ബ്രിജിത്തിന്റെ പാഠങ്ങൾ

പതിനേഴാം നൂറ്റാണ്ടിലെ അലങ്കാര ചിത്രങ്ങളോടുകൂടിയ കപ്പിൽ ചായ കുടിക്കുവാൻ എനിക്ക് പേടിയായി. കപ്പ് ഉടഞ്ഞു പോയാലുള്ള നഷ്ടം പരിഹരിക്കുവാൻ കഴിയാത്തതാണെന്നതിനാൽ എനിക്ക് ഒരു സാധാരണ കപ്പ് മതിയെന്ന് ബ്രിജിത്തിനോട് ആവശ്യപ്പെട്ടു
Greek letters-17

ജോൺസ് മാത്യു

  1996 ൽ തിനോസ് ദ്വീപിൽ എത്തിയ ശേഷം ഇവിടെയുള്ള മനോഹരമായ കടൽക്കരകൾ സന്ദർശിച്ചതു മുതൽ കടലിൽ നീന്തൽ പഠിക്കുവാൻ ആഗ്രഹമുണ്ടായി. ദ്വീപിൻ്റെ തെക്കുവശത്തുള്ള തിരകൾ കുറഞ്ഞ മരതക പച്ചയും ഇന്ദ്രനീലിമയും ഇടകലർന്ന ആയ്യോഫോക്കാസ് കടൽക്കരയാണ് നീന്തുവാൻ തിരഞ്ഞെടുത്തത്. ആയ്യോഫോക്കാസ് കടൽക്കര നേർത്ത പൂഴി നിറഞ്ഞതും ചിലയിടങ്ങളിൽ കാറ്റാടി മരങ്ങളും നിറഞ്ഞതായിരുന്നു. തെക്കുവശത്തായി ചെറിയ ഒരു കുന്ന് കടലിലേക്ക് ഇറങ്ങി നിൽക്കുന്നതു കൊണ്ടു കൂടുതൽ ആകർഷണീയവുമാണ്.
 വേനൽക്കാലത്ത് സന്ദർശകരും തദ്ദേശീയരും ഉച്ചയോടടുത്ത് കടൽക്കരയിൽ എത്തിച്ചേരും. അതിൽ ചിലർ കടൽക്കരയിൽ വിരിക്കുവാനുള്ള പായയും വെയിലിൻ്റെ കാഠിന്യത്തിൽ നിന്നു മാറുവാൻ വലിയ കുടയും പൂഴിയിൽ സ്ഥാപിക്കും. ഗ്രീക് സുഹൃത്ത് ഇയോണിൻ്റെ കാറിൽ അദ്ദേഹത്തിൻ്റെ സഹോദരിയോടൊത്താണ് ഞാൻ ആയ്യോഫോക്കാസ് കടൽക്കരയിൽ പതിനൊന്ന് മണിയോടു കൂടി എത്തിയത്. നീന്തൽ കഴിഞ്ഞ് കടൽക്കരയിലുള്ള തവേർണയിൽ ഉസോയും ഉച്ചഭക്ഷണവും സഹോദരിയുടെ വകയാണെന്നു് മുൻപേ തന്നെ യാത്രക്കിടയിൽ സൂചിപ്പിച്ചു. നീന്തൽ വസ്ത്രത്തിൽ ഞാൻ കടലിലേക്കിറങ്ങി.
 ഏജിയൻ കടലിലെ വെള്ളം തണുപ്പുള്ളതായതിനാൽ കാൽപാദം കടലിൽ ഇറക്കി വെച്ച് കുറച്ചു നേരം നിന്നതിന് ശേഷം അരക്കൊപ്പം വെള്ളത്തിൽ ഞാൻ നിന്നു. ഇളം നീല നിറമുള്ള കടലിനടിയിൽ കാൽപാദം തെളിഞ്ഞു കാണുന്നത് കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അൽപ്പം അകലെയായി നീന്തിക്കൊണ്ടിരുന്ന മദ്ധ്യവയസ്കരായ രണ്ടു് സ്ത്രീകൾ ഇയോണിനെ നോക്കി കൊണ്ട് കൈ വീശി.
 രണ്ടു പേരും ഇയോണിൻ്റെ സുഹൃത്തുക്കളാണ്. കടലിൽ വെച്ച് അവർ തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നതിനിടയിൽ എന്നെയും പരിചയപ്പെടുത്തി. പരിചയപ്പെട്ട അൻ്റോയ്നറ്റും ബ്രിജിത്തും സ്വിറ്റ്സർലണ്ട് സ്വദേശികളാണ്. രണ്ടു പേർക്കും തിനോസ് ദ്വീപിൽ വീടുകളുണ്ട്. നീന്തൽ കഴിഞ്ഞ ശേഷം അൻ്റോയ്നറ്റും ബ്രിജിത്തും വെയിൽ കൊള്ളുന്നതിനായി പൂഴിയിൽ വിരിച്ച പായയിൽ കിടന്നു.
 ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് പിരിയുമ്പോൾ രണ്ടു പേരും അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. യൂറോപ്പിൽ സൗഹൃദം പുലർത്തുന്നവർ പൊതു ഇടങ്ങളിൽ വെച്ച് പരസ്പരം കാണുമ്പോൾ "ഒരു കാപ്പി കുടിക്കുവാൻ വീട്ടിലേക്ക് വരൂ " എന്നാണ് പൊതുവിൽ പറയുക. കുറച്ചു ദിവസങ്ങൾക്ക് ശേഷം ബ്രിജിത്ത് രാത്രി ഭക്ഷണത്തിനായി ത്രിയന്താരോസ് ഗ്രാമത്തിൻ്റെ താഴ് വാരത്തുള്ള അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. റോഡരുകിൽ നിന്നും സ്റ്റെപ്പുകൾ ഇറങ്ങിയാൽ വീടിൻ്റെ മുൻപിലെ വിശാലമായ വരാന്തയിൽ എത്താം.വീട്ടിലേക്ക് കാറിൽ എത്തിച്ചേരുവാൻ വേറെയും വഴിയുണ്ട്. വരാന്തയിലെ വലിയ മൺചട്ടിയിൽ നിന്ന് കടലാസ് പൂക്കളും മുല്ലയും ടെറസിലേക്ക് പടർന്നു കയറിയിട്ടുണ്ട്. ചെറിയ ഇഷ്ടിക പാകിയ വരാന്തയും ലളിതമായി സജ്ജീകരിച്ച ഉൾവശവുമുള്ള വീടിൻ്റെ ഘടന നിലത്തിൻ്റെ ഏറ്റക്കുറച്ചിലിന് അനുസൃതമായാണ് നിർമ്മിച്ചിട്ടുള്ളത്. പുറത്ത് വീടിനോട് ചേർന്ന് ഒരു നീന്തൽ കുളമുണ്ട്. ഒരു കുപ്പി ചുവപ്പ് വൈനുമായി ഞാനും ഇയോണും അവരുടെ വീട്ടിൽ എത്തി. അവിടെ വെച്ചാണ് ജാനറ്റ് എന്നു പേരുള്ള സ്വീസ് സ്വദേശിനിയെ പരിചയപ്പെട്ടത്. വീട്ടിന് അകത്തെ പൈൻ മരം കൊണ്ടു് നിർമ്മിച്ച ഭക്ഷണമേശയുടെ മുകൾ വശത്തെ പ്രതലം കൃത്രിമമായി പരുക്കനാക്കിയെടുത്തിട്ടുണ്ടു്. ചൂട് കൂടുതലുള്ള ഭക്ഷണവിഭവങ്ങൾ വെക്കുവാനായി ഭക്ഷണമേശയുടെ മദ്ധ്യഭാഗത്തായി ദീർഘചതുരാകൃതിയിൽ പച്ചിരുമ്പ് കൊണ്ടുള്ള ഒരു പ്രതലമുണ്ടു്.


  ആതിഥേയ നീല വെള്ള റോസ് സ്വർണ്ണം എന്നീ നിറങ്ങൾ ചേർത്ത് സങ്കീർണ്ണമായി ഡിസൈൻ ചെയ്ത ഒരു ഗ്ലാസ് കൂജയിൽ വൈറ്റ് വൈനും ഗ്ലാസുകളുമായി വരാന്തയിൽ വന്ന് എല്ലാവർക്കും വൈൻ പകർന്നു. ഇന്ത്യൻ ജീവിത രീതികളെക്കുറിച്ചും ഭക്ഷണവിഭവങ്ങളെക്കുറിച്ചുമായിരുന്നു ബ്രിജിത്ത് ചോദിച്ചറിഞ്ഞത്. ജാനറ്റിന് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും ബോളിവുഡ് സംഗീതത്തിലുമായിരുന്നു താൽപര്യം. സംഭാഷണങ്ങൾക്കിടയിൽ ഇടക്കിടെ ബ്രിജിത്ത് വീടിനകത്തേക്ക് കയറി പോയത് രാത്രി ഭക്ഷണം പാചകം ചെയ്യുവാനാണെന്നത് പിന്നീടാണ് എനിക്ക് മനസ്സിലായത്.
 രാത്രി ഭക്ഷണ വിഭവങ്ങൾ ബ്രിജിത്ത് പാചകം ചെയ്തത് വളരെ ലളിതമായ രീതിയിലായിരുന്നു. സേജ് (Sage) എന്ന ഔഷധ ഗുണമുള്ള ഇലകളോടൊപ്പം വെളുത്തുള്ളിയും ഉപ്പും ഒലീവ് എണ്ണയിൽ വഴറ്റിയെടുത്തത് ചേർത്ത് ഇളക്കിയ പാസ്തയും ഗ്രീക് സാലഡുമായിരുന്നു വിഭവങ്ങൾ. പരിചിതമല്ലാത്ത പാസ്ത രുചികരമായിരുന്നു. ഭക്ഷണം കഴിഞ്ഞാൽ മധുര പലഹാരമോ പഴവർഗ്ഗങ്ങളോ കഴിക്കുന്ന പതിവുണ്ട്. അതിന് ശേഷം ചിലപ്പോൾ ഇറ്റാലിയൻ രീതിയിലോ ഗ്രീക് രീതിയിലോ തയ്യാറാക്കിയ കാപ്പി കുടിയും പതിവാണ്. ഭക്ഷണശേഷം ജാനറ്റ് തയ്യാറാക്കിയ ആപ്രിക്കോട്ട് കേക്ക് സ്വാദിഷ്ഠമായിരുന്നു.
 ഭക്ഷണ മുറിയുടെ വടക്കുകിഴക്കായുള്ള തുറസ്സായ അടുക്കളയിൽ പ്ലേറ്റുകൾ വെക്കുവാൻ ഞാൻ ബ്രിജിത്തിനെ സഹായിച്ചു. അടുക്കളയിലെ ചില്ലിട്ട അലമാരയിലെ വില പിടിപ്പുള്ളതും മനോഹരവുമായ സെറാമിക് ഡിന്നർ സെറ്റുകളും കാപ്പി, ചായ കപ്പുകളും മറ്റു പാത്രങ്ങളും കണ്ട് ഞാൻ അതിശയത്തോടു കൂടി നോക്കി. അവ പതിനേഴാം നൂറ്റാണ്ടിൽ ചൈനയിൽ നിന്നും യൂറോപ്പിലേക്ക് കടൽ മാർഗ്ഗം വഴി നടന്നിരുന്ന വ്യാപാര ബന്ധങ്ങളുടെ തെളിവുകൾ ആണെന്ന് ബ്രിജിത്ത് പറഞ്ഞു. പരമ്പരാഗതമായി കച്ചവട പാരമ്പര്യമുള്ള പൂർവ്വീകരുടെ തലമുറയിൽ നിന്നും കൈമാറി കിട്ടിയവയാണ് അവ എന്നും സൂചിപ്പിച്ചു. വെള്ളയും കറുപ്പും സ്വർണ്ണ നിറവും ചേർത്ത് കൃത്യതയാർന്ന അലങ്കാര പണികൾ നിറഞ്ഞ അവയെല്ലാം ആ കാലത്തെ കലാകാരന്മാർ കൈകൊണ്ട് വരച്ചെടുത്തവയായിരുന്നു.
 ജാനറ്റ് ഇതിനകം ഭക്ഷണ മേശമേൽ വെളുത്ത തുണി വിരിച്ച് കളിക്കുവാൻ ശീട്ടുകൾ നിരത്തി. യൂറോപ്പിൽ ചില രാജ്യങ്ങളിൽ പരിചിതമായ ശീട്ടു കളികളിൽ ഒന്നാണ് ബെറീബ. ബെറീബ കളിക്കുന്നതിന് രണ്ടു പേരോ നാലുപേരോ വേണം. പരിചിതമല്ലാത്ത ശീട്ടുകളിയുടെ രീതിയെക്കുറിച്ചും ചില നിയമങ്ങളെക്കുറിച്ചും ജാനറ്റും ബ്രിജിത്തും വിവരിച്ചു. ബ്രിജിത്തും ഞാനും ഒരു ടീമായി ചേർന്നുള്ള ശീട്ടുകളി രസകരമായി തുടരുന്നതിനിടയിൽ ആർക്കെങ്കിലും കാപ്പി വേണമോ എന്ന് ബ്രിജിത്ത് ചോദിച്ചു. എല്ലാവർക്കും വേണമെന്നായപ്പോൾ ബ്രിജിത്ത് കാപ്പിയുമായി വന്നു. കാപ്പി ഒഴിക്കുവാൻ ഉപയോഗിച്ച കപ്പ് കണ്ടു് എല്ലാവരും അമ്പരന്നു. പതിനേഴാം നൂറ്റാണ്ടിലെ അലങ്കാര ചിത്രങ്ങളോടുകൂടിയ വിലപിടിപ്പുള്ള കപ്പിൽ ചായ കുടിക്കുവാൻ എനിക്ക് പേടിയായി. കപ്പ് അബദ്ധത്തിൽ ഉടഞ്ഞു പോയാലുള്ള നഷ്ടം പരിഹരിക്കുവാൻ കഴിയാത്തതാണെന്നതിനാൽ എനിക്ക് ഒരു സാധാരണ കപ്പ് മതി എന്ന് ബ്രിജിത്തിനോട് ആവശ്യപ്പെട്ടെങ്കിലും അവർ ചെറുതായി പുഞ്ചിരിച്ചു. ഇവയെല്ലാം ഉപയോഗിക്കേണ്ടവയാണെന്നും ഒരു നാൾ ഉടഞ്ഞു പോകാനുള്ളവയാണെന്നും ഒരു സാത്വികയെ പോലെ മറുപടി നൽകിയത് എനിക്ക് ആശ്വാസം പകർന്നു. കാപ്പി കുടിയും ശീട്ടുകളിയും നിർബാധം തുടർന്നു. ബറീബ ശീട്ടുകളിയിൽ എതിർ ടീമിൻ്റെ എല്ലാ ചലനങ്ങളും സൂക്ഷമായി നിരീക്ഷിക്കേണ്ടതുള്ളതിനാൽ എല്ലാവരും നിശബ്ദത പാലിച്ച് ജാഗരൂഗരായാണ് കളിച്ചു കൊണ്ടിരുന്നത്.
 നിശബ്ദതയെ ഭേദിച്ചു കൊണ്ട് കഴുത്തിലെ കോളറിൽ തൂക്കിയിട്ട മണി നാദവുമായി വെളുപ്പും കറുപ്പും നിറമുള്ള ഒരു പൂച്ച കരഞ്ഞുകൊണ്ട് ബ്രിജിത്തിൻ്റെ കാലിൽ തല ഉരസിയപ്പോൾ കയ്യിലുള്ള ശീട്ടിൽ നിന്നും ശ്രദ്ധ വിടാതെ അവർ അതിനോട് എന്തോ പറഞ്ഞു. അടുത്ത നിമിഷം പൂച്ച മേശമേൽ ചാടി കയറിയതും എനിക്ക് അരികിലായി വെച്ചിരുന്ന വില കൂടിയതും അമൂല്യവുമായ കാപ്പി പാത്രവും കപ്പുകളും നിലത്ത് വീണ് ഉടഞ്ഞതും ഒരുമിച്ചായിരുന്നു. അതു കണ്ടു ഞങ്ങൾ എല്ലാവരും അമ്പരന്നു. ബ്രിജിത്ത് സ്നേഹാർദ്രമായി പൂച്ചയെ വഴക്കു പറഞ്ഞു കൊണ്ട് തലോടി. നിലത്തു വീണു ചിതറിയ അമൂല്യമായ കലാസൃഷ്ടികൾ ബ്രിജിത്ത് ബ്രഷു കൊണ്ടു് അടിച്ചുവാരി മാലിന്യ ശേഖര കുട്ടയിൽ നിക്ഷേപിച്ച് ഒന്നും സംഭവിക്കാത്തതു പോലെ ബറീബ കളി തുടർന്നു. കയ്യിലെ ശീട്ടുകൾ അടുക്കി വെക്കുന്നതിനിടയിൽ "ഒന്നും ശാശ്വതമല്ല" എന്ന് ബ്രിജിത്ത് ആത്മഗതം പറഞ്ഞു.

***

Recent Post