ക്രിസ്‌റ്റീനയുടെ ഇന്ത്യൻ പ്രണയം

യാത്ര പറഞ്ഞ് പിരിയുമ്പോൾ രണ്ടു പേരും കൈകൾ കോർത്ത് ആലിംഗനബദ്ധരായി മുന്തിരിവള്ളികൾ പടർത്തിയ കാപ്പിക്കടയുടെ പുറത്ത് വന്ന് കൈകൾ വീശി
Greek letters-14

ജോൺസ് മാത്യു

  1999 ൽ ബോംബെയിൽ നിന്ന് കെയ്റൊ വഴി ആതൻസിലേക്കുള്ള വിമാനത്തിലെ സഹയാത്രികൻ രാജസ്ഥാനിലെ മൗണ്ട് അബുവിൽ നിന്നുള്ള നാൽപത് വയസ്സോളം പ്രായമായ നവീൻ എന്ന സി എ പ്രൊഫഷണൽ ആയിരുന്നു. വെളുത്ത് നീണ്ട മുഖവും ആറടിയോളം ഉയരവും വെള്ള മുഴുക്കയ്യൻ ലിനൻ ഷർട്ടും നരച്ച ജീൻസും നെറ്റിയിലേക്ക് വീണു കിടക്കുന്ന കോലൻ മുടിക്ക് മുകളിലായി തലയിൽ ഉയർത്തി വെച്ച കറുത്ത ബ്രാൻഡഡ് കണ്ണടയും ധരിച്ച നവീനെ യൂറോപ്യൻ വംശജനാന്നെന്ന് ഞാൻ കരുതി. എന്നാൽ സംഭാഷണം തുടങ്ങിയപ്പോഴാണ് ഇംഗ്ലീഷ് ഉച്ചാരണത്തിലെ ഉത്തരേന്ത്യൻ സ്വാധീനം തിരിച്ചറിഞ്ഞത്.
 ആതൻസിലേക്കുള്ള നാലര മണിക്കൂർ വിമാന യാത്രക്കിടയിൽ നവീനുമായി അടുത്തിടപെടുവാൻ കഴിഞ്ഞു. മുന്ന് വർഷം മുൻപ് രാജസ്ഥാൻ സന്ദർശനത്തിനായി എത്തിച്ചേർന്ന ഗ്രീക് യുവതി ക്രിസ്റ്റീനയുമായി നവീൻ പരിചയപ്പെടുകയും ഇന്ത്യയിൽ പലയിടത്തുമായി യാത്ര ചെയ്യുകയും പിന്നീട് ആ ബന്ധം പ്രണയകാണ്ഡമായി തീരുകയും ചെയ്തു. അതിനു ശേഷം നവീൻ ക്രിസ്റ്റീനയോടൊപ്പം ആൻസിലും ക്രെത്ത എന്ന ദ്വീപിലുമായാണ് വേനൽക്കാലം ചെലവിടുന്നത്. ഗ്രീസിലെ ശൈത്യകാലത്ത് ക്രിസ്റ്റീന രാജസ്ഥാനിലെ മൗണ്ട് അബുവിൽ നവീനോടൊത്ത് കഴിയുന്നതും പതിവാക്കി. രണ്ടു പേരും ഒരുമിച്ച് ഒരു രാജ്യത്ത് ജീവിക്കുന്നതിന് ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന എൻ്റെ ചോദ്യം കേട്ട് നവീൻ പുഞ്ചിരിച്ചു. ശാരീരിക അകലം പ്രണയ തീവ്രതയും പരസ്പര ബന്ധത്തിലെ മൃദുലത കൂട്ടുന്നതിനും സഹായകരമാണെന്ന നവീൻ്റെ മറുപടി ഒരർത്ഥത്തിൽ ശരിയാണെന്ന് ഞാൻ സമ്മതിച്ചു.
 കാരണം കുറച്ച് വർഷങ്ങൾക്ക് മുൻപ് വർദ്ധിച്ചു വരുന്ന വിവാഹമോചന കേസുകളെക്കുറിച്ച് അമേരിക്കൻ ബാരിസ്റ്റർ സുഹൃത്ത് സ്റ്റീവുമായി സംവദിച്ചതിൻ്റെ അനുഭവത്തിൽ ഭാര്യാഭർത്തൃ ബന്ധങ്ങളിലെ സ്വരചേർച്ചയില്ലായ്മയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ലൈംഗിക ബന്ധങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളാണ് പ്രധാന കാരണമായി സൂചിപ്പിച്ചത്.
 ഇതേ ഇഷ്ടാനിഷ്ടങ്ങൾ വളർന്ന് പരസ്പര ആകർഷണത്തിൻ്റെ തീവ്രത കുറക്കുന്നതിനും നിസ്സാര കാരണങ്ങൾക്ക് വഴക്കിടുന്നതിനും സംശയരോഗത്തിനും ഇടയാവുകയും വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വിവാഹ മോചനത്തിനായി സമീപിക്കുന്ന ദമ്പതികൾക്ക് സ്റ്റീവ് നൽകുന്ന നിർദ്ദേശം രസകരമാണ്. ദമ്പതികളോട് പരസ്പരം കാണാതിരിക്കുവാനും കുറേ നാളുകൾ മാറി താമസിക്കുവാനുമാണ് നിർദ്ദേശിക്കുക. മാറി താമസിക്കുന്ന നേരം വിരഹതീവ്രത അനുഭവിക്കുന്നുണ്ടെങ്കിൽ മാത്രമെ ദമ്പതികൾക്കിടയിൽ പരസ്പര സാമീപ്യത്തിൻ്റെ ആവശ്യകതയും സ്നേഹവും പ്രണയവും വിശ്വാസവും ബഹുമാനവും വീണ്ടും വളരുകയുള്ളൂ എന്ന സ്റ്റീവിൻ്റെ നിരീക്ഷണം നവീൻ സമ്മതിച്ചു.
 ആതൻസ് എയർപോർട്ടിൽ ഇറങ്ങിയ ശേഷം ഞങ്ങൾ ബാഗുകൾ വരുന്നതും കാത്ത് നിൽക്കുമ്പോഴാണ് ക്രിസ്റ്റീന എയർപോർട്ടിന് പുറത്ത് കാറുമായി കാത്തു നിൽക്കുന്ന കാര്യം നവീൻ പറഞ്ഞത്.
 എല്ലാവരുടേയും ബാഗുകൾ വന്നെങ്കിലും എൻ്റെ ബാഗ് കൺവയർ ബെൽറ്റിൽ കണ്ടില്ല. എയർപോർട്ടിലെ ജീവനക്കാരിയുടെ സഹായത്താൽ Lost and found കൗണ്ടറിൽ ഞാൻ പരാതി എഴുതി നൽകി. ബാഗിനെക്കുറിച്ചും അതിലടങ്ങിയ വസ്തുക്കളെക്കുറിച്ചും യാത്രാ വിമാന വിവരണങ്ങളും എഴുതി നൽകിയതോടൊപ്പം കുറച്ചു നാളുകൾക്കുള്ളിൽ ബാഗ് ലഭിക്കുമെന്ന വാഗ്ദാനവും അതോടൊപ്പം കൂടുതൽ വിവരങ്ങൾക്കായി രണ്ടു ഫോൺ നമ്പറുകളും അവർ നൽകി.
 എയർപോർട്ടിന് പുറത്ത് നവീനും ക്രിസ്റ്റീനയും സിഗരറ്റു പുകച്ച് എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എയർപോർട്ടിന് പുറത്തെ പ്രധാന കവാടത്തിനരികിൽ വിവിധ ഇടങ്ങളിലായി ആഷ് ട്രേയും മാലിന്യ സംഭരണികളും സ്ഥാപിച്ചിട്ടുണ്ടു്. നവീൻ ക്രിസ്റ്റീനയെ എനിക്ക് പരിചയപ്പെടുത്തി. ഞാൻ അവർക്ക് ഹസ്തദാനം നൽകി. ഇളം നീല മുറിക്കയ്യൻ ഷർട്ടും ഇറുകിയ ജീൻസും ധരിച്ച ക്രിസ്റ്റീനയുടെ ഇടതൂർന്ന കറുത്ത ചുരുണ്ട മുടിയും പ്രസന്നവദനവും അവരുടെ അൽപം തടിച്ച ശരീരത്തിന് ആകർഷണീയത കൂട്ടുന്നതായിരുന്നു.
 കുറച്ചു നേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ ആതെൻസിലെ നാഷണൽ ഗാലറിയിൽ നടക്കുന്ന എൽ ഗ്രെക്കൊ എന്ന ഗ്രീക് ചിത്രകാരൻ്റെ റിട്രോസ്പെക്ടീവ് കാണുവാൻ വരുമ്പോൾ വീണ്ടും കാണാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു പോയി.
ജോൺസ് മാത്യു


  കൈകൾ കോർത്തും ആലിംഗനം ചെയ്തും ഇടക്കിടെ ചുംബിച്ചും ക്രിസ്റ്റീനയും നവീനും പ്രണയകാണ്ഡത്തിലേക്ക് നടന്നു മറഞ്ഞു. നഷ്ടപ്പെട്ട ബാഗിനെക്കുറിച്ചും അതിലുള്ള വില കൂടിയ ചിത്രകലാ സാമഗ്രികളെക്കുറിച്ചുമുള്ള ചിന്തയാൽ ചെറിയൊരു ഹാൻഡ് ബാഗുമായി ഞാൻ സിൻ്റഗ്മ ചത്വരത്തിലേക്ക് എയർപോർട്ടിൽ നിന്നും ബസ് കയറി.
 ഗ്രീക് പ്രൈം മിനിസ്റ്റർ താമസിക്കുന്ന വീടിനു സമീപത്തെ മുറൂസി പാതയിൽ ഗ്രീക് സുഹൃത്തിൻ്റെ സഹോദരിയുടെ അപ്പാർട്മെൻ്റിലാണ് ഞാൻ താമസിച്ചിരുന്നത്. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ സഹോദരി അവരുടെ മരിച്ചു പോയ ഭർത്താവിൻ്റെ വസത്രങ്ങൾ നൽകിയത് വളരെ സഹായകരമായി എങ്കിലും അവയിൽ പലതും പാകമാകാത്തവയായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം പാകമല്ലാത്ത ജീൻസും ഷർട്ടും ധരിച്ച് നാഷണൽ ഗാലറിയിലേക്ക് പോകുന്ന വഴിയിൽ വെച്ച് രണ്ട് പോലീസുകാർ എന്നെ തടഞ്ഞു നിർത്തി. അടിസ്ഥാന ചോദ്യങ്ങൾക്കൊപ്പം പാസ്പോർട് വിസ എന്നിവയും പരിശോധിച്ചതിന് ശേഷം എൻ്റെ താമസസ്ഥലം എവിടെയാണെന്ന് ചോദിച്ചു. പ്രൈം മിനിസ്റ്ററുടെ വീടിനടുത്തുള്ള പാതയിലെ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിലാണെന്ന് കേട്ടപ്പോൾ അവർ പിന്നീടൊന്നും ചോദിച്ചില്ല.
 നാഷണൽ ഗാലറിയിൽ വച്ച് ക്രിസ്റ്റീനയും നവീനും എന്നോടൊപ്പം എൽ ഗ്രെക്കൊയുടെ പടുകൂറ്റൻ ചിത്രങ്ങൾ ആസ്വദിച്ചു. എൽ ഗ്രെക്കൊയുടെ എണ്ണഛായ ചിത്രങ്ങളിലെ സാധാരണത്വം പ്രകടമാക്കുന്ന സ്ഥൂലിച്ച മനുഷ്യ രൂപങ്ങളിലെ അവാച്യമായ മാനുഷികതയും അസാധാരണ പ്രകാശ വിന്യാസവും സമ്പുഷ്ടമായ വസ്ത്രാലങ്കാരവും നിറങ്ങളിലെ തീവ്രതയും അതുല്ല്യമായ പ്രത്യേകതകളാണ്.
 നാഷണൽ ഗാലറിയിൽ നിന്നും ഞങ്ങൾ ആതൻസിലെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ പ്ലാക്കയിലെ കൊച്ചു തവെർണ്ണയിലേക്ക് നടന്നു. എർമു പാതയോരത്തിന് ഇരുവശത്തുമുള്ള ബ്രാൻഡഡ് ഷോറൂമുകളിലെ വില കൂടിയ ഉൽപന്നങ്ങൾ ആസ്വദിച്ചു നിന്ന നവീനെ ക്രസ്റ്റീന ഇടക്കിടെ കളിയാക്കി. ചുമലിൽ തൂക്കിയ കോട്ടൺ ബാഗും ചുക്കി ചുളിഞ്ഞ കോട്ടൺ ടോപ്പും അയഞ്ഞ കോട്ടൺ പാൻ്റും ധരിച്ച ക്രിസ്റ്റിനയും ഇസ്തിരിയിട്ട ലിനൻ വസത്രധാരിയായ നവീനും ഒരേ കപ്പലിൽ യാത്ര ചെയ്യുന്ന അപരിചിതരെപ്പോലെ ഒരു വേള എനിക്ക് അനുഭവപ്പെട്ടു.
 തവെർണയിൽ റെറ്റ്സിനയെന്ന നാടൻ വൈനും ഗ്രീക് ഭക്ഷണ വിഭവങ്ങളായ ദോൾമദാക്യ, ബീഫ് കെഫ്തെദസ്, പാസ്തിചിയൊയുമാണ് ക്രിസ്റ്റിനയും ഞാനും ഓർഡർ നൽകിയത്. നവീൻ ഹാംബർഗറും ബീയറുമാണ് കഴിച്ചത്. എരിവ് കൂടിയ കേരള ഭക്ഷണം ഡൽഹിയിൽ വെച്ച് കഴിച്ച അനുഭവം ക്രിസ്റ്റീന പങ്കിട്ടു. ആതൻസിലേക്കുള്ള യാത്രയിൽ നഷ്ടപ്പെട്ട എൻ്റെ ബാഗിനെക്കുറിച്ച് അവർ രണ്ടു പേരും പരിതപിച്ചു. ഭക്ഷണത്തിന് ശേഷം യാത്ര പറയുമ്പോൾ ക്രെത്ത ദീപ് സന്ദർശിക്കുവാൻ അവർ ക്ഷണിച്ചു. സന്തോഷത്തോടു കൂടി അവരുടെ ക്ഷണം സ്വീകരിച്ചെങ്കിലും ക്രെത്ത സന്ദർശിക്കുവാൻ ഇതുവരെയായും കഴിഞ്ഞില്ല.
 രണ്ട് മാസങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതിന് മുൻപായി നവീൻ നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ക്രിസ്റ്റീനയാണ് ഫോണിൽ സംസാരിച്ചത്. യാത്രക്ക് മുൻപായി ആതൻസിൽ വെച്ചു കാണാമെന്ന് പറഞ്ഞ ശബ്ദത്തിലെ അടക്കി വെച്ച നിരാശ ഞാൻ തിരിച്ചറിഞ്ഞു.
 ആതൻസിലെ ദേശീയോദ്യാനത്തിനകത്തുള്ള കാപ്പി കടയിൽ വെച്ചാണ് ഞാൻ ക്രിസ്റ്റിനയെയും നവീനെയും കണ്ടത്. സംഭാഷണത്തിനിൽ അപ്രതീക്ഷിതമായ നിശബ്ദത ഇടക്കിടെ കടന്നു വന്നു. ശൈത്യകാലം ചെലവിടുവാൻ ഇന്ത്യയിലേക്ക് വരുന്നുണ്ടെങ്കിൽ കേരളം സന്ദർശിക്കുവാൻ രണ്ടു പേരേയും ഞാൻ ക്ഷണിച്ചു. രണ്ടു പേരും നന്ദി സൂചകമായി പുഞ്ചിരിക്കുക മാത്രം ചെയ്തു.
 അടുത്ത വേനൽക്കാലം ഗ്രീസിൽ വരുന്നില്ല എന്ന കാര്യം കാപ്പി കുടി കഴിഞ്ഞ് യാത്ര പറയുന്ന വേളയിലാണ് നവീൻ സൂചിപ്പിച്ചത്. നവീൻ പറഞ്ഞതിൻ്റെ കാരണം എന്താണെന്നന്ന് ഞാൻ ചോദിച്ചില്ല. അമിത ഉപഭോഗ ശീലങ്ങളാൽ ചിട്ടപ്പെടുത്തിയെടുത്ത യൂറോപ്യൻ ജീവിത രീതികളോടുള്ള നവീൻ്റെ അമിതമായ ആവേശമാണ് കുറച്ചു കാലം വേറിട്ട് ജീവിക്കുവാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നത് എന്ന ക്രിസ്റ്റീനയുടെ വിശദീകരണം തൃപ്തികരമായിരുന്നു. ഞാൻ അവരോട് യാത്ര പറഞ്ഞ് പിരിയുമ്പോൾ രണ്ടു പേരും കൈകൾ കോർത്തു ആലിംഗനബദ്ധരായി മുന്തിരിവള്ളികൾ പടർത്തിയ കാപ്പി കടയുടെ പുറത്ത് വന്ന് കൈകൾ വീശി.

***

Recent Post