വീരന്മാരുടെ സ്മാരകശിലകൾ
അലക്കുകല്ലുകളായും കുളപ്പടവുകളായും മാറിയ അനേകം വീരക്കല്ലുകള്‍ എനിക്ക് കാണാനായിട്ടുണ്ട്. പ്രതിഷ്ഠകളായവയും ഏറെയുണ്ട്. മനുഷ്യര്‍ തന്നെ ആരാധനാമൂര്‍ത്തികളായി മാറുന്ന ആത്മീയാനുഭവത്തിലൂടെ ഒ.കെ ജോണിയുട സഞ്ചാരം
ഒ.കെ ജോണി

കര്‍ണാടകഗ്രാമങ്ങളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ പെരുവഴിയോരങ്ങളിലും നാല്‍ക്കൂട്ടക്കവലകളിലും കാണുന്ന വിനീതങ്ങളായ ഗ്രാമക്ഷേത്രങ്ങളിലേറെയും ദേവാലയങ്ങളല്ല; എന്നോ മരിച്ച മനുഷ്യര്‍ക്കുള്ള സ്മാരകങ്ങളാണ്. മധ്യകാല സമൂഹങ്ങളില്‍ നാടിനും രാജാവിനും സ്വന്തം ഗ്രാമത്തിനും വേണ്ടി മരിച്ച വീരന്മാരുടെ സ്മാരകശിലകളാണ് അവയിലെ പ്രതിഷ്ഠകള്‍. അമാനുഷരായ ദേവീദേവന്മാരല്ല, അജ്ഞാതരായ വീരന്മാരാണ് ഈ കോവിലുകളില്‍ പൂജിക്കപ്പെടുന്നത്. പൊതുവിടങ്ങളിലും ക്ഷേത്രപാര്‍ശ്വങ്ങളിലും വഴിയോരങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം നൂറ്റാണ്ടുകളോളം വെയിലും മഴയുമേറ്റ് കിടന്നിരുന്ന ആയിരക്കണക്കിന് വീരക്കല്ലുകളില്‍ ഏറെയും മണ്ണിനടിയിലാവുകയോ പൊട്ടിത്തകര്‍ന്നുപോവുകയോ ചെയ്തിട്ടുണ്ടാവണം.

ഇമേജ്: ഒ.കെ ജോണി
അലക്കുകല്ലുകളായും കുളപ്പടവുകളായും വയല്‍ക്കരയില്‍ അരിവാള്‍ രാകി മൂര്‍ച്ചകൂട്ടാനുള്ള കല്‍പ്പാളിയായുമെല്ലാം മാറിയ അനേകം വീരക്കല്ലുകള്‍ എനിക്ക് കാണാനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയിലാണ് അവശേഷിക്കുന്ന വീരക്കല്ലുകളില്‍ പലതിനും ഗ്രാമീണരുടെ ശ്രമഫലമായി അമ്പലങ്ങളുണ്ടായിത്തുടങ്ങിയത്. അത്തരത്തിലൊരു ഗ്രാമക്ഷേത്രമാണ് ചിത്രത്തില്‍.

[കലലെ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ വിശാലമായൊരു തെങ്ങിന്‍തോപ്പിനും നെല്‍പ്പാടത്തിനുമിടയിലെ തുറസില്‍ പത്ത് വര്‍ഷംമുമ്പ് വരെയും അനാഥമായിക്കിടന്നിരുന്ന ഏതാനും വീരക്കല്ലുകളിലൊന്നാണ് കര്‍ഷകരായ നാട്ടുകാര്‍ നിര്‍മ്മിച്ച ഈ ഗ്രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിനുമുമ്പ് ഇവിടെ വരുമ്പോള്‍ പല നൂറ്റാണ്ടുകളിലെ ഒരു ഡസനോളം സ്മാരകശിലകളാണ് കാണാനിടയായത്.

മസിനഗുഡിയിലെ വീരക്കല്ലിന്റെ കാഴ്ച. ഒപ്പം സക്കറിയ
കര്‍ണ്ണാടകത്തിലെ പുതിയതായി പണിത ക്ഷേത്രത്തിനു ചുറ്റുമായി അവയിൽ ചിലത് കുഴിച്ചിട്ടിട്ടുമുണ്ട്. കാടുമൂടിയെങ്കിലും അവയുടെ ആകൃതിയും മനുഷ്യരൂപങ്ങളും അതേപടി അവശേഷിക്കുന്നുണ്ട്. പത്താം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള കാലത്തിനിടയില്‍ നിര്‍മ്മിക്കപ്പെട്ടവയാണിവയെന്ന് അവയിലെ ചിത്രീകരണശൈലിയുമായി പരിചയമുള്ളവര്‍ക്ക് തിരിച്ചറിയാനാവും.

ബന്ദിപ്പുരയിലെ വീരരഗുഡിക്കൊപ്പം ഒ.കെ ജോണി
ദീര്‍ഘകാലം കര്‍ണ്ണാടകത്തിലെ മൈസൂര്‍ രാജ്യം ഭരിച്ച ചോളരുടെയും അവരെ തുരത്തിയ ഹൊയ്‌സാലരുടെയും പിന്‍ഗാമികളായ വിജയനഗരത്തിന്റെയും പിന്നീടു വന്ന മൈസൂര്‍ വോഡെയാര്‍ രാജാക്കന്മാരുടെയും ഭരണകാലങ്ങളിലെ വീരക്കല്ലുകളാണിവ.
രാജാവിന് വേണ്ടിയുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ചവര്‍ മാത്രമല്ല, മദ്ധ്യകാല ദക്ഷിണേന്ത്യയിലെ വീരന്മാർ. ഗ്രാമങ്ങളെ ആക്രമിച്ച് കന്നുകാലികളെ കൊള്ളയടിക്കുകയും ( ഗോഗ്രഹണം) സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന അന്യഗ്രാമക്കാരെയും കൊള്ളക്കാരെയും നേരിട്ട് രക്തസാക്ഷികളാവുന്നവരും കടുവ, പുലി, പന്നി, ആന തുടങ്ങിയ വന്യമൃഗങ്ങളില്‍നിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനിടെ മരിക്കുന്നവരും അക്കാലത്ത് ആരാധ്യരായ വീരന്മാരായിരുന്നു.
അവരെയാണ് ഈ വീരക്കല്ലുകള്‍ പ്രതിനിധീകരിക്കുന്നത്. വലിയ യുദ്ധവീരന്മാരുടെ സ്മാരകശിലകള്‍ മാത്രമല്ല, അവര്‍ക്കായി വീരരഗുഡി ( വീരന്മാരുടെ അമ്പലം) എന്നറിയപ്പെടുന്ന ശിലാപാളികള്‍ കൊണ്ടുണ്ടാക്കിയ ചെറിയ അമ്പലങ്ങളും കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും ധാരാളമുണ്ട്.
***
Previous Post നിഖിൽ ദാസിന്റെ ആനന്ദങ്ങൾ
Next Post ഇങ്ങനൊരാൾ