ഗാന്ധി കുടുംബമോ?

അധികാരാസക്തി തീരെ ഇല്ലാതിരുന്ന പാവം ഗാന്ധിജിയെ ഈ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയാലോ?

എം എൻ കാരശ്ശേരി

  നെഹ്റു, നെഹ്റുവിന്റെ ഏക പുത്രി ഇന്ദിര, അവരുടെ മക്കൾ രാജീവ്, സജ്ഞയ് , അവരുടെ പത്നിമാർ സോണിയ, മനേക . ഇവർക്ക് പിറന്ന മക്കൾ രാഹുൽ. പ്രിയങ്ക, വരുൺ_ ഈ കുടുംബത്തെ നാട്ടുകാരും മാധ്യമങ്ങളും വിളിക്കുന്നത് ' ഗാന്ധി കുടുംബം' എന്നാണ്.
പിന്നെ ഈ വിളി എങ്ങനെ വന്നു? ഇന്ദിരയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ പേരിൽ നിന്നാണ് ഈ വിളിപ്പേര് ഉത്ഭവിച്ചത് . ആ ന്യായം അനുസരിച്ച് പ്രിയങ്കയുടെ ഭർത്താവിന്റെ പേര് ചേർത്ത് പ്രിയങ്ക വധേദര ആയിത്തീരേണ്ടതാണ്. അവരും പ്രിയങ്ക ഗാന്ധിയായി.
കാര്യം ലളിതമാണ്. രാഷ്ട്രീയത്തിൽ നെഹ്റുവിനെക്കാളും സ്വീകാര്യത എന്നും മഹാത്മഗാന്ധിക്ക് ഉണ്ടായിരുന്നു. ആ സ്വീകാര്യത മുതലാക്കാനുള്ള വിളിയാണത്. ഗാന്ധിക്ക് പിറന്ന മക്കൾ നാലു പേരും ആണുങ്ങളാണ് , പെൺമക്കളില്ല.
അറിവും ലോക പരിചയവും കുറഞ്ഞ കോടിക്കണക്കിന് ആളുകൾ ഇന്ദിര, ഗാന്ധിജിയുടെ പുത്രിയാണെന്ന് ധരിച്ചു വശായിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും,
ആ തെറ്റിദ്ധാരണയുടെ പ്രയോജനം രാഷ്ട്രീയത്തിൽ അവരെയും മക്കളെയും തുണച്ചിട്ടുണ്ട്.
ഗാന്ധിജിയുടേത് ഗുജറാത്തിലെ വൈശ്യകുടുംബമാണ് എന്നും നെഹ്റുവിന്റേത് കാശ്മീരിലെ ബ്രാഹ്മണകുടുംബമാണ് എന്നും വക തിരിച്ച് മനസിലാക്കാൻ ആർക്കാണ് നേരം? 'ഗാന്ധി കുടുംബം' എന്ന വിളിപ്പേരിന്റെ പ്രയോജനം അര നൂറ്റാണ്ടായി അനുഭവിച്ചു പോരുന്ന കൂട്ടരാണ് നെഹ്റു കുടുംബം .
അധികാരാസക്തി തീരെ ഇല്ലാതിരുന്ന പാവം ഗാന്ധിജിയെ ഈ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി, നമുക്ക് ഈ കുടുംബത്തെ ' നെഹ്റു കുടുംബം' എന്ന് വിളിച്ചു കൂടേ?

***

Recent Post