ഏകാധ്യാപകന്റെ മല കയറ്റം
ജീവിതം രണ്ടറ്റം മുട്ടിക്കാൻ കാടു കയറിയ മുരളീധരൻ ജീവിതമെന്തെന്ന് പഠിച്ചതോടെയാണ് കാടിറങ്ങാൻ മടിച്ചത്. സംസ്ഥാനത്തെ അവസാന ഏകാധ്യപകനാകുമെന്ന് മനസിലുറപ്പിച്ചത് .
ജേക്കബ് തോമസ്

മുരളീധരൻ ദിവസം മുഴുവൻ നടക്കുന്നത് ഒരു ഏകാധ്യപക വിദ്യാലയത്തിലേക്കാണ്. പട്ടാപ്പകലും ഇരുട്ടുറയുന്ന കൊടുംകാടാണ് യാത്രാവഴി. ഇടമലക്കുടിയിലേക്കായിരുന്നു മുരളീധരൻ 22 വർഷം ഇങ്ങനെ നടന്നുകയറിയത്. രാജ്യത്തെ ഒരേയൊരു മുതുവാൻ പഞ്ചായത്തിലെ കുരുന്നുകൾക്ക് അക്ഷര ചൂട്ട് കൊളുത്തി കൊടുക്കാൻ. ഇന്നിപ്പോൾ മാങ്കുളത്തിനടുത്ത് കുറത്തിക്കൂടി യിലേക്കും.

1999 ൽ ഭാര്യ രാധാമണിയുടെ കൈ പിടിച്ചാണ് മുരളീധരൻ കാടു കയറിയത്. ഒരു വയസുള്ള മകനൊപ്പം. രണ്ടു ഏകാധ്യാപകർ . നടു വനത്തിൽ വെച്ചവർ വഴി പിരിഞ്ഞു. രണ്ടു കുടികളിലേക്കും ഒരേ വിദ്യാലയ സങ്കൽപ്പത്തിലേക്കും. മൂന്നു മണിക്കർ കൊടുംകാടിന്റെ ദൂരമായിരുന്നു ഇവരുടെ ദാമ്പത്യത്തിന്. എന്നും വൈകിട്ട് മൂന്നു മണിക്ക് ഇടമലക്കുടിയിറങ്ങുന്ന മുരളീധരൻ ഇരുട്ടും കാടും താണ്ടി ഭാര്യയെയും കുഞ്ഞിനെയും കാണാൻ ഇരുപ്പുകല്ല് കുടിയിലെത്തും. രാവിലെ ഏഴിന് വീണ്ടും മല കയറും. മൂന്ന് വർഷത്തെ പരീക്ഷൾക്കൊടുവിൽ പ്രിയതമ കാടിറങ്ങി. വൈകാതെ മുരളീധരന്റെ ജീവിതത്തിൽ നിന്നും പ്രിയപ്പെട്ടവൾ യാതയായി. രണ്ടു കുരുന്നുകളെ ഏൽപ്പിച്ച്

അപ്പോഴേക്കും മുരളീധരൻ ജീവിതവൃത്തിയിൽ വേറൊന്നായി തുടങ്ങിയിരുന്നു. 250 രൂപ മാസ വരുമാനത്തിൽ ജീവിതം തേടിയിറങ്ങിയവൻ പ്രതിഫലം മറന്നു തുടങ്ങി. മുതുവാന്മാരെ അക്ഷരം പഠിപ്പിക്കാനിറങ്ങിയവൻ അവരിൽ നിന്ന് ജീവിതം പഠിച്ചു തുടങ്ങി. പാറക്കെട്ടിലും സുഖ നിദ്ര. പച്ചിലയിലും മൃഷ്ടാന്നം. അൽപ വസ്ത്രത്തിലും ആനന്ദം. കാടും പുഴകളും കാട്ടുമൃഗങ്ങളും സംസാരിച്ചു തുടങ്ങി. സ്കൂൾ അവധിക്ക് ശനിയും ഞായറും കൂപ്പിൽ പണിക്ക് പോയി കിട്ടുന്ന കൂലിയും മുതുവാന്മാർക്ക് ചികിത്സക്കും ഭക്ഷണത്തിനുമായി വീതിച്ചു കൊടുത്തു. പിന്നെ പിന്നെ മുതുവാന്മാർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നടത്തി കിട്ടാനായി കാടിറക്കം. റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, തൊഴിലുറപ്പ് .... മൂന്നാറിലേക്കും ദേവികുളത്തേക്കുമായി കഠിനയാത്രകൾ ആഴ്ചയിലൊന്ന് നല്ലമുടിയിറങ്ങി മണലിയാറും കടന്ന് തമിഴ് നാട്ടിലെ വാൽപ്പാറയിലേക്കും നടക്കും. ഒരാഴ്ച കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കാനുള്ള വകകൾ സംഘടിപ്പിച്ച് തിരിച്ച് മലകയറും. ഇതിനിടെ ഗോത്രഭാഷ സ്വന്തമാക്കി. ലിപികളില്ലാത്ത ഭാഷയിൽ വിദ്യ അഭ്യസിപ്പിക്കാൻ കാർഡുകളുണ്ടാക്കി. പെഡഗോഗി യും മെത്തഡോളജിയും തനതായി ഉണ്ടാക്കിയെടുത്തു. കെട്ടിടങ്ങളില്ലാത്ത കുടികളിൽ പൂഴി മണ്ണിലും തുറസുകളിലും അക്ഷരമെഴുതിയും കാണിച്ചും കൊടുത്തു. ചാവടി പുരകൾ സ്കുളുകളാക്കി.500 ലധികം കരുന്നുകളെ വെളിച്ചം കാണിച്ചു. ഇവരിൽ പലരും ട്രൈബൽ പ്രമോട്ടർമാരായി. [52 വയസാണ് മുരളിധരന്റെ നടപ്പു വർഷം. 29 വയസിന്റെ യൗവ്വനവും കഴിഞ്ഞ് മധ്യവയസ് അടയാളപ്പെടുത്തി തുടങ്ങിയിരിക്കുന്നു ശരീരത്തിലും മനസിലും. ഒരു ജന്മത്തിൽ പല ജന്മം. കാട് കയറിയ വൻ പഠിച്ചതും പ്രയോഗിച്ചതും പാഠദേദങ്ങൾ ഇടമലക്കുടി വിഷയമാക്കി രണ്ടു പുസ്തകമെഴുതി ചരിത്രത്തെ അടയാളപ്പെടുത്തി.

ജീവിതം രണ്ടറ്റം മുട്ടിക്കാൻ കാടു കയറിയ മുരളീധരൻ ജീവിതമെന്തെന്ന് പഠിച്ചതോടെയാണ് കാടിറങ്ങാൻ മടിച്ചത്. സംസ്ഥാനത്തെ അവസാനത്തെ ഏകാധ്യപകനാകുമെന്ന് തീരുമാനിച്ചത് . വിദ്യാഭ്യാസവകുപ്പ് അധ്യാപകർ മല കയറാൻ മടിച്ചിടത്താണ് സർക്കാർ ഏകാധ്യാപകസങ്കൽപ്പം വിതച്ചത്. മൾട്ടി ഗ്രേഡ് ലേണിംഗ് സെന്റുകളെന്ന് പേരിട്ടു.കരാർ അടിസ്ഥാനത്തിൽ തുഛമായ മാസക്കൂലിയിൽ കൊടുംകാടുകൾ കയറാം. 420 ഏകാധ്യപകരിൽ 82 പേർ ഇടുക്കി ജില്ലയിലായിരുന്നു. ഇന്നിപ്പോൾ രണ്ടു പേരാണ് ബാക്കിയാകുന്നത്. സംസ്ഥാനത്താകെ 420 പേരിൽ പത്തിൽ താഴെയും..
അവസാനക്കാരനാകാൻ അടിയുറച്ച് മല ചവിട്ടുന്നു ഇപ്പോഴും മുരളീധരൻ
***
Previous Post ഹിമാലയത്തിലെ മിനി സ്വിറ്റ്സർലാന്റ്
Next Post ബെറ്റിനയുടെ ചാർട്ടുകൾ