കേദാർനാഥിലേക്കുള്ള കയറ്റങ്ങൾ

മുന്നോട്ടു നടക്കുംതോറും മിക്കവാറും യാത്രികരെല്ലാം കൂടുതല്‍ അവശരായതായി തോന്നി. പലയിടങ്ങളിലായി, മലകയറാന്‍ കഴിയാതെ കുഴഞ്ഞുവീണ നാലഞ്ച് കുതിരകളുടെ ജഡം കണ്ടു.

മനോജ് മാതിരപ്പള്ളി

  സോനപ്രയാഗിനും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗൗരികുണ്ഡില്‍നിന്നും രാവിലെ ഏഴുമണിയോടെയാണ് കേദാര്‍നാഥിലേക്കുള്ള മലകയറ്റം തുടങ്ങിയത്. മുന്നിലും പിന്നിലുമെല്ലാം യാത്രികരുടെ വലിയ തിരക്കാണ്. ഒറ്റയ്ക്കും കൂട്ടായും മലകയറുന്നവര്‍. അവര്‍ക്കിടയില്‍ സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളുമുണ്ട്. വളഞ്ഞും തിരിഞ്ഞും മലഞ്ചെരിവിലൂടെ കയറിപ്പോകുന്ന കല്ലുപാകിയ നടപ്പാതയ്ക്ക് ശരാശരി രണ്ടുമീറ്റര്‍ മാത്രമെ വീതിയുള്ളൂ. വഴിയുടെ ഒരുവശത്ത്, ഏതുനിമിഷവും അടര്‍ന്നുവീഴാവുന്ന പാറക്കെട്ടുകളോടുകൂടിയ കൂറ്റന്‍ പര്‍വ്വതമാണ്. മറുവശത്ത് അത്യഗാധതയിലൂടെ ഒഴുകുന്ന മന്ദാകിനിയുടെ ശബ്ദം കേള്‍ക്കാം.


  ഹരിദ്വാറില്‍നിന്നും ബസിലോ ടാക്‌സിയിലോ സോനപ്രയാഗ് വരെയെത്താം. അതുകഴിഞ്ഞാല്‍ ഗൗരികുണ്ഡിലേക്ക് ജീപ്പ് സര്‍വ്വീസുണ്ട്. പിന്നെയുള്ള 16 കിലോമീറ്ററാണ് ട്രക്കിംഗ് പാത. നടന്നുകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുതിരപ്പുറത്ത് (മ്യൂള്‍, പോണി) പോകാം. അല്ലെങ്കില്‍ നാലുപേര്‍ ചേര്‍ന്ന് ചുമക്കുന്ന ഡോലികളെ ആശ്രയിക്കാം. അതുമല്ലെങ്കില്‍ യാത്രികരെ കുട്ടയിലിരുത്തി ചുമക്കുന്ന കരുത്തരായ ഗഡ്‌വാളികളുണ്ട്. ഇതിനോടൊന്നും താല്‍പ്പര്യമില്ലാത്തവര്‍ക്കായി ഗുപ്തകാശി, ഫാട്ട, സിര്‍സി എന്നിവിടങ്ങളില്‍നിന്നും ഹെലികോപ്റ്റര്‍ സര്‍വ്വീസും നടത്തുന്നു.


  പ്രശസ്തമായ ചാര്‍ധാം എന്നറിയപ്പെടുന്ന നാലു പുണ്യതീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് സമുദ്രനിരപ്പില്‍നിന്നും 11,750 അടി ഉയരത്തിലുള്ള കേദാര്‍നാഥ് ക്ഷേത്രം. സദാസമയവും മഞ്ഞുമൂടി കിടക്കുന്ന ഹിമശൃംഗങ്ങളുടെ ചുവട്ടില്‍ സ്ഥിതിചെയ്യുന്ന ഈ മഹാദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടത്തിയത് ശ്രീശങ്കരാചാര്യര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദിശങ്കരന്റെ സമാധിസ്ഥലവും ഇവിടെയാണ്.
മുന്നോട്ടു നടക്കുംതോറും മിക്കവാറും യാത്രികരെല്ലാം കൂടുതല്‍ അവശരായതായി തോന്നി. പാതിവഴിയില്‍ നടത്തം അവസാനിപ്പിച്ച് കുതിരകളെയും ഡോലികളെയും ആശ്രയിക്കുന്നവരെ കാണാം. പലയിടങ്ങളിലായി, മലകയറാന്‍ കഴിയാതെ കുഴഞ്ഞുവീണ നാലഞ്ച് കുതിരകളുടെ ജഡം കണ്ടു. തലയ്ക്കുമുകളില്‍ സദാസമയവും ഹെലികോപ്റ്ററുകളുടെ ഇരമ്പല്‍.


  വര്‍ഷത്തില്‍ ആറുമാസം കേദാര്‍നാഥ് ക്ഷേത്രവും പരിസരപ്രദേശവും നടപ്പാതകളുമെല്ലാം മഞ്ഞുവീണ് മൂടും. ഇക്കാലത്ത് ക്ഷേത്രം അടച്ചിടുകയാണ് പതിവ്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഒക്‌ടോബര്‍ അവസാനം അടയ്ക്കുന്ന ക്ഷേത്രം പിന്നീട് മെയ് മാസത്തിലാണ് തുറക്കുക. ഈ സീസണില്‍ ക്ഷേത്രം അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ നടപ്പാതകളിലെമ്പാടും യാത്രികരുടെ വലിയ തിരക്കാണ്. സൂക്ഷിച്ചുനടന്നില്ലെങ്കില്‍ കുതിരകള്‍ തട്ടിയിടും.


  2013-ലുണ്ടായ മേഘസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും തകര്‍ന്ന മലയോരങ്ങള്‍ക്കിടയിലൂടെയാണ് കേദാര്‍നാഥ് യാത്ര. മഹാപ്രളയം ഏല്‍പ്പിച്ച മുറിവുകള്‍ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. ദുരന്തത്തില്‍ അയ്യായിരത്തോളം തീര്‍ത്ഥാടകര്‍ മരിച്ചതായും മൂവായിരത്തിലേറെ പേരെ കാണാതായെന്നുമാണ് ഏകദേശകണക്ക്. സര്‍വ്വതും തകര്‍ത്തെത്തിയ പ്രളയജലത്തില്‍ കേദാര്‍നാഥ് ക്ഷേത്രം പോലും അതിജീവിച്ചത് അത്ഭുതകരമായാണ്.


  നിരന്തരമായ നടത്തത്തിനൊടുവില്‍ കേദാര്‍നാഥിലെ കരിങ്കല്‍ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴേയ്ക്കും വൈകുന്നേരമായി. പരിസരത്തെമ്പാടും തീര്‍ത്ഥാടകരുടെ വന്‍തിരക്കാണ്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും എത്തിയവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. വ്യത്യസ്തമായ വേഷം ധരിച്ചവര്‍. വേറിട്ട സംസ്‌കാരം പിന്തുടരുന്നവര്‍. ക്ഷേത്രത്തില്‍നിന്നും ഉയരുന്ന മണിനാദം ചുറ്റുപാടുമുള്ള മഞ്ഞുമലകളില്‍ തട്ടി പ്രതിദ്ധ്വനിക്കുന്നു. അതിനിടയിലൂടെ ഉയര്‍ന്നുകേള്‍ക്കുന്ന തീര്‍ത്ഥാടകരുടെ ആരവം.

'ഹര്‍ ഹര്‍ മഹാദേവ്' 'ജയ് കേദാര്‍നാഥ്' 'ബോലേ... ബം... ബം...'

***

Recent Post