അളകനന്ദക്കൊപ്പം ജോഷിമഠിലേക്ക്
മഞ്ഞുമലകള്‍ക്ക് മുകളില്‍ ഇരുട്ട് വീണുതുടങ്ങിയപ്പോള് ജോഷിമഠിലെത്തി. ശ്രീശങ്കരാചാര്യരുടെ കാലത്ത് ജ്യോതിര്‍മഠം എന്നായിരുന്നു പേര്. പില്ക്കാലത്ത് ജോഷിമഠ് ആയി.
കയ്യകലെ ഹിമാലയം-8
മനോജ് മാതിരപ്പള്ളി

ചോപ്തയില്നിന്നും ബദരീനാഥിലേക്കുള്ള യാത്രയിലാണ്. വളഞ്ഞും തിരിഞ്ഞും കിടക്കുന്ന മലമ്പാതയിലൂടെ കഷ്ടിച്ച് രണ്ടുവാഹനങ്ങള്‍ക്ക് കടന്നുപോകാം. വഴിയുടെ ഇരുവശങ്ങളിലുമായി കേദാര്‍നാഥ് വന്യജീവിസങ്കേതം ഒപ്പമുണ്ട്. ഇടയ്ക്കിടെ അഗാധമായ താഴ്വരകളും പല നിറത്തിലുള്ള മലനിരകളും വന്നുപൊയ്ക്കൊണ്ടിരുന്നു. കുത്തനെയുള്ള കയറ്റിറക്കമില്ലാത്ത റോഡിലൂടെ ചാഞ്ഞും ചെരിഞ്ഞുമുള്ള യാത്ര. മറ്റു വാഹനങ്ങള്‍ അപൂര്‍വ്വമായേ കാണാനുള്ളൂ. പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് കിടപ്പുണ്ട്. ഇന്നലെയോ ഇന്നുരാവിലെയോ മലയിടിഞ്ഞതാവണം.
മണ്ഡല് എന്ന സ്ഥലം എത്താറായപ്പോഴേയ്ക്കും കാടിറങ്ങി. പാതയോരങ്ങളില്‍ കൃഷിയിടങ്ങളും വാസസ്ഥലങ്ങളുമൊക്കെ കണ്ടുതുടങ്ങി. തൊട്ടടുത്ത തിരക്കേറിയ സ്ഥലം ഗോപേശ്വറാണ്. അതുകഴിഞ്ഞാല്‍ ചമോളി ആയി. ഗോപേശ്വര്‍ കഴിയുമ്പോള്‍ മുതല്‍ അടിവാരത്തുകൂടി അളകനന്ദ ഒഴുകുന്നത് കാണാം. കുറച്ചു ദൂരംകൂടി സഞ്ചരിച്ചപ്പോള്‍ പുഴയുടെ തീരത്തെത്തി. ഹരിദ്വാറില്‍നിന്നും കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ രുദ്രപ്രയാഗില്വെച്ച് അളകനന്ദയുമായി വഴിപിരിഞ്ഞതാണ്. പിന്നെ ഇപ്പോഴാണ് കാണുന്നത്. പക്ഷെ, രുദ്രപ്രയാഗില്‍ കണ്ടതുപോലെ കലങ്ങിമറിഞ്ഞുള്ള രൗദ്രഭാവമല്ല. ഇളം ചാരനിറത്തില്‍ പതഞ്ഞൊഴുകുന്ന ശാന്തമായ പ്രകൃതം.
അളകനന്ദയ്ക്ക് കുറുകെയുള്ള പാലംകടന്ന് മറുകര എത്തുമ്പോഴാണ് ചമോളി ടൗണ്‍. ഹരിദ്വാറില്‍നിന്നും ബദരീനാഥിലേക്കുള്ള ദേശീയപാത-ഏഴിലൂടെയാണ് തുടര്‍യാത്ര.

Image 1
ചോപ്ത മുതല്‍ ചമോളി വരെ 48 കിലോമീറ്ററായിരുന്നു ദൂരം. ചമോളിയില്നിന്ന് ബദരീനാഥിലേക്ക് 92 കിലോമീറ്ററും. ഈ ദൂരമത്രയും അളകനന്ദ നമുക്കൊപ്പമുണ്ട്. ഇടയ്ക്കിടെ, പുഴയുടെ വലതുകരയിലൂടെയും ഇടതുകരയിലൂടെയും മാറിമാറി യാത്രചെയ്യേണ്ടി വരുമെന്ന് മാത്രം.
ചോപ്തയില്നിന്നും ചമോളിയിലേക്കുള്ള യാത്രയെ അപേക്ഷിച്ച് ചമോളി-ബദരീനാഥ് വഴിയില്‍ സാമാന്യം നല്ല തിരക്കുണ്ട്. ഹരിദ്വാറില്‍നിന്നും കേദാര്‍നാഥില്‍നിന്നും ബദരീനാഥിലേക്ക് പോകുന്നവരുടെയും മടക്കയാത്ര നടത്തുന്നവരുടെയും വാഹനങ്ങളാണ് അധികവും. സിക്കുകാരുടെ തീര്‍ത്ഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബിലേക്കും ശൈത്യകാല വിനോദസഞ്ചാരകേന്ദ്രമായ ഔലിയിലേക്കും പോകുന്നവരുടെ വാഹനങ്ങളും കാണാം.
കുറച്ചുദൂരം പിന്നിട്ടപ്പോഴേയ്ക്കും ദേശീയപാതയുടെ സ്വഭാവംമാറി. പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന മലമ്പാത. കേരളത്തില്‍, പ്രത്യേകിച്ചും ഹൈറേഞ്ചിലെ ചില ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ വീതിയും വലുപ്പവും മാത്രമാണ് ഇവിടെ ദേശീയപാതയ്ക്കുള്ളത്. ചിലയിടങ്ങളില്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതിയേയുള്ളൂ. അതുകൊണ്ടുതന്നെ, ഒന്നും രണ്ടും മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കേണ്ടിവന്നു. ഒരുവശത്തേക്കുള്ള വാഹനങ്ങള്‍ മുഴുവന്‍ കടന്നുപോയതിനുശേഷമാണ് മറുവശത്തേക്കുള്ളവരുടെ യാത്ര.
ചമോളിയില്നിന്നുള്ള പത്തിരുപത് കിലോമീറ്റര്‍ അളകനന്ദയെ ഏറെ ദൂരത്തല്ലാതെ കാണാം. പുഴയ്ക്കക്കരെയുള്ള പര്‍വ്വതത്തിന്റെ ചെരിവുകളില്‍ പേരറിയാത്ത ഏതെല്ലാമോ ചെറുഗ്രാമങ്ങള്‍. അവിടേക്ക്, മലയുടെ നെഞ്ചുകീറിയുണ്ടാക്കിയ സാഹസികമായ വെട്ടുവഴികള്‍. കുറച്ചുസമയം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളുടെ സഞ്ചാരപാത സാവധാനം മലമുകളിലേക്ക് കയറിത്തുടങ്ങുന്നത് കണ്ടു. വളഞ്ഞും തിരിഞ്ഞും നീണ്ടും നിവര്‍ന്നും ഒടിഞ്ഞും മടങ്ങിയും കിടക്കുന്ന നിരത്ത്. അങ്ങുമിങ്ങുമെല്ലാം പൊടിഞ്ഞുകിടക്കുന്ന പര്‍വ്വതത്തിന്റെ പാര്‍ശ്വങ്ങളിലൂടെ കയറ്റം കയറുംതോറും അഗാധതയില്‍ അളകനന്ദ ചെറുതായി കൊണ്ടേയിരുന്നു.
മഞ്ഞുമലകള്‍ക്ക് മുകളില്‍ ഇരുട്ട് വീണുതുടങ്ങിയപ്പോള് ജോഷിമഠിലെത്തി. ശ്രീശങ്കരാചാര്യരുടെ കാലത്ത് ജ്യോതിര്‍മഠം എന്നായിരുന്നു പേര്. പില്ക്കാലത്ത് ജോഷിമഠ് ആയി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കീയിംഗ് സെന്റര്‍ എന്നറിയപ്പെടുന്ന ഔലിയിലേക്കുള്ള റോപ്വേ ആരംഭിക്കുന്നത് ജോഷിമഠില്‍ നിന്നാണ്.

Image 2
ഗുല്‍മാര്‍ഗ് കഴിഞ്ഞാല്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരവും നീളവുമുള്ള റോപ്വേയെന്ന പ്രത്യേകതയും ഇതിനുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
ബദരീനാഥ് പാതയിലൂടെ വീണ്ടും മുന്നോട്ടുനീങ്ങി. അളകനന്ദയ്ക്ക് കുറുകെയുള്ള പാലംകടന്ന് പുഴയുടെ ഇടതുകരയിലൂടെയാണ് യാത്ര. മലഞ്ചെരിവുകളില്‍ തട്ടിമൂളുന്ന കാറ്റില്‍ കൊടുംതണുപ്പിന്റെ തീവ്രത കൂടിവന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ഗോവിന്ദ്ഘട്ടിലെത്തി. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകരമായ പാതയാണ്. ഏതുസമയവും മലയിടിയാം. രാത്രിയാത്ര ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ട്, ഗോവിന്ദ്ഘട്ടില്‍ തന്നെ ഒരു വാടകമുറി കണ്ടെത്തി. പുതച്ചുമൂടിയ കമ്പിളിക്കുള്ളില്‍ ഉറക്കത്തിലേക്ക് വഴുതിവീഴുവോളം കാതില്‍ അളകനന്ദയുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കാമായിരുന്നു.
ചിത്രങ്ങള്‍ 1. ഹിമാലയന്‍ താഴ്വരകള്‍ 2. ചമോളിയില്നിന്നും ജോഷിമഠിലേക്കുള്ള പാത 3. അളകനന്ദാ നദി
***
Previous Post ദത്തെടുത്ത സ്നേഹം
Next Post ബ്രിജിത്തിന്റെ പാഠങ്ങൾ