പുറപ്പെട്ടു പോയ വാക്ക്

വലതു പക്ഷമെന്ന ആക്ഷേപ രസത്തിൽ മലയാള പരിസരത്ത് ഒരു തരം അസ്പ്രശ്യത രാജീവനുണ്ടായിരുന്നു. കാര്യക്കാരായി അഭിനയിക്കുന്നവരും കാര്യം കാണുന്നവരുമായിരുന്നു മറുഭാഗത്ത്

ജേക്കബ് തോമസ്

  എഴുത്തുകാരന് രാഷ്ട്രീയം വേണോ?
  മലയാള പരിസരത്ത് ഈ ചോദ്യത്തിന് ഉത്തരം ഇടതുപക്ഷമായിരിക്കയെന്നാണ്. ഇടതുപക്ഷമെന്നാൽ ഒന്നോ രണ്ടാ പാർട്ടികളെ ചാരിയിരിക്കുകയെന്നും.
രാജീവൻ ഇതിൽ ആദ്യത്തേത് മാത്രമായിരുന്നു. ഇടതു ലേബൽ പാർട്ടികളെ ചാരാതെ എഴുത്തിലുടനീളം ഇടതുപക്ഷമായിരുന്നവൻ. ഇടതു പാർട്ടികൾക്ക് വേണ്ടപ്പെട്ടവനെന്ന പ്രഛന്നവേഷമഴിച്ചവൻ.
അങ്ങനെയാണ് ശേഷക്രിയയിൽ നിന്ന് ക്രിയാശേഷത്തിലേക്കുള്ള ദൂരം രാജീവൻ നടന്നെ ത്തിയത്. വടക്കൻ വാങ്മയങ്ങളിൽ നിന്ന് പാലേരി മാണിക്യത്തെ പുറത്തെടുത്ത് ജെൻഡർ രാഷ്ട്രീയത്തിന്റെ ആധുനിക വ്യാഖ്യാനങ്ങളിലേക്ക് മാറ്റി നിറുത്തിയത്.
പ്രകടനപരതയുടെയും ഉള്ളടക്കത്തിന്റെയും ഈ വൈരു ധ്യത്തെ രാജീവൻ മറികടന്നത് എങ്ങനെയായിരുന്നു?
എമ്പതിയായിരുന്നു രാജീവിന്റെ എഴുത്ത്. സഹാനുഭൂതിയുടെ രാജവീഥികളിൽ സഹജാവബോധ മങ്ങനെ നിഴൽ പറ്റി നിൽക്കും. നീ ഞാൻ തന്നെയാണെന്ന് രാജീവൻ പറഞ്ഞു കൊണ്ടേയിരുന്നു, സംശയമേതുമില്ലാതെ . നിന്റെ നഷ്ടങ്ങളെല്ലാം എന്റേത് കൂടിയാണെന്നും. കവിത,സാമൂഹ്യ വിമർശനം, പ്രസംഗം , സിനിമ ....ഇതിനെയെല്ലാം ഈ കാഴ്ചപ്പാടിന്റെ വിളംബരങ്ങളായി രാജീവൻ പ്രയോഗിച്ചു കൊണ്ടേയിരുന്നു.
പുറപ്പെട്ടു പോയ വാക്ക്


  ഇംഗ്ലീഷിൽ എഴുതുക മാത്രമല്ല, ചിന്തിക്കുകയെന്ന അപൂർവമായ മലയാള ശീലത്തിന്റെ തെളിമയായിരുന്നു രാജീവൻ. ഡൽഹിയിൽ പത്രപ്രവർത്തന കാലം മുതലേ ഇതായിരുന്നു ഇവൻ . ഈ ശീലം രാജീവിനെ ആധുനികോത്തരമായ അനുഭവങ്ങളിലേക്കും തുറസ്സുകളിലേക്കും കൊണ്ടു പോയി. മുന്നേ പറഞ്ഞ രാഷ്ട്രീയവൈരുധ്യങ്ങളുടെ സമരസം സാധ്യമാക്കി. ആഭി ജാതമായ രാഷ്ട്രീയ നോട്ടങ്ങളിലേക്ക് കൈ പിടിച്ചു. ഇംഗ്ലിഷിലവൻ തച്ചംപൊയിൽ രാജീവനായി. പുറപ്പെട്ടു പോയവനായിരുന്നു രാജീവൻ. പറന്നു പോയ വാക്കുകളായിരുന്നു അവന്റെ ഉത്പന്നം. ദേശാന്തരങ്ങളിലേക്ക് അവൻ യാത്ര ചെയ്തു. വിവിധങ്ങളായ ഭാഷ കളിലും എഴുത്തുകാരിലും താമസമാക്കി. ഓരോ യാത്രക്കൊടുവിലും തെളിഞ്ഞൊഴുകുന്ന ദർശന വിശേഷങ്ങളിലേക്ക് രാജീവൻ പരുവപ്പെടുന്നത് അത്രയും അടുത്തറിഞ്ഞിട്ടുണ്ട്, കേട്ടിരുന്നിട്ടുണ്ട്. ഇതൊരു പുത്തൻ രാജീവനാണല്ലോയെന്ന് അപ്പോഴൊക്കെ കൗതുകം കൊണ്ടിട്ടുണ്ട്.
പുറപ്പെട്ടു പോയ വാക്ക്


  വലതു പക്ഷമെന്ന ആക്ഷേപ രസത്തിൽ മലയാള പരിസരത്ത് ഒരു തരം അസ് പ്രശ്യത രാജീവനുണ്ടായിരുന്നു. കാര്യക്കാരായി അഭിനയിക്കുന്നവരും കാര്യം കാണുന്നവരുമായിരുന്നു മറുഭാഗത്ത്. ഇടതു പ്രഛന്ന വേഷധാരികളുടെ കൂട്ടായമകളിലെവിടെയും രാജീവൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ , ഉള്ളാലെ അത്തരക്കാർക്ക് അവനോടൊരു തൊട്ടു കൂടായ്മയുണ്ടായിരുന്നു. അപ്പോഴെല്ലാം കുഞ്ചൻ നമ്പ്യാരെ പാടി കേൾപ്പിച്ചു രാജീവൻ.
സാമാന്യത്തിലധികം വിജയിച്ച സിനിമ കളുടെ എഴുത്തു കാരനായപ്പോഴും രാജീവന് ഈ കൂട്ടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കാനായതും ഈ ഹാസ്യരസപ്രദായിനിയിലൂടെയായിരുന്നു.
വിട്ടു നിന്നവൻ വേറിട്ടവനായി, നല്ലവനായി, നന്മകളുടെ വർത്തമാനമായി.
പ്രഛന്നങ്ങളില്ലാതിരുന്ന ഈ വാക്ക് പുറപ്പെട്ടു പോകുകയാണ്. ദേശാന്തരങ്ങളും കാലാന്തരങ്ങളും തേടി . പക്ഷെ ഇത്തവണ മടക്കമില്ല.
പാട്ടു പാടിയൊരു കിളി കതിര് കൊത്തി പറന്നു പോകുന്നു.
സ്വർഗങ്ങളുമായി ഇനിയവൻ മടങ്ങില്ല.

***

Recent Post