അമേരിക്കൻ സായ് വിന്റെ ഗാന്ധി വിരോധം

സഹന പ്രതിക്ഷേധ സമരത്തെ പരാമർശിച്ച് പരിഹാസസ്വരത്തിൽ "ഒരാൾ നിങ്ങളുടെ ഒരു കരണത്തടിച്ചാൽ മറുവശം കാണിക്കുമോ" എന്ന്, ഗാന്ധിയൻ രീതിയെക്കുറിച്ച് അപ്രതീക്ഷിതമായാണ് ഡോൺ ചോദിച്ചത്.

ജോൺസ് മാത്യു

  2005 ലെ ഒരു വേനൽക്കാലത്ത് ഗ്രീസിലെ തിനോസ് ദ്വീപിലെ കർദ്യാനി ഗ്രാമത്തിൽ താമസിക്കുന്ന ആർക്കിടെക്റ്റ് ലേനയുടെയും ഭർത്താവ് ദിയമെൻ്റിസിൻ്റെയും വീട്ടിലെ അത്താഴ വിരുന്നിൽ വെച്ചാണ് അമേരിക്കക്കാരനായ ഡോൺ എന്നെ പരിചയപ്പെട്ടത്. ഗ്രീക് വംശജയും ജീവിത പങ്കാളിയുമായ ഇസബെല്ലയും ഡോണിനൊപ്പം ഉണ്ടായിരുന്നു. അത്താഴ വിരുന്നിൽ കൂടുതലും ഗ്രീക്, ജർമ്മൻ, സ്വീസ്സ് വംശജരായിരുന്നു ഉണ്ടായിരുന്നത്. ഗ്രീക്ക്, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിലായിരുന്നു അതിഥികൾ സംവദിച്ചിരുന്നത്.
 വിവിധ തരം ഗ്രീക് ഭക്ഷണ വിഭവങ്ങളോടൊപ്പം രാക്കിയും രണ്ടു തരം വൈനും മേശപ്പുറത്തുണ്ടായിരുന്നു. അതിഥികളിലെ ഒരു സ്ത്രീ എന്നെ പരിചയപ്പെടുവാനായി അരികിൽ വന്നു. മദ്ധ്യവയസ്കയായ ഡയാന ഭർത്താവിനോടൊപ്പം ജർമ്മനിയിലെ കൊളൊൺ നഗരത്തിലും തിനോസിലുമായി ജീവിക്കുന്നതിനെക്കുറിച്ചും അവരോടൊപ്പമുള്ള ശ്രീലങ്കക്കാരനായ ഒരു സഹായിയെക്കുറിച്ചും സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു. യൂറോപ്പിലെത്തിയതിനു് കുറച്ചു നാളുകൾക്ക് ശേഷം ശ്രീലങ്കൻ സഹായി വിഷാദത്തിലാണെന്നും ഏഷ്യൻ വംശജനായ എൻ്റെ സാമീപ്യം അയാൾക്ക് സഹായകരമാകുമെന്നും ഡയാന സൂചിപ്പിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. സിംഹള ഭാഷ മാത്രമറിയുന്ന ശ്രീലങ്കൻ സഹായിയെ കൂടുതലായി സഹായിക്കുവാൻ കഴിയുക മറ്റൊരു ശ്രീലങ്കൻ വംശജനായിരിക്കും എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.
 സമുദ്രനിരപ്പിൽ നിന്നും വളരെയേറെ ഉയരത്തിൽ വെളുപ്പും നീലയും ചായം പൂശിയതും പൗരാണിക വാസ്തുശിൽപ വിദ്യയുടെ മികവ് പ്രകടവുമാക്കുന്ന വീടുകളും ദുർഗ്രഹമായ നടപാതകളുമുള്ള കർദ്യാനി ഗ്രാമത്തെക്കുറിച്ചായിരുന്നു ആർക്കിടെക്റ്റ് ഡോൺ കൂടുതലായും സംസാരിച്ചിരുന്നത്. മദ്ധ്യവയസ്കനും ആറടിയിലേറെ ഉയരവുമുള്ള ഡോണിൻ്റെ വെളുത്ത മുടി പുറകിൽ കുതിരവാൽ കണക്കെ കെട്ടിവെച്ചിരുന്നു.

Sketch : ജോൺസ് മാത്യു


  ഇന്ത്യൻ ദാർശനിക ചിന്താധാരകളുടെ ചില അംശങ്ങളിൽ ആകൃഷ്ടനായിരുന്ന ഡോൺ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു സംസാരിച്ചതിനിടയിൽ അപ്രതീക്ഷിതമായാണ് മായാവാദത്തെക്കുറിച്ചും പുനർജനനത്തെക്കുറിച്ചും സൂചിപ്പിച്ചത്. ജാതി വ്യവസ്ഥയിലൂന്നിയ സാമൂഹിക അസമത്വങ്ങൾക്കെതിരെ പ്രതികരിക്കുവാൻ പ്രാപ്തമാക്കാത്ത മായാവാദ ദർശനം ഇന്ത്യൻ ജനതയെ പരമാവധി സഹനസജ്ജരും ഭയഭക്തി മനസ്ക്കരുമായി രൂപപ്പെടുത്തുന്ന രീതി ശരിയല്ലെന്ന് ഞാൻ പറഞ്ഞത് ഡോണിന് മനസ്സിലായില്ല.
 ഗ്രീക് നാടൻ മദ്യമായ രാക്കി വീണ്ടും ഗ്ലാസിൽ നിറച്ച് വിനാഗിരിയിൽ സംസ്കരിച്ചെടുത്ത ഒരു ഒലീവ് രുചിച്ചു കൊണ്ട് ഡോൺ വീണ്ടും എനിക്കരികിലെത്തി. ഇന്ത്യൻ ജാതി വ്യവസ്ഥയുടെ സങ്കീർണ്ണമായ ഘടനയെക്കുറിച്ചുള്ള അറിവില്ലായ്മ സമ്മതിച്ചു കൊണ്ട് ഡോൺ സംഭാഷണം തുടർന്നു. തൊട്ടുകൂടായ്മ, ക്ഷേത്ര പ്രവേശന സമരം, ജാതി ഭ്രഷ്ട്, മാറ് മറക്കൽ സമരം, കല്ലുമാല സമരം എന്നിവയെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ അതു കേട്ടു നിന്ന ഡയാന നിശബ്ദയായി നടന്നകന്നു. അതെല്ലാം പഴയ കെട്ടു കഥകളായിരിക്കാമെന്ന ഡോണിൻ്റെ പരിഹാസരൂപേണയുള്ള മറുപടി കേട്ട് ആതിഥേയ ലേന അമേരിക്കൻ അടിമക്കച്ചവട ചരിത്രവും കെട്ടുകഥയാകണം എന്ന് പറഞ്ഞു കളിയാക്കി. അപ്രതീക്ഷിതമായാണ് ഗാന്ധിയുടെ സഹന പ്രതിക്ഷേധ സമരത്തെ പരാമർശിച്ചുകൊണ്ടു് പരിഹാസ സ്വരത്തിൽ "ഒരാൾ നിങ്ങളുടെ ഒരു കരണത്തടിച്ചാൽ മറുവശം കാണിക്കുമോ" എന്ന ഗാന്ധിയൻ രീതിയെക്കുറിച്ച് ഡോൺ ചോദിച്ചത്. സഹനം ഒരു സാമൂഹിക നിർമ്മിതിയാണ്. എന്നാൽ എൻ്റെ കരണത്തടിച്ചാൽ ചുരുങ്ങിയത് നാല് അടി തിരിച്ചു നൽകുകയാണ് പതിവ് എന്ന മറുപടി കേട്ട ഡോൺ ചിരിച്ചുകൊണ്ട് അവിടെ നിന്നും മുങ്ങി.
 ആതിഥേയരായ ലേനയും ദയമെൻറിസും സൗഹൃദ സംഭാഷണത്തിനായി എനിക്കരികിലെത്തി. ദ്വീപിലെ താമസത്തെക്കുറിച്ചും ഗ്രീക് ഭക്ഷണ വിഭവങ്ങളെക്കുറിച്ചുമുള്ള വിഷയങ്ങളും ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത തരം ചേരുവകളെക്കുറിച്ചും ആകാംഷയോടു കൂടി രണ്ടു പേരും ചോദിച്ചറിഞ്ഞു. അതിനിടെ ഡോണിൻ്റെ പരിഹാസത്തെ വിമർശിക്കുകയും അയാളുടെ ശബ്ദത്തിലെ അധികാര സ്വരത്തെക്കുറിച്ച് സൂചിപ്പിച്ചത് എനിക്ക് കൗതുകകരമായിരുന്നു. ഒരാളുടെ ശബ്ദത്തിൽ അടങ്ങിയിരിക്കുന്ന മൃദുലത, വൈകാരികത, അധികാര സ്വരം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഗ്രീക് സൗഹൃദ കൂട്ടായ്മകളിൽ പലപ്പോഴും കടന്നു വരാറുണ്ട്. രാത്രി വിരുന്ന് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് പിരിയുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. കുറേ നാളുകൾക്ക് ശേഷം ഒരു ഗ്രീക് സുഹൃത്തിനോടൊപ്പം നാട്ടിൽ നിന്നും കൊണ്ടുവന്ന കുരുമുളകും മറ്റു മസാല പൊടികളും സമീപത്തുള്ള അർണാദോസ് ഗ്രാമത്തില ഒരു സ്ത്രീ സുഹൃത്തിന് നൽകി തിരിച്ചു വരുന്ന വഴിയിൽ അപ്രതീക്ഷിതമായി ഡോണിനെ കണ്ടപ്പോൾ അയാൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.

  ദുർഗ്രഹമായ തുരങ്കങ്ങളും നടപ്പാതകളും നിറഞ്ഞ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഡോൺ ഭാര്യ ഇസബെല്ലയുമൊത്ത് താമസിക്കുന്നത്. ഇടുങ്ങിയ സ്വീകരണ മുറിയിൽ നിറയെ മരത്തിൽ പണിത മേശ, കസേരകൾ, അലമാരികൾ, പീഠങ്ങൾ എന്നിവയും ചുമരിൽ രണ്ടു പേരുടേയും ആദ്യ വിവാഹത്തിലെ മക്കളുടേയും പേരക്കുട്ടികളുടേയും ഫോട്ടോകളും മറ്റു ചില അലങ്കാര വസ്തുക്കളും കൊണ്ട് നിറഞ്ഞിരുന്നു.
 സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ കുടിക്കുവാൻ രാക്കിയും (മുന്തിരി വാറ്റിയെടുത്താണ് രാക്കി നിർമ്മിക്കുന്നത്) വിനാഗിരിയിലിട്ട ഒലീവും ഇസബെല്ല കൊണ്ടു വന്നു. സ്വീകരണമുറിയിലെ ഉയരം കുറഞ്ഞ മേശയും അലമാരിയും ഇന്ത്യയിൽ നിന്നുള്ളതാണെന്നത് അതിലെ അലങ്കാര പണികളിൽ പ്രകടമായിരുന്നു. സംഭാഷണങ്ങൾ ഇംഗ്ലീഷിലായിരുന്നതിനാൽ അതെനിക്ക് സംവേദന സുഗമമായിരുന്നു .എങ്കിലും കുറച്ചു ദിവസങ്ങൾക്ക് മുൻപ് അത്താഴ വിരുന്നിൽ കണ്ട സൗഹൃദമില്ലായ്മ ഞാൻ ശ്രദ്ധിച്ചു. അയാൾ എഴുതിക്കൊണ്ടിരിക്കുന്ന തിനോസ് ദ്വീപിലെ ജീവിതാനുഭവത്തെക്കുറിച്ചുള്ള പുസ്തകത്തെ കുറിച്ചായിരുന്നു ഡോൺ ഏറെ നേരവും സംസാരിച്ചത്. യാത്ര പറയുന്നതിന് മുൻപായി രണ്ടു പേരേയും ഞാൻ താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ക്ഷണിക്കുകയും ഫോൺ നമ്പർ കൈമാറുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഫോൺ നമ്പർ വേണ്ടെന്ന ഡോണിൻ്റെ പരുക്കൻ മറുപടി കേട്ട് ഞാനും ഗ്രീക് സുഹൃത്തും അമ്പരന്നു. മാനുഷിക മര്യാദയില്ലാത്ത വാചകം .എന്തു പറയണമെന്നറിയാതെ അമ്പരന്ന് നിൽക്കുമ്പോൾ ഡോൺ നൽകിയ വിശദീകരണം എന്നിൽ ചിരി പടർത്തി. അയാൾക്ക് അനേകം സുഹൃദ് വലയങ്ങൾ ഉണ്ടെന്നും പുതിയ സൗഹൃദങ്ങൾക്കായി സമയമില്ലെന്നുമുള്ള ഡോണിൻ്റെ വിശദീകരണം എന്നോടൊപ്പമുണ്ടായിരുന്ന ഗ്രീക് സുഹൃത്തിനെ വളരെ വിഷമിപ്പിച്ചു.
 കുറച്ചു മാസങ്ങൾക്ക് ശേഷം യാദൃച്ഛികമായി തിനോസ് ദ്വീപിൻ്റെ ടൗണിൽ വെച്ച് ഡോണിനെ വീണ്ടും കാണുവാനിടവന്നു. വീണ്ടും സൗഹൃദ സംഭാഷണത്തിനായി അയാൾ അരികിൽ എത്തിയപ്പോൾ നിങ്ങളുമായി സംസാരിക്കുവാനോ സൗഹൃദം നിലനിർത്തുവാനോ എനിക്ക് താൽപര്യമില്ല എന്ന എൻ്റെ അഭിപ്രായം കേട്ട് ഡോൺ അമ്പരന്ന് നിന്നു.

***

Recent Post