വാ വാ കുഴിയാനത്തുമ്പി ....

ന്യൂറോപ്റ്റിറ എന്ന വിഭാഗത്തിൽ പെടുന്ന ഒരിനം ഷഡ്പദങ്ങളുടെ ലാർവകൾ ആണ് കുഴിയാനകൾ . ശരീരം രോമത്താൽ നിറഞ്ഞതായിരിക്കും. ഉറപ്പു കുറഞ്ഞ മണ്ണിൽ ഫണൽ ആകൃതിയിലുള്ള കുഴികൾ ഉണ്ടാക്കാനുള്ള ഇവയുടെ കഴിവ് അപാരമാണ്."
കിഡ്സ് ബെറീസ്-5

ഷിനോജ് രാജ്
കിഡ്സ് ബെറീസ്-5
  കുഴിയാനക്കുഴിക്കടുത്തെത്തിയപ്പോൾ കുട്ടിക്കടുവ ക്കൊരു പേടി. കുഴിയിൽ നിന്നും കുഴിയാന മൂപ്പർ ചാടി ഒരു പിടുത്തം പിടിച്ചാലോ?
 പിന്നെയൊന്നും നോക്കിയില്ല ഓടി ... ഓടിയോടി അമ്മക്കടുവയുടെ അരികിൽ പോയി വീണു.
 ''എന്താടാ, നീ വല്ല ചുണ്ടെലീനേം കണ്ട് പേടിച്ചു പോയോ? " അമ്മ കണ്ണുരുട്ടി.
 "അല്ലമ്മേ... അതിലും വലുതാ... ഒരു കുഴിയാന."
 "ഹോ... ഞാങ്കരുതിയതിനേക്കാൾ ഭീകര ധൈര്യശാലി തന്നെയാ നീ..." അമ്മ വായ പൊത്തിച്ചിരിച്ചു.
 "അമ്മക്കതൊക്കെ പറയാം. ഒരു കുഴിയാന ഇരയെ കിട്ടിയാ ആദ്യം കാലിലാ പിടികൂടുക. പിന്നെ വലിച്ച് താഴേ മൺ ചുഴിയിലേക്ക് എത്തിക്കും. പാവം അമ്മ ഇതൊന്നും അറിയുന്നേയില്ല. "
 അമ്മക്കടുവ കുട്ടി കടുവയെ നോക്കി."നിനക്ക് വേറെ പണിയൊന്നുമില്ലേ''
 "കുഴിയാന ഇരയെ പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് നീര് കുടിക്കുന്ന ഒച്ച കേട്ട് ഉരുൾപൊട്ടൽ പോലും ഉണ്ടാവാറുണ്ടത്രേ."
 അമ്മക്കടുവ കോപം കൊണ്ട് തുള്ളി. "നിന്നെ ഞാൻ "എന്ന് പറഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും കുട്ടിക്കടുവ ഓടിപ്പോയിരുന്നു.
 രാത്രി കഥ കേൾക്കാൻ അമ്മക്കടുവയ്ക്കരികിൽ കിടക്കുമ്പോൾ കുട്ടിക്കടുവ പറഞ്ഞു.
 "അമ്മേ... എനിക്കിന്ന് കുഴിയാനയുടെ കഥ പറഞ്ഞു തന്നാൽ മതി."
 "നീയും നിൻ്റെയൊരു കുഴിയാനേം. ടാ.. പൊട്ടാ,മണ്ണിൽ ചെറിയ കുഴികളിൽ ജീവിക്കുന്ന കുഴിയാന എങ്ങനെയാടാ വലിയ ജീവികളെ പിടിക്കുക?"
 "ഒളിച്ചിരുന്ന് വലിച്ചെടുത്ത് കൊണ്ടോവും."
 "ഒരു ഇത്തിരി കുഞ്ഞന് എങ്ങനെയെടാ പോത്തക്ക നായ നിന്നെ പോലെയുള്ളവരെ പിടിക്കാൻ കഴിയുക?"
 " ശരിയാണല്ലോ. അമ്മക്കടുവയുടെ മീശയുടെ അറ്റം പതുക്കെ പിടിച്ച് വലിച്ചുകൊണ്ട് കുട്ടിക്കടുവ ഓർത്തു."
 " അപ്പോൾ ആരാ അമ്മേ... ഈ കുഴിയാന ശരിക്കും?"
 "ഉറുമ്പുകളെയും ചെറു പ്രാണികളെയും കുഴിയിൽ വീഴ്ത്തി ഭക്ഷിക്കുന്ന ഒരു ചെറു ജീവി തന്നെ.ഇരകളെ പിടിക്കാൻ മണ്ണ് ശക്തിയായി പുറത്തേക്ക് തെറിപ്പിക്കും.
 "ങേ" കുട്ടിക്കടുവ ഉറക്കെ ഒച്ചയുണ്ടാക്കി. "അപ്പം ഇത് ആനയുടെ കുട്ടിയല്ലേ?"


  "കൂനയുടേതാ ... ഡാ, ന്യൂറോപ്റ്റിറ എന്ന വിഭാഗത്തിൽ പെടുന്ന ഒരിനം ഷഡ്പദങ്ങളുടെ ലാർവകൾ ആണ് കുഴിയാനകൾ .ഇവയുടെ ശരീരം രോമത്താൽ നിറഞ്ഞതായിരിക്കും. ഉറപ്പു കുറഞ്ഞ മണ്ണിൽ ഫണൽ ആകൃതിയിലുള്ള കുഴികൾ ഉണ്ടാക്കാനുള്ള ഇവയുടെ കഴിവ് അപാരമാണ്."
  "ഒക്കെ ശരി തന്നെ. പക്ഷേ,എന്തിനാ ഈ ചെറിയതിനൊക്കെ ഇങ്ങനെത്തെ കടിച്ചാൽ പൊട്ടാത്ത പേര്? "
 "ഏത് ന്യൂറോപ്റ്റിറ എന്നതോ? ധാരാളം ഞരമ്പുകളുള്ള ചിറകുകൾ എന്നാണതിനർത്ഥം. "
 " അപ്പ ദ് ന്താ... കുഴ്യാന പക്ഷ്യോ?"
 അമ്മക്കടുവ കുട്ടിക്കടുവയുടെ തലയിൽ തലോടിക്കൊണ്ട് രണ്ടു ചെവിയും പിടിച്ചു തിരുമ്മി .
 "ഘ്രാ "എന്ന ഒരലർച്ചയൊക്കെ ഉണ്ടാക്കിയെങ്കിലും കഥ കേൾക്കാൻ ഇരിക്കുന്നതു പോലെ കുട്ടിക്കടുവ അമ്മയെ ചാരിചേർന്നിരുന്നു."
 "കുഴിയാന ലാർവയാണെന്ന് പറഞ്ഞില്ലേ .ലാർവ വളർച്ചയെത്തിയാൽ പിന്നെ സമാധി ഘട്ടത്തിലേക്ക് കടക്കും.അതായത് പ്യൂപ്പയാവും. ഈപ്യൂപ്പകളുടെ ശരീരത്തിന് പുറത്ത് മിക്കവാറും എല്ലാറ്റിനും സിൽക്ക് കൊണ്ടുള്ള ഒരാവണം രൂപം കൊള്ളാറുണ്ട്. മണ്ണിലെ പൂർണ വളർച്ചയെത്തിയ പ്യൂപ്പകളിൽ നിന്ന് നീണ്ടു കൂർത്ത രൂപമുള്ള ഒരു പറക്കുന്ന ഷഡ്പദമുണ്ടാവുന്നു. അതിന് രണ്ടു ജോഡി നീണ്ടചിറകുകളും ഉണ്ടാവും. കാഴ്ചയ്ക്ക് സൂചിത്തുമ്പി പോലെയുണ്ടാവും."


  "അപ്പോൾ തുമ്പിയെയും ഇവയെയും എങ്ങനെ തിരിച്ചറിയും.?"
 " അതിനൊക്കെ വഴിയുണ്ട്. കുഴിയാനത്തുമ്പിയുടെ സ്പർശിനികൾ മിക്കവാറും നീണ്ടുനേർത്തതും അറ്റം വീർത്തതുമായിരിക്കും."
 " പിന്നേ... ദാ... തുമ്പി അവിടെ നിൽക്ക് നിൻ്റെ സ്പർശി നോക്കട്ടെ. നീ തുമ്പിയാണോ കുഴിയാനത്തുമ്പിയാണോ എന്ന് പരിശോധിക്കട്ടെ. എന്നൊക്കെ പറഞ്ഞ് നിരീക്ഷിക്കാൻ പറ്റുമോ എൻ്റെ അമ്മേ... മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ?"
 "പോട. നിൻ്റെ പോലെയല്ല.വിവരമുള്ളവർക്ക് അതൊക്കെ മനസ്സിലാവും. പിന്നെ, തുമ്പികളെ പോലെ പല പല നിറത്തിൽ ഇവയെ കാണാൻ സാധിക്കില്ല.മിക്കവാറും എല്ലാ കുഴിയാനത്തുമ്പികൾക്കും കറുപ്പ് കലർന്ന ചാരനിറമായിരിക്കും. പല തിൻ്റെ ചിറകുകളിലും പുള്ളികൾ കാണാം."
 "അപ്പോൾ ഞാൻ നാളെ രാവിലെത്തന്നെ കുഴിയാനത്തുമ്പിയെ കണ്ടു പിടിച്ച് ചാരത്തുമ്പീന്ന് വിളിച്ച് പുറകെ ഓടിപ്പോയി തൊട്ടു വരാം."



 "അതിന് കുഴിയാനത്തുമ്പികൾ ഭൂരിപക്ഷവും രാത്രി സഞ്ചരിക്കുന്നവയാണ്."
 " അപ്പം പകലോ?"
 " പകലിൽ ഇവ ഏതെങ്കിലും മരത്തടിക്ക് മുകളിലോ ചെടികൾക്കു മോളിലോ മതിലിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കും."
 "അപ്പം രാത്രി തന്നെയാണ് പറ്റിയ സമയം "
 "എന്തിന്?"
 "കുഴിയാനത്തുമ്പിയോട് മിണ്ടിപ്പറയാൻ."
 "ടാ ... അവിടെ നിൽക്കാൻ." അമ്മക്കടുവ ആർത്തു പറഞ്ഞെങ്കിലും കുട്ടിക്കടുവ ഓടിക്കഴിഞ്ഞിരുന്നു. നിലാവിൽ വാലുയർത്തിയുള്ള അവൻ്റെ ഓട്ടം ഒട്ടും ഭംഗിയുണ്ടായിരുന്നില്ല.


  " നീ ഇങ്ങ് വാ... ഏതെങ്കിലും കട്ടുറുമ്പിനെ കണ്ട് പേടിച്ച് .വച്ചിട്ടുണ്ട് ഞാൻ ." അമ്മയ്ക്കടുവ വിളക്ക് കെടുത്തി വാതിലടച്ചു.

***

Recent Post