ഇല്ലിമുളംകാടുകൾ പാടുമ്പോൾ....

അസാമാന്യമായൊരു കാർഷിക പരീക്ഷണത്തെക്കുറിച്ച്

ജെയ്ക് തോമസ്

  അമേരിക്കൻ ഗ്രീൻ കാർഡ് വെച്ചു നീട്ടിയാൽ വേണ്ടന്ന് പറയാമോ? വേണ്ടായെന്ന് വെച്ച് ദൽഹിയിൽ 250 രൂപ ശമ്പള ത്തിൽ ജോലിക്ക് ചേരാമോ? ഇത്തരത്തിലൊരാളാണ് പി .ജെ മാത്യു. ജീവിത വഴികൾ തിരഞ്ഞെടുക്കുന്നതിൽ കണിശമായ കാഴ്ചപ്പാടുള്ള ഒരാൾ.

ആരാണീ പി.ജെ മാത്യു വെന്ന് ചോദിക്കാം. ഇംഗ്ലീഷിലെയും മലയാളത്തിലെയും എണ്ണം പറഞ്ഞ പത്രപ്രവർത്തകരളിലൊരാളാണ് മാത്യു.
അങ്ങനെയിരിക്കെ 2014ലും മാത്യുവിന്റെ മുന്നിലേക്ക് ഒരു ഓപ്ഷൻ കയറി വന്നു. റബ്ബർ വെട്ടി വെളുപ്പിച്ച രണ്ട് ഹെക്ടർ പുരയിടത്തിൽ ആവർത്തന കൃഷി വേണോ വേണ്ടയോ യെന്ന് .കാലവും കാലാവസ്ഥയും മാറുകയായിരുന്നു. തനിക്കും തനിക്ക് ചുറ്റിലുമുള്ളവർക്കായി മാത്യു മാറി നടക്കാൻ തീരുമാനിച്ചു. അമേരിക്കൻ ജീവിതം അവസാനിപ്പിച്ചത് പോലൊന്ന്. അങ്ങനെയാണ് കോഴിക്കോട് കട്ടിപ്പാറയിൽ അഞ്ച് ഏക്കർ ശുദ്ധമായ മുളം കാടുണ്ടാവുന്നത്

എൺപതിൽ നിന്ന എട്ട് വർഷം കിഴിച്ചാൽ 72 ആവാം. സപ്തതിയും കഴിഞ്ഞ് ,ഇരുത്തം വരേണ്ട പ്രായത്തിലാണ് കട്ടിപ്പാറയിൽ പി. ജെ മാത്യു അസാമാന്യമായ കാർഷികപരീക്ഷണത്തിനിറങ്ങിയത്. 2022 ൽ എൺപതാം വയസ്സിലാണ് അദ്ദേഹം വിളവെടുപ്പിന് ഒരുങ്ങുന്നത്.
കട്ടിപ്പാറ ഗ്രാമഭംഗികളുടെ നാണം മറന്ന് നഗരപ്രവേശം നടത്തുന്നുണ്ടിപ്പോൾ. പട്ടണമാകുന്ന കട്ടിപ്പാറയുടെ റിയൽ എസ്റ്ററ്റ് ഹൃദയത്തിലേക്കാണ് ആറിലധികം മുളവർഗങ്ങളുടെ കുഞ്ഞൻ ചെടികളുമായി മാത്യു ഇറങ്ങിയത്.

കെട്ടിടം പണിയാം , വീടു വെക്കാം, റബ്ബർ കുഴിച്ചിടാം, മുറിച്ച് വിൽക്കാം... കുടിയേറ്റത്തിന്റെ ഇത്തരം കൗതുകങ്ങളിൽ നിന്ന് മാത്യു മാറി സഞ്ചരിച്ചപ്പോൾ കട്ടിപ്പാറക്കൊരു ഓക്സിജൻ സംഭരണിയുണ്ടായി. തണൽ മരങ്ങളുടെ മേലാപ്പുണ്ടായി, തെളിനീരിന്റെ ഉറവുകളുണ്ടായി, ഇതുക്കും മേലെ കാഴ്ച ഭംഗിയുണ്ടായി,Poor man's timber സുലഭമായി ഉണ്ടായി.
ആനമുള, കായൽ മുള, ബിലാത്തി,ഗഡ് വ തുടങ്ങിയ ബാംബു വർഗങ്ങളുടെ തോട്ടമാണിത്. പ്രായവും ബോട്ടാണിക്കൽ പേരുകളും അടയാളപ്പെടുത്തി 550 ലധികം കൂട്ടർ മാത്യുവിന്റെ മുളംകാടുകളിൽ നിന്ന് കട്ടിപ്പാറ ടൗണിലേക്ക് കണ്ണെറിയുന്നു. കാട്ടിലെറിഞ്ഞു പോകേണ്ടിയിരുന്ന മുളവിത്തുകൾ നഗര ജീവിത്തിന്റെ ഓരം ചേർന്ന് ആനന്ദിക്കുകയാണിവിടെ.

അമേരിക്കയിലും ഡൽഹിയിലുമായി പത്രപ്രവർത്തനം നടത്തിയാണ് മാത്യു കോഴിക്കോട്ടക്ക് മടങ്ങുന്നത്. മലയാളത്തിൽ നിരവധി മാധ്യമ സ്ഥാപനങ്ങളുടെ സാരഥിയായി. പല പത്രപ്രവർത്തന പരിശീലന സ്ഥാപനങ്ങൾ കൊണ്ടു നടന്നു. ഇംഗ്ലീഷും മലയാളവും ഒരേ പോലെ വഴങ്ങും. ചിത്രകലയെ കൂടെ കൊണ്ടു നടക്കും. ഇംഗ്ളിഷ് വിവർത്തന സാഹിത്യത്തിലെ ഒന്നാം നിരക്കാരിലൊരാളും.
ഇങ്ങനെയൊക്കെ ആയിരിക്കെ തന്നെ പറ തൂക്കിയേൽ ജോൺ മാത്യു കട്ടിപ്പാറയിലെ ഇല്ലിമുളം കാടുകളെയും പരിപാലിക്കുന്നു. എന്നു വെച്ചാൽ, നാടിനും നാട്ടാർക്കും മുന്നേ നടന്നൊരു വഴി തെളിക്കുന്നുവെന്ന് സാരം. ചിലരങ്ങനെയാണ്. നടപ്പുവഴികളിൽ കാലിടറാത്തവർ .

***

Recent Post