മേഘങ്ങളെ തൊട്ടുരുമ്മി ചാന്ദ്രശില

സമുദ്രനിരപ്പില്‍നിന്നും പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള ക്ഷേത്രത്തിന് 1000 വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ടാവും. കേദാര്‍നാഥിലേതുപോലെ ശൈത്യകാലമായാല്‍ തുംഗനാഥ് ക്ഷേത്രവും അടയ്ക്കും
കയ്യകലെ ഹിമാലയം-7

മനോജ് മാതിരപ്പള്ളി

  ചാന്ദ്രശിലയുടെ നെറുകെയില്‍ എത്തണമെങ്കില്‍ ചോപ്തയില്‍നിന്നും അഞ്ചു കിലോമീറ്റര്‍ മലകയറണം. പുലര്‍ച്ചെ, ഇരുട്ട് മാറും മുന്‍പുതന്നെ കല്ലുപാകിയ വഴിയിലൂടെ നടത്തം തുടങ്ങി. കേദാര്‍നാഥ് വന്യജീവി സങ്കേതത്തിലൂടെയാണ് യാത്ര. മുന്നിലും പിന്നിലും വിജനമായ നടപ്പാതയാണ്. അന്തരീക്ഷത്തിന് നല്ല തണുപ്പുണ്ട്. ജാക്കറ്റും കയ്യുറയുമെല്ലാം ധരിച്ചിട്ടും ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന ഹിമാലയന്‍ ശൈത്യം.
 മുന്നോട്ടു പോകുംതോറും ആയാസം കൂടി. വഴിയുടെ ഇരുവശങ്ങളിലും റോഡോഡെന്‍ഡ്രോണ്‍ എന്ന ചെറുമരങ്ങള്‍ ധാരാളമായി വളര്‍ന്നുനില്‍ക്കുന്നു. ഇത്തവണത്തെ വസന്തകാലം കഴിഞ്ഞുവെങ്കിലും അപൂര്‍വ്വം ചില മരങ്ങളില്‍ മനോഹരമായ പൂക്കള്‍ കാണാം. ഉത്തരാഖണ്ഡിന്റെയും സിക്കിമിന്റെയും സംസ്ഥാനവൃക്ഷമാണിത്. നാഗാലാന്‍ഡിന്റെ സംസ്ഥാനപുഷ്പവും. ഇര തേടിയിറങ്ങിയ ചെറുകിളികളും മലകടന്നെത്തിയ ഇളംകാറ്റും റോഡോഡെന്‍ഡ്രോണിന്റെ ഇലച്ചില്ലകളെ തൊട്ടുണര്‍ത്തുന്നുണ്ട്.
 അല്‍പ്പസമയം കഴിഞ്ഞപ്പോഴേയ്ക്കും നേരം പുലര്‍ന്നു. അടുത്തും അകലെയുമുള്ള കാഴ്ചകളെല്ലാം ഇപ്പോള്‍ വ്യക്തമായി കാണാം. വഴിയുടെ ഇരുപുറങ്ങളിലും പുല്‍മേടുകളാണ്. പുല്‍ക്കുറ്റികള്‍ക്കിടയിലൂടെ, എന്തൊക്കെയോ കൊത്തിത്തിന്നും ഉച്ചത്തില്‍ ചിലച്ചും നടക്കുന്ന ഹിമാലയന്‍ മൊണാലുകള്‍. ദേവദാരു വൃക്ഷങ്ങള്‍ നിറഞ്ഞ താഴ്‌വരകള്‍ക്കപ്പുറം മഞ്ഞുറഞ്ഞു കിടക്കുന്ന ഹിമശൃംഗങ്ങളാണ്. ചിലതിന്റെ ചെരിവുകളില്‍ ഉദയസൂര്യന്റെ സ്വര്‍ണവര്‍ണ്ണം വീണുകിടക്കുന്നു. Manoj Mathirapally


  വഴിയോരത്ത് രണ്ടുമൂന്നിടങ്ങളിലായി ഓരോ ചായപ്പീടികകളുണ്ട്. മലയടിവാരത്തെ ഗ്രാമീണരാണ് നടത്തിപ്പുകാര്‍. പുലര്‍ച്ചെ ഇരുട്ടു മാറുംമുന്‍പേ അവരെത്തി പീടികയുടെ മറച്ചുകെട്ടുകള്‍ തുറന്നുവെക്കും. യാത്രയുടെ ക്ഷീണമകറ്റാന്‍ ഓരോ ചായ കുടിക്കാമെന്നു കരുതി അതിലൊന്നില്‍ കയറി. മണ്ണുകൊണ്ടുള്ള അടുപ്പിനടുത്തിരിക്കുന്ന സ്ത്രീ തീ ഊതിപിടിപ്പിക്കുന്നതേയുള്ളൂ. പുകയുന്ന അടുപ്പിനുമീതെയിരിക്കുന്ന കെറ്റില്‍.
 കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നുവെങ്കിലും ചായ കുടിച്ചതിനുശേഷം വീണ്ടും നടക്കാന്‍ ആരംഭിച്ചു. ഏറെ ദൂരത്തേക്ക് നടപ്പാത തെളിഞ്ഞുകാണാം. വളഞ്ഞും തിരിഞ്ഞും മലമുകളിലേക്ക് കയറിപ്പോവുന്ന വഴിയുടെ പല ഭാഗങ്ങളിലായി ഏതാനും യാത്രികര്‍. രണ്ടും മൂന്നും പേരടങ്ങുന്ന ചെറുസംഘങ്ങളാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ള ചിലരൊക്കെ മ്യൂളുകളുടെ പുറത്താണ് യാത്രചെയ്യുന്നത്.
 മല കയറുന്നവരില്‍ 80 ശതമാനവും തീര്‍ത്ഥാടകരാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമെന്ന് അറിയപ്പെടുന്ന തുംഗനാഥിലേക്ക് പോകുന്നവര്‍. സമുദ്രനിരപ്പില്‍നിന്നും പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് കുറഞ്ഞത് 1000 വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ടാവും. കേദാര്‍നാഥിലേതുപോലെ ശൈത്യകാലമായാല്‍ തുംഗനാഥ് ക്ഷേത്രവും അടയ്ക്കും. പിന്നെ ആറുമാസത്തിനുശേഷം മാത്രമെ തുറക്കുകയുള്ളൂ. Manoj Mathirapally


  നാലു കിലോമീറ്ററോളം മലകയറിയപ്പോഴേയ്ക്കും തുംഗനാഥ് ക്ഷേത്രത്തിലെത്തി. കരിങ്കല്ലില്‍, കേദാര്‍നാഥ് ക്ഷേത്രത്തോട് സമാനമായ നിര്‍മ്മാണശൈലി. ശ്രീകോവിലിന് മുന്നില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നവര്‍. മഹാഭാരതകാലത്ത് അര്‍ജ്ജുനനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും പിന്നീട് ശങ്കരാചാര്യര്‍ പുനഃപ്രതിഷ്ഠ നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന മലകയറ്റത്തിന്റെ ക്ഷീണമകറ്റാന്‍ യാത്രികരില്‍ പലരും പരിസരത്തെ കല്‍പ്പടവുകളില്‍ വിശ്രമത്തിലാണ്. അന്തരീക്ഷത്തില്‍ ക്ഷേത്രത്തില്‍നിന്നുള്ള മണിമുഴക്കം മാത്രം. Manoj Mathirapally


  ക്ഷേത്രവളപ്പില്‍നിന്നിറങ്ങി വീണ്ടും മുകളിലേക്കു നടന്നു. ഒരു കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ സമുദ്രനിരപ്പില്‍നിന്നും 13123 അടി ഉയരത്തിലുള്ള ചാന്ദ്രശിലയിലെത്താം. മുന്നോട്ടു പോകുംതോറും നടപ്പാതയുടെ വീതി കുറഞ്ഞുകൊണ്ടിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാം. നാമമാത്രമായ ആളുകള്‍ മാത്രമെ ചാന്ദ്രശിലയിലേക്ക് പോകുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം തുംഗനാഥില്‍ ക്ഷേത്രദര്‍ശനം നടത്തി മലയിറങ്ങുകയാണ്. ഓക്‌സിജന്റെ അളവ് കുറയുന്നത് യാത്രികരില്‍ പലരെയും അലട്ടുന്നുണ്ട്.
 ക്ലേശകരമായ യാത്ര ആയിരുന്നുവെങ്കിലും മുകളിലെത്തിയപ്പോള്‍ കണ്ട കാഴ്ച ക്ഷീണമെല്ലാം അകറ്റി. നാലുചുറ്റും കാഴ്ചയുടെ ഹിമാലയന്‍ പൂരമാണ്. പൈന്‍മരങ്ങളും ദേവദാരുവും ചേര്‍ന്ന് പച്ചപുതപ്പിച്ച അഗാധമായ താഴ്‌വരകള്‍. മഞ്ഞുറഞ്ഞ ചൗഗുംബ മലനിരകളും ത്രിശ്ശൂലും നന്ദാദേവിയും കേദാര്‍നാഥ് കൊടുമുടിയും നീലകണ്ഠ പര്‍വ്വതവും. കാഴ്ചകളെല്ലാം കണ്ട് ചാന്ദ്രശിലയ്ക്ക് മുകളില്‍ ഒന്നിനുമീതെ ഒന്നായി ചെറുകല്ലുകള്‍ അടുക്കിവെയ്ക്കുന്ന യാത്രികര്‍. അതിനരികെ ഗംഗാദേവിയുടെ ക്ഷേത്രം.

***

Recent Post