പർവതങ്ങൾക്ക് താഴെ ബദരീനാഥ്

റാവൽ എന്നാ ണ് ബദരീനാഥിലെ പൂജാരി അറിയപ്പെടുന്നത്. സംസാരിക്കുന്ന ബദരീനാഥന്‍ തന്നെയാണ് റാവല്‍ എന്ന് ഗഡ്‌വാളികള്‍ വിശ്വസിക്കുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ഇപ്പോഴത്തെ റാവല്‍.
കയ്യകലെ ഹിമാലയം-9

മനോജ് മാതിരപ്പള്ളി
കയ്യകലെ ഹിമാലയം-9
  നേരം പുലര്‍ന്നപ്പോള്‍ ഗോവിന്ദ്ഘട്ടില്‍നിന്നും ബദരീനാഥിലേക്ക് തിരിച്ചു. ദുര്‍ബ്ബലമായ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന അളകനന്ദ യാത്രയിലുടനീളം കൂടെയുണ്ട്. രാത്രിയിലെ തണുപ്പിന് വലിയ കുറവില്ലാത്തത് കൊണ്ടാവണം നിരത്തില്‍ കാര്യമായ തിരക്കില്ല. അപൂര്‍വ്വം ചില വാഹനങ്ങള്‍ മാത്രം കാണാം. ഏതാനും കാഷായ വസ്ത്രധാരികള്‍ പാതയോരത്തുകൂടി ബദരീനാഥിലേക്ക് നടന്നുപോകുന്നു. പണിയായുധവുമായി കൃഷിയിടങ്ങളിലേക്ക് പോകുന്ന ഗ്രാമീണരെയും കണ്ടു.
 കുറച്ചുദൂരം പിന്നിട്ടപ്പോഴേയ്ക്കും പാണ്ഡുകേശ്വറിലെത്തി. ഇരുനൂറ്റമ്പതോളം കുടുംബങ്ങള്‍ മാത്രം വസിക്കുന്ന ഗഡ്‌വാള്‍ ഗ്രാമമാണ് പാണ്ഡുകേശ്വര്‍. ഇവിടുത്തെ മനുഷ്യര്‍ പറഞ്ഞുതരുന്ന നാട്ടുകഥകളും ഐതിഹ്യപ്പെരുമയുമെല്ലാം മഹാഭാരതവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. കുന്തിയോടും മാദ്രിയോടുമൊപ്പം പാണ്ഡു കുറച്ചുകാലം ഇവിടെ വിശ്രമജീവിതം നയിച്ചിരുന്നുവെന്നും, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മരണകാരണമായ മുനിശാപം ഏല്‍ക്കേണ്ടി വന്നത് ഈ ഗ്രാമത്തില്‍ വെച്ചാണെന്നുമാണ് നാട്ടുമൊഴി. പിന്നീട്, അദ്ദേഹത്തിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ക്കായി പഞ്ചപാണ്ഡവര്‍ ഇവിടെത്തിയെന്ന കഥയും കേള്‍ക്കാം.


  ഏതുസമയവും മലയിടിയാവുന്ന അപകടകരമായ പാതകളാണ് ഈ ഭാഗത്തുള്ളത്. ഒരുവശത്ത് കുത്തനെയുള്ള പര്‍വ്വതം. മറുവശത്ത് അളകനന്ദ. അതിനപ്പുറവും ഹിമാലയം. പലയിടങ്ങളിലും തുരന്നെടുത്തിരിക്കുന്ന പാറക്കെട്ടുകള്‍ക്ക് അടിയിലൂടെയാണ് യാത്ര. മുകളില്‍നിന്നും കല്ലുകള്‍ അടര്‍ന്നുവീഴാതിരിക്കാന്‍ വലിയ ഇരുമ്പുവലകള്‍ ഉറപ്പിച്ചിരിക്കുന്നു. എന്നിട്ടുപോലും പൊട്ടിവീണ അനേകം കല്ലുകള്‍ വഴിയോരങ്ങളില്‍ ചെറുകുന്നുകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. അതിന് മുകളിലൂടെ മേഞ്ഞുനടക്കുന്ന ഒരുപറ്റം വരയാടുകള്‍.
  ഹനുമാന്‍ചട്ടി എന്ന സ്ഥലമെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടിനിര്‍ത്തി. പുറത്തിറങ്ങിയ അദ്ദേഹം വഴിയോരത്തെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി തൊഴുതുകാണിക്കയിട്ടു. ബദരീനാഥിലേക്ക് പോവുകയും ഹരിദ്വാറിലേക്ക് മടങ്ങുകയും ചെയ്യുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാരും അങ്ങനെതന്നെ ചെയ്യുന്നത് കണ്ടു. എല്ലാ തരത്തിലുള്ള യാത്രാവിഘ്‌നങ്ങളും അകറ്റാന്‍ ഹനുമാന്‍സ്വാമി പ്രസാദിക്കണമത്രെ. പണ്ട്, പാഞ്ചാലിക്കുവേണ്ടി കല്യാണസൗഗന്ധികം പറിക്കാന്‍ പോയ ഭീമസേനന് മുന്നില്‍ വിഘ്‌നം സൃഷ്ടിച്ചുകൊണ്ട് വൃദ്ധവാനരന്റെ രൂപത്തില്‍ ഹനുമാന്‍ കിടന്നിരുന്ന സ്ഥലമാണ് ഹനുമാന്‍ചട്ടി.
 മലഞ്ചെരിവിലൂടെ കൂടുതല്‍ വളവും തിരിവുമായി മുകളിലേക്ക് കയറിപ്പോകുന്ന പാതകള്‍ താണ്ടി യാത്ര തുടര്‍ന്നു. അധികം വൈകാതെ ആകാശം മുട്ടിയതുപോലെ മഞ്ഞുറഞ്ഞ കൊടുമുടികള്‍ കണ്ടുതുടങ്ങി. നര-നാരായണ പര്‍വ്വതവും നീലകണ്ഠ പര്‍വ്വതവുമാണ്. അവയുടെ താഴ്‌വാരത്ത് സ്ഥിതിചെയ്യുന്ന ബദരീനാഥന്റെ മണ്ണില്‍ എത്തിയപ്പോഴേക്കും തിരക്കേറിയിരുന്നു. റോഡിലും വഴിയോരത്തെ വിശ്രമകേന്ദ്രങ്ങളിലും വ്യാപാരശാലകളിലുമെല്ലാം തീര്‍ത്ഥാടകര്‍ തിക്കിത്തിരക്കി. മിക്കവാറും സ്ഥലങ്ങളിലെല്ലാം അതിര്‍ത്തിരക്ഷാസേനയുടെ സജീവസാന്നിധ്യം. ബദരീനാഥില്‍നിന്നും 53 കിലോമീറ്റര്‍ അകലെ മഞ്ഞുമലകള്‍ക്ക് അപ്പുറം ചൈനയാണ്.


  ചാര്‍ധാമുകളില്‍ നാലാമത്തെ തീര്‍ത്ഥാടനകേന്ദ്രമാണ് ബദരീനാഥ്. ടിബറ്റന്‍ വാസ്തുവിദ്യയോട് അടുത്തുനില്‍ക്കുന്ന ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തില്‍ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. അളകനന്ദയില്‍ ആണ്ടുകിടന്ന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യര്‍, ഇവിടുത്തെ പൂജാരിമാര്‍ കേരളത്തില്‍നിന്നുള്ള നമ്പൂതിരി ബ്രാഹ്‌മണര്‍ ആയിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. റാവല്‍ എന്നാണ് ബദരീനാഥിലെ പൂജാരി അറിയപ്പെടുന്നത്. സംസാരിക്കുന്ന ബദരീനാഥന്‍ തന്നെയാണ് റാവല്‍ എന്ന് ഗഡ്‌വാളികള്‍ വിശ്വസിക്കുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ഇപ്പോഴത്തെ റാവല്‍.
  ശൈത്യകാലമായാല്‍ ആറുമാസത്തോളം ക്ഷേത്രം അടച്ചിടും. ഇക്കാലത്ത് ദേവന്മാരാണത്രെ ഇവിടെ പൂജ ചെയ്യുന്നത്. കേദാര്‍നാഥില്‍നിന്നും ബദരീനാഥില്‍ എത്തണമെങ്കില്‍ റോഡുമാര്‍ഗ്ഗം 250 കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാല്‍, മഞ്ഞുമലകള്‍ താണ്ടിയുള്ള നടപ്പാതയാണെങ്കില്‍ ദൂരം 35 കിലോമീറ്ററില്‍ താഴെയാണെന്ന് പറയപ്പെടുന്നു. സത്യയുഗത്തില്‍, കേദാര്‍നാഥില്‍ പ്രഭാതപൂജ ചെയ്യുന്ന പൂജാരി തന്നെയാണ് എളുപ്പവഴികളിലൂടെ ബദരീനാഥിലെത്തി സന്ധ്യാപൂജ ചെയ്തിരുന്നതെന്നാണ് വിശ്വാസം.


  ക്ഷേത്രദര്‍ശനത്തിനായി തീര്‍ത്ഥാടകരുടെ വന്‍തിരക്കാണ്. പല ദേശങ്ങളില്‍നിന്നും എത്തിയവര്‍. പല പ്രായത്തിലുള്ളവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. ഒറ്റയ്ക്കും കൂട്ടായും എത്തിയവര്‍. ദര്‍ശനത്തിനുള്ള ക്യൂവിന്റെ ദൂരം ഒരു കിലോമീറ്ററോളമായി. തീര്‍ത്ഥാടകരുടെയും ഭിക്ഷക്കാരുടെയുമെല്ലാം ശബ്ദത്തിലമര്‍ന്ന് ക്ഷേത്രത്തിന് മുന്നിലൂടെ അളകനന്ദ പതഞ്ഞൊഴുകി കൊണ്ടേയിരിക്കുന്നു.
ചിത്രങ്ങള്‍
1. പാണ്ഡുകേശ്വര്‍
2. ഹനുമാന്‍ചട്ടി ക്ഷേത്രം
3. ബദരീനാഥ് ക്ഷേത്രം
4. ബദരീനാഥിലെത്തിയ തീര്‍ത്ഥാടകര്‍
5. അളകനന്ദ
6. ക്ഷേത്രപരിസരത്തെ ഭിക്ഷക്കാര്‍

***

Recent Post