ബെറ്റിനയുടെ ചാർട്ടുകൾ

ആഡംബര കാറും യൂറോപ്യൻ മാതൃകയിലുള്ള വീടിൻ്റെയും ചിത്രങ്ങളുള്ള ചാർട്ട് ബെറ്റിന എൻ്റെ കയ്യിൽ നൽകി. ചാർട്ടിലെ ചിത്രങ്ങൾ ആഗ്രഹങ്ങൾക്ക് തീപിടിപ്പിക്കുവാൻ ഉതകുന്ന രീതിയിൽ വളരെയേറെ ആകർഷണീയമായിരുന്നു.
Greek letters-15

ജോൺസ് മാത്യു

  തിനോസ് ദ്വീപിൽ അയൽവാസികൾ അവരവരുടെ സ്വകാര്യതയുമായി ജീവിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു തരത്തിൽ ഈ രീതി സൗകര്യപ്രദമാണെങ്കിലും ചില നേരങ്ങളിൽ പരസ്പര സഹായവും സാമൂഹിക ബന്ധവും ആവശ്യമായി വരുന്ന സമയത്ത് അമിതമായ സ്വകാര്യത അരോചകമായ ഒന്നായി മാറുകയും ചെയ്യാറുണ്ട്.
 1997 ൽ ഗ്രീക് സാമൂഹിക ഇടപെടലുകൾ തിരിച്ചറിഞ്ഞു വരുന്ന കാലത്ത് ഒരിക്കൽ അയൽവാസിയായ ബെറ്റിന എന്ന സ്ത്രീ എന്നോട് നേരിട്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കുവാൻ ആഗ്രഹമുണ്ടെന്ന് ഫോണിലൂടെ പറഞ്ഞ പ്രകാരം ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. ഉണക്കിയെടുത്ത പൂക്കളും കമ്പുകളും കൊണ്ട് ബെറ്റിന മനോഹരമായി അലങ്കാര വസ്തുക്കൾ നിർമ്മിക്കും. ചിലപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാനായിരിക്കണം അവർ വരുന്നതെന്ന് ഞാൻ കരുതി.
 അവർക്ക് ഏകദേശം അമ്പതു വയസ്സിന് മുകളിൽ പ്രായം ഉണ്ട്. ബോബ് ചെയ്ത കറുത്ത മുടിയും കറുത്ത പാൻ്റും ചുകപ്പ് ടി ഷർട്ടും കഴുത്തിൽ ഇളം നീല നിറമുള്ള ഷാളും ധരിച്ച് കയ്യിൽ ഒരു തുകൽ ബാഗുമായി ഒരു വൈകുന്നേരം ബെറ്റിന വന്നു. ഉണക്കിയെടുത്ത വ്യത്യസ്ത തരം പൂക്കൾ കൊണ്ട് അവർ നിർമ്മിച്ച ഭംഗിയുള്ള ബൊക്ക ഉപഹാരമായി എനിക്ക് നൽകി. അവരുടെ കരകൗശല വസ്തുക്കളുടെ മനോഹാരിതയെക്കുറിച്ചു ഞാൻ അഭിനന്ദിച്ചു.
 കുടിക്കുവാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചതിന് വെള്ളം മതിയെന്ന് അവർ മറുപടി നൽകി. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ ജീവിത രീതികളെക്കുറിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചും ആകാംഷയോടു കൂടി ചോദ്യങ്ങൾ ചോദിച്ചത് കൗതുകകരമായി എനിക്ക് തോന്നി. അവരുടെ സന്ദർശനത്തിൻ്റെ പൊരുളറിയാതെ ഞാൻ ഇരുന്നു.
 കുറച്ചു നേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ബെറ്റിന തുകൽ ബാഗ് എടുത്ത് മടിയിൽ വെച്ചു. ബാഗ് തുറക്കുന്നതിന് മുൻപായി ഇന്ത്യൻ ഉപഭോഗവസ്തുക്കളുടെ വിപണിയെക്കുറിച്ച് വിശദമായി ചോദിച്ചത് എന്നിൽ ചില സംശയങ്ങൾക്ക് തുടക്കമിട്ടു.
  അതിന് ശേഷം പതിയെ ബാഗിൽ നിന്നും മൂന്ന് നാല് ചാർട്ടുകൾ എടുത്ത് മാർബിൾ മേശമേൽ വെച്ചു. ചാർട്ടുകളിൽ പലതരത്തിലുമുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിവരണങ്ങളും അവയുടെ ഗുണമേന്മകളെക്കുറിച്ചുമുള്ള വിശദീകരണങ്ങളും ചിത്രങ്ങളുമായിരുന്നു. ചാർട്ടുകളിൽ ഒന്ന് എടുത്തു കാണിച്ചു ഇത് എന്താണിതെന്നറിയാമോ എന്ന് ചോദിച്ചു. അതിൽ അമൂർത്തമായ ചില ചിഹ്നങ്ങളും ഗണിതശാസ്ത്ര സൂചികകളും ആയിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെന്ന് പറഞ്ഞപ്പോൾ ഇതാണ് ഇനി ലോകം മുഴുവൻ കീഴടക്കാൻ പോകുന്ന കച്ചവട സാധ്യതയെന്ന് ഒരു വിജയിയുടെ ഭാവത്തിൽ ചിരിച്ചു കൊണ്ട് ബെറ്റിന പറഞ്ഞു. ഞാൻ ഒരു വിഡ്ഢിയെപ്പോലെ വെറുതെ ചിരിച്ചു.
 ബെറ്റിന ഒന്ന് ഇളകിക്കൊണ്ട് സോഫയിൽ മുന്നോട്ട് കയറിയിരുന്നു. ഉത്സാഹത്തോടെ ചാർട്ടുകൾ ഓരോന്നായി പുറത്തെടുത്ത്‌ എനിക്കൊരു ക്‌ളാസ്സ് നൽകി തുടങ്ങി. ഞാനൊരു ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ പോലെ എല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. അതായത് പുത്തൻ സംരംഭമായ ഒരു കമ്പനിയുടെ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വ്യത്യസ്ത വിൽപ്പന സമ്പ്രദായത്തെക്കുറിച്ചുള്ള ക്ലാസായിരുന്നു അത്. ഒരു നഴ്സ്റി ക്ലാസ്സിലെ കുട്ടിയോട് പറയുന്ന രീതിയിൽ അവർ എല്ലാം ക്ഷമയോടെ ആദ്യം വിശദീകരിച്ചു കൊണ്ടിരുന്നു. എല്ലാ ചാർട്ടുകളും വിശദീകരിച്ചതിന് ശേഷം മനസ്സിലായില്ലേ എന്ന് ചോദിച്ചതിന് ഇല്ല എന്ന എൻറെ വിനീതമായ മറുപടി അവരെ അമ്പരപ്പിച്ചു. പിന്നീട് ചാർട്ടുകൾ എല്ലാം എനിക്ക് മനസ്സിലാകുന്നത് വരെ അവർ വിശദീകരണം നൽകിക്കൊണ്ടിരുന്നത് അൽപ്പം പരുഷമായിരുന്നു.
 ചാർട്ട് വിശദീകരണ ക്ലാസ് കഴിഞ്ഞിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് സൂചിപ്പിച്ചിട്ടും അവർ വിടാനുള്ള ഭാവമുണ്ടായിരുന്നില്ല. ഞാൻ എന്ന ഒരു ഇരയെ ക്ഷമയോടെ ശീലിപ്പിച്ചെടുത്താൽ ഭാവിയിൽ വലയിൽ കുടുക്കാവുന്ന ഇന്ത്യയിലെ സമ്പന്നമായ വിപണന സ്രോതസ്സായിരിക്കണം അവരുടെ ലക്ഷ്യം എന്ന സംശയം എന്നിൽ ഉടലെടുത്തു. എങ്കിലും അവരുടെ ലക്ഷ്യം മുഴുവനായും അറിയുവാൻ എനിക്ക് ആകാംക്ഷയായി.
 എൻറെ നിസ്സംഗത അവരിൽ അൽപ്പം അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവർ അവസാനത്തെ തുറുപ്പ് ചാർട്ടുകൾ പുറത്തെടുത്തു. അവയെല്ലാം ലളിതമായ ചിഹ്നബിംബങ്ങളായിരുന്നു. ആ ചാർട്ട് എനിക്ക് എളുപ്പത്തിൽ മനസ്സിലായതിൽ അവർ സന്തോഷിച്ചു. ആ ചാർട്ടിൽ മൂന്ന് ചിത്രങ്ങൾ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. Johns Mathew

Sketch : Johns Mathew


  ഒരു വലിയ കെട്ടു പണവും അതിൽ നിന്ന് ഇരു വശങ്ങളിലേക്കുമായി അടയാളപ്പെടുത്തിയ വരകൾ ലക്ഷ്യമാക്കുന്ന ഒരു കാറിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ആഡംബര കാറും യൂറോപ്യൻ മാതൃകയിലുള്ള വീടിൻ്റെയും ചിത്രങ്ങളുള്ള ചാർട്ട് ബെറ്റിന എൻ്റെ കയ്യിൽ നൽകി. ചാർട്ടിലെ ചിത്രങ്ങൾ ആഗ്രഹങ്ങൾക്ക് തീപിടിപ്പിക്കുവാൻ ഉതകുന്ന രീതിയിൽ വളരെയേറെ ആകർഷണീയമായിരുന്നു.
 ചാർട്ടിൽ കാണുന്ന പ്രകാരം നിങ്ങൾക്ക് കുറെയധികം പണം ലഭിച്ചാൽ ആദ്യം വാങ്ങുക ഒരു കാറോ അതോ വീടോ എന്ന് വളരെ ആകാംഷയോടു കൂടിയും നിഷ്കളങ്കതയോടും ഒരു കൊച്ചു കുട്ടിയോടെന്ന പോലെ ബെറ്റിന എന്നോട് ചോദിച്ചു.
 അവരുടെ ചോദ്യം കേട്ട് എനിക്ക് ചിരി അടക്കുവാൻ കഴിയാഞ്ഞത് ബെറ്റിനയെ അസ്വസ്ഥയാക്കി. അവർ ഒന്ന് ഇളകിയിരുന്ന് ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ചു. നോക്കൂ ബെറ്റിന ഞാൻ അമിതമായി പണം സമ്പാദിക്കുവാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന വ്യക്തിയല്ല. കുറച്ചു പണം കൊണ്ട് മാനസിക സമാധാനം നഷ്ടപ്പെടുത്താതെ ജീവിക്കുകയാണ് എൻറെ പ്രധാന ആഗ്രഹമെന്നു സൂചിപ്പിച്ചപ്പോൾ ബെറ്റിന തീർത്തും നിശബ്ദയായി.
 കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവർ ഗ്ലാസിലെ വെള്ളം മുഴുവനായും ഒറ്റ വലിക്ക് കുടിച്ചു. അവരുടെ വിപണന സാദ്ധ്യതകളെക്കുറിച്ച് ഒന്നു കൂടി ആലോചിക്കുവാൻ അവർ നിർദ്ദേശിച്ചതിനെ ഞാൻ ചിരിച്ചുകൊണ്ടു് നിരാകരിച്ചത് അവരെ നിശബ്ദയാക്കി. സംവേദന ശേഷി നഷ്ടപെട്ട ചാർട്ടുകൾ ബാഗിൽ വച്ച് അർത്ഥമില്ലാത്ത ഒരു ചിരിയും നൽകി എൻറെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമയും ചോദിച്ചു അവർ യാത്ര പറഞ്ഞു.

***

Recent Post