മൊണാസ്തിരിയിലെ ഇരപിടിയന്മാർ

സത്യസന്ധമല്ലാതെ സംഭാവന പിരിച്ചെടുക്കുന്ന രീതിയാണെന്നറിഞ്ഞിട്ടും ചെറിയൊരു തുക നൽകുവാനായി ഞാൻ പേഴ്സ് എടുക്കുമ്പോൾ അൽപം ദൂരെയായി ഇതെല്ലാം വീക്ഷിച്ചു കൊണ്ട് നിന്നിരുന്ന ഒരു ഇറ്റാലിയൻ സന്ദർശകൻ "ഒരിക്കലും നടക്കാത്ത ഗാനസന്ധ്യക്ക് വേണ്ടി നിങ്ങൾ പണം നൽകരുത്" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
Greek letters-19

ജോൺസ് മാത്യു
Greek letters-19
  ആതൻസിൻ്റെ പുരാതന ചരിത്ര ദർശന ഇടവും വിനോദ സഞ്ചാരികളുടെ പ്രളയവും കൊണ്ട് സമ്പുഷ്ടമായ സ്ഥലമാണ് പ്ലാക്ക എന്നറിയപ്പെടുന്ന പൗരാണിക മാർക്കറ്റ് (Ancient Agora) നിലനിൽക്കുന്ന ഇടം. പുരാവസ്തു ഖനനങ്ങളാൽ നിറഞ്ഞ ഇവിടം ചരിത്രാവശിഷ്ടങ്ങൾ ചിതറി കിടക്കുന്ന പരവതാനി പോലെയാണ്. പ്ലാക്കയുടെ സമീപത്തായാണ് തിരക്കേറിയ മെട്രൊ സ്റ്റേഷനുകളിൽ ഒന്നായ മൊണാസ്തിരി.
 പൗരാണിക കാലത്ത് ഇവിടെ ക്രിസ്ത്യൻ മൊണാസ്ട്രി ഉണ്ടായിരുന്നതായി പുരാവസ്തു ചരിത്ര രേഖകളിൽ സൂചനകളുണ്ടു്. ഹാഡ്രിയാൻ ലൈബ്രറിയും ഫ്ളീ മാർക്കറ്റും മൊണാസ്തിരി മെട്രോ സ്റ്റേഷന് സമീപത്താന്നുള്ളത്. കുറഞ്ഞ നിരക്കിൽ താമസം ലഭിക്കുന്ന ഹോട്ടലുകൾ ,ഭക്ഷണ ശാലകൾ തുടങ്ങിയവയും രാത്രിയിൽ സജീവമാകുന്ന നിശാക്ലബ്ബുകളും ബാറുകളും കൗതുക വസ്തു വിൽപനശാലകളും തുടങ്ങി പഴവർഗ്ഗങ്ങളും മറ്റു അലങ്കാര വസ്തുക്കളും വിൽക്കുന്ന കടകളും സുലഭമായുള്ളതിനാൽ വിനോദ സഞ്ചാരികളാൽ വേനൽക്കാലത്ത് ഇവിടം സജീവമാണ്.


  വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികൾ കുറച്ചു നാളുകൾ ആതൻസിൽ തങ്ങിയ ശേഷം ദേശാടനക്കിളികളെ പോലെ ഗ്രീസിലെ മനോഹരമായ മറ്റ് ഇടങ്ങളിലേക്ക് യാത്രയാവുകയാണ് പതിവ്. അപരിചിതരായ ജനസഞ്ചയത്തിനിടയിൽ നിശബ്ദരായി അവരവരുടെ തൊഴിലിൽ ജാഗരൂകരായി മുന്നേറുന്ന ഒരു കൂട്ടം മനുഷ്യരും ഇവിടെ സജ്ജീവമായുണ്ട്. പതിവ് ശൈലികളിൽ നിന്നും വളരെയേറെ വ്യത്യസ്ഥമായും സംശയത്തിന് ഇടകൊടുക്കാതെയും അതിവിദഗ്ദ്ധമായി പോക്കറ്റടിക്കുന്ന വിദേശ സംഘമാണത്. വഴി തെറ്റിയവരായും കൈവശമുള്ള ആതൻസ് നഗരത്തിൻ്റെ മാപ്പിലെ സ്ഥലം അന്വേഷിച്ചു കൊണ്ടും ഗ്രീക്ക് ഭാഷയിൽ അടയാളപ്പെടുത്തിയത് വായിച്ചെടുക്കുവാൻ സഹായമഭ്യർത്ഥിച്ചും മറ്റുമായി അടുത്തു വരുന്നവരുടെ ബാഗിലെ വില പിടിപ്പുള്ള വസ്തുക്കളുമായി നൊടിയിടയിലാണ് സംഘത്തിലുള്ളവർ അപ്രത്യക്ഷമാകുന്നത്.
 2017 ലാണ് ഈ രീതിയിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പുത്തൻ തട്ടിപ്പ് ശൈലി ആതൻസിൽ വെച്ച് ഞാൻ അനുഭവിച്ചത്.
 ഒരു ദിവസം വൈകുന്നേരം നാലു മണിക്ക് മൊണാസ്തിരിയിലെ റോമൻ കച്ചവട കേന്ദ്രത്തിൻ്റെ പുരാവസ്തുക്കളുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്ന എനിക്കരികിൽ ബലിഷ്ഠമായ ശരീരമുള്ള ഒരു ആഫ്രിക്കൻ വംശജൻ വന്നു നിന്നു. അവൻറെ ആകാരാധിപത്യം ആരെയും പിടിച്ചു നിർത്തുന്നതായിരുന്നു. സൗമ്യമായ ശബ്ദത്തിൽ അന്ന് വൈകുന്നേരം അവനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത സായഹ്നത്തെക്കുറിച്ചു സംസാരിക്കുവാൻ കുറച്ചു സമയം അനുവദിക്കാമോ എന്ന് ഇംഗ്ലീഷിൽ ചോദിച്ചു. ഗോത്രസ്മൃതികൾ നിറഞ്ഞ ആഫ്രിക്കൻ സംഗീതത്തിൻ്റെ താളലയം ഇഷ്ടപ്പെടുന്നതിനാൽ സംഗീത സന്ധ്യയെക്കുറിച്ച് സംസാരിക്കുവാൻ ഞാൻ അനുവദിച്ചു. വൈകുന്നേരം ഏഴുമണിക്ക് സമീപത്ത് വെച്ച് നടത്താനിരിക്കുന്ന ആഫ്രിക്കൻ ഗാനസന്ധ്യ എൻ്റെ കൈവശമുള്ള കാമറ കൊണ്ടു് ഷൂട്ട് ചെയ്യുവാൻ വരാമോ എന്നയാൾ അഭ്യർത്ഥിച്ചു. ഏഴു മണിക്ക് എനിക്ക് സുഹൃത്തുക്കളോടൊത്ത് പോകേണ്ടതിനാൽ അത് സാദ്ധ്യമല്ലെന്ന് പറഞ്ഞൊഴിഞ്ഞു. സ്വയം പരിചയപ്പെടുത്തി, എന്റെ പേരും നാടും അയാൾ ചോദിച്ചു. തീർത്തും അപ്രതീക്ഷിതമായി നിങ്ങൾ ദൈവവിശ്വാസിയാണോ എന്ന അയാളുടെ ചോദ്യം എനിക്ക് അരോചകമായി തോന്നിയപ്പോൾ ദൈവമെന്ന ആശയത്തെ വിവരിക്കാമോ എന്ന മറുചോദ്യം കൊണ്ട് അയാളെ നിശ്ശബ്ദനാക്കി.
 ആ സമയം അയാളുടെ സഹായി മറ്റൊരു ആഫ്രിക്കൻ വംശജനും അവിടെ എത്തി ചേർന്നു. ഗാനസന്ധ്യയുടെ പ്രചരണാർത്ഥം കറുപ്പും വെളുപ്പും നിറത്തിൽ ആഫ്രിക്കൻ നാടോടി മാതൃകയിൽ മുത്തുകളും കടൽ ചിപ്പികളും ചേർത്ത് കോർത്തിണക്കിയ കറുത്ത ബ്രേസ്ലെറ്റ് എൻ്റെ വലതു കൈത്തണ്ടയിൽ കെട്ടുവാൻ അയാൾ വിനീതനായി അഭ്യർത്ഥിച്ചു. കൈവളയില്ലാതെ സംഗീതം ആസ്വദിക്കാമെന്ന് പറഞ്ഞെങ്കിലും അത് പറ്റില്ലെന്നായി. ഒരു ബ്രേസ്ലെറ്റ് കെട്ടുന്നതിൽ വിഷമിക്കേണ്ട കാര്യമില്ലെന്നും അത് തീർത്തും സൗജന്യമാണെന്നും അതോടൊപ്പം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ സംഗീതാസ്വാദനം ശീലമാക്കിയ ഞാൻ അതിന് അനുവാദം നൽകിക്കൊണ്ടു് ഇടതു കൈത്തണ്ട ഉയർത്തി.
 കൈത്തണ്ടയിൽ ചരടുകെട്ടുമ്പോൾ അവൻ്റെ ജന്മനാടായ കെനിയയിലെ ആചാരപ്രകാരം എന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ശീലമുണ്ടെന്ന് സൂചിപ്പിച്ചതിന് ഞാൻ തലയാട്ടി. അയാൾ കണ്ണുകൾ ഇറുക്കി കൊണ്ടു് ഇസ്വാഹേലി ഭാഷയിൽ പിറുപിറുക്കുന്നതിനിടയിൽ എന്നോട് കണ്ണുകൾ അടക്കുവാൻ പറഞ്ഞതിന് പ്രാർത്ഥിക്കുമ്പോൾ ഞാൻ കണ്ണുകൾ അടക്കാറില്ല എന്ന് മറുപടി നൽകിയത് ഇഷ്ടപ്പെട്ടില്ല എന്നത് അവൻ്റെ മുഖത്ത് പ്രതിഫലിച്ചു. ഒരു ഗാനസന്ധ്യക്ക് വേണ്ടി നടത്തുന്ന പ്രചാരണ രീതിയിലെ ദുരൂഹത എവിടേക്കാണ് നയിക്കുക എന്ന് അറിയുവാനുള്ള ആകാംഷ എന്നിൽ വർദ്ധിച്ചു. രണ്ടു ആഫ്രിക്കൻ വംശജരും കണ്ണുകൾ അടച്ചു് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ ഒരാൾ ഗോത്രാചാര രീതി നടപ്പിലാക്കുകയാണെന്ന നാട്യത്തിൽ എൻ്റെ വലതു കൈതണ്ടയിൽ ബ്രേസ്ലെറ്റ് കെട്ടുവാൻ തുടങ്ങി. ഞങ്ങളുടെ ഇരുവശങ്ങളിലൂടേയും സന്ദർശകർ നടന്നു നീങ്ങിക്കൊണ്ടിരുന്നതിൻ്റെ ഇരമ്പൽ ഗോത്രാചാര പ്രാർത്ഥനയുടെ അന്തരീക്ഷം സൃഷ്ടിച്ചു.


 പ്രാർത്ഥനക്കിടയിൽ കൈത്തണ്ടയിൽ കെട്ടിയ വാച്ച് പതിയെ അഴിച്ചെടുക്കുവാനുള്ള അയാളുടെ ശ്രമം ഞാൻ തിരിച്ചറിഞ്ഞപ്പോൾ കൈത്തണ്ട പിൻവലിച്ച് ബേസ്ലെറ്റ് കെട്ടുന്ന പ്രവൃത്തി ഞാൻ ഏറ്റെടുത്തു. പ്രാർത്ഥന മുഴുവനാക്കുവാൻ അവസരം നൽകണമെന്ന് അവർ രണ്ടു പേരും തുടർച്ചയായി അപേക്ഷിച്ചു. ബാക്കിയായ പ്രാർത്ഥന നിങ്ങൾ തുടരൂ എന്ന് അവരോട് പറഞ്ഞ് ഞാൻ നടന്നു നീങ്ങിയപ്പോഴാണ് ഗാനസന്ധ്യാ നാടകത്തിൻ്റെ അടുത്ത രംഗം തുടങ്ങിയത്. പ്രാർത്ഥനക്ക് ഭംഗം വരുത്തിയത് അശുഭലക്ഷണമാണെന്ന് തുടർച്ചയായി ഉരുവിട്ടു കൊണ്ട് അവർ എൻ്റെ വഴി തടഞ്ഞു. ബലിഷ്ഠമായ ശരീരമുള്ള രണ്ടു പേരുമായി സൗഹൃദ സംഭാഷണം നടത്തി അവിടെ നിന്നും മാറി നടക്കുവാൻ ശ്രമിച്ചപ്പോൾ ഗാനസന്ധ്യയുടെ നടത്തിപ്പ് ചെലവിനായി അവർ സംഭാവന ആവശ്യപ്പെട്ടു. സംഗീത സന്ധ്യക്കുള്ള ചെലവിലേക്ക് സംഭാവന വാങ്ങുന്ന തന്ത്രപരമായ രീതി എനിക്കിഷ്ടപ്പെടാത്തതിനാൽ സംഭാവന നൽകുവാൻ താൽപര്യമില്ല എന്ന് അവരോട് പറഞ്ഞപ്പോൾ അവർ എൻ്റെ കൈത്തണ്ടയിൽ കെട്ടിയ ബ്രേസ്ലെറ്റിന് എനിക്ക് ഇഷ്ടമുള്ള സംഭാവന നൽകണമെന്നായി. സത്യസന്ധമല്ലാത്ത സംഭാവന പിരിച്ചെടുക്കുന്ന രീതിയാണെന്നറിഞ്ഞിട്ടും ചെറിയൊരു സംഭാവന നൽകുവാനായി ഞാൻ പേഴ്സ് എടുക്കുമ്പോൾ അൽപം ദൂരെയായി ഇതെല്ലാം വീക്ഷിച്ചു കൊണ്ട് നിന്നിരുന്ന ഒരു ഇറ്റാലിയൻ സന്ദർശകൻ "ഒരിക്കലും നടക്കാത്ത ഗാനസന്ധ്യക്ക് വേണ്ടി നിങ്ങൾ പണം നൽകരുത്" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
 അത് കേട്ടപ്പോൾ രണ്ടു പേരുടേയും മുഖം വിളറി മ്ലാനമായി. ഞാൻ കൈത്തണ്ടയിൽ കെട്ടിയ ബ്രേസ്ലെറ്റ് അഴിച്ചു അവർക്ക് തിരിച്ചു നൽകുവാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ആൾക്കൂട്ടത്തിൽ മറഞ്ഞു.

***

Recent Post