നീൽ ധാരയിൽ സമാധിയായവർ

സന്യാസിമാരുടെ ജലസമാധിസ്ഥലമാണ് നീല്‍ധാര. ഹരിദ്വാറിലും പരിസരപ്രദേശങ്ങളിലും മരണമടയുന്നവരെ വിലാപയാത്രയായി നീല്‍ധാരയില്‍ കൊണ്ടുവരും ഹിമാലയ യാത്രാനുഭവങ്ങൾ എഴുതുന്നത്

മനോജ് മാതിരപ്പള്ളി

  ഹിമവാന്റെ മുകള്‍ത്തട്ടിലേക്കുള്ള യാത്രയ്ക്കുവേണ്ടിയാണ് ഹരിദ്വാറില്‍ എത്തിയത്. നീലപര്‍വ്വതത്തിന്റെയും വില്വപര്‍വ്വതത്തിന്റെയും അടിവാരത്ത് ഗംഗയെ തൊട്ടുകിടക്കുന്ന പുണ്യനഗരം. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഏഴുശാഖകളായി പിരിഞ്ഞൊഴുകുന്ന ഗംഗയിലെ സ്‌നാനഘട്ടങ്ങളില്‍ മുങ്ങിനിവര്‍ന്നാല്‍ മനുഷ്യായുസ്സില്‍ ചെയ്തുകൂട്ടിയ പാപങ്ങളില്‍നിന്നെല്ലാം മുക്തി കിട്ടുമത്രെ.

(ഗംഗാ ആരതി)


  പകല്‍ മുഴുവന്‍ ഹരിദ്വാറിലെ ഇടുങ്ങിയ വഴികളിലൂടെയും ഗംഗാതീരത്തുകൂടിയും അലഞ്ഞുനടന്നു. എല്ലായിടത്തും സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. സ്വദേശികളും വിദേശികളുമുണ്ട്. ഏറെയും തീര്‍ത്ഥാടകര്‍. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം കാണാം. കാഷായവസ്ത്രം ധരിച്ച് താടിയും മീശയും വളര്‍ത്തി ചുറ്റിത്തിരിയുന്ന സന്യാസിമാര്‍. ഹിമപര്‍വ്വതത്തിന് മുകളിലെ ചാര്‍ധാമുകളിലേക്കും പഞ്ചകേദാരങ്ങളിലേക്കും പഞ്ചപ്രയാഗകളിലേക്കും പോകാനെത്തിയ തീര്‍ത്ഥാടകര്‍.

(ഗംഗാ നദി)


  കേദാര്‍കന്തയിലേക്കും ഔളിയിലേക്കുമുള്ള സാഹസികസഞ്ചാരികള്‍. എല്ലാറ്റിനും മീതെ കച്ചവടക്കാരുടെയും റിക്ഷാക്കാരുടെയുമെല്ലാം ബഹളം.
  ഗംഗയെ ഇത്രയും വൃത്തികെട്ട നിറത്തിലും രൂപത്തിലും മറ്റു എവിടെയെങ്കിലും കാണാനാവുമോ എന്നറിയില്ല. നൂറുകണക്കിന് കിലോമീറ്ററിലെ എല്ലാ മാലിന്യങ്ങളും പേറി, വര്‍ഷം മുഴുവനും കുത്തിക്കലങ്ങിയൊഴുകുന്ന പുണ്യനദി.

(നീൽ ധാര)


  ഗംഗാതീരത്തെ ഹര്‍-കി-പൗരിയെന്ന സ്‌നാനഘട്ടത്തില്‍ പുഴയെ പൂജിച്ചുകൊണ്ടുള്ള ആരതി നടക്കുമ്പോള്‍, മറുവശത്ത് ഭക്തിപാരവശ്യത്താല്‍ മേല്‍മുണ്ട് മുതല്‍ അടിവസ്ത്രം വരെ നദിയിലേക്ക് എറിയുന്ന ജനക്കൂട്ടം. അതില്‍നിന്നും വലിയ ജാറുകളിലും കുപ്പികളിലും തീര്‍ത്ഥജലം നിറയ്ക്കുന്ന വിശ്വാസികള്‍. ഗംഗയിലെ കുത്തൊഴുക്കിലേക്ക് തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ക്കും സ്വര്‍ണ്ണത്തുണ്ടുകള്‍ക്കുമായി കലക്കവെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന ബാലന്മാര്‍.
 നഗരത്തിരക്കുകളില്‍നിന്നും കുറച്ചകലെ ഗംഗാതീരത്തുള്ള നീല്‍ധാരയില്‍ എത്തിയാല്‍ ആള്‍ക്കൂട്ടങ്ങളൊന്നുമില്ല. പ്രധാന റോഡില്‍നിന്നും ചെറുമരങ്ങള്‍ക്കിടയിലെ നടപ്പാതയിലൂടെ നീങ്ങുമ്പോള്‍, കൈവെള്ളയിലിട്ട് കഞ്ചാവ് തിരുമ്മുകയും അത് പുകച്ചുകിട്ടുന്ന ലഹരിയില്‍ പരസ്പരബോധം നഷ്ടപ്പെടുകയും ചെയ്ത ചിലരെയെങ്കിലും കണ്ടെന്നുവരാം. കൃത്യമായ ലക്ഷ്യങ്ങളൊന്നുമില്ലാതെ നിശബ്ദരായി നടന്നുനീങ്ങുന്ന സന്യാസിമാരെയും കാണാം.
 സന്യാസിമാരുടെ ജലസമാധിസ്ഥലമാണ് നീല്‍ധാര. ഹരിദ്വാറിലും പരിസരപ്രദേശങ്ങളിലും മരണമടയുന്ന സന്യാസിമാരെ എല്ലാ കര്‍മ്മങ്ങള്‍ക്കുംശേഷം വിലാപയാത്രയായി നീല്‍ധാരയില്‍ കൊണ്ടുവരും. മൃതദേഹം ചാക്കില്‍ക്കെട്ടി, അതിനൊപ്പം വലിയ ഉരുളന്‍കല്ലുകളും നിറച്ച് പുഴയില്‍ താഴ്ത്തും. അതോടെ ആത്മാവിന് മോക്ഷം ലഭിക്കുമത്രെ. ചീഞ്ഞഴുകിയ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം പുഴയുടെ ഏതെങ്കിലും ഭാഗത്ത് പൊന്തിയെന്ന് വരാം.
 കേട്ട കഥകള്‍ ശരിയാണെന്ന് നീല്‍ധാരയ്ക്കരികില്‍ കുടില്‍കെട്ടി വസിക്കുന്ന സന്യാസി പറഞ്ഞു.

(നീൽ ധാരയിലെ മണ്ഡപം)


  ഗംഗാ ശുചീകരണത്തിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമത്തെക്കാള്‍ വിശ്വാസമാണ് തങ്ങള്‍ക്ക് മുഖ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സംഭാഷണത്തിനിടയില്‍ സന്യാസി തിരുമ്മിനല്‍കിയ കഞ്ചാവുബീഡി സ്‌നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടിലില്‍നിന്നും പുറത്തിറങ്ങുമ്പോഴേയ്ക്കും നീല്‍ധാരയുടെ ആകാശം മങ്ങിത്തുടങ്ങിയിരുന്നു.

***

Recent Post