അതിഥി+ ആനന്ദം= ജോർജിയ

നിസ്സാരങ്ങളായ ജോലികൾ ചെയ്ത് ജീവിക്കുന്ന ജോർജിയ വൃദ്ധ സദനത്തിലെ അന്തേവാസികളെ സൗജന്യമായി പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് കേട്ട് ഞാൻ അൽഭുതപ്പെട്ടു

ജോൺസ് മാത്യു

  1999 ൽ സുഹൃത്ത്‌ മരിയാന ഒരു ദിവസം തിനോസിലെ വീട്ടിൽ വന്നു. ദ്വീപിൽ പലയിടത്തുമായി സ്ഥാപിച്ച എഴുപത് അടിയോളം ഉയരമുള്ള കോൺക്രീറ്റ് വൈദ്യുത കാലുകൾ ദ്വീപിന്റെ പ്രകൃതി ഭംഗിയെ വിരൂപമാക്കുന്നതാണെന്ന ഒരുകൂട്ടം ദ്വീപുവാസികളുടെ അഭിപ്രായത്തെ പിൻതുണക്കുന്ന കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കുവാനാണ് മരിയാന വന്നത്.
 ഗ്രീക്ക് ഭാഷ മനസ്സിലാവില്ലെങ്കിലും ദ്വീപിനെ സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന കൂട്ടായ്മയുടെ ആദ്യത്തെ കൂടിയാലോചനാ യോഗത്തിൽ ഞാൻ പങ്കെടുത്തു. ടൗണിലെ പ്രവർത്തനം നിലച്ച സിനിമ തിയറ്ററിൽ ഒത്തുകൂടിയ കൂട്ടായ്മയിൽ പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വ്യത്യസ്ത പ്രായമുള്ളവരും പലതരം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ആദ്യ കൂടിയാലോചനാ യോഗത്തിന് ശേഷം നടത്തിയ മൂന്ന് നാല് കൂട്ടായ്മകൾക്കൊടുവിൽ രൂപപ്പെട്ട പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഭീമാകാരമായ കോൺക്രീറ്റ് വൈദ്യുത കാലുകൾ അധികാരികൾ നീക്കം ചെയ്തു.
 തലമുടിയിൽ തീക്കനൽ നിറംപൂശിയ മദ്ധ്യവയസ്കയായ നീനയെ പരിചയപ്പെട്ടത് ആ കൂട്ടായ്മയിലാണ്. തിനോസ് ദ്വീപിലെ ഏക ഇന്ത്യക്കാരനായ എന്നെക്കുറിച്ച് ഒരു സുഹൃത്ത് വഴി കേട്ടിട്ടുണ്ടെന്നും ലണ്ടനിൽ വച്ച് ഇന്ത്യൻ ഭക്ഷണ വിഭവം രുചിച്ച അനുഭവങ്ങൾ പങ്കുവെച്ച് യാത്ര പിരിയുമ്പോൾ അടുത്ത ഞായറാഴ്ച്ച രാത്രി ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചു. തിനോസിലെ മലമുകളിലുള്ള കന്യാസ്ത്രീ മഠത്തിലേക്ക് പോകുന്ന വഴിയിലാണവർ താമസിക്കുന്നത്. തട്ടുകളായുള്ള പറമ്പിൽ വ്യത്യസ്ത തരം ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയിട്ടുണ്ടു്. പ്രാദേശിക പരുക്കൻ കല്ലുകളാൽ നിർമ്മിച്ച വീട്ടിൽ ഭർത്താവ് ഹാരിസും അഞ്ചു നായ്ക്കളോടുമൊപ്പമാണ് നീന താമസിക്കുന്നത്. ഗ്രീക് പൗരാണിക മര പണിയുടെ കരവിരുത് പ്രകടമാക്കുന്ന മേശ, കസേര, അളമാരികൾ എന്നിവയും ആദ്യകാലത്തെ മോഡൽ ഹാർലി ഡേവിഡ്സൺ ബൈക്കും വലിയൊരു റേഡിയോയും സ്വീകരണമുറിയുടെ ഒരു കോണിൽ അലങ്കാരമായി വെച്ചിട്ടുണ്ട്. ഭക്ഷണ മുറിയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അടുക്കളയും ഒരുമിച്ചുള്ളതാണ്. അത്താഴത്തിന് എട്ട് ഗ്രീക് അതിഥികൾ ഉണ്ടായിരുന്നു.
 ഇഷ്ടിക പാകിയ വിശാലമായ വരാന്തയിലെ മേശമേൽ ഭക്ഷണത്തിനു മുൻപായി ഹാരിസ് അതിഥികൾക്ക് കൊച്ചു ഗ്ലാസിൽ രാക്കി നൽകി. ഇവിടെയിരുന്നാൽ സിറോസ്, മിക്കൊണോസ്, നക്സോസ്, പാറോസ് എന്നീ ദ്വീപുകൾ രാത്രിയിൽ മിന്നി തെളിയുന്ന ദീപാലങ്കാരങ്ങളോടുകൂടി കാണാം. പരമ്പരാഗത ഗ്രീക്ക് വിഭവങ്ങളായ മൂസക്ക, കൊളൊക്കിത്യ കെഫ്ത്ദസ്, വിനാഗിരിയിലിട്ട നീരാളി, സാലഡ് തുടങ്ങി അനവധി വ്യത്യസ്ത വിഭവങ്ങളോടൊപ്പം രണ്ടുതരം വൈനും ഉണ്ടായിരുന്നു. കേരളത്തിലെ ജീവിത രീതിയും ആയുർവേദ ചികിത്സയും സംഭാഷണ വിഷയങ്ങളായിരുന്നു. ദ്വീപിലെ എൻറെ താമസത്തെക്കുറിച്ചും ഞാൻ ശ്രമിക്കുന്ന കലാ രീതികളെക്കുറിച്ചും നീന അന്വേഷിച്ചു. മൂന്നുമാസത്തേക്ക് മാത്രമാണ് എനിക്ക് ലഭിച്ച വിസയുടെ കാലാവധി എന്ന് കേട്ട് അവർ ആശ്ചര്യപ്പെട്ടു. വിസയുടെ കാലാവധി നീട്ടികിട്ടുവാൻ അടുത്തദിവസം ടൗണിലെ പോലീസ് സ്റ്റേഷനിൽ അവരോടൊപ്പം പോയി അന്വേഷിക്കാമെന്നു നീന താൽപ്പര്യം പ്രകടിപ്പിച്ചത് ആശ്വാസകരമായിരുന്നു.
 ഭക്ഷണത്തിനിടയിൽ നീനയുടെ സുഹൃത്ത് ജോർജിയ എത്തി ചേർന്നു. ഗ്രീക്ക് മാത്രം സംസാരിക്കുന്ന മദ്ധ്യവയസ്കയായ ജോർജിയ ഇടയ്ക്കിടെ എന്നോട് പലതും ചോദിച്ചു കൊണ്ടിരുന്നത് നീന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു. അതിഥികളിൽ ഗ്രീക് നാടകത്തിലും സിനിമയിലും ടി വി സീരിയലുകളിലും സജീവമായ ഹാന്ന ജനപ്രിയ ബോളിവുഡ് സിനിമകളുടെ മാസ്മരികതയെ പ്രശംസിച്ചത് കേട്ട് നീന ചിരിച്ചു. സ്ലംഡോഗ് മില്ല്യണയർ എന്ന ബോളിവുഡ് സിനിമ അവർ കുറേ തവണ കണ്ടതാണെന്നും ഇന്ത്യൻ ജീവിത സാഹചര്യങ്ങളുടെ കഠിന യാഥാർത്ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന ഇതുപോലുള്ള സിനിമകൾ നിർമ്മിക്കേണ്ടതാണെന്നും ആവർത്തിച്ചു വാദിച്ചതിനോട് ഞാൻ വിയോജിച്ചു. വികാസ് സ്വരൂപിൻ്റെ Q & A എന്ന നോവലിനെ ആധാരമാക്കി ക്രിസ്ത്യൻ കോൾസൺ നിർമ്മിച്ചതും ഡാനി ബോയലും ലൗലീൻ ടാൻഡനും ചേർന്ന് സംവിധാനം ചെയ്ത സിനിമ ഒരു ബ്രിട്ടിഷ് പ്രൊഡക്ഷൺ ആണെന്നും സിനിമയുടെ ഉള്ളടക്കത്തിൽ ഇന്ത്യൻ ദരിദ്ര ജനവിഭാഗത്തിൻ്റെ അതിജീവനത്തോടുള്ള പരിഹാസം അസഹനീയവുമാണെന്ന എൻ്റെ അഭിപ്രായം അവരെ പ്രകോപിപ്പിച്ചു. നടിയെന്ന പ്രസിദ്ധി ലഹരിയായി ആസ്വദിക്കുന്ന അവരുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞ് ഞാൻ നിശബ്ദനായപ്പോൾ ജോർജിയ എൻ്റെ കസേരക്ക് പുറകിൽ വന്ന് ചെവിയിൽ എന്തോ പറഞ്ഞു.
 ഭക്ഷണത്തിനു് ശേഷം ജോർജിയയോടൊപ്പം ഫാലത്താദോസ് ഗ്രാമത്തിലെ ബാറിലേക്ക് എന്നെ ക്ഷണിച്ചതാണെന്ന് നീന തർജ്ജമ ചെയ്തു. ഭാഷയറിയാതെ അവരോടൊത്തു ബാറിൽ പോയാൽ ബോറടിക്കുമെന്ന് അതിഥികളിൽ ചിലർ സൂചിപ്പിച്ചെങ്കിലും ഞാൻ തയ്യാറായി. ഭാഷയേക്കാൾ ഉപരിയായി മനുഷ്യരുമായി സംവേദനം സാധ്യമാണെന്ന് മറുപടി പറഞ്ഞു .അത്താഴത്തിനു ശേഷം ജോർജിയയോടൊപ്പം അവരുടെ കാറിൽ ഫാലത്താദോസ് ഗ്രാമത്തിനു പുറത്തുള്ള പാതയോരത്തെ കൊച്ചു ബാറിൽ എത്തിചേർന്നു.


  അവർക്കു ബിയറും എനിക്ക് വിസ്കിയും ഓർഡർ ചെയ്തു. കുറച്ചു പേർ ഒരു മേശക്കു ചുറ്റിലുമായി സൗഹൃദ സംഭാഷണത്തിലേർപ്പട്ടിരുന്നു. അവർക്കരുകിലായി നൃത്തം ചെയ്യുവാനുള്ള ഇടവും മിന്നി മായുന്ന അലങ്കാര ദീപങ്ങളും മദ്യലഹരി കയറിയ ഒരു പുരുഷനെ പരമ്പരാഗത ഗ്രീക്ക് നൃത്തം ചെയ്യുവാൻ പ്രേരിപ്പിച്ചു. കൈകൾ ഇരുവശങ്ങളിലേക്കു നിവർത്തി വെച്ച് താളാത്മകമായി ചുവടുകൾ വച്ച് അയാൾ സോർബയുടെ നൃത്തമാടി. അയാൾക്ക്‌ പുറകിലെ ചുമരിൽ അലങ്കാരത്തിനായി സജ്ജീകരിച്ച ഉപയോഗ ശൂന്യമായ കൃഷിയായുധങ്ങളും മറ്റു വിചിത്രമായ പണിയായുധങ്ങൾക്കും മുകളിലൂടെ നർത്തകന്റെ നിഴൽ ഭയാനകമായ ആകാരത്തിൽ ഇഴഞ്ഞു നീങ്ങി.

സ്കെച്ച്: ജോൺസ് മാത്യു



 ജോർജിയ പലതും ചോദിച്ചതിൽ മനസ്സിലായതിന് മാത്രം മറുപടി പറഞ്ഞു. ബാറിലെ സംഗീതത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിലേക്ക് നീങ്ങിയപ്പോൾ ടൗണിലെ മറ്റൊരു ബാറിലേക്കു ജോർജിയ ക്ഷണിച്ചത് ആശ്വാസകരമായി തോന്നി. അൽപ്പ നേരത്തിനകം ഞങ്ങൾ മലയടിവാരത്തിലെ ടൗണിലെ മറ്റൊരു ബാറിലെത്തി. ജോർജിയയുടെ പരിചയക്കാരുമായി അവർ സംസാരിക്കുമ്പോൾ ഞാനെന്റെ വിസ്കി നുണഞ്ഞു. മദ്യം പതിയെ ആസ്വദിച്ചു സൗഹൃദം പങ്കിടുന്നവർ ബാറിൽ പുലർകാലത്തും സജീവമായി ഉണ്ടായിരുന്നു. മദ്യസൽക്കരമെല്ലാം ജോർജിയയുടെ വകയാണെന്ന് നിർബന്ധപൂർവം സൂചിപ്പിച്ചത് എനിക്ക് അത്യന്തം ആശ്ചര്യമുളവാക്കി. ഭാഷാ പരിമിതിയേക്കാൾ ഉപരിയായ ജോർജിയയുടെ ഊഷ്മളമായ ആതിഥേയത്വം വളരെ സന്തോഷം നൽകി. ബാറിൽ നിന്ന് തിരിച്ചെത്തിയപ്പോൾ പുലർച്ചെ നാലു മണിയായിരുന്നു.
 പിറ്റേന്ന് നീനയോടൊത്തു എന്റെ വിസയുടെ കാലാവധി നീട്ടുന്നതിനാവശ്യമായ ഔദ്യോഗിക രേഖകളെ കുറിച്ച് അറിയാൻ ടൗണിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയിലാണ് ജോർജിയയെക്കുറിച്ച് കൂടുതലായി അറിയുവാൻ കഴിഞ്ഞത്. വളരെ നിസ്സാരമായ ജോലികൾ ചെയ്ത് ജീവിക്കുന്ന ജോർജിയ വൃദ്ധ സദനത്തിലെ അന്തേവാസികളെ സൗജന്യമായി പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് കേട്ട് ഞാൻ അൽഭുതപ്പെട്ടു.

***

Recent Post