ആളുയരത്തിൽ മഞ്ഞുറഞ്ഞ മാന

പുഴയ്ക്കക്കരെ ഒന്നുരണ്ട് ചായപ്പീടികകള്‍ കാണാം. 'ഇന്ത്യയിലെ അവസാനത്തെ ചായക്കട' എന്ന് ഹിന്ദിയില്‍ രണ്ടിടത്തും എഴുതിവെച്ചിട്ടുണ്ട്. അല്‍പ്പം മുന്‍പ് വ്യാസഗുഹയ്ക്ക് സമീപവും മറ്റൊരു 'ഇന്ത്യയിലെ അവസാനത്തെ ചായക്കട' കണ്ടിരുന്നു
കയ്യകലെ ഹിമാലയം- 10

മനോജ് മാതിരപ്പള്ളി
കയ്യകലെ ഹിമാലയം- 10
  ബദരീനാഥിലെ പ്രഭാതം. ശൈത്യത്തിന്റെ തീവ്രത മൂലമായിരിക്കണം വ്യാപാരശാലകളില്‍ അധികവും അടഞ്ഞുകിടക്കുകയാണ്. ക്ഷേത്രത്തിലേക്ക് നീളുന്ന വഴിയുടെ ഇരുപുറത്തുമുള്ള പീടികകള്‍ മാത്രമെ തുറന്നുവെച്ചിട്ടുള്ളൂ. ഏറെയും പൂജാസാധനങ്ങളും രോമക്കുപ്പായങ്ങളും വില്‍ക്കുന്ന കടകളാണ്. അതിനിടയിലൂടെ ക്ഷേത്രദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ തിക്കിത്തിരക്കുന്നു. കാഷായവസ്ത്രം ധരിച്ച് നടപ്പാതയില്‍ ഇരിക്കുന്നവരില്‍ പലരും കഞ്ചാവിന്റെ ആദ്യപുകയുടെ ലഹരിയിലാണ്.


  തീരത്തുകൂടി മാനാ ഗ്രാമത്തിലേക്ക് തിരിച്ചു. ബദരീനാഥില്‍നിന്നും നാലു കിലോമീറ്റര്‍ ദൂരമേയുള്ളൂ. വഴിയില്‍ പലയിടങ്ങളിലും സൈനികവാഹനങ്ങള്‍. പുഴയ്ക്കക്കരെ പട്ടാളക്യാമ്പ്. മാനായില്‍ എത്തുന്നതിനും തൊട്ടുമുന്‍പ് ഹിമപര്‍വ്വതങ്ങളുടെ മുകളിലേക്ക് കയറിപ്പോകുന്ന മറ്റൊരു പാത. ഇന്ത്യാ-ചൈനീസ് അതിര്‍ത്തിയായ മാനാപാസിലേക്കുള്ള റോഡാണ്. സൈനികവാഹനങ്ങള്‍ക്ക് മാത്രമെ ഇതുവഴി യാത്രാനുമതിയുള്ളൂ. കൈലാസദര്‍ശനത്തിനുള്ള പരമ്പരാഗത പാത കൂടിയാണിത്.
 മാനാ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളുടെയും ചുമരില്‍ പുരാണചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നു. ഗ്രാമത്തിന് നടുവിലൂടെയുള്ള ഇടുങ്ങിയ വഴിയുടെ ഇരുവശത്തെയും വീടുകളിലെ ഗ്രാമീണരില്‍ പലരും കമ്പിളിവസ്ത്രങ്ങള്‍ തുന്നിയെടുക്കുകയാണ്. ഇവരുടെ പ്രധാന വരുമാനമാര്‍ഗ്ഗവും ഇതുതന്നെ. സമുദ്രനിരപ്പില്‍നിന്നും 10,133 അടി ഉയരത്തിലുള്ള ഈ ചെറുഗ്രാമത്തില്‍ ശൈത്യകാലമാകുന്നതോടെ ആളുയരത്തില്‍ മഞ്ഞുറയും. ഇക്കാലത്ത് ഗ്രാമീണരെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറിതാമസിക്കുകയാണ് പതിവ്.
 പുരാണേതിഹാസവുമായി മാനാഗ്രാമത്തിന് ഏറെയടുപ്പമുണ്ട്. വേദവ്യാസന്‍ മഹാഭാരതം രചിച്ചതും വേദങ്ങളുടെ വിഭജനം നടത്തിയതും ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. സരസ്വതീനദിയുടെ തീരത്ത് ബദരീവൃക്ഷങ്ങള്‍ നിറഞ്ഞ മലഞ്ചെരിവിലുള്ള വേദവ്യാസന്റെ ആശ്രമത്തെപ്പറ്റി ഭാഗവതത്തില്‍ പരാമര്‍ശമുണ്ട്. ഗ്രാമത്തില്‍ തന്നെയുള്ള ഗുഹയില്‍ ആയിരുന്നുവത്രെ വേദവ്യാസന്‍ കഴിഞ്ഞിരുന്നത്. വ്യാസഗുഹ എന്നറിയപ്പെടുന്ന ഇതിനടുത്തായി ഗണേശഗുഹയും കാണാം. വേദവ്യാസന്‍ ചൊല്ലിക്കൊടുത്ത ഒരു ലക്ഷം മഹാഭാരതശ്ലോകങ്ങള്‍ ഗണപതി പകര്‍ത്തിയെഴുതിയ സ്ഥലം. ഈ രണ്ടു ഗുഹകളും ഇപ്പോള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
 മാനായിലെ ഇടുങ്ങിയ വഴികളിലൂടെ ചുറ്റിനടന്നു. എല്ലായിടത്തും യാത്രികരുടെ തിരക്കാണ്. ബദരീനാഥ് സന്ദര്‍ശിക്കുന്നവരില്‍ നല്ലൊരുപങ്കും ഇവിടേക്കും എത്തുന്നു. നാട്ടുഭക്ഷണം വിളമ്പിയും താമസസൗകര്യം ഒരുക്കിയും രോമക്കുപ്പായങ്ങള്‍ വിറ്റഴിച്ചും ഗ്രാമീണര്‍ സഞ്ചാരികളെ വരവേല്‍ക്കുകയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവരുടെ ഉപജീവനം തന്നെ ഇവിടെത്തുന്ന യാത്രികരെ ആശ്രയിച്ചാണെന്ന് പറയാം. ചെറുപ്പക്കാരും വൃദ്ധരുമെല്ലാം ഇത്തരത്തില്‍ ചെറിയൊരു വരുമാനമെങ്കിലും കണ്ടെത്തുന്നു.


  ഗ്രാമത്തിന് പുറത്തേക്കുള്ള വഴിയിലൂടെ സരസ്വതീനദിയുടെ തീരത്തെത്തി. ഋഗ്വേദത്തില്‍ നദിയായും ദേവതയായുമെല്ലാമാണ് സരസ്വതിയെ പരാമര്‍ശിച്ചിരിക്കുന്നത്. പില്‍ക്കാലത്ത് എപ്പോഴോ സരസ്വതീനദി ഭൂമിക്കടിയിലേക്ക് പോയിമറഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു. എങ്കിലും മാനാഗ്രാമത്തോട് ചേര്‍ന്ന് ഹിമപര്‍വ്വതങ്ങള്‍ക്കിടയിലൂടെ അല്‍പ്പദൂരത്തേക്ക് ഒഴുകുന്ന സരസ്വതിയെ കാണാം. പാറക്കെട്ടുകള്‍ക്ക് ഇടയില്‍നിന്നും ഉത്ഭവിക്കുന്നത് മുതല്‍ അല്‍പ്പം താഴെയുള്ള കേശവപ്രയാഗില്‍വെച്ച് അളകനന്ദയില്‍ ചേരുന്നതുവരെ മുന്നൂറോ നാനൂറോ മീറ്റര്‍ ദൂരമുണ്ടാവും. എന്നാല്‍ അളകനന്ദയില്‍ ചേരുന്നതിനും മുന്‍പേ സരസ്വതി ഭൂമിക്കടിയിലേക്ക് മറയുകയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പുഴയുടെ ഉത്ഭവസ്ഥാനത്ത് സരസ്വതിക്കായി ഒരു ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.


  പുഴയോരത്ത് തീര്‍ത്ഥജലം കുപ്പികളിലാക്കി വില്‍ക്കുന്ന ഗ്രാമീണര്‍. അങ്ങുമിങ്ങുമുള്ള കല്‍പ്പൊത്തുകളിലിരുന്ന് യാത്രികരെ അനുഗ്രഹിക്കുന്ന സന്യാസിമാര്‍.
 പുഴയ്ക്കക്കരെ ഒന്നുരണ്ട് ചായപ്പീടികകള്‍ കാണാം. 'ഇന്ത്യയിലെ അവസാനത്തെ ചായക്കട' എന്ന് ഹിന്ദിയില്‍ രണ്ടിടത്തും എഴുതിവെച്ചിട്ടുണ്ട്. അല്‍പ്പം മുന്‍പ് വ്യാസഗുഹയ്ക്ക് സമീപവും മറ്റൊരു 'ഇന്ത്യയിലെ അവസാനത്തെ ചായക്കട' കണ്ടിരുന്നു. എല്ലായിടത്തും ചായകുടിക്കാനും ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്ക്. അവിടെയൊരു ചായയ്ക്കായി കാത്തിരിക്കുമ്പോഴും സഞ്ചാരികളുടെ വരവ് നിലച്ചിരുന്നില്ല.

***

Recent Post