ഹിമാലയത്തിലെ മിനി സ്വിറ്റ്സർലാന്റ്

പൈന്‍മരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നില്‍ക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളില്‍ മഴ തുടങ്ങി.
കയ്യകലെ ഹിമാലയം-6

മനോജ് മാതിരപ്പള്ളി

  കേദാര്‍നാഥില്‍നിന്നുള്ള മലയിറക്കം വലിയ ക്ലേശകരമായിരുന്നില്ല. കൊടുംതണുപ്പും ഹിമക്കാറ്റും ശക്തമായിരുന്ന ഒരു രാത്രിക്കുശേഷം പുലര്‍ച്ചെ നാലര കഴിഞ്ഞപ്പോഴേയ്ക്കും മടക്കയാത്ര ആരംഭിച്ചു. മലയോരങ്ങളിലും താഴ്‌വരകളിലുമെല്ലാം ഇരുട്ട് വീണുകിടക്കുകയാണ്. കല്ലുപാകിയ നടപ്പാതയ്ക്ക് അരികിലെ വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തില്‍ ഗൗരികുണ്ഡ് ലക്ഷ്യമാക്കി നടന്നു. കേദാര്‍നാഥിലേക്ക് മലകയറുകയും അടിവാരത്തേക്ക് മലയിറങ്ങുകയും ചെയ്യുന്ന അപൂര്‍വ്വം ചില തീര്‍ത്ഥാടകസംഘങ്ങളെ അങ്ങിങ്ങായി കാണാം.
 തലേദിവസം ഒന്‍പതു മണിക്കൂറെടുത്ത് കേദാര്‍നാഥിലേക്ക് കയറിയ വഴിയത്രയും അഞ്ചുമണിക്കൂര്‍ കൊണ്ട് തിരിച്ചിറങ്ങി. സോനപ്രയാഗില്‍ എത്തിയശേഷം, തിരക്കേറിവരുന്ന മലമ്പാതയിലൂടെ ചോപ്തയിലേക്ക് തിരിച്ചു. സീതാപ്പൂരും രാംപൂരും ഫാട്ടയും ഗുപ്തകാശിയും പിന്നിട്ട് ഉച്ചയായപ്പോഴേയ്ക്കും കുണ്ഡ് എന്ന സ്ഥലത്തെത്തി. കേദാര്‍നാഥ് കൊടുമുടിക്കരികില്‍ നിന്നും ഉത്ഭവിക്കുന്ന മന്ദാകിനി നദി യാത്രയിലുടനീളം കാണാം. മലയുടെ അടിവാരത്തുകൂടിയാണ് ഒഴുകുന്നതെന്ന് മാത്രം.


  മലകള്‍ക്കിടയില്‍ മന്ദാകിനിയുടെ തീരത്താണ് കുണ്ഡ്. ഇവിടെനിന്നും വഴി രണ്ടാവുകയാണ്. രുദ്രപ്രയാഗിലേക്കുള്ളതാണ് മുഖ്യപാത. അവിടെത്തിയാല്‍ ബദരീനാഥിലേക്കോ ഹരിദ്വാറിലേക്കോ പോകാം. അടുത്ത ലക്ഷ്യം തുംഗനാഥിന്റെയും ചാന്ദ്രശിലയുടെയും ബേസ് ക്യാമ്പായ ചോപ്ത ആയിരുന്നതിനാല്‍ കുണ്ഡില്‍നിന്നും ഉഖീമഠിലൂടെ പോകുന്ന രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
 കുണ്ഡ് മുതല്‍ ചോപ്ത വരെയും മലകയറ്റം തന്നെയാണ്. കുത്തനെയും വളഞ്ഞും തിരിഞ്ഞും ചാഞ്ഞും ചെരിഞ്ഞുമെല്ലാം പോകുന്ന മലമ്പാത. ഇടയ്ക്കിടെ ചെറുഗ്രാമങ്ങള്‍. ഓറഞ്ചിന്റെയും റാഗിയുടെയും വിളവെടുപ്പ് നടത്തുന്ന ഗ്രാമീണര്‍. പാതയോരത്ത് അലസരായി കിടക്കുന്ന ഹിമാലയന്‍ നായ്ക്കള്‍. പാറക്കെട്ടുകളില്‍നിന്നും വഴിയോരത്തേക്ക് കുതിച്ചുചാടുന്ന വെള്ളച്ചാട്ടങ്ങള്‍. മലഞ്ചെരിവില്‍ ചിതറിക്കിടക്കുന്ന ഗുപ്തകാശിയുടെയും ഉഖീമഠിന്റെയും പട്ടണക്കാഴ്ച.


  ചോപ്തയിലേക്കുള്ള പാതിദൂരം പിന്നിട്ടപ്പോഴേയ്ക്കും യാത്ര കേദാര്‍നാഥ് വന്യജീവിസങ്കേതത്തിലൂടെയായി. വഴിയുടെ ഇരുവശങ്ങളിലും ഇരുളടഞ്ഞ് വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍മരങ്ങള്‍. പച്ചയുടെ വിവിധ ഭാവങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന അടിക്കാടുകള്‍. അതിനിടയിലൂടെ ചിക്കിനടക്കുന്ന കാട്ടുകോഴികളും കൂട്ടംകൂടി കുറുമ്പുകാട്ടുന്ന കുരങ്ങന്മാരും. കസ്തൂരിമാനുകളുടെയും ഹിമാലയന്‍ മൊണാലുകളുടെയും ആവാസകേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ് കേദാര്‍നാഥ് വന്യമൃഗസംരക്ഷണകേന്ദ്രം.
 മൂന്നുമണി ആയപ്പോഴേയ്ക്കും ചോപ്തയിലെത്തി. കാടും പുല്‍മേടുമെല്ലാം ഉള്‍പ്പെടുന്ന മനോഹരമായ ഭൂപ്രദേശം. പച്ചപ്പിനിടയിലൂടെ മേഞ്ഞുനടക്കുന്ന ചെമ്മരിയാട്ടിന്‍ പറ്റങ്ങള്‍. സമുദ്രനിരപ്പില്‍നിന്നും 8600 അടിയോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചോപ്ത, മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നാണ് അറിയപ്പെടുന്നത്. ഹിമപര്‍വ്വതങ്ങളുടെ ദൂരക്കാഴ്ചയും സുഖകരമായ കാലാവസ്ഥയും സ്വസ്ഥമായ അന്തരീക്ഷവും ഇവിടേക്ക് യാത്രികരെ ആകര്‍ഷിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന തുംഗനാഥിലേക്കുള്ള നാലു കിലോമീറ്റര്‍ ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെനിന്നാണ്.


  അൽ‍പ്പം കഴിഞ്ഞപ്പോഴേയ്ക്കും അന്തരീക്ഷത്തിന്റെ ഭാവം മാറി. കണ്ണെത്താദൂരത്തോളം ആകാശത്തേക്ക് ഉരുണ്ടുകൂടുന്ന മഴമേഘങ്ങള്‍. പൈന്‍മരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നില്‍ക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളില്‍ മഴ തുടങ്ങി. സന്ധ്യ ആയപ്പോഴേയ്ക്കും ശക്തമായി. കാറ്റും ബഹളവുമൊന്നുമില്ലാത്ത മഴ. വന്‍മരങ്ങളുടെ തായ്ത്തടിയിലൂടെയും മണ്ണിലൂടെയുമെല്ലാം മഴവെള്ളം കുത്തിയൊഴുകി.
 മഴയ്‌ക്കൊപ്പം തണുപ്പും ശക്തമായി. രാത്രി വൈകി വാടകമുറിയിലെ കമ്പിളിക്കുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോഴും പുറത്ത് മഴ ശമിച്ചിരുന്നില്ല.

***

Recent Post