സൂസാന്നയുടെ പ്രണയ സ്മൃതികൾ

മിക്കണൊസ് ദ്വീപിലെ താമസത്തിനിടയിലായിരുന്നു സൂസാന്നയും സിഗ്രിറ്റും പരിചയപ്പെട്ടത്. പരിചയം പ്രണയമായി

ജോൺസ് മാത്യു

  ഗ്രീസിലെ തിനോസ് ദ്വീപിൽ 1997 ൽ സുഹൃത്ത് പിയയുടെ അൻപതാം പിറന്നാൾ വിരുന്നിൽ വെച്ചാണ് ഹാംബർഗിൽ താമസിക്കുന്ന സൂസാന്നയെ പരിചയപ്പെട്ടത്. പാഴ് തുണികളും സുതാര്യമായ കടലാസുകളും ഉപയോഗിച്ചു കൊച്ചു കലാസൃഷ്ടികൾ നിർമ്മിക്കുന്ന സ്റ്റുഡിയൊ ഹാംബർഗിൽ നടത്തുന്ന സൂസാന്നയുടെ കടും ചുകപ്പ് നിറമുള്ള തുകൽ ചെരുപ്പ് വിരുന്നിൽ പങ്കെടുത്ത എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു.
 തിനോസ് ദ്വീപിലെ ത്രിയന്താരോസ് ഗ്രാമത്തിലെ ചത്വരത്തിലായിരുന്നു പിയ വിഭവ സമൃദ്ധമായ രാത്രി വിരുന്ന് ഒരുക്കിയത്. മെഴുകുതിരികളും മറ്റു വിവിധ തരത്തിലുമുള്ള അലങ്കാര ദീപങ്ങളും കൊണ്ട് ഒരുക്കിയ അന്തരീക്ഷം വശ്യസുന്ദരമായിരുന്നു. പതിനഞ്ചു പേർ പങ്കെടുത്ത വിരുന്നിൽ ഇവിടെ താമസക്കാരായ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തത്. സൂസാന്നയുടെ ഊഷ്മളമായ പെരുമാറ്റം അവരുമായുള്ള ദീർഘകാലത്തെ സൗഹൃദത്തിന് തുടക്കം കുറിച്ചു. ഗ്രീസിലെ വേനൽക്കാലത്ത് ഭർത്താവിനോടും മകളോടുമൊപ്പം അവധി ദിനങ്ങൾ ചെലവഴിക്കാനെത്തുമ്പോൾ ഞങ്ങൾ ഒത്തുകൂടുക പതിവായി. പലപ്പോഴായും സംഭാഷണ മദ്ധ്യേ ലെസ്ബൊസ് ദ്വീപിലെ മുൻ കാല പ്രണയകാലത്തെക്കുറിച്ച് സൂസാന്ന ഇടക്കിടെ സൂചിപ്പിച്ചത് ഞാൻ ശ്രദ്ധിച്ചു. ഈ കഥ എത്രയോ തവണ കേട്ടതാണെന്ന് പറഞ്ഞു ഭർത്താവ് തോമസ് ചിരിച്ചു. ആ കഥ കേൾക്കുവാൻ എനിക്ക് ആകാംഷയായി.
 1960 - 70 കളിൽ അമേരിക്കയിലും യൂറോപ്പിലുമുള്ള യുവതലമുറക്ക് ആവേശം പകർന്ന ഹിപ്പിയിസത്തിൻ്റെ സ്വാധീനം മറ്റ് ലോക രാജ്യങ്ങളിലേക്കും പടർന്ന കാലത്താണ് സൂസന്ന സുഹൃത്ത് സിഗ്രിറ്റുമൊത്ത് ഗ്രീസിലെ ഹിപ്പികളുടെ താവളമായിരുന്ന മിക്കണൊസ് ദ്വീപിലേക്ക് യാത്ര നടത്തിയത്. വിയറ്റ്നാം യുദ്ധത്തെ (1959 - 75) തീവ്രമായി എതിർത്തും സ്നേഹത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുന്ന സന്ദേശങ്ങൾ സംഗീതത്തിലൂടെ പ്രസരിപ്പിച്ചും പടർന്നു പിടിച്ച ഹിപ്പിയിസം പടിഞ്ഞാറൻ യുവതലമുറയെ ആ കാലത്ത് നിലന്നിരുന്ന യാഥാസ്ഥിക മത സദാചാര മൂല്ല്യങ്ങളെ നിഷേധിക്കുവാൻ പ്രാപ്തരാക്കി. നീട്ടിവളർത്തിയ മുടിയും താടിയും അയഞ്ഞ കുപ്പായവും നരച്ച ജീൻസും ഹിപ്പികളുടെ വേഷവിധാന മുദ്രകളായിരുന്നു. പരിസ്ഥിതി സംരക്ഷണം, പുനചംക്രമണം, ഓർഗാനിക് ഭക്ഷണവിഭവങ്ങൾ തുടങ്ങിയ ആശയങ്ങൾ ഹിപ്പിയിസത്തിൻ്റെ സംഭാവനയാണ്.
 മിക്കണൊസ് ദ്വീപിലെ താമസത്തിനിടയിൽ സൂസാന്നയും സിഗ്രിറ്റും പരിചയപ്പെട്ട ദിമിത്രി എന്ന ഗ്രീക് യുവാവ് രണ്ടു പേരേയും മത്തിലിനി ദ്വീപിലെ പെത്ര ഗ്രാമത്തിലേക്ക് ക്ഷണിച്ചു. തുർക്കിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മിത്തിലിനി ദ്വീപിൽ എത്തിയതിൻ്റെ പിറ്റെ ദിവസം അമ്മ മരിച്ച വിവരം ലഭിച്ചതിനാൽ സിഗ്രിറ്റ് ഹാംബർഗ്ഗിലേക്ക് തിരിച്ചു പോയി. ദിമിത്രിയുടെ ബൈക്കിൽ സൂസാന്നയുമൊത്ത് മിത്തിലിനിയിലെ ഗ്രാമങ്ങളിലൂടെ യാത്രകൾ നടത്തിയും നാടോടി സംഗീത വിരുന്നുകളിൽ നൃത്തമാടിയും വ്യത്യസ്ഥ ഗ്രീക്ക് ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്തിയും അവർ പ്രണയ ദിനങ്ങൾക്ക് തുടക്കമിട്ടു.

സൂസാന്ന


  പ്രണയ ദിനങ്ങളിൽ ചുറ്റിലും വിടർന്ന അവാച്യമായ സൗന്ദര്യമാസ്വദിച്ചും നിശാശാലകളിൽ ദിമിത്രിയോടൊപ്പം കൂട്ടുകാരുമൊത്ത് ഉല്ലാസകരമായി സമയം ചെലവഴിച്ചതുമെല്ലാം സൂസാന്നക്ക് ആവേശം പകർന്നു.
 എന്നാൽ ദിമിത്രിയുടെ മാതാപിതാക്കളെ സന്ദർശിച്ചപ്പോഴാണ് കാര്യങ്ങൾ വ്യത്യസ്ഥമായി അനുഭവപ്പെട്ടതെന്ന് സൂസാന്ന പറഞ്ഞു. 1950 കളിൽ ഗ്രീസിലെ ജർമ്മൻ അധിനിവേശത്തിനെതിരെ രൂപം കൊണ്ട രഹസ്യ പ്രതിരോധ സേനയിലെ അംഗമായിരുന്ന ദിമിത്രിയുടെ പിതാവിന് മകൻ്റെ ജർമ്മൻകാരിയുമായുള്ള പ്രണയം അഭിമാനക്ഷതമായി മാറി.
 സാമ്പത്തിക ഭദ്രത നേടുവാൻ ഒരു കാപ്പികട തുടങ്ങിയ ശേഷം പിതാവിനെ എതിർത്ത് വിവാഹിതരാകാമെന്ന ദിമിത്രിയുടെ വാഗ്ദാനത്തിൽ പൂർണ്ണമായി വിശ്വസിച്ച് സൂസാന്നയുടെ പ്രണയ ദിനങ്ങൾ തുടർന്നു. കുറച്ചു നാളുകൾക്ക് ശേഷം കാപ്പികടക്ക് അനുയോജ്യമായ ഇടം തിരഞ്ഞു പോയ ദിമിത്രി പിന്നീട് തിരികെ വന്നില്ല. ദിമിത്രിയുടെ സുഹൃത്തുക്കളോട് സൂസാന്ന അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. ദിമിത്രിയുടെ തിരോധന കാരണമറിയാതെ ഒരാഴ്ചക്ക് ശേഷം പ്രണയനൈരാശ്യവ്യഥയോടു കൂടി സൂസാന്ന ഹാംബർഗ്ഗിലേക്ക് തിരിച്ചുപോയി.
 പിന്നീട് വർഷങ്ങൾക്കു ശേഷം തോമസുമായി വിവാഹിതയാവുകയും ഒരു മകൾ പിറക്കുകയും ഹാംബർഗ്ഗിൽ താമസം തുടരുകയും ചെയ്തു. എങ്കിലും ദിമിത്രിയുടെ അപ്രതീക്ഷിതമായ തിരോധനം സൂസാന്നയുടെ ചിന്തകളിലൂടെ ഇടയ്ക്കിടെ കടന്നു പോകാറുണ്ടായിരുന്നു. 2022 മെയ് മാസത്തിലാണ് സൂസാന്നയും ഭർത്താവ് തോമസും ലെസ്ബൊസ് ദ്വീപിൽ എത്തിയത്.

ജോൺസ് മാത്യു, തോമസ്, സൂസാന്ന


എന്നെ സന്ദർശിക്കുകയും അപ്രത്യക്ഷനായ ദിമിത്രിയെക്കുറിച്ചു അന്വേഷിക്കുകയുമായിരുന്നു അവരുടെ യാത്രാ ലക്ഷ്യം. നാലു ദിവസം മിത്തിലിനി ടൗണിൽ താമസിച്ച ശേഷം വാടകക്കെടുത്ത കാറിൽ അവർ രണ്ടു പേരും പെത്ര ഗ്രാമത്തിലേക്ക് പുറപ്പെട്ടു.
 വളരെ നേരത്തെ അന്വേഷണങ്ങൾക്കൊടുവിൽ പെത്രയിലെ പ്രണയകാലത്ത് സൗഹൃദം പുലർത്തിയിരുന്ന സുഹൃത്ത് ഓൾഗയെ സൂസാന്ന കണ്ടെത്തി. ഓൾഗയിൽ നിന്നും ദിമിത്രിയുടെ അകന്ന ബന്ധുവിൻ്റെ ട്രാവൽ ഏജൻസിയുടെ അഡ്രസ് ലഭിച്ചു. ട്രാവൽ ഏജൻസി നടത്തുന്ന മിഹേൽ ദിമിത്രി നടത്തുന്ന ഭക്ഷണശാലയെക്കുറിച്ചുള്ള വിവരണങ്ങൾ നൽകി. അങ്ങിനെ സൂസാന്നയുടെ യാത്രാ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞു. അൻപത് വർഷങ്ങൾക്ക് ശേഷമുള്ള മുൻകാല പ്രണയവുമായുള്ള അപ്രതീക്ഷിതമായ കൂടികാഴ്ച രസകരമായ അനുഭവമാക്കുവാൻ സൂസാന്ന തീരുമാനിച്ചത് ഭർത്താവ് തോമസുമായി പങ്കുവെച്ചു. പെത്ര കടൽക്കരയുടെ സമീപത്തായി ദിമിത്രി നടത്തുന്ന ഭക്ഷണശാലയിലേക്ക് വൈകുന്നേരം അവർ രണ്ടു പേരും ചെന്നു.
 ഭക്ഷണ ശാലയുടെ പുറത്ത് നിരത്തിയിട്ട മേശക്കരികിൽ സൂസാന്നയും തോമസും ഇരുന്നു. ഭക്ഷണ ശാലയിലെ വിളമ്പുകാരന് ഓർഡർ നൽകുമ്പോൾ ദിമിത്രിയെക്കുറിച്ച് സൂസാന്ന ചോദിച്ചു. ഗ്രീക് ദ്വീപുകളിലെ മൗലികമായ വിഭവമായ തീയിൽ ചുട്ടെടുത്ത നീരാളി കഷ്ണങ്ങളും ഊസോയും കൊണ്ടുവന്നത് ദിമിത്രിയായിരുന്നു. വർഷങ്ങൾ ദിമിത്രിയിൽ വരുത്തിയ മാറ്റങ്ങൾ കണ്ടു സൂസാന്ന അമ്പരന്നു. പ്രണയകാലത്ത് ഇടതൂർന്ന കറുത്ത ചുരുണ്ട മുടിയും മൃദുലമായ താടിയും നരച്ച ജീൻസും അയഞ്ഞ ഷർട്ടും ചുണ്ടിൽ സ്ഥായിയായ മന്ദഹാസത്തോടൊപ്പം എരിയുന്ന സിഗരറ്റുമുണ്ടായിരുന്ന ദിമിത്രിയുടെ രൂപപരിണാമം സൂസാന്നക്ക് അവിശ്വസനീയമായിരുന്നു. കഷണ്ടി കയറിയ തലയും വീർത്തു തടിച്ച ശരീരവും വലിയൊരു കുടവയറുമായി മ്ലാനവദനായി ഭക്ഷണവിഭവങ്ങൾ മേശപ്പുറത്ത് നിരത്തിയ ദിമിത്രി സൂസാന്നയെ തിരിച്ചറിഞ്ഞില്ല. സൂസാന്ന സ്വയം പരിചയപ്പെടുത്തിയപ്പോഴും പഴയ കാല സ്മരണകൾ നഷ്ടപ്പെട്ട് മറ്റേതോ കാലത്തിൽ തളക്കപ്പെട്ടവനെപ്പോലെ ദിമിത്രി ഭക്ഷണശാലയിലേക്ക് കയറി പോയത് സൂസാന്നയെ വീണ്ടും നടുക്കി. കുറേയേറെ വർഷങ്ങളായി താലോലിച്ച ദിമിത്രിയെ സന്ദർശിക്കുക എന്ന ആഗ്രഹം നിവേറ്റിയതിൻ്റെ ചാരിതാർത്ഥ്യത്തോടു കൂടി ഭക്ഷണം കഴിക്കുമ്പോഴൊക്കെയും തോമസ് സൂസാന്നയെ സാന്ത്വനപ്പെടുത്തി.
 ഭക്ഷണത്തിന് ശേഷം ബിൽ തുക നൽകുവാനായി ഭക്ഷണശാലയിലേക്ക് ചെന്ന സൂസാന്ന ദിമിത്രിയോട് യാത്ര പറയുവാൻ ശ്രമിച്ചപ്പോൾ അടുക്കളയിൽ നിന്നും ദിമിത്രിയുടെ ഭാര്യ ഉച്ചത്തിൽ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് വന്നു. അവർ സൂസാന്നയെ ശ്രദ്ധിച്ചു കൊണ്ട് വീണ്ടും പിറുപിറുത്തു. ചലനമറ്റു നിന്ന ദിമിത്രി യാത്രാമംഗളം പോലും പറയാതെ നിശബ്ദനായി അടുക്കളയിലേക്ക് കയറി പോയി.
 മുൻ കാല പ്രണയ സ്മൃതിയനുഭവം നൽകിയ നടുക്കം വിട്ടുമാറാതെ സൂസാന്നയും തോമസും മിത്തിലിയിലേക്ക് തിരിച്ചു വന്നു.

***

Recent Post