"എന്നാലുമെൻ്റെ പാറ്റേ... എന്നാലുമെൻ്റെയമ്മേ"

കുരുന്നുകൾക്കായി വലിയ പാഠങ്ങൾ

ഷിനോജ് രാജ്



നീല ബാബാസൂട്ടായിരുന്നു കുട്ടിക്കടുവയ്ക്ക് .കറുപ്പിൽ വെള്ളപ്പൂക്കൾ തുന്നിയ ഷറാറസൂട്ടായിരുന്നു അമ്മക്കടുവയ്ക്ക്.
'' ഇതെല്ലാം ഇട്ട് രണ്ടു കാലിൽ മനുഷ്യരെപ്പോലെ നടക്കണം അമ്മേ " കുട്ടിക്കടുവ പറഞ്ഞു.
"ഓ ആയ്ക്കോട്ടെ " അമ്മ രണ്ടു കാലിൽ നടക്കാൻ തുടങ്ങി.
അങ്ങനെയങ്ങനെ അവർ വള്ളക്കടവിലെത്തി. "ഇവിടെ വെക്കണ്ട അമ്മേ... നമുക്ക് പെരിയാർ റേഞ്ചിൽ വയ്ക്കാം."
"വയ്ക്കാം വയ്ക്കാം... " അമ്മ പറഞ്ഞു.
കുട്ടിക്കടുവ നിരപ്പായ ഒരു സ്ഥലം കണ്ടെത്തി. ''ഇവിടെ വയ്ക്കാം ".
അമ്മ പറഞ്ഞു. "വച്ചോ വച്ചോ."
അങ്ങനെ കുട്ടിക്കടുവ കുറേ മരത്തടികൾ താങ്ങിക്കൊണ്ടുവന്നു. നാലു മൂലയ്ക്ക് അത് കുഴിച്ചിട്ടു.മരച്ചില്ലകൾ കൊണ്ട് നാലു ഭാഗവും മറച്ചു.
"ഈ വീടിന് എന്തു പേരിടും അമ്മേ "

അമ്മ ആലോചിച്ചു.പിന്നെ പറഞ്ഞു.
" ടൈഗർ ഘർ.."
കുട്ടിക്കടുവ ചിരിച്ചു. " ഘർ.. ഘർ... അമ്മയുടെ ശബ്ദം പോലത്തെ ...അതൊന്നും ശരിയാവില്ല അമ്മേ ... വുഡ് ബ്രാഞ്ച് എന്ന് ഇടട്ടെ?
"നീ വച്ച വീടല്ലേ... ഉം. ഇട്ടോ" അമ്മക്കടുവ പറഞ്ഞു.
അങ്ങനെയവർ വുഡ് ബ്രാഞ്ചിലേക്ക് താമസം മാറ്റി.
വീട്ടിനകത്ത് എത്തിയപ്പോഴേക്കും അമ്മക്കടുവ മലർന്നു കിടന്ന് ഉറങ്ങാൻ തുടങ്ങി.
ഈ അമ്മേടെ കാര്യം. അമ്മയെ നോക്കി കുട്ടിക്കടുവയും ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോഴാണ് ...
###.. ഘ്രാ ...ബ്രാ.. ഗ്രീ ഹ്ല്... അലർച്ചകേട്ട് അമ്മക്കടുവ ഇപ്പം വീടു പൊളിക്കും എന്ന് തോന്നിക്കുന്നത്ര ഉയരത്തിൽ ചാടി.
ഇഗ്റാ ബ്റാ ഗ്ഗിരി ഹള്ള്.. എന്നനാലിരട്ടി ഒച്ചയിൽ അലറി. കുട്ടിക്കടുവ തുറന്നതിനേക്കാൾ അത്ര വലുതാക്കി വാ പൊളിച്ച് കണ്ണുതുറിച്ച് ചുറ്റും നോക്കി.
"അതൊരു പാറ്റയാ അമ്മേ..." കുട്ടിക്കടുവ പറഞ്ഞു.
"ഈ അമ്മയ്ക്ക് ഇത്രയൊക്കെ ഒച്ചവരുമോ?"
അമ്മക്കടുവ ഒന്നും മിണ്ടിയില്ല. ദേഷ്യം കൊണ്ട് മഞ്ഞ ദേഹമാകെ ചുവന്ന ദേഹമായതു പോലെ തോന്നി.
കുട്ടിക്കടുവ ചൂണ്ടി കാണിച്ചു കൊടുത്തു.മരച്ചില്ലക്കിടയിൽ ഒളിച്ചു നിൽക്കുന്ന പാറ്റയെ. അമ്മക്കടുവ ഒരു മരച്ചില്ല വലിച്ചെടുത്ത് പാറ്റയെ അടിയോടടി .
പക്ഷേ, പാറ്റയെ കാണാനില്ല
വീടു മുഴുവൻ അടിച്ചു നിലംപരിശാക്കി.
പക്ഷേ, പാറ്റയെ കാണാനില്ല
വീടു മുഴുവൻ പൊളിച്ചു വലിച്ചെറിഞ്ഞു.
പക്ഷേ, പാറ്റയെ കാണാനില്ല
വീടു കളഞ്ഞ കടുവകളായി മരച്ചോട്ടിലിരിക്കുമ്പോൾ കുട്ടിക്കടുവ ചോദിച്ചു. " അമ്മയെന്തിനാ വുഡ് ബ്രാഞ്ച് പൊളിച്ച് മൂലയ്ക്കിട്ടത്?"
അമ്മക്കടുവ പറഞ്ഞു . " നമുക്ക് മനുഷ്യരാവേണ്ട "
"ങേ... " കുട്ടിക്കടുവ ഞെട്ടി. "മനുഷ്യരോ? അതിന് നമ്മളെങ്ങനെ മനുഷ്യരാവും?"
" വീടുണ്ടാക്കുന്നതാരാ? മനുഷ്യരല്ലേ?" അമ്മക്കടുവ കണ്ണുരുട്ടി.

" വീടുണ്ടാക്കിയാൽ ആ വീട്ടിലേക്ക് ഇങ്ങനെ പാറ്റകൾ പാഞ്ഞു കയറും.പാറ്റമൂലം വീടും ഭക്ഷണവും നഷ്ടപ്പെട്ട മനുഷ്യർ എത്രയുണ്ടെന്നോ?"
"അത് തള്ള്" കുട്ടിക്കടുവ പറഞ്ഞു.
"ആര് പറഞ്ഞു തള്ളെന്ന്. പെരിപ്ലാനറ്റ അമേരിക്കാന എന്ന ഈ വീട്ടു പാറ്റ ഏതാ സാധനമെന്നോ?എത്ര തന്നെ വീട് വൃത്തിയായി സൂക്ഷിച്ചാലും വരും. ഭക്ഷണ വസ്തുക്കളെല്ലാം തിന്ന് നശിപ്പിക്കും. അതിലെല്ലാം ദുർഗന്ധം പരത്തി നാശമാക്കും."
കുട്ടിക്കടുവ പിന്നെ ഒന്നും പറഞ്ഞില്ല.
"ഇതൊരു കുട്ടിപ്പാറ്റയാണെന്നാണ് തോന്നുന്നത്. ഒരു ചോന്ന കൂറ.ഇന്നലെ പ്രസവിച്ചതായിരിക്കും." അമ്മയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
അമ്മയ്ക്ക് ദേഷ്യം ഇരട്ടിയായി. "നിനക്ക് വല്ല വിവരവുമുണ്ടോ? പാറ്റ എന്ന കൂറ വീടിൻ്റെയെല്ലാം ഇരുണ്ട കോണുകളിൽ മുട്ടയിട്ടുവയ്ക്കും. അല്ലാതെ പ്രസവിക്കില്ല. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങൾ വലുതാവാൻ എത്ര ദിവസമെടുക്കുമെന്നോ?"
"ഓ മൂന്ന് ദിവസം. അല്ല,ഏറിയാൽ ഒരാഴ്ച."
"കുന്തമാണ്. ഏകദേശം 250 നും 270 നും ഇടയിൽ ദിവസങ്ങൾ വേണം"
കുട്ടിക്കടുവയുടെ കണ്ണ് തള്ളിപ്പോയി.
"പാറ്റക്കുട്ടികളെ നിംഫ് എന്നാണ് വിളിക്കുക.ഈ ദിവസത്തിനിടയിൽ പത്ത് പന്ത്രണ്ട് തവണ ഇവ ശരീരത്തിൻ്റെ ആവരണം മാറ്റി പുതുക്കിക്കൊണ്ടേയിരിക്കും."
"എൻ്റെ പാറ്റേ... നിൻ്റെയൊക്കെ ഒരു കാര്യം. ജനിച്ചപ്പഴേ ഉള്ള രോമക്കുപ്പായാ ഇപ്പഴും എനിക്ക്." കുട്ടിക്കടുവ ആകാശത്തേക്ക് നോക്കി പറഞ്ഞു.
അമ്മക്കടുവയ്ക്ക് ചിരിവന്നെങ്കിലും ഒതുക്കി വച്ചു.
"ഈ പാറ്റയൊക്കെ മനുഷ്യൻ വീടുണ്ടാക്കിയ കാലം മുതലല്ലേ ഭൂമിയിലെത്തിയത്. എന്നിട്ടുമെന്താ ഒര് അഹങ്കാരം."
അമ്മക്കടുവയ്ക്ക് വീണ്ടും ദേഷ്യം വന്നു. "വിഡ്ഢിത്തം പറയല്ലേ.സുമാർ മുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരിക്കും പാറ്റകൾ ഭൂമിയിൽ വന്നിട്ടുണ്ടാവുക."
കുട്ടിക്കടുവ എന്തോ പറയാൻ വന്നെങ്കിലും അമ്മ സമ്മതിച്ചില്ല.
" അന്ന് ജനിച്ച ഈ പാറ്റകൾക്ക് ഇന്നും ശരീരഘടനയിൽ വലിയ ഒരു വ്യത്യാസവുമില്ല. അതു കൊണ്ടാണ് ഭൂമിയിലെ മുഴുവൻ ജീവികളും ചത്തൊടുങ്ങിയാലും പാറ്റകൾ അതിജീവിക്കുമെന്ന് പറയുന്നത്. "
'' അതുകൊണ്ടാവും ഈ പാറ്റയെ ഇങ്ങനെ വെറുതെ വിടരുതെന്ന് കരുതി അതിനെ തോൽപ്പിക്കാൻ മനുഷ്യൻ എപ്പോഴും ശ്രമിക്കുന്നത്." "
അതെന്താ." അമ്മക്കടുവ ഗൗരവത്തിൽ ചോദിച്ചു.
'' കാര്യം ഇത്രയേയുള്ളൂ. മനുഷ്യര് ഇവയെ പിടിച്ച് ഔഷധമുണ്ടാക്കുന്നു. പൊടിച്ച് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾക്കുള്ള മരുന്നുണ്ടാക്കുന്നു. എണ്ണയിലിട്ട് വറുത്തു തിന്നുന്നു. ചായയിലിട്ട് കുടിക്കുന്നു.
"ഉം... " അമ്മ കനപ്പിച്ച് മൂളി. " മനുഷ്യർക്ക് അതിനൊക്കെയേ ആവൂ."
ഈ അമ്മ വലിയ സ്റ്റയിലാക്കി ശബ്ദം കനപ്പിച്ച് പറഞ്ഞാൽ ധൈര്യശാലിയായെന്നാ വിചാരം. കാണിച്ചു തരാം.കുട്ടിക്കടുവ മനസ്സിൽ പറഞ്ഞു. പിന്നെ ഉറക്കെ പറഞ്ഞു.
"അമ്മേ ഉടുപ്പിലതാ പാറ്റ... അതാ, അതാ... അകത്തേക്ക് കയറുന്നു."
അമ്മക്കടുവ ഒറ്റച്ചാട്ടം.
ഇഗ്റാ ബ്റാ ഗ്ഗിരി ഹ്ളള്... ബ്റാ ഗ്ഗിരി ഹ്ളള്... ഷറാറ സൂട്ട് വലിച്ചൂരി ദൂരെയെറിഞ്ഞ് ഓടിപ്പോയി.
കുട്ടിക്കടുവ ചിരിച്ച് ചിരിച്ച് ചിരിച്ച് ആ ഉടുപ്പ് ചാടിപ്പിടിച്ചു.എന്നിട്ടതിൽക്കയറി ചിരിച്ചു ചിരിച്ചുരുണ്ടു. "എന്നാലുമെൻ്റെ പാറ്റേ... എന്നാലുമെൻ്റെയമ്മേ " കുട്ടിക്കടുവ ഉറക്കെ പറഞ്ഞു.

***

Recent Post