ആനക്കൊമ്പിൽആഫ്രിക്കൻ കാരണവർ

നാൽപത് വർഷത്തോളം മരിയാനയും ഭർത്താവും ആഫ്രിക്കയിലെ കോംഗൊയിലാണ് ജീവിച്ചിരുന്നത്. തുണിമില്ലുകളുടെ ഉടമസ്ഥനായിരുന്ന ഭർത്താവിൻ്റെ മരണത്തിന് ശേഷം ആതൻസിലേക്ക് താമസം മാറിയ മരിയാനക്ക് വിവാഹിതരായ മൂന്ന് മക്കളും .
Greek letters-20

ജോൺസ് മാത്യു
Greek letters-20
  മരിയാനയെ പരിചയപ്പെട്ടത് ഗ്രീക് സുഹൃത്ത് ലിയൊണിദാസിൻ്റെ പിറന്നാൾ ദിനം ആഘോഷിക്കുവാൻ തിരഞ്ഞെടുത്ത ആതൻസിലെ ധനികർ താമസിക്കുന്ന കൊളൊണാക്കിയിലെ തവേർണയിൽ വച്ചാണ്. എഴുപതിലേറെ വയസുള്ള അവർ ലിയൊണിദാസിൻ്റെ സുഹൃത്ത് യാനിസിൻ്റെ അഛൻ്റെ സഹോദരിയാണ്.
 അഞ്ച് അടിയോളം ഉയരവും നീല നിറത്തിലുള്ള മുഴുക്കയ്യൻ സിൽക്ക് ബ്ലൗസും കറുത്ത പാൻ്റും കറുത്ത ഷൂസും ധരിച്ച അവരുടെ മുടി ഇളം റോസ് നിറത്തിലുള്ള കൊച്ചു പൂക്കൾ തുന്നിച്ചേർത്ത കറുത്ത നൈലോൺ നെറ്റു കൊണ്ട് ആവരണം ചെയ്തിട്ടുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ കയ്യിലുണ്ടായിരുന്ന വില കൂടിയ തുകൽ ബാഗിൽ നിന്ന് ചെറിയൊരു വാൽകണ്ണാടി എടുത്ത് അവർ ഇടക്കിടെ മുഖത്തെ മേക്കപ്പ് നോക്കുന്നത് കണ്ടു.
 ലിയൊണിദാസ് ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും അവരുടെ കൂട്ടുകാരൻ നഗരത്തിൽ കാത്തുനിൽക്കുന്നതിനാൽ പങ്കെടുക്കുവാൻ കഴിയില്ല എന്ന് സ്നേഹപൂർവ്വം പറഞ്ഞു. സംഭാഷണത്തിനിടയിൽ "എവിടെ നിന്നാണ് ഈ സുന്ദരൻ" എന്ന് എന്നെ നോക്കിക്കൊണ്ടു് തമാശയായി ചോദിച്ചു. ഇന്ത്യയിൽ നിന്നാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ എനിക്കരികിലേക്ക് വന്നു കണ്ണുകളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് "ഇന്ത്യൻ പുരുഷന്മാരുടെ കണ്ണുകൾ ,എത്ര സുന്ദരമാണ് " എന്ന് പറഞ്ഞത് കേട്ട് ലിയൊണിദാസ് ചിരിച്ചു.
 മറ്റൊരു സന്ദർഭത്തിൽ കാപ്പി കുടിക്കുവാൻ എന്നെയും ലിയൊണിദാസിനെയും വീട്ടിലേക്ക് ക്ഷണിച്ചതിന് ശേഷം അവർ യാത്ര പറഞ്ഞു. മരിയാനയുടെ രൂപഭാവങ്ങളിലും വസ്ത്രധാരണത്തിലും സമ്പന്നമായ ജീവിതം നയിക്കുന്നതിൻ്റെ അടയാളങ്ങളും പ്രായത്തെ മറച്ചുവെക്കുന്നതിലെ കയ്യടക്കവും പ്രതിഫലിച്ചിരുന്നു.
 കുറച്ചു നാളുകൾക്ക് ശേഷം ലിയൊണിദാസിനോടൊത്ത് മരിയാനയുടെ വസതിയിൽ ഞാൻ എത്തി. ധനികർക്ക് മാത്രം പ്രാപ്യമായ ആതൻസിലെ പൗരാണിക ഒളിംപിക് സ്റ്റേഡിയത്തിന് സമീപത്തുള്ള അപ്പാർട്ട്മെൻ്റിലെ മൂന്നാം നിലയിലാണ് മരിയാന താമസിക്കുന്നത്. അപ്പാർട്ട്മെൻ്റിൻ്റെ പ്രവേശന കവാടത്തിനരികിലുള്ള ചുമരിൽ താമസക്കാരുടെ പേർ പതിച്ചതിന് സമീപത്തായി ഒരു സ്വിച്ചും അതിനോട് ചേർന്ന് ഒരു സ്പീക്കറും ഉണ്ടു്. സ്വിച്ച്‌ അമർത്തിയാൽ മരിയാനയുടെ മൂന്നാം നിലയിൽ ബെൽ മുഴങ്ങും. വീടിനകത്തെ സ്വിച്ച് അമർത്തി കൊണ്ട് അതിനോട് ചേർന്നിരിക്കുന്ന മൈക്കിലൂടെ അതിഥിയുടെ പേർ ചോദിച്ചതിന് ശേഷം മരിയാന അപ്പാർട്ട്മെൻ്റിൻ്റെ പ്രവേശന കവാടത്തിൻ്റെ സ്വിച്ച് അമർത്തി ഞങ്ങൾക്കായി പ്രവേശന കവാടം തുറന്നു. അപ്പാർട്ട്മെൻ്റിനകത്തെ സ്വീകരണ മുറിയിലുള്ള ലിഫ്റ്റിൽ കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി.


  മരതക പച്ച നിറത്തിലുള്ള മുഴുക്കയ്യൻ സിൽക്ക് ബ്ലൗസും റോസ് നിറത്തിൽ മുട്ടിന് താഴെ വരെ ഇറക്കവുമുള്ള പാവാടയും ഇളം നീല നിറമുള്ള സുതാര്യമായ സിൽക് തൊപ്പിയും കാലുകളിൽ തൊലിയുടെ നിറമുള്ള സ്റ്റോക്കിൻസും ഷൂസും ധരിച്ച്‌ മരിയാന വാതിൽ തുറന്നു. സ്വീകരണ മുറിയിലെ സോഫ സെറ്റുകളും എഴുപതുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഗ്രാമഫോൺ റെക്കോർഡുകളോടൊപ്പമുള്ള വലിയൊരു റേഡിയോയും നിലത്ത് വിരിച്ചിട്ട വ്യത്യസ്ത ഡിസൈനുകൾ കൊണ്ട് ആകർഷകമാക്കിയ കാർപെറ്റുകളും ചുമരിൽ തൂക്കിയ മൗലികത്വമുള്ള എണ്ണഛായ ചിത്രങ്ങളും സെറാമിക് പൂ പാത്രങ്ങളും പൗരാണികതയുടെ കരവിരുത് പ്രകടമാക്കുന്ന വൈദ്യുത വിളക്കുകളും സീലിംഗ് വരെ ഉയരമുള്ള ലൈബ്രറിയിലെ തുകൽചട്ടയിട്ട തടിച്ച പുസ്തക ശേഖരങ്ങളും മറ്റു വിവിധ അലങ്കാര വസ്തുക്കളും സമ്പന്നതയുടെ അടയാളങ്ങളായിരുന്നു.
 മരിയാനയുടെ വീട്ട് കാര്യങ്ങളും മറ്റു ജോലികളും നോക്കി നടത്തുന്നത് ഫിലിപൈൻസിൽ നിന്നുള്ള മോഅ എന്ന ചെറുപ്പക്കാരിയാണ്. മോഅ ഒരു വെള്ളി താലത്തിൽ വെള്ളി കപ്പുകളിൽ ഗ്രീൻ ടി യുമായി വന്നു.
 നാൽപത് വർഷത്തോളം മരിയാനയും ഭർത്താവും ആഫ്രിക്കയിലെ കോംഗൊയിലാണ് ജീവിച്ചിരുന്നത്. തുണിമില്ലുകളുടെ ഉടമസ്ഥനായിരുന്ന ഭർത്താവിൻ്റെ മരണത്തിന് ശേഷം ആതൻസിലേക്ക് താമസം മാറിയ മരിയാനക്ക് വിവാഹിതരായ മൂന്ന് മക്കൾ ഉണ്ടു്. ആതൻസിൽ പലയിടത്തുമായി അവർ താമസിക്കുന്നു.
  ഇന്ത്യൻ പാചക രീതികൾ പഠിക്കുന്നതിന് ഭർത്താവിനോടൊത്ത് ഇന്ത്യ സന്ദർശിക്കുവാൻ ആഗ്രഹമുണ്ടായിരുന്നതിനെക്കുറിച്ചും ആഫ്രിക്കൻ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സമ്പന്നരായ യൂറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കൻ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും മരിയാന സംഭാഷണം നടത്തിയത് കൗതുകകരമായിരുന്നു.
 അതിനിടയിൽ ലിയൊണിദാസിൻ്റെ സുഹൃത്ത് യാനിസ് കടന്നു വന്നു. യാനിസിൻ്റെ കൈവശം മരിയാനക്കുള്ള കത്തുകൾ ഉണ്ടായിരുന്നു. അപ്പാർട്ട്മെൻറിലെ താമസക്കാരുടെ കത്തുകൾ താഴെയുള്ള പ്രവേശന കവാടത്തിനരികിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയാണ് പതിവ്.
  മരിയാന കത്തുകൾ ഓരോന്നും തുറന്നു വായിക്കുന്ന നേരം ബാഗിൽ വലിയൊരു പാത്രവുമായി മോഅ പുറത്തേക്ക് പോയി. സമീപത്തുള്ള ദേശീയോദ്യനത്തിലെ അനാഥ പൂച്ചകൾക്കുള്ള ഭക്ഷണമാണ് മോഅ കൊണ്ടു പോകുന്നത് എന്ന് കത്തുകൾ വായിച്ചു കൊണ്ടിരുന്ന മരിയാന പറഞ്ഞു. ലിയൊണിദാസും യാനിസും ഗ്രീക് രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മുറിയിലെ എണ്ണഛായ ചിത്രങ്ങളും ലൈബ്രറിയിലെ പുസ്തകങ്ങളും നോക്കിക്കൊണ്ടു് നടന്നു. കത്തുകൾ വായിച്ചു കൊണ്ടിരുന്ന മരിയാന അപ്രതീക്ഷിതമായി ഉച്ചത്തിൽ 'ഹൊ .......!' എന്നൊരു ശബ്ദം പുറപ്പെടുവിച്ചത് കേട്ട് ഞങ്ങൾ മൂന്ന് പേർക്കും പുറമെ മുറിയുടെ അകത്തു നിന്നു നീളമുള്ള രോമത്തോടു കൂടിയ ഒരു വെളുത്ത പൂച്ചയും മരിയാനയുടെ അരികിലെത്തി. അമ്പരന്ന മുഖഭാവത്തിൽ കയ്യിൽ നിവർത്തി പിടിച്ച കത്തുമായി ചലനമറ്റ് സോഫയിൽ ചാഞ്ഞിരുന്ന മരിയാനയുടെ മടിയിൽ പൂച്ച കയറിയിരുന്നു കരഞ്ഞു. യാനിസ് മരിയാനയുടെ തോളിൽ തട്ടി വിളിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന കത്ത് അവർ യാനിസിന് നൽകി. അത് ഗ്രീസിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്നുള്ള കത്തായിരുന്നു. യാനിസ് അകത്തു നിന്നും ഒരു ഗ്ലാസ് വെള്ളം നൽകി കൊണ്ട് സമാധാന വാക്കുകളാൽ മരിയാനയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. കാര്യം എന്താണെന്നു് അറിയാതെ ലിയൊണിദാസും ഞാനും സ്തബ്ധരായി നിൽക്കുമ്പോൾ അവരുടെ അരികിൽ സോഫയിൽ ഇരിക്കുവാൻ മരിയാന ഞങ്ങളോട് പറഞ്ഞു. എന്നിട്ട് ആത്മഗതമെന്ന പോലെ തുടർന്നു. രണ്ട് വർഷം മുൻപ് പരിചയപ്പെട്ട സ്റ്റെഫാനോസ് എന്ന മദ്ധ്യവയസക്കൻ മരിയാനയുമായി സൗഹൃദത്തിലായി. പ്രണയത്തിന് പ്രായമില്ലെന്ന് വിശ്വസിച്ചിരുന്ന മരിയാന ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയതിൽ വളരെ സന്തോഷിച്ചു. ഒരുമിച്ചുള്ള സായാഹ്ന നടത്തങ്ങളും അത്താഴവും ഉല്ലാസയാത്രകളും കടൽക്കരകളിലെ വിശ്രമങ്ങളും മരിയാനയുടെ ഏകാന്തതയെ നിറപകിട്ടുള്ളതാക്കി മാറ്റി. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപാണ് സ്റ്റെഫാനോസിൻ്റെ രഹസ്യമായ വിനോദത്തെക്കുറിച്ച് മരിയാന മനസ്സിലാക്കിയത്. വലിയ കാസിനൊകളിലെ പണം വെച്ചുള്ള ചൂതുകളിയുടെ ലഹരിക്ക് സ്റ്റെഫാനോസ് അടിമപ്പെട്ട വിവരം മരിയാനയെ നിരാശയാക്കി .എങ്കിലും അവർ സൗഹൃദം നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ചു.


  എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് മരിയാനയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പണം പിൻവലിക്കുവാൻ സ്റ്റെഫാനോസിനെ ഏൽപിച്ചപ്പോൾ എഴുതിയ സംഖ്യയിൽ കൂടുതൽ പണം എഴുതിയെടുത്തത് അറിഞ്ഞ ശേഷം മരിയാന ആ സൗഹൃദം അവസാനിപ്പിച്ചു. സ്റ്റെഫാനോസ് പല തവണയും അയാളുടെ തെറ്റായ പ്രവർത്തികൾക്ക് മാപ്പ് പറഞ്ഞെങ്കിലും മരിയാന സൗഹൃദം തുടർന്നില്ല.
 ബാങ്കിൽ നിന്നു ഇപ്പോൾ വന്നിരിക്കുന്ന കത്തിൽ അവരുടെ അക്കൗണ്ടിലെ വാർഷിക ഇടപാടുകളുടെ റിപ്പോർട്ടിൽ ആകെ തുകയിൽ നിന്നും നാലു ലക്ഷം യൂറോയുടെ കുറവ് രേഖപ്പെടുത്തിയത് കണ്ടതിനാലാണ് അവർ അമ്പരന്നു പോയത്. അതായത് കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴായും സ്റ്റെഫാനോസ് മരിയാനയുടെ ബാങ്ക് അക്കൌണ്ടിൽ നിന്നു രഹസ്യമായി കൂടുതൽ പണം പിൻവലിച്ചതിൻ്റെ രേഖകൾ വാർഷിക ഇടപാടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരിയാന സംഭാഷണം നിർത്തിയപ്പോൾ സമ്പന്നതയുടെ അടയാളങ്ങൾ നിറഞ്ഞ സ്വീകരണമുറിയിൽ നിശബ്ദത നിറഞ്ഞു. ആ നേരം മോഅ തിരിച്ചെത്തി.
 യാനിസ് അയാളുടെ അമ്മായിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ലിയൊണിദാസിനോടൊപ്പം യാത്ര പറയുവാനായി ഞാനും എഴുന്നേറ്റു. വാതിൽ വരെ മരിയാനയും യാനിസും വന്നു. വാതിൽ അടക്കുന്നതിന് മുൻപായി മരിയാന അകത്തു ചെന്ന് കയ്യിൽ ഒരു ചെറിയ പെട്ടിയുമായി തിരിച്ചെത്തി. പെട്ടി എനിക്ക് നൽകിക്കൊണ്ട് "കോംഗൊയിൽ നിന്നുള്ള ഒരു ചെറിയ സമ്മാനമാണ്" എന്ന് പറഞ്ഞു. മരിയാനയോട് നന്ദിയും യാത്രയും പറഞ്ഞ് ഞങ്ങൾ ലിയൊണിദാസിൻ്റെ അപ്പാർട്ട്മെൻറിൽ എത്തി ചേർന്നു. മരിയാന എനിക്ക് നൽകിയത് ആനക്കൊമ്പിൽ കൊത്തിയെടുത്ത ആഫ്രിക്കൻ കാരണവരുടെ ഒരു കൊച്ചു ശിൽപമായിരുന്നു.

***

Recent Post