ഭാഗീരഥി, അളകനന്ദ, ഗംഗ
പൊടിഞ്ഞും പൊളിഞ്ഞും വീഴുകയാണ് ഹിമാലയം. ഒരിക്കലെങ്കിലും ഈ മലഞ്ചെരിവുകളിലൂടെ സഞ്ചരിക്കാത്തവര്ക്കായാണ് ഈ എഴുത്ത്.
മനോജ് മാതിരപ്പള്ളി

ഒന്നിനുപുറകെ ഒന്നായുള്ള മലഞ്ചെരിവുകളിലൂടെ മുകളിലേക്ക് കയറുംതോറും കാഴ്ചയുടെ അതിര്‍വരമ്പുകള്‍ വലുതായിക്കൊണ്ടേയിരുന്നു. പച്ചയുടെ വിവിധ ഭാവങ്ങളില്‍ ചെറുതും വലുതുമായ അനേകം കുന്നുകള്‍. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും മുറിവേറ്റുകിടക്കുന്ന മലയോരങ്ങള്‍. ഏറ്റവും അങ്ങേയറ്റത്ത് മാനംമുട്ടെ നില്ക്കുന്ന ഹിമാലയത്തിന്റെ തലയെടുപ്പ്. മലമ്പാതയുടെ അഗാധഗര്‍ത്തങ്ങളില്‍ കടലിനെ സ്വപ്നം കണ്ടൊഴുകുന്ന ഗംഗയുടെ ഇരമ്പല്‍.

മലയിടുക്കിലൂടെ ഒഴുകുന്ന ഗംഗാനദി
ഹരിദ്വാറില്‍നിന്നും പുലര്‍ച്ചെ ഹിമാലയന്‍ മലനിരകളിലേക്കുള്ള യാത്ര തുടങ്ങിയതാണ്. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച വാടകക്കാറില്‍ . ഒരുവശത്തായി ഗംഗയുണ്ട്. ഹരിദ്വാറില്‍നിന്നും 63 കിലോമീറ്റര്‍ അകലെയുള്ള കൗടിയാല എന്ന ഗഡ്വാളി ഗ്രാമത്തില്‍ എത്തിയപ്പോഴേയ്ക്കും ഗംഗയെ തൊട്ടരികെ കണ്ടു. മലയിടുക്കിലൂടെ ഞെരുങ്ങിയൊഴുകുന്ന പുഴയ്ക്ക് വല്ലാത്തൊരു വന്യത. ശൈത്യകാലത്തിന് മുന്‍പായുള്ള തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഗംഗ കലങ്ങിത്തന്നെയാണ്. പുഴയോരത്തുനിന്നും ഉരുളന്‍കല്ലുകള്‍ ശേഖരിച്ച് ചെറിയ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്ന ഗ്രാമീണർ

മലയിടിഞ്ഞിടത്ത് പുനര്‍നിര്‍മ്മിച്ച റോഡ്
ഏറെ വൈകാതെ ദേവപ്രയാഗിലെത്തി. ബദരീനാഥില്‍നിന്നും ഒഴുകിയെത്തുന്ന അളകനന്ദയും ഗംഗോത്രിക്കടുത്തുള്ള ഗോമുഖില്‍ പിറവിയെടുക്കുന്ന ഭാഗീരഥിയും സംഗമിച്ച് ഗംഗയായി മാറുന്ന സ്ഥലം. ഇളംനീല നിറത്തില്‍ തെളിഞ്ഞൊഴുകുന്ന ഭാഗീരഥി അളകനന്ദയുടെ കലക്കവെള്ളത്തില്‍ അലിഞ്ഞില്ലാതാകുന്നു. അളകനന്ദയുടെ തീരംചേര്‍ന്ന് രണ്ടുമണിക്കൂര്‍ കൂടി സഞ്ചരിച്ചപ്പോഴേയ്ക്കും രുദ്രപ്രയാഗായി. ഇവിടെനിന്നും കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും രണ്ടുവഴികളാണ്. ആദ്യലക്ഷ്യം കേദാര്‍നാഥ് ആയിരുന്നതിനാല്‍ മന്ദാകിനിയുടെ തീരത്തുകൂടി അവിടേക്ക് തിരിഞ്ഞു. മുന്നോട്ടുള്ള യാത്ര ഒട്ടും സുഗമമായിരുന്നില്ല. പലയിടത്തും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കിടന്നു. ഹരിദ്വാറില്‍നിന്നും കേദാര്‍നാഥിന്റെ ബേസ് ക്യാമ്പായ സോനപ്രയാഗ് വരെ 230 കിലോമീറ്ററാണ് ദൂരമെങ്കിലും എത്തിച്ചേരാന്‍ പതിനൊന്നു മണിക്കൂറോളം സമയമെടുത്തു.

മണ്ണും കല്ലുമടിഞ്ഞ ഹിമാലയന്‍ താഴ്വര
റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങി ഒരുതരത്തിലുള്ള നിര്‍മ്മാണപ്രവൃത്തികളും, ജനവാസം തന്നെയും സാധ്യമല്ലാത്ത ഭൂവിഭാഗമെന്ന് ഹിമാലയം ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. അത്രയ്ക്കും അപകടകരമായ രീതിയിലാണ് മലഞ്ചെരിവുകളില്‍ മണ്ണിടിയുന്നത്. പുറംകാഴ്ചയില്‍ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും പുല്മേടുകളുടെയുമെല്ലാം പച്ചപ്പ് കാണാമെങ്കിലും അതിനുള്ളില്‍ പൊടിമണ്ണിന്റെ കൂമ്പാരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ എല്ലാ തിരിവിലും യാത്രികരെ കാത്തിരിപ്പുണ്ട്. അടിവാരം മുതല്‍ പാതയോരം വരെ കുന്നുകൂടി കിടക്കുന്ന മണ്ണും പാറക്കല്ലുകളും. കഴിഞ്ഞ വര്‍ഷകാലത്ത് മലയിടിഞ്ഞപ്പോള്‍ മാഞ്ഞുപോയ പാതകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. 2013-ലെ ഉത്തരാഖണ്ഡ് പ്രളയമേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകളും ബാക്കിയാണ്. വെയിലുറച്ച, തെളിഞ്ഞ കാലാവസ്ഥയായിട്ടുപോലും പലയിടത്തും മലയിടിയുന്നത് കണ്ടു. മലഞ്ചെരിവുകളില്‍നിന്ന് മണ്ണിടിഞ്ഞും, പാറക്കെട്ടുകള്‍ ചെറുകല്ലുകളായി അടര്‍ന്നുവീണും ഹിമാലയന്‍ താഴ്വരകള്‍ മൂടപ്പെടുകയാണ്.

ഉത്തരാഖണ്ഡ് പ്രളയത്തിന്റെ മുറിവുകള്‍
ഒരിക്കലെങ്കിലും ഈ മലഞ്ചെരിവുകളിലൂടെ സഞ്ചരിക്കാത്തവര്‍ക്ക്, ഹിമാലയത്തിന്റെ ഉറപ്പില്ലായ്മയെപ്പറ്റി എത്ര പറഞ്ഞാലും ബോധ്യപ്പെടണമെന്നില്ല. അത്രയ്ക്കും ശൈശവാവസ്ഥയിലാണ് ഹിമാലയം.
***
Previous Post നീൽ ധാരയിൽ സമാധിയായവർ
Next Post നിഖിൽ ദാസിന്റെ ആനന്ദങ്ങൾ