സാന്തോറിനി ദ്വീപിലെ കാക്കകൾ

മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിലെ ചില സന്ദർഭങ്ങളുടെ അർത്ഥ തലങ്ങൾ വിശദമാക്കുന്ന ഡച്ച്‌ ഭാഷയിൽ എഴുതിയ കാക്കശാസ്ത്രമായിരുന്നു ആ പുസ്തകം.
Greek Letters-18

ജോൺസ് മാത്യു
സാന്തോറിനി ദ്വീപിലെ കാക്കകൾ
  2002 ലാണ് ഗ്രീസിലെ ചരിത്ര പ്രാധാന്യമുള്ളതും വശ്യമനോഹരവുമായ സാന്തോറിനി ദ്വീപ് സന്ദർശിക്കുവാൻ അവസരമുണ്ടായത്. ആതൻസിലെ പിറെയോസ് തുറമുഖത്തു നിന്നും രാവിലെ പുറപ്പെടുന്ന കപ്പൽ വൈകുന്നേരമാണ് സന്തോറിനി ദ്വീപിൽ എത്തിച്ചേരുക. ഗ്രീക് പൗരാണിക നാഗരിക ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന അറ്റ്ലാൻ്റിസ് നഗരം ഇവിടെയായിരുന്നതായി പുരാവസ്തു ഖനനത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ നാഗരിക സംസ്കാരങ്ങളുടെ ഉൽഭവമെന്ന് കരുതപ്പെടുന്ന മിനോവൻ സംസ്ക്കാര ചരിത്രത്തിൻ്റെ നിബിഡമായ അടയാളങ്ങൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. സന്തോറിനി ദ്വീപിന് 'തെറ' എന്നും ഗ്രീക്കുകാർ വിളിക്കാറുണ്ട്.
 മുൻ കാലങ്ങളിൽ ഉണ്ടായ അത്യുഗ്ര അഗ്നിപർവ്വത സ്ഫോടനത്തിൽ ഈ ദ്വീപിൻ്റെ വലിയൊരു ഭാഗം കടലിൽ താഴ്ന്നു പോവുകയുണ്ടായി. ദ്വീപിലേക്ക് നടത്തിയ കപ്പൽ യാത്രയിലാണ് സഹയാത്രികരായ ബൽജിയൻ സ്വദേശി ബാർട്ടിനെയും ജീവിത പങ്കാളി ഹന്നയെയും പരിചയപ്പെട്ടത്. കപ്പലിൻ്റെ ഡെക്കിൽ നിന്നു വിശാലമായ ഏജിയൻ കടലിലെ മറ്റു ദ്വീപുകൾ ആസ്വദിച്ചു സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന എനിക്കരികിൽ ആറടിയിലേറെ ഉയരവും അതിനൊത്ത തടിയുമുള്ള ബാർട്ട് ലൈറ്റർ ആവശ്യപ്പെട്ടാണ് വന്നത്. കൈവശമുള്ള ലൈറ്റർ കേടായതിനെക്കുറിച്ചും ഗ്രീക് ദ്വീപുകളുടെ മാന്ത്രിക സൗന്ദര്യത്തെക്കുറിച്ചും സംസാരിച്ചതിനു ശേഷം അയാൾ തിരിച്ചുപോയി.
 സന്തോറിനിയിൽ എത്തിച്ചേരുവാൻ ഇനിയും എട്ടു മണിക്കൂർ ബാക്കിയുണ്ടായിരുന്നതിനാൽ ഞാൻ കപ്പലിൻ്റെ ഉൾവശം മുഴുവാനായും കാണുവാനിറങ്ങി. ഗ്രീസിലെ ദ്വീപ സമൂഹങ്ങൾ സന്ദർശിക്കുന്നവരിൽ വലിയൊരു ശതമാനം സഞ്ചാരികളും സാന്തോറിനി സന്ദർശിക്കുന്നതിനാൽ കപ്പൽ നിറയെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഉണ്ടായിരുന്നു. ഭീമാകാരമായ കപ്പലിന് നാല് നിലയും അതിന് പുറമെ ഡെക്കും ഉണ്ടു്. ഡെക്കിൽ ഒരു ചെറിയ റെസ്‌റ്റോറൻ്റും ബാറും സജ്ജീകരിച്ചിട്ടുണ്ടു്. യുവതീയുവാക്കളുടെ ഒരു സംഘം ബാക്പാക്കേഴ്സ് ഡെക്കിൽ കൂട്ടം കൂടി ബിയർ നുണഞ്ഞ് ഉല്ലസിക്കുന്നുണ്ടായിരുന്നു. വളരെയേറെ നേരം ഡെക്കിൽ കാഴ്ച കണ്ടിരുന്നു.
 വേനൽ ചൂടിന് കാഠിന്യമേറി വന്നപ്പോൾ ഞാൻ ആംസ്റ്റൽ എന്ന പേരുള്ള ഒരു ഗ്രീക് ബിയർ വാങ്ങി. ബിയർ കിഴക്കുവാൻ തണലുള്ള ഇടത്ത് ഇരിപ്പിടം അന്വേഷിച്ചു കൊണ്ട് ഡെക്കിൽ നടക്കുമ്പോൾ പുറകിൽ നിന്നും "ഹലോ" എന്ന് വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി. ഡെക്കിൽ കപ്പലിൻ്റെ പുറകുവശത്തായി ബാർട്ടും ഹന്നയും എനിക്കു നേരെ കൈ വീശി കാണിക്കുന്നത് കണ്ടു. അവർക്ക് സമീപത്തുള്ള കസേരയിൽ ഇരിക്കുമ്പോഴാണ് ബാർട്ടിൻ്റെ മടിയിലെ പുസ്തകം ഞാൻ ശ്രദ്ധിച്ചത്. ബൽജിയത്തിൽ ആൻ്റ്വർപ് നഗരത്തിൽ താമസിക്കുന്ന രണ്ട് പേരും പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. ബാർട്ട് എൻജിനീയറായും ഹന്ന മനോരോഗ ചികിൽസയിലെ ഗവേഷണ വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്. സംഭാഷണത്തിനിടയിൽ ഇടക്കിടെ താൻ ഫ്ലെമിഷ് വംശജനാണെന്ന് ബാർട്ട് ആവർത്തിച്ചുകൊണ്ടിരുന്നു. ഫ്ലെമിഷ് സാമൂഹിക സാംസ്ക്കാരിക സൂക്ഷമ നിരീക്ഷണങ്ങൾ ഫ്ലെമിഷ് ചിത്രകാരന്മാരുടെ കലാസൃഷ്ടികളിൽ മനോഹരമായി പ്രതിഫലിച്ചതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചത് രണ്ടു പേർക്കും ഇഷ്ടപ്പെട്ടു.
 ഇന്ത്യൻ ചിത്രകലയെക്കുറിച്ചുള്ള അറിവില്ലായ്മ രണ്ടു പേരും ക്ഷമാപണത്തോടു കൂടി സൂചിപ്പിക്കുന്നതിനിടയിൽ ഇന്ത്യയിൽ പലയിടത്തും നിലവിലുള്ള ആദിമ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ബാർട്ട് വാചാലനായി. പൂർവ്വികർക്കും കുടുംബത്തിൽ മരിച്ചു പോയവർക്കും വേണ്ടി ആചരിക്കുന്ന ബലിതർപ്പണം ബാർട്ടിനു് വളരെയേറെ ഇഷ്ടപ്പെട്ടതാണെന്ന് സൂചിപ്പിച്ചു. ഈ ആചാരങ്ങളിൽ പ്രകൃതിക്ക് മാത്രമാണ് പ്രാധാന്യമെന്നും മദ്ധ്യസ്ഥരായി മറ്റാർക്കും അവസരമില്ലാത്തതിനാലാണ് ബലിതർപ്പണം കൂടുതലായി ഇഷ്ടപ്പെടുന്നതെന്നും ബാർട്ട് പറഞ്ഞു.
 സിഗരറ്റ് വലിച്ചു കൊണ്ട് ബാർട്ട് മടിയിലുള്ള ഇരുണ്ട ചട്ടയുള്ള പുസ്തകം കയ്യിലെടുത്തു. പുറം കവറിൽ മദ്ധ്യകാലഘട്ടത്തിലെ എൻഗ്രേവിങ്ങ് സാങ്കേതിക വിദ്യയിൽ തീർത്ത ഒരു കാക്കയുടെ (Magpie) ചിത്രവും ചുറ്റിലുമായി മനുഷ്യ ചരിത്രത്തോടൊപ്പം രൂപപെട്ടതും ഗൂഡമായ അർത്ഥങ്ങൾ വഹിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതുമായ ചിഹ്നങ്ങളും ഉണ്ടായിരുന്നു. നൊടിയിടയിൽ ഒന്നു രണ്ടു വരി വായിച്ച ശേഷം പുസ്തകം അടച്ചു വെച്ച് ബാർട്ട് നെടുവീർപ്പിട്ടത് എന്തിനാണെന്നറിയുവാൻ എനിക്ക് താൽപര്യം തോന്നി. അതു കണ്ട് ഹന്ന ചിരിച്ചു. പുസ്തകത്തെക്കുറിച്ച് കൂടുതലറിയുവാനുള്ള എൻ്റെ കൗതുകം കണ്ടു ബാർട്ട് പുസ്തകം എനിക്ക് നൽകി. മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിലെ ചില സന്ദർഭങ്ങളുടെ അർത്ഥ തലങ്ങൾ വിശദമാക്കുന്ന ഡച്ച്‌ ഭാഷയിൽ എഴുതിയ കാക്കശാസ്ത്രമായിരുന്നു ആ പുസ്തകം. ഡച്ച് ഭാഷ അറിയാത്തതിനാൽ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ഞാൻ ബാർട്ടിനോട് ചോദിച്ചു.

Sketch: ജോൺസ് മാത്യു


  "നിങ്ങൾക്ക് പക്ഷികളെ ഇഷ്ടമാണോ ?" എന്ന ചോദ്യത്തോടൊപ്പം കാക്കയുടെ അപൂർവ്വമായ സ്വഭാവ വിശേഷങ്ങളും കഴിവുകളെക്കുറിച്ചും ഈ പുസ്തകം വിവരിക്കുന്നതും പുറമെ മരണത്തെക്കുറിച്ചും നിർഭാഗ്യകരമായ സന്ദർഭങ്ങളെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ടെന്നും ബാർട്ട് ഉൽസാഹത്തോടെ പറഞ്ഞു. കാക്കശാസ്ത്രത്തെക്കുറിച്ചുള്ള എൻ്റെ അറിവില്ലായ്മ ഞാൻ സൂചിപ്പിച്ചു. ബാർട്ട് വീണ്ടും ബിയറുകൾ വാങ്ങുവാനായി പോയി.
 സന്തോറിനിയുടെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചു കൊണ്ടിരുന്ന ഹന്ന കാക്കശാസ്ത്രത്തെക്കുറിച്ച് തമാശ രൂപത്തിൽ പ്രതികരിച്ചത് കൗതുകകരമായി എനിക്ക് തോന്നി. "ഒരു കാക്ക നിങ്ങളുടെ വീട്ടിനരികിലോ അടുത്തോ വന്നാൽ അശുഭ വാർത്ത കേൾക്കുവാൻ ഇടവരും, എന്നാൽ പുലർകാലത്ത് കാക്കയെ കാണുന്നത് ശുഭലക്ഷണമാണ്, പകൽ സമയത്ത് ഒരു കാക്കയെ കാണുന്നത് അശുഭലക്ഷണവും രണ്ടെണ്ണത്തിനെ കാണുന്നത് ശുഭലക്ഷണവും, ആറ് കാക്കകളെ ഒരുമിച്ച് കണ്ടാൽ മരണ വാർത്ത സുനിശ്ചിതവും, ദൂര യാത്രയിലെ പാതയിൽ ചത്ത കാക്കയെ കാണുന്നത് ശുഭലക്ഷണവും, രാവിലെ പുറത്തേക്കിറങ്ങുന്നതിന് മുൻപായി കാക്കശാസ്ത്ര പുസ്തകം അലക്ഷ്യമായി തുറന്നാൽ ലഭിക്കുന്ന പേജിൽ കാണുന്ന വരികളുടെ അർത്ഥത്തിന് അനുസൃതമായിരിക്കും ആ ദിവസത്തിലെ അനുഭവങ്ങൾ................" എന്നു തുടങ്ങി കാക്കശാസ്ത്രത്തെക്കുറിച്ച് ബിയർ നുണഞ്ഞു കൊണ്ട് ബാർട്ട് വാചാലനായി.
 മറ്റു പക്ഷികളിൽ വെച്ച് കാക്ക ബുദ്ധിപരമായ മിടുക്കു് പ്രകടിപ്പിക്കുന്നതും സങ്കീർണ്ണമായ ഗണിത ശാസ്ത്രാടിസ്ഥാനത്തിൽ സജ്ജീകരിച്ച കൂട്ടിലെ ഭക്ഷണം പുറത്തെടുക്കുവാനുള്ള കാക്കയുടെ കഴിവും കണ്ണാടിയിൽ പ്രതിബിംബം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുകളെക്കുറിച്ചു മാത്രമെ എനിക്ക് അറിയൂ എന്ന എൻ്റെ മറുപടി കേട്ട് ബാർട്ട് തൃപ്തനായില്ല. വളരെയേറെ പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള കാക്ക ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ വായിക്കേണ്ടതാണെന്നും മറ്റും ബാർട്ട് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ദൂരെ സാന്തോറിനി ദ്വീപ് തെളിഞ്ഞു വന്നു. ശാന്തമായി കിടക്കുന്ന ഏജിയൻ കടൽ. അതിനും മുകളിലായി പകുതിയിലേറെ ഭാഗവും മുറിച്ചെടുത്ത ഭീമാകാരമായ ചോക്കലേറ്റ് കേക്കിന് സദൃശമായി നിലകൊള്ളുന്ന ദ്വീപ്.പുറ്റു പോലെ വെളുപ്പും നീലയും നിറങ്ങളിലുള്ള കൊച്ചു വീടുകൾ, ഹോട്ടലുകൾ, പള്ളികൾ തുടങ്ങിയ കെട്ടിടങ്ങൾ കേക്കിലെ ഐസിങ് കൊണ്ടുള്ള കലാവിരുതു പോലെ വളരെ ദൂരെ നിന്നു കണ്ടു തുടങ്ങി. അർദ്ധ ചന്ദ്രാകൃതിയിലുള്ള സാന്തോറിനി ദീപ് ഒരേസമയം വശ്യമായൊരു സൗന്ദര്യം നിശബ്ദമായി പ്രകടിപ്പിച്ചും ഭീതിയുടെ കനത്ത കരിമ്പടവുമണിഞ്ഞുമുള്ള സമ്മിശ്ര വികാരമാണ് നൽകുക. ഉഗ്ര വിസ്ഫോടനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട അഗ്നിപർവ്വതമുഖം ഒരു കൊച്ചു ദ്വീപിനെ പോലെ വളരെയേറെ വിശാലവും വിസ്തൃതവുമാണ്.
 കപ്പൽ തുറമുഖത്തിലേക്ക് വളരെ സാവധാനം പ്രവേശിക്കുമ്പോൾ സംജാതമായ നിശബ്ദത സഹയാത്രികരെ മറ്റൊരു കാലത്തേക്ക് പെട്ടെന്ന് കൊണ്ടുപോയി. പ്രധാന ടൗണും ഹോട്ടലുകളും മറ്റും സ്ഥിതി ചെയ്യുന്നത് ഇരുന്നൂറ് മീറ്ററിലധികം ഉയരമുള്ള ദ്വീപിൻ്റെ മുകൾവശത്താണ്. കപ്പൽ തുറമുഖത്ത് എത്തിയപ്പോൾ വൈകുന്നേരം നാലു മണി കഴിഞ്ഞിരുന്നു. ബാർട്ടിനോടും ഹന്നയോടും യാത്ര പറഞ്ഞ് ഞാൻ ദ്വീപിൻ്റെ മുകളിലേക്ക് ബസ് കയറി.
 സാന്തോറിനിയിലെ മൂന്ന് ദിവസത്തെ താമസത്തിന് ശേഷമുള്ള മടക്കയാത്രയിലെ കപ്പലിൽ ഹന്നയെ കണ്ടു. ബാർട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കാക്കശാസ്ത്ര ലഹരിയിൽ മതിമറന്ന ബാർട്ടുമായുള്ള സഹവാസം നിർത്തിയത് ഹന്ന സൂചിപ്പിച്ചത് പുഞ്ചിരിച്ചു കൊണ്ടായിരുന്നു.

***

Recent Post