയിടയിൽ കടലിന് എതിർവശത്തെ പൊന്തക്കാട്ടിൽ നിന്ന് പൂച്ചക്കുട്ടി കോസ്റ്റാസിൻ്റെ സമീപത്ത് വന്ന് കരഞ്ഞു. ആർത്തിയോടു കൂടി ഭക്ഷണം കഴിച്ചു തീർത്ത് പൂച്ചക്കുട്ടി കോസ്റ്റാസിൻ്റെ കാൽപാദത്തിൽ ഉരസിക്കൊണ്ട് നിന്നു. കോസ്റ്റാസ് അതിനെ ബാഗിൽ വെച്ച് എനിക്ക് നൽകി.. എന്നെ വീടിനരുകിൽ ഇറക്കിയ ശേഷം കോസ്റ്റാസ് പൂച്ചക്കുട്ടിയുമായി വീട്ടിലേക്ക് പോയി.
  കുറേ മാസങ്ങൾക്ക് ശേഷം കുമാരോസ് ഗ്രാമത്തിലൂടെ നടക്കുമ്പോൾ യാനിസ് എനിക്കെതിരെ വന്നു. വിഷാദം മുറ്റി നിൽക്കുന്ന യാനിസിൻ്റെ മുഖഭാവത്തിൻ്റെ കാരണം അന്വേഷിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. അപ്രതീക്ഷിതമായി നിര്യാതയായ ഭാര്യയുടെ ഓർമ്മകൾ നിറഞ്ഞ കുമാരോസിലെ വീട് വിൽപനയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് വിഷമത്തിന് കാരണമെന്ന് യാനിസ് സൂചിപ്പിച്ചു. ഏക മകൻ കുടംബവുമായി ജർമ്മനിയിലാണ് ജോലി. ഒരു റിയൽ എസ്റ്റേറ്റ് വെബ് സൈറ്റിൽ വീടിൻ്റെ ചിത്രങ്ങളും വിവരണങ്ങളും നൽകിയതിനെ തുടർന്ന് വന്ന ഇമെയിലുകളിലൊന്നാണ് ഇപ്പോൾ യാനിസിൻ്റെ ജീവിതം തകരാറിലാക്കിയതെന്നു് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. യാനിസിൻ്റെ വിഷമാവസ്ഥ കണ്ടപ്പോൾ അയാളെ സഹായിക്കുവാൻ ഞാൻ തീരുമാനിച്ചു. ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് പഠിച്ചു വരുന്ന യാനിസ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ലാപ്ടോപ് തുറന്ന് വീട് വിൽപനയുമായി ബന്ധപ്പെട്ട ഇമെയിലുകൾ വായിക്കുവാൻ എന്നോട് നിർദേശിച്ചു.
  മെയിൽ അയച്ച വ്യക്തി തുർക്കിയിൽ ജനിച്ച ഗ്രീക്ക് പൗരനാണെന്നും ആഫ്രിക്കയിലെ കാമറൂൺ രാജ്യത്തിലെ ബെർടൗവ എന്ന സ്ഥലത്തെ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന്റെ പാതിരിയാണെന്നും യാനിസിൻ്റെ വീടിന്റെ പരസ്യം കണ്ടപ്പോൾ വളരെ നാളത്തെ ആഗ്രഹത്തിനൊത്ത വീടാണെന്ന് കണ്ടതു കൊണ്ടാണ് വാങ്ങുവാനുള്ള താൽപര്യം പ്രകടിപ്പിക്കുന്നതെന്നും ആദ്യത്തെ മെയിലിൽ വിവരിച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിയ മെയിലിൽ നിറയെ വ്യാകരണ തെറ്റുകളുണ്ടായിരുന്നു.
  ഒരു ഗ്രീക്ക് പൗരനും പാതിരിയുമായൊരാൾ വീട് വാങ്ങുവാൻ സന്നദ്ധനായത് യാനിസിനെ വളരെ സന്തോഷവാനാക്കി. അവർ തമ്മിലുള്ള ഇമെയിൽ ഇടപാടുകൾ നിർബാധം തുടർന്നതിൽ ചില വിലപേശലുകൾ നടന്നത് കണ്ടു. ഒടുവിൽ പാതിരി ഒരു സെപ്റ്റംബർ മാസത്തിൽ വീട് കാണുവാൻ വരുന്നുണ്ടെന്ന വിവരവും മെയിലിൽ ഉണ്ടായിരുന്നു.
  കാമറൂണിൽ നിന്നു തുടങ്ങുന്ന യാത്ര ഹങ്കറി, പാരീസ് എന്നീ രാജ്യങ്ങൾ വഴിയാണെന്ന വിശദ വിവരവും ആതെൻസിൽ നിന്നും തിനോസ് ദ്വീപിൽ കപ്പലിൽ വന്നിറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും മറ്റൊരു മെയിലിൽ സൂചിപ്പിച്ചിരുന്നു.
  എന്നാൽ തിനോസ് ദ്വീപിൽ എത്തേണ്ട ദിവസവും കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷവും പാതിരിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ യാനിസ് വീണ്ടും ഒരു മെയിൽ അയച്ചപ്പോഴാണ് ദുരൂഹത നിറഞ്ഞ മറുപടി ലഭിച്ചത്.
  വീടു വാങ്ങുവാൻ തയാറായി വരുന്നതിന്ന് മുൻപായി പാതിരിക്ക് വിമാന ടിക്കറ്റ് നൽകാമോ എന്നും തിനോസിൽ എത്തിയാൽ വീട്ടിൽ താമസിക്കാമോ എന്നൊക്കെ തമാശ രൂപേണ അന്വേഷിച്ചിരുന്നെങ്കിലും അതൊന്നും യാനിസ് കാര്യമായി എടുത്തില്ല. എന്നാൽ ഫ്രാൻസിലെ കസ്റ്റംസ് ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച മറുപടിയാണ് ഇപ്പോഴത്തെ വിഷമത്തിന് കാരണമായത്.
  ഒരു ബാഗിൽ നിറയെ പണവുമായി പാരീസ് എയർപോർട്ടിൽ നിന്നും ഗ്രീസിലേക്ക് യാത്ര ചെയ്യുവാൻ ശ്രമിച്ച പാതിരിയെ ഫ്രഞ്ച് കസ്റ്റംസ് തടഞ്ഞു വെച്ചിരിക്കയാണെന്നും യാനിസിൻ്റെ വീട് വാങ്ങുന്നതിനുള്ള പണമാണ് ബാഗിലുള്ളതെന്നും പാതിരി സാക്ഷ്യപ്പെടുത്തിയതിനാൽ യാനിസ് ഉടനെ പാരീസിൽ വന്ന് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ട് പാതിരിയെ മോചിപ്പിക്കുവാനുള്ള നിയമ നടപടികൾ കൈക്കൊള്ളണമെന്നും മറ്റുമായിരുന്നു ഇ മെയിലിലെ ഉള്ളടക്കം. പാരീസിലേക്ക് ഉടനെ എത്തിയില്ലെങ്കിൽ ഗ്രീക്ക് പോലീസുമായി ഫ്രഞ്ച് കസ്റ്റംസ് ബന്ധപ്പെടുന്നതാണ് എന്നൊരു ഭീഷണിയും അതോടൊപ്പം ഉണ്ടായിരുന്നു.
  ഇമെയിലുകൾ വായിച്ചതിന് ശേഷം എനിക്ക് ചിരി വന്നു. യാനിസ് കൂടുതൽ വിയർത്തു. എൻറെ ചിരി അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നുള്ള മുഖവുരയോടെ ഇതിലൊന്നും പേടിക്കാനില്ലെന്നും എല്ലാത്തിനും വഴിയുണ്ടെന്നും പറഞ്ഞു സമാധാനിപ്പിച്ചു. ഒരാൾക്ക് ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയിൽ കൈവശം കൊണ്ടുപോകുവാനുള്ള കറൻസിയുടെ പരിധി നിയമപരമായി നിജപ്പെടുത്തിയിട്ടുള്ളതിനാൽ ഫ്രഞ്ച് കസ്റ്റംസ് അയച്ച മെയിലിൽ സൂചിപ്പിച്ചത് കളവാണ്. വീട് വാങ്ങുന്നതിന് പാതിരിയുമായി യാനിസ് ഇതുവരെയും നിയമപരമായുള്ള യാതൊരു വിധ രേഖകളിലും ഒപ്പു വെച്ചിട്ടില്ലാത്തതിനാൽ മെയിലിൽ എഴുതിയത് മുഴുവനും കളവാണെന്ന് ഞാൻ തീർത്തു പറഞ്ഞു. കൂടാതെ രണ്ട് രാജ്യങ്ങളിലെ പൗരന്മാർ തമ്മിലുള്ള പണമിടപാടുകൾ പൂർണ്ണമായും ബാങ്കുകൾ വഴി മാത്രമെ നടത്തുവാൻ പാടുകയുള്ളൂ എന്ന ലളിതമായ കാര്യം കേട്ടപ്പോൾ യാനിസിന് ആശ്വാസമായി.
  യാനിസ് രണ്ടു ഗ്ലാസുകളിൽ രാക്കി പകർന്ന് ഒന്ന് എനിക്ക് നൽകി. ഫ്രഞ്ച് കസ്റ്റംസ് ഓഫീസിൽ നിന്നു ലഭിച്ച മെയിൽ ഞാൻ സൂം ചെയ്തു നോക്കി. ഒറ്റനോട്ടത്തിൽ വിശ്വാസയോഗ്യമായ മെയിലാണെന്നാണ് തെറ്റിദ്ധരിക്കാമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഫ്രഞ്ച് കസ്റ്റംസ് ഓഫീസിൻ്റെ ഔദ്യോഗിക ചിഹ്നവും തലവാചകവും അതിവിദഗ്ദ്ധമായി കട്ട് ആൻഡ് പേസ്റ്റ് നടത്തിയ മെയിൽ ആണെന്ന് ബോദ്ധ്യപ്പെട്ടു. ഇനി മുതൽ വീട് വിൽപനയുമായി ബന്ധപ്പെട്ടുള്ള മെയിലുകൾക്ക് മറുപടി നൽകേണ്ടതില്ലെന്ന് യാനിസിനോട് നിർദേശിച്ചുകൊണ്ടു് ഞാൻ തിരിച്ചു പോന്നു.
  കുറച്ചു നാളുകൾക്ക് ശേഷം സംതൃപ്തമായൊരു ചിരിയോടു കൂടി യാനിസ് ലാപ്ടോപ്പുമായി വീട്ടിൽ വന്നു. മെയിൽ ബോക്സ് തുറന്നു അതിൽ വന്ന നാല് മെയിലുകൾ വായിക്കുവാൻ നൽകി. ആദ്യത്തെ മെയിലിൽ ഉണ്ടായിരുന്ന ഭീഷണിയുടെ സ്വരം പിന്നീട് ഉണ്ടായിരുന്നില്ല. പകരം ദയനീയമായൊരു നിലവിളിയായിരുന്നു.
  യാനീസിന്റെ മറുപടികൾ നിലച്ചപ്പോൾ മറുഭാഗത്തുനിന്നും വിലപേശലുകളുടെ ഭാഷയിലായി ആശയ വിനിമയം. ആദ്യം പാതിരിയെ എയർ പോർട്ടിൽ നിന്നും മോചിപ്പിക്കുന്നതിന് 25000 ഡോളർ മെയിലിൽ നൽകിയ വിലാസത്തിൽ അയച്ചാൽ മതിയെന്നായിരുന്നു. പിന്നീടത് 10000 ഡോളർ ആയും വീണ്ടും കുറഞ്ഞ് 25 ഡോളർ ആയും ചുരുങ്ങിയത് കണ്ട് യാനിസ് മതിമറന്ന് ചിരിച്ചു.

***

Recent Post