ദത്തെടുത്ത സ്നേഹം

റാം വിങ്ങി കരയുമ്പോൾ ധാര മുറിയാതെ ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് "എനിക്ക് പഠിക്കണം സർ" എന്ന് യാചിച്ചത് ഓർമ്മിച്ച് സ്താവ്റൊസിൻ്റെ കണ്ണുകൾ നിറഞ്ഞു .

ജോൺസ് മാത്യു

  1998 ൽ ആതൻസിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റിൽ രേഖപ്പെടുത്തിയ തിയതി മാറ്റുന്നതിനായി നഗരത്തിലെ ട്രാവൽ ഏജൻസിയിൽ വെച്ചാണ് അതിൻ്റെ ഉടമസ്ഥൻ സ്താവ്റൊസിനെ പരിചയപ്പെട്ടത്.
 ഇന്ത്യക്കാരനാണെന്ന് കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലെ സൗഹൃദം ഞാൻ ശ്രദ്ധിച്ചു. പൊതുവെ യൂറോപ്പിലെ വ്യാപാര/സേവന സ്ഥാപനങ്ങളിലെ ജീവനക്കാരോ ഉടമകളോ സൗഹൃദ സംഭാഷണങ്ങൾ നടത്താറില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലുമായി സഞ്ചരിച്ചതിൻ്റെ അനുഭവങ്ങൾ സ്താവ്റൊസ് പങ്കുവെച്ചു. യാത്രാ തിയതി മാറ്റിയ ശേഷം നന്ദി പറഞ്ഞ് പിരിയുന്ന നേരം അദ്ദേഹം ഒരു കാപ്പി നൽകി സൽക്കരിച്ചപ്പോഴാണ് ഇന്ത്യയിൽ നിന്നും ഒരു കുട്ടിയെ അയാൾ ദത്തെടുത്ത് വളർത്തുന്ന കാര്യം പങ്കുവെച്ചത്. കുട്ടിയെ ദത്തെടുക്കുമ്പോൾ നേരിട്ട നിയമ നടപടികളുടെ പ്രശ്നങ്ങളും തുടർന്നുണ്ടായ പ്രയാസങ്ങളും അയാൾ വിശദമായി പങ്കുവെച്ചു.
 അകാലത്തിൽ മരണമടഞ്ഞ ഭാര്യയുടെ അഭാവം മദ്ധ്യവയസ്കനായ സ്താവ്റൊസിന് കടുത്ത മാനസികാഘാതം നൽകി. കടുത്ത വിഷാദ രോഗിയായ സ്താവ്റൊസിനെ യാത്ര ചെയ്യുവാൻ നിർബന്ധിച്ചത് അദ്ദേഹത്തെ പരിചരിച്ച മനോരോഗ ചികിത്സകനാണ്. ഏകനായി അപരിചിതമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ആർജ്ജിക്കുന്ന സൂഷ്മ നിരീക്ഷണങ്ങളെക്കുറിച്ച് ഏകനായി യാത്ര ചെയ്യുന്നതിൽ വിമുഖനായ സ്താവ്റൊസിന് ചികിത്സകൻ മനോധൈര്യം നൽകി. നിബിഡമായ ആൾകൂട്ടങ്ങളും ശബ്ദമലിനീകരണങ്ങളാൽ മുഖരിതമായ ഇടങ്ങളും ഇഷ്ടപ്പെടാത്ത സ്താവ്റൊസിന് ഇന്ത്യ സന്ദർശനത്തെക്കുറിച്ച് ആലോചിക്കുന്നതു പോലും അസഹനീയമായിരുന്നു. മനോധൈര്യവും യാത്ര ചെയ്യുവാനുള്ള പ്രേരണയും മനോരോഗ ചികിത്സകൻ നൽകിയതിനാലാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്.
 വൈവിധ്യമാർന്ന വിവിധ സംസ്ഥാനങ്ങളിലെ ഭാഷ, വേഷം, ഭക്ഷണവിഭവങ്ങൾ, പെരുമാറ്റ രീതികൾ, ആചാരങ്ങൾ, ആഘോഷങ്ങൾ, കാലാവസ്ഥ തുടങ്ങിയവയെല്ലാം സ്താവ്റൊസിനെ മയക്കി. വിവിധ തരത്തിലും രൂപത്തിലുള്ള മനുഷ്യരുമായുള്ള ഇടപെടലുകളും തീർത്തും വ്യത്യസ്ഥമായ കാലാവസ്ഥയും വർണ്ണ വൈവിധ്യമാർന്ന വസ്ത്രങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളും ആസ്വദിച്ചു കൊണ്ട് സ്താവ്റൊസ് ഇന്ത്യയിൽ ഏകനായി സഞ്ചരിച്ചു. മൂന്ന് മാസത്തെ യാത്രയിൽ ഭാര്യയുടെ വേർപാട് ഇടക്കിടെ സ്മൃതിപഥത്തിൽ തെളിഞ്ഞങ്കിലും വിഷാദരോഗം ഭാഗികമായി അപ്രത്യക്ഷമായി.
 ആതൻസിലേക്കുള്ള മടക്കയാത്ര ബോംബെയിൽ നിന്നായിരുന്നതിനാൽ അതിന് മുൻപായി ഗോവ സന്ദർശിക്കുവാൻ തീരുമാനിച്ചു. പോർച്ചുഗീസ് കൊളോണിയൽ അധിവേശത്തിൻ്റെ അടയാളങ്ങൾ നിറഞ്ഞ ഗോവ സ്റ്റാവ്റൊസിന് വളരെ പെട്ടന്നു തന്നെ പരിചിതമായ ഇടമായി അനുഭവപ്പെട്ടതിനാൽ ആതൻസിലേക്കുള്ള മടക്ക യാത്രാ തിയതി മാറ്റി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായ ഗോവക്കാരുടെ ജീവിത ശൈലിയും പെരുമാറ്റ രീതിയുമാണ് സ്താവ്റൊസിനെ കൂടുതൽ ആകർഷിച്ചത്.
 കലങ്കൂത്ത് കടൽക്കരയിലെ താമസവും രാവിലെയും വൈകുന്നേരവും കടൽക്കരയിലൂടെയുള്ള നടത്തവും അശാന്തത നിറഞ്ഞ സ്താവ്റൊസിൻ്റെ മാനസികനിലക്ക് വളരെയേറെ ശാന്തി നൽകി. വൈകുന്നേരത്തെ നടത്തത്തിനിടയിൽ ഒരു ദിവസം പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി ചിത്രപണികളാൽ അലങ്കരിച്ച തുണികൊണ്ടുള്ള ബാഗുകൾ വിൽപനക്കായി സ്താവ്റൊസിൻ്റെ പുറകെ കൂടി. Sketch : Johns Mathew

Sketch : Johns Mathew


  ബാഗുകൾ ആവശ്യമില്ല എന്ന് പറഞ്ഞിട്ടും പിൻതുടർന്നു വന്ന കുട്ടിയുടെ ഇരു ചുമലുകളിലുമായി തൂക്കിയിട്ട നിറപ്പകിട്ടാർന്ന ബാഗുകളുടെ ഭാരത്താൽ അവൻ ഇടക്കിടെ കിതച്ചു കൊണ്ടിരുന്നത് കണ്ട് സ്താവ്റൊസിന് സഹതാപം തോന്നി. നിറപ്പകിട്ടാർന്ന ബാഗുകൾക്ക് മദ്ധ്യത്തിലുള്ള കറുത്ത് വിളർത്ത മുഖമുള്ള കുട്ടിയുടെ രൂപം സ്താവ്റൊസിനെ അസ്വസ്ഥനാക്കി.
 കുട്ടിയുടെ ദൈന്യത കണ്ട് സ്താവ്റൊസ് രണ്ട് ബാഗുകൾ കുട്ടിയിൽ നിന്നും വിലപേശാതെ വാങ്ങി. ബാഗിൻ്റെ വിലയായി നൽകിയ പണം അവൻ്റ അടച്ച രണ്ടു കണ്ണുകളിലുമായി സ്പർശിച്ച് പോക്കറ്റിലിട്ടതിൻ്റെ അർത്ഥം എന്താണെന്ന് സ്താവ്റൊസ് ചോദിച്ചു. രാവിലെ മുതൽ ഇതുവരെയായും ഒരു ബാഗു പോലും വിൽക്കുവാൻ കഴിയാത്തതിനാൽ ആഹാരം കഴിച്ചിട്ടില്ല എന്ന അവൻ്റെ നിറഞ്ഞ കണ്ണുകളോടെയുള്ള മറുപടി കേട്ട് സ്താവ്റൊസ് മരവിച്ചു. കടൽക്കരയിലെ ഭക്ഷണശാലയിലേക്ക് കുട്ടിയോടൊത്ത് പോകുന്ന വഴിയിൽ സ്താവ്റൊസ് അവനുമായി ചങ്ങാത്തത്തിലായി. പരിമിതമായ ഇംഗ്ലീഷും ആംഗ്യ ഭാഷയും കൊണ്ടു അവൻ്റെ ജീവിത കഥ സ്താവ്റൊസുമായി പങ്കുവെച്ചു.
 കർണ്ണാടകയിൽ ജനിച്ച കുട്ടിയുടെ പേർ റാം എന്നാണെന്നും കുട്ടിക്കാലത്ത് അച്ചൻ്റെ പീഡന വിനോദങ്ങൾ സഹിക്കുവാൻ കഴിയാതെ വന്ന അമ്മയാണ് ഗോവയിൽ കൊണ്ടുന്നതെന്നും രണ്ട് വർഷം മുൻപ് അമ്മ മറ്റൊരാളുമൊത്ത് ജീവിക്കുവാൻ തുടങ്ങിയപ്പോൾ റാം പെരുവഴിയിലായതും ഒരു കർണ്ണാടക കച്ചവടക്കാരന് വേണ്ടി കടൽക്കരയിൽ ബാഗുകൾ വിൽക്കുന്ന ജോലിയിൽ നിന്നുള്ള വരുമാനമാണ് അവൻ്റെ അതിജീവന മാർഗ്ഗമെന്നും കേട്ട് സ്താവ്റൊസ് വേദനിച്ചു.
 ഭക്ഷണശാലയിലേക്ക് കടക്കുന്നതിന് മുൻപായി പെടുന്നനെ റാം സ്താവ്റൊസിൻ്റെ കാൽക്കൽ വീണു കാലുകൾ കെട്ടി പിടിച്ചു തേങ്ങി. അപരിചിതമായ യാചനാരീതി കണ്ടു് സ്തംഭിച്ച സ്താവ്റൊസ് റാമിനെ പിടിച്ചെഴുന്നേൽപ്പിച്ചു. റാം വിങ്ങി കരയുമ്പോൾ ധാര മുറിയാതെ ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ടു് "എനിക്ക് പഠിക്കണം സർ" എന്ന് സ്താവ്റൊസിനോട് യാചിച്ചത് ഓർമ്മിച്ച് സ്താവ്റൊസിൻ്റെ കണ്ണുകൾ നിറഞ്ഞു.
 റാമിൻ്റെ പഠിക്കുവാനുള്ള ആഗ്രഹം സഫലമാക്കുന്ന ദൗത്യം ഏറ്റെടുത്ത് സ്താവ്റൊസ് ഗോവയിൽ പരിചയപ്പെട്ടവരെയെല്ലാം സമീപിച്ചെങ്കിലും ജനനസർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത റാമിന് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. നിയമപരമല്ലാത്ത രീതിയിൽ റാമിന് വേണ്ട എല്ലാ വിധ സർട്ടിഫിക്കറ്റുകളും ശരിയാക്കാമെന്ന് സമീപിച്ച ഏജൻ്റ് ഇരുപതിനായിരം രൂപയുമായി അപ്രത്യക്ഷനായി. ദിവസേനയുള്ള സ്താവ്റൊസിൻ്റെ കടൽക്കര നടത്തത്തിൽ റാമും പങ്കുചേർന്നു. വിദേശിയോടൊത്ത് ബാഗുമായി നടക്കുന്ന റാമിനെ പലരും കളിയാക്കി. ചിലർ ദേഷ്യപ്പെട്ടു ആട്ടിയോടിക്കുവാൻ ശ്രമിച്ചു. അപ്പോഴെല്ലാം സ്താവ്റൊസ് രക്ഷകനായി.
 ഗോവയിൽ റാമിന് സ്കൂൾ വിദ്യാഭ്യാസം നൽകുവാനുള്ള സ്താവ്റൊസിൻ്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ആതൻസിലെ മുത്ത സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മറ്റൊരു ആശയം ഉടലെടുത്തു. റാമിനെ ദത്തുപുത്രനാക്കിയാൽ വിദ്യാഭ്യാസം ആതൻസിലും സാദ്ധ്യമാണെന്ന വസ്തുത റാമിന് സന്തോഷമായി. കലങ്കൂത്തിന് പുറത്തെ ലോകത്തെക്കുറിച്ചറിയാത്ത റാമിനെ ആതൻസിൽ എത്തിക്കുവാൻ വേണ്ട പാസ്പോർട്ടും യാത്രാ രേഖകളും ദത്തുപുത്രനാണെന്ന രേഖകളും സംഘടിപ്പിക്കുവാൻ ഇതിനകം പരിചയക്കാരായ ഗോവയിലെ ട്രാവൽ ഏജൻസി ഉടമയെ ചുമതലയേൽപ്പിച്ച് സ്താവ്റൊസ് ആതൻസിലേക്ക് മടങ്ങി.
 കുറച്ചു മാസങ്ങൾക്ക് ശേഷം റാം ഒരു ഗോവൻ ദമ്പതികളോടൊപ്പം ആതൻസിൽ എത്തിച്ചേർന്നു. മുൻകാല അനുഭവങ്ങൾ വിവരിച്ച് സ്താവ്റൊസ് പുഞ്ചിരിച്ചു. ആതൻസിലെ സ്വകാര്യ സ്കൂളിൽ ചേർത്തിയ റാം പഠനത്തിലും കായിക മത്സരങ്ങളിലും മികവ് പ്രകടിപ്പിച്ചത് സഹപാഠികളിൽ അസൂയ വളർത്തി. സ്കൂളിലെ അവൻ്റെ നിറത്തെക്കുറിച്ചുള്ള കളിയാക്കലുകളെ അതിജീവിക്കുവാനും അവഗണിക്കുവാനും സ്താവ്റൊസും സഹോദരിയും റാമിനെ പരിശീലിപ്പിച്ചു. സ്താവ്റൊസ് വീണ്ടും എനിക്ക് കാപ്പി കൊണ്ടു വരുമ്പോൾ റാമിനെ പരിചയപ്പെടുവാൻ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു.
 കുറച്ചു നാളുകൾക്ക് ശേഷം ക്ഷണം സ്വീകരിച്ച് ആതൻസ് നഗരത്തിൻ്റെ തെക്കുഭാഗത്തുള്ള പിറയൊസ് തുറമുഖത്തിൻ്റെ സമീപത്തുള്ള സ്താവ്റൊസിൻ്റെ മൂന്നാം നിലയിലെ വീട്ടിൽ ഞാൻ എത്തി. സ്താവ്റൊസും സഹോദരിയും സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നതിനിടയിൽ പതിനഞ്ചു വയസുള്ള റാം സ്കൂൾ ബാഗുമായി കടന്നു വന്നു. കായിക പരിശീലനം ചെയ്ത് ബലിഷ്ഠമാക്കിയ ശരീരവും ഹൊയ്സാല കരിങ്കൽ ശിൽപ സമാനമായ മുഖവുള്ള റാം അനായാസേന ഗ്രീക് ഭാഷയിൽ സ്താവ്റൊസിനോടും സഹോദരിയോടും സംഭാഷണം തുടങ്ങി. സ്താവ്റൊസ് എന്നെ പരിചയപ്പെടുത്തി. അക്ഷര സ്പുടതയോടെ ബ്രിട്ടിഷ് ഉച്ചാരണ ശൈലിയിൽ റാം എന്നോട് സംസാരിച്ചു. ഗോവയിലെ കലങ്കൂത്ത് കടൽക്കരയിൽ നിന്നും മറ്റൊരു രാജ്യത്തിലെ പൗരനായി മാറിയ റാമിന് മാത്യഭാഷ മറന്നു പോയതിനെക്കുറിച്ച് ഒട്ടും നിരാശയില്ല എന്ന് സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു. യാത്ര പറയുന്നതിന് മുൻപായി ഒരു ഉപകാരം ചെയ്യാമൊ എന്ന് റാം എന്നോട് ചോദിച്ചു. ചെയ്യാം എന്ന എൻ്റെ മറുപടി കേട്ടതും അവൻ ഒരു ബാക്പാക് ബാഗുമായി വന്നു. ബാഗിലുള്ളത് പഴക്കമില്ലാത്തതും അവന് പാകമാകാത്ത വസ്ത്രങ്ങളാണെന്നും അവ ബോംബെയിലെ റെഡ് ക്രോസ് സംഘടനയുടെ ഓഫീസിൽ എത്തിക്കുവാൻ കഴിയുമോ എന്ന് റാം ചോദിച്ചു. റാമിൻ്റെ ആഗ്രഹം നിറവേറ്റാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബാഗ് വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞു. നാട്ടിലേക്കുള്ള മടക്കയാത്ര ബോംബെ വഴിയായതിനാൽ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുള്ള റെഡ് ക്രോസ് സംഘടനയുടെ ഓഫീസിലെ ജീവനക്കാരിക്ക് ഞാൻ ബാഗ് കൈമാറി.

***

Recent Post