ഇങ്ങനൊരാൾ

സമരസപ്പെടാത്തതാണ് സമരം. സമരം മറക്കുന്നവർ കമ്മ്യൂണിസ്റ്റാവില്ല. വി.എസിന്റെ കമ്മ്യൂണിസ്റ്റ് പാഠങ്ങൾ ...

ജേക്കബ് തോമസ്

  ഈ കഥയിൽ ഒരു പാർട്ടിയുടെ ചരിത്രമുണ്ട്. പതിനാലാം വയസ്സിലാണ് കമ്മ്യൂണിസ്റ്റായത്. ഇരുപതാം വയസ്സിൽ പി.കൃഷ്ണപിള്ളയുടെ കൈ പിടിച്ചായിരുന്നു പാർട്ടിയിലേക്കുള്ള വരവ്.1938 വരെ എല്ലാ കമ്മ്യൂണിസ്റ്റുകളെയും പോലെ കോൺഗ്രസിലായിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ചേരി പുറം പൂകിയപ്പോൾ വി.എസും കൂടെ പോയി.

  കയർത്തൊഴിലാളികളെ സംഘടിപ്പിക്കാൻ ആദ്യം പറഞ്ഞത് കൃഷ്ണപിള്ള . കർഷകത്തൊഴിലാളികളെ കൂട്ടാൻ എ.കെ.ജിയും. വയലാറിൽ വാരിക്കുന്തം പണിഞ്ഞവൻ വി.എസ്. 1946 ൽ പൂഞ്ഞാർ സ്റ്റേഷനിൽ ചോര വീണു. ബയണറ്റ് കയറിയ കാലുമായും സമരത്തിനിറങ്ങി. 47 ൽ സ്വാതന്ത്ര്യത്തിന്റെ സൂര്യനുയരുമ്പോഴേക്കും ഈ കമ്മ്യൂണിസ്റ്റ് അഞ്ച് വർഷം ജയിലിലും നാലര വർഷം ഒളിവിലുമായി ജീവിതമൊടുക്കിയിരുന്നു. കൽക്കത്ത തിസീസും പാർട്ടി നിരോധനവുമായി പിന്നെ. 64 ൽ പാർട്ടി പിളർന്നു. 32 സഖാക്കൾക്കൊപ്പം തെനാലിയിൽ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങി പോന്നു. സി പി എമ്മു ണ്ടാക്കി. ഭൂപരിഷ്കരണം നടപ്പാക്കാൻ ആലപ്പുഴയിൽ പ്രക്ഷോഭങ്ങളുടെ കെട്ടഴിച്ചു വിട്ടു. നെൽപാടങ്ങൾ വീണ്ടെടുക്കാൻ 90 കളിൽ കുട്ടനാട്ടിലിറങ്ങി. വെട്ടിനിരത്തലിന്റെ ഉസ്താദെന്ന് ആക്ഷേപം കേട്ടു.

  സഹജഭാവം സമരമായിരുന്നു. ബോധ്യം വർഗ സ്വഭാവമായിരുന്നു. 62 ലെ ചീനാ യുദ്ധത്തിൽ പാർട്ടി നിലപാട് ശരിയല്ലെന്ന് പറഞ്ഞു. ഇ എം എസ് തരം താഴ്ത്തി, ഇ എം എസും നായനാരുമൊഴിഞ്ഞിടത്ത് പാർട്ടിയുടെ തലയെടുപ്പ് ഈ ഒരാളിലായി. 80 മുതൽ 92 വരെ പാർട്ടിയെ കൊണ്ടു നടന്നു.. സമര സഖാവായിരുന്നു എം.വി.ആർ . സഖാവിന്റെ ബദൽ രേഖ ചുഴലിയായപ്പോഴും പാർട്ടിക്ക് തടയിണ പണിഞ്ഞു..

  2000 മുതലാണ് പാർട്ടിക്ക് പുറത്തേക്കുള്ള വളർച്ച. പരിസ്ഥിതിയും വ്യവഹാരങ്ങളും മനഷ്യാവകാശങ്ങളും കൂടെ നിന്നു. 2006 ലും 2011ലും സ്ഥാനാർത്ഥി നിർണയത്തിൽ കൂടെ നിന്നത് പൊതു സമൂഹം . മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടിയിൽ കൊടിയിറങ്ങി. തൃശൂരിൽ കൊടി ഉയർത്തി പിരിഞ്ഞു.2016 ൽ പട നയിച്ചു. പാർട്ടിയും മുന്നണിയും അധികാരത്തിലെത്തി 2021 ൽ ചിത്രത്തിൽ പോലുമില്ലാതായി. ക്ളാവ് പിടിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങൾക്ക് അനഭിമതനായി ഒരാൾ. 100 ൽ നിന്ന് 85 കുറച്ചാൽ 15 ആകും. എന്നു വെച്ചാൽ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രായത്തെക്കാൾ 15 വർഷത്തെ പ്ളസ് പോയിന്റാണ് വി.എസ്. വർഗം, സമരം, വർഗ സമരം, വിമർശനം, സ്വയംവിമർശനമെല്ലാം കമ്മ്യൂണിസ്റ്റുകൾക്ക് പ്രിയതരമായിരുന്ന കാലമായിരുന്നു വി.എസ്.

  സമരസപ്പെടാത്തതാണ് സമരം. ആരുടേതായാലും കമ്മ്യൂണിസ്റ്റുകൾ അതിനെ കാണാതിരിക്കുന്നില്ല, അനുഭാവപ്പെടാതിരിക്കുന്നില്ല.സമരം നേരിടാൻ പൊലീസും കമ്മ്യൂണിസ്റ്റുകളും ഒപ്പം തെരുവിലിറങ്ങുന്ന കാലത്തോളം സഞ്ചരിച്ചിരിക്കുന്നു ഈ സമര നായകൻ. ചരിത്രം ഒരാവർത്തി പൂർത്തിയാക്കാൻ ഒരു നൂറ്റാണ്ട് മതിയാവുമോ? മതിയാവുമെന്ന് സാക്ഷ്യം പറഞ്ഞൊരാളിവിടെ 100 ലേക്ക് കടക്കുന്നു. നട്ടെടുത്ത നന്മകൾക്കെല്ലാം കാവലായിരുന്ന ഒറ്റയാളാവുന്നു അപ്പോൾ വി.എസ്

***


**Images courtesy: Facebook

Recent Post