നിഖിൽ ദാസിന്റെ ആനന്ദങ്ങൾ

മനസിന്റെ സഞ്ചാരങ്ങളാണ് നിഖിലിന് ജീവിതം. ജീവിതത്തിന്റെ ഇഷ്ടങ്ങൾ ശരീരം മാത്രല്ലെന്ന് പറഞ്ഞ് കൊതിപ്പിക്കുന്നു.പാട്ടു പാടിയും പാടിപ്പിച്ചും ആനന്ദം നിറയ്ക്കുന്നു.

ജെയ്ക് തോമസ്

  പറമ്പിക്കുളത്ത് നിന്ന് വാഴച്ചാലിലേക്ക് കാട് വഴി കയറിയാൽ നാൽപത് കിലോമീറ്റർ. ഒഴിഞ്ഞ വയറിൽ കയറിയാൽ ഒരു പകൽ മതിയാവും കാട് കടക്കാൻ. നിഖിൽ ദാസ് അത് നടന്ന് കയറിയിട്ടുണ്ട്. ഇതിലെന്താണെന്നൊരു സംശയം തോന്നിയേക്കാം. ഒരു മഹാമാരിയുടെ കയ്യേറ്റത്തിൽ ശരീരം നിൽക്കുമ്പോഴായിരുന്നു നിഖിലിന്റെ ഈ സാഹസം.

  ശരീരത്തെ വില്ലു പോലെ വളച്ചെടുക്കുന്ന ankylosing spondylitis ഏറെക്കുറെ ഉറപ്പിച്ച സമയങ്ങൾ. അരയിലൊരു ബെൽറ്റ് മുറുക്കിയായിരുന്നു നിഖിൽ അന്ന് കാട് കയറിയത്.25വർഷം മുന്നെ . ഇന്നിപ്പോൾ നിഖിൽ പൂർണമായും കിടപ്പിലാണ് . പക്ഷെ, കിടന്ന കിടപ്പിലും ഉറക്കമൊഴിഞ്ഞ നേരങ്ങളിലെല്ലാം എൻഗേജഡ് ആണ് നിഖിൽ. സംഗീതമാണ് പ്രാണൻ. പാടും ,പാടിക്കും. അതിനായി ഫേസ് ബുക്കിൽ ഒരു ഗ്രൂപ്പുണ്ടാക്കി. വേദിക ഫോർ ആർട്ട് ആന്റ് കൾച്ചർ. ആയിരത്തിനടുത്ത് അംഗങ്ങളുടെ അഡ്മിൻ നി ഖിൽ ദാസ്. ഹിന്ദി ഇംഗ്ലീഷ്, കർണാടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ, ഗസൽ ....രാജ്യത്തിനകത്തും പുറത്തും നിന്നുമായി പാട്ടുകാരും പെർഫോമേഴ്സും നിറഞ്ഞൊഴുകന്ന ഗ്രൂപ്പ്. ഇരുന്നും നടന്നും കിടന്നും ഏതാനും സ്റ്റേജ് ഷോകളുടെ സംഘാടകനുമായി നിഖിൽ . ജോലിയും സ്ഥാപനവും രോഗത്തിന് കൊടുത്തപ്പോഴും നിഖിൽ പുതിയ വഴികൾ കണ്ടെത്തുകയായിരുന്നു. ഒരു ദേശീയ മാർക്കറ്റിങ് ശൃംഖലയുടെ ഭാഗമായി നിത്യോ പയോഗ സാധനങ്ങളുടെ ഓർഡർ ഫോൺ വഴിയെടുത്ത് ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു കൊടുക്കുന്നു. ഇതിനായി വാട്സ് , ഓൺ ലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

  അറ്റമില്ലാത്ത ആത്മവിശ്വാസത്തിന്റെ കിടക്കയിലാണിന്ന് നിഖിൽ. ശരീരത്തിനപ്പുറം മനസുണ്ടെന്ന് പറയുന്നു. മനസിന്റെ സഞ്ചാരങ്ങൾക്ക് പരിമിതികളില്ല. ജീവിതത്തോടുള്ള ആഭിമുഖ്യം ശരീരം മാത്രല്ലെന്ന് പറഞ്ഞ് കൊതിപ്പിക്കുന്നു.പാട്ടു പാടിയും പാടിപ്പിച്ചും ആനന്ദം നിറയ്ക്കുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്ന നിഖിൽ . അസൂയാർഹമായ പെർഫോമർ ആയിരുന്നു. നിരവധി മൾട്ടി നാഷണൽ കമ്പനികൾക്ക് എഞ്ചിനീയറായി. അങ്ങനെയിരിക്കെയാണ് മിന്നൽ പിണരുകൾ പോലെ നടുവേദന ഇടയ്ക്കിടെ വെട്ടിയിറങ്ങി തുടങ്ങിയത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ .പ്രായത്തിന്റെ ബലവും ജീവിതത്തിന്റെ ആവേശങ്ങളും ചേർന്ന് വേദനകളെയെല്ലാം നിസ്സാരങ്ങളാക്കി. കേരളം മുഴുവൻ യാത്ര ചെയ്തും താമസിച്ചും സജീവമായി. പക്ഷെ രോഗം പതുക്കെയെങ്കിലും ശരീരത്തിൽ കൂടു കൂട്ടി തുടങ്ങി. ഇതിനിടെ വിവാഹം ,കുഞ്ഞുങ്ങൾ. ഒരാഴച കിടന്നാൽ ഒരു മാസം ജോലി, മൂന്നാഴ്ച കിടന്നാൽ ഒരു മാസം ... അങ്ങനെയൊരു മട്ടിലായി ജീവിതക്രമം. തെറ്റായ രോഗ നിർണയം, സർജറി . എല്ലാം കഴിഞ്ഞിപ്പോൾ പൂർണമായും കടപ്പിൽ. കിടപ്പിലാണെന്നതും മറന്ന് ഇന്നിപ്പോഴും പൂർണ ജീവിതമാണ് നിഖിൽ. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ . Ankylosing spondylitis നട്ടെല്ലിനെയാണ് പിടികൂടുന്നത്. കശേരുക്കൾ തമ്മിൽ പിണഞ്ഞു പോകും. നട്ടെല്ല് പിടിച്ച പിടിയിൽ നിൽക്കും , അനക്കമില്ലാതെ. അവയവങ്ങൾ ഒന്നൊന്നായി നിശ്ചലമായി തുടങ്ങും. കൂനു പോലെ വന്നാൽ നെഞ്ചിൻ കൂട് തിങ്ങും, ശ്വാസം മുട്ടും. സന്ധികളിൽ നീരുകെട്ടും. രക്തം ഉറയുന്ന സന്ധികളിൽ നിന്ന് സോറിയാസിസ് പുറപ്പെടും. ചികിത്സിയില്ലാത്ത രോഗം. പ്രായത്തിനൊപ്പം രോഗത്തിന്റെ കാഠിന്യവും ഏറിയേറി വരും. വേദനയിൽ നീന്തി നീന്തിയങ്ങനെ ജീവിക്കാം. 40 വർഷമായി നിഖിലിങ്ങനെ ഈ കഠിന വേദനകളുമായി സമരസപ്പെടാതെ നിൽക്കുന്നു, ഇരിയ്ക്കുന്നു,കിടക്കുന്നു. ഇതിനിടെ ,അഛനും മുത്തഛനുമായി. സാമാന്യമായ ജീവിതാനന്ദങ്ങളെയെല്ലാം കയ്യെത്തി പിടിക്കുന്നു. സൗഹൃദങ്ങളുടെ ലോകത്ത് രാജാവാകുന്നു. മനസാണ് ജീവിതമെന്നത് മനപാഠമാക്കുന്നു. നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു സ്വപ്ന സഞ്ചാരത്തിലാണിന്ന് നിഖിൽ . സ്ട്രെച്ചർ ഘടിപ്പിച്ചൊരു വാഹനത്തിൽ കൂട്ടുകാരുമൊത്തൊരു ഭാരതയാത്ര. നടന്നേക്കാം. അതല്ലെങ്കിൽ നടക്കുമെന്നുറപ്പ്. കാരണം നിഖിലിന് സ്വപ്നങ്ങളെന്നും സ്വർഗം പണിഞ്ഞിട്ടുണ്ട് . കൂടെ കൂടുന്നോ കൂട്ടരെ നിങ്ങൾ? സ്നേഹ സഞ്ചാരങ്ങളാവാം നമുക്ക്.

***

Recent Post